എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ഓപ്പണറിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതിന്റെ ഇരു വശങ്ങളും വിശകലം ചെയ്ത് ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ശനിയാഴ്ച ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 0-2ന് ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു.

ഫിഫ റാങ്കിങ്ങിൽ 77 സ്ഥാനങ്ങൾക്കു മുകളിലുള്ള ഒരു ടീമിനെയാണ് നേരിട്ടെങ്കിലും, നിശ്ചയദാർഢ്യത്തോടെയുള്ള പ്രതിരോധത്തിലൂടെ ഗോൾരഹിത സ്‌കോർലൈൻ നിലനിർത്തിക്കൊണ്ട് ആദ്യ പകുതിയിൽ ഇന്ത്യ പ്രശംസനീയമായ പ്രകടനം പുറത്തെടുത്തു. എന്നാൽ, രണ്ടാം പകുതിയിൽ ഇന്ത്യൻ ടീം രണ്ടുതവണ ഗോളുകൾ വഴങ്ങി. മത്സരത്തിലുടനീളം ഓസ്‌ട്രേലിയ ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യൻ ടീമിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. സുനിൽ ഛെത്രിയുടെ മികച്ചൊരു ഹെഡറും ലാഖ്യം കണ്ടില്ല.

ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച ഛെത്രി, ഇന്ത്യൻ ടീമിന് ഇതൊരു പുതിയ അനുഭവമായിരുന്നെന്നും പിഴവുകളിൽ നിന്ന് പഠിക്കാനുള്ള അവസരത്തിന് ഊന്നൽ നൽകുമെന്നും പറഞ്ഞു.“ആ മത്സരത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഏഷ്യയിലെ മികച്ച ടീമുകൾക്കെതിരെ കളിക്കുക എളുപ്പമല്ല. ഇതുപോലുള്ള ടീമുകളുമായി കളിക്കുന്നത് ഞങ്ങൾ ശീലമാക്കിയിട്ടില്ല, കാരണം ഞങ്ങൾ അവർക്കെതിരെ എപ്പോഴുമൊന്നും കളിക്കാറില്ല, അതിനാൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയില്ല.” Aiff.com-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ഇതിപ്പോൾ വികാരങ്ങളുടെ മിശ്രിതമാണ്. ഒരിക്കൽ ഞങ്ങൾ മത്സരത്തിന്റെ വീഡിയോകൾ കണ്ടുകഴിഞ്ഞാൽ, ഒരുപക്ഷേ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയും കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുകളിലാണ് ഈ ടീമും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനുള്ള തങ്ങളുടെ പ്രതീക്ഷകൾ നിലനിർത്താൻ ഒരു വിജയം ഉറപ്പാക്കാൻ ഇന്ത്യൻ ടീം അങ്ങേയറ്റം ശ്രമിക്കുമെന്നുറപ്പാണ്. എഎഫ്‌സി ഏഷ്യൻ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ താഴ്ന്ന റാങ്കുകാരായ സിറിയയോട് ഗോൾരഹിത സമനില വഴങ്ങിയ ഉസ്ബെക്കിസ്ഥാനും വിജയം മാത്രമാകും ലക്ഷ്യം. “ഉസ്ബെക്കിസ്ഥാൻ ഓസ്‌ട്രേലിയയല്ല, എന്നിരുന്നാലും അവർ ഒരു നല്ല ടീമാണ്. അതുകൊണ്ട് ഈ കളിയും വലിയ വെല്ലുവിളിയായിരിക്കും." ഛേത്രി പറഞ്ഞു.