സെപ്റ്റംബർ 2, മുംബൈ : താൻ പങ്കെടുത്ത ഫുട്ബോൾ ലീഗുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന് വ്യക്തമാക്കി ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രി. ഐഎസ്എൽ ഇത്രത്തോളം വളരുമെന്ന് 2014-ൽ തനിക്ക് പ്രവചിക്കാനേ സാധിക്കില്ലായിരുന്നു എന്നും ധാരാളം യുവപ്രതിഭകളെ വികസിപ്പിച്ച ലീഗ്, പുതിയ ക്ലബ്ബുകളുടെ കടന്നുവരവോടെ വിപുലമായെന്നും 2024-25 സീസണിന്റെ മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.

"ഇത് അത്ഭുതകരമാണ്. പത്ത് വർഷം മുൻപ് ഐഎസ്എൽ എവിടെ എത്തുമെന്നും, ഇന്ത്യൻ ഫുട്ബോളിൽ അത് എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നും ആരെങ്കിലും എന്നോട് ചോദിച്ചിരുന്നെങ്കിൽ, നിലവിലെ സാഹചര്യം എനിക്ക് ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. രണ്ട് മാസം മാത്രം നീണ്ടുനിൽക്കുന്ന എട്ട് ക്ലബ്ബുകളുടെ ലീഗിൽ നിന്ന് ഒരു വർഷം നീളുന്ന, ധാരാളം പ്രതിഭകളെ രൂപപ്പെടുത്തിയെടുത്ത ഒരു ടൂർണമെന്റായി അതു വളർന്നു." സുനിൽ ഛേത്രി ഐഎസ്എല്ലിനോട് പറഞ്ഞു.

പൂർണ്ണമായ അഭിമുഖം കാണുക: Video Interview

 "ഐഎസ്എൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ടൂർണമെന്റുകളിൽ ഒന്നായി മാറി. ഒരു ഇന്ത്യൻ ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ, അവസാന പത്ത് വർഷത്തെ നേട്ടങ്ങളെ മറികടക്കും വിധത്തിൽ അടുത്ത പത്ത് വർഷത്തിൽ ലീഗ് വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - അദ്ദേഹം കൂട്ടിച്ചേർത്തു

ആരാധകരുടെ ആർപ്പുവിളികളുമായി മൊഹമ്മദൻ എസ്‌സി

2023-24 ഐ ലീഗ് കിരീടം നേടിയതിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയ കൊൽക്കത്തൻ ക്ലബ് മൊഹമ്മദൻ എസ്‌സി ഈ വർഷം മുതൽ ഇന്ത്യയുടെ ആദ്യ ഡിവിഷൻ ലീഗിന്റെ ഭാഗമാകും. 2002-ൽ മോഹൻ ബഗാനിലൂടെ തന്റെ സീനിയർ കരിയർ ആരംഭിച്ച ഛേത്രി, 2008-09 സീസണിൽ  ഈസ്റ്റ് ബെംഗാളിനുവേണ്ടികളിച്ചിട്ടുണ്ട്. അതിലൂടെ കൊൽക്കത്തൻ ക്ലബ്ബുകളുടെ ആരാധക കൂട്ടായ്മകൾക്ക് സുപരിചിതനാണ് അദ്ദേഹം. ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻ എസ്‌സിയുടെ പങ്കാളിത്തം ലീഗിന് മികച്ച സ്വാധീനം ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

"ഞാൻ കൊൽക്കത്തയിൽ ആയിരുന്നപ്പോൾ മൊഹമ്മദൻ എസ്‌സിക്കെതിരെ ആഴ്ചകളിൽ കളിച്ചിട്ടുണ്ട്. എവിടെ കളിച്ചാലും മൊഹമ്മദൻ എസ്‌സിയും അവരുടെ ആരാധകവൃത്തവും അത്ഭുതപ്പെടുത്തും. ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിലും മുംബൈയിലെ കോപ്പറേറ്റ് സ്റ്റേഡിയത്തിലും അവർ കളിച്ചിട്ടുണ്ട്. എല്ലായിടത്തും സ്റ്റേഡിയങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. എന്നെ വിശ്വസിക്കൂ, അവർ എവിടെ കളിച്ചാലും അവർക്ക് ആരാധകരുണ്ടാകും. ഐഎസ്എല്ലിലേക്ക് മൊഹമ്മദൻ യോഗ്യത നേടിയതിൽ ഞാൻ ശരിക്കും ത്രില്ലിലാണ്. ” - ഛേത്രി പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിന് സെപ്റ്റംബർ 13 വെള്ളിയാഴ്ച വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന മുംബൈ സിറ്റി എഫ്‌സി - മോഹൻ ബഗാൻ സൂപ്പർ ജയന്റ് പോരാട്ടത്തോടെ തുടക്കമാകും. തൊട്ടടുത്ത ദിവസം, അതായത് സെപ്റ്റംബർ 14 ശനിയാഴ്ച സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സി  ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ കളിക്കും.

ചെത്രിയെ പ്രചോദിപ്പിച്ചവർ

പത്തൊൻപത് വർഷം നീലക്കുപ്പായമണിഞ്ഞ് അന്താരാഷ്ത്രതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുനിൽ ഛേത്രി 2024-ൽ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് ദശാബ്ദം നീണ്ടുനിന്ന ഫുട്ബോൾ പര്യടനത്തിൽ തനിക്ക് പ്രചോദനമായ ദേശീയ അന്താരാഷ്ട്ര ഫുട്ബോൾ ഇതിഹാസങ്ങളെ ഓർത്തെടുക്കുകയുണ്ടായി.

"ബൈച്ചുങ് (ബൂട്ടിയ) ഭായ് എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ കാലത്ത് ബൈച്ചുങ് ഭായ്, ഐഎം വിജയൻ, റെനഡി സിംഗ് എന്നിവരൊക്കെ രാജ്യത്തിനമാകാത്ത വലിയ പേരുകളാണ്. തലമുറയിൽ, രാജ്യത്തിനകത്ത്, ഭൈചുങ് ബായ്, ഐഎം വിജയൻ, രെന്നഡി സിംഗ് എന്നിവരൊക്കെ വലിയ പേരുകളാണ്. അന്താരാഷ്ട്രതലത്തിലേക്ക് കടന്നാൽ റൊണാൾഡോ, തിയറി ഹെൻറി, റൂഡ് വാൻ നിസ്റ്റൽറൂയ് തുടങ്ങിയവർ എന്നിൽ വലിയ സ്വാധീനം ചെലുത്തി. ഈ കളിക്കാരെ കാണുന്നത് ഞാൻ ആസ്വദിക്കുകയും, അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാനും ശ്രമിച്ചിട്ടുണ്ട്." - ഛേത്രി പറഞ്ഞു.

ഐഎസ്എൽ എവിടെ കാണാം?

2024-25 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ജിയോസിനിമ ആപ്പിലും സ്പോർട്സ്18 നെറ്റ്‌വർക്കിലും സംപ്രേഷണം ചെയ്യും.