'നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരളം പഠിക്കണം': സ്റ്റാറെ
മത്സരത്തിലേക്ക് തിരികെ വരാൻ ടീം ശ്രമിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ജയം അർഹിച്ച മത്സരം കൈവിട്ടതിൽ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കളിക്കളത്തിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഠിക്കണമെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 - 25 സീസണിൽ മുംബൈ എഫ്‌സിക്ക് എതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമനില ഗോൾ നേടിയ ശേഷം പത്ത് പേരായി ചുരുങ്ങിയത്, മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ വീണ്ടും ഗോൾ വഴങ്ങാൻ കേരളത്തിന് കാരണമായി.
മത്സരത്തിൽ ആദ്യത്തെ 55 മിനിറ്റുകളിൽ നിക്കോളാസ് കരേലിസ് നേടിയ ഇരട്ട ഗോളുകൾക്ക് പുറകിലായ ശേഷം ഒരു സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടി മത്സരത്തെ സമനിലയിൽ എത്തിച്ചിരുന്നു. ജീസസ് ജിമെൻസ് നേടിയ ആദ്യ ഗോളിന് ശേഷം, രണ്ടാമത്തെ ഗോളടിച്ച ക്വമെ പെപ്ര നടത്തിയ ആഹ്ലാദ പ്രകടനം താരത്തിന് രണ്ടാമത്തെ മഞ്ഞക്കാർഡ് നേടിക്കൊടുത്തു. പത്ത് പേരായി ചുരുങ്ങിയ ശേഷവും കേരളം ആക്രമണോല്സുകത കാണിച്ചെങ്കിലും, ഗോളിലേക്കെത്താൻ സാധിച്ചില്ല. ഈ ആക്രമണങ്ങൾക്ക് ശേഷം മുംബൈ നടത്തിയ പ്രത്യാക്രമങ്ങൾ ലക്ഷ്യം കണ്ടത് മത്സരത്തിന്റെ ഫലത്തെയും സ്വാധീനിച്ചു. ചാങ്‌തെയും നാഥനുമാണ് മറ്റ് സ്കോറർമാർ.
ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് പരിശീലകൻ വ്യക്തമാക്കി. മത്സരത്തിലേക്ക് തിരികെ വരാൻ ടീം ശ്രമിച്ചതിൽ അഭിമാനമുണ്ടെന്നും എന്നാൽ ജയം അർഹിച്ച മത്സരം കൈവിട്ടതിൽ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "ഒന്നാമതായി അവർ നന്നായി കളിച്ചു. കളിയുടെ ആദ്യ ഘട്ടത്തിൽ ഞങ്ങൾ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ആക്രമണോത്സുകമോ സ്ഥിരതയോ ഉണ്ടായിരുന്നില്ലെന്നും ഞാൻ സമ്മതിക്കുന്നു. ആക്രമിച്ച കളിച്ച അവർ ആദ്യ ഗോൾ നേടി. ഒടുവിൽ, ആദ്യ പകുതിയിൽ അവർ ഞങ്ങളെക്കാൾ മികച്ചു നിന്നതായി ഞാൻ കരുതുന്നു. ഹാഫ് ടൈമിൽ മാറ്റങ്ങൾ വരുത്തിയും തന്ത്രങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയും ഞങ്ങൾ പ്രതികരിച്ചു, പക്ഷെ നിർഭാഗ്യവശാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഒരു പെനാൽറ്റി വഴങ്ങി."
"പക്ഷെ, തുടർന്ന് ഞങ്ങൾ പ്രതികരിച്ചു. തിരിച്ചുവരാനായി ശ്രമിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഒരു പെനാൽറ്റിയിലൂടെ സ്കോർ 2-1 ലേക്കെത്തിച്ചു. കുറച്ചു മിനിറ്റുകളിൽ 2-2 ന് സമനിലയും പിടിച്ചു. ആ സമയത്ത് മത്സരത്തിന്റെ മൊമന്റം ഞങ്ങൾക്കനുകൂലമായതായി എല്ലാവരും വിശ്വസിച്ചതായി ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചു. മിനിറ്റുകൾക്ക് ശേഷം, ഒരു കോർണർ കിക്കിൽ നിന്ന് ഗോൾ വഴങ്ങി ഞങ്ങൾ 3-2 ലേക്കെത്തി. തൊട്ടുപിന്നാലെ മറ്റൊരു പെനാൽറ്റിയും വഴങ്ങി. അവസാന നിമിഷം വരെയും പോരാടിയ ഞങ്ങൾ ജയം അർഹിച്ചിരുന്നെങ്കിലും ഞാൻ തീർത്തും നിരാശനാണ്." - സ്റ്റാറെ പറഞ്ഞു.
മത്സരത്തിൽ നിർണായക നിമിഷത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തുന്ന പിഴവ്, ടീമിന് ഈ സീസണിൽ വലിയ തിരിച്ചടികൾ നൽകുകയാണ്. അത്തരം നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. "മത്സരത്തിലെ നിർണായക നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ നമ്മൾ പഠിക്കണം. കളി നന്നായി ആരംഭിക്കുന്നത് മാത്രമല്ല, ഫൗളുകളും മഞ്ഞ-ചുവപ്പ് കാർഡുകളും ഉപയോഗിച്ച് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ അവർക്ക് കഴിഞ്ഞെന്നാണ് എന്റെ നിഗമനം." - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ മത്സരത്തിൽ നിർണായകമായ പ്രകടനമായിരുന്നു ക്വമെ പെപ്രയുടേത്. ആദ്യ ഗോളിന് കാരണമായ പെനാൽറ്റിയിലേക്ക് വഴിയൊരുക്കിയത് പെപ്രയായിരുന്നു. രണ്ടാമത്തെ ഗോൾ പിറന്നത് അദ്ദേഹത്തിൽ നിന്നുമായിരുന്നു. മത്സരത്തിൽ ഗോൾ നേടിയ ശേഷം ക്വമെ പെപ്ര നടത്തിയ അതിരുവിട്ട ആഹ്ലാദ പ്രകടനം അദ്ദേഹത്തിന് മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാർഡിന് വഴിവെച്ചിരുന്നു. അദ്ദേഹം കളത്തിന് പുറത്തേക്ക് പോയതോടെ കേരളം പത്ത് പേരായി ചുരുങ്ങിയിരുന്നു. മത്സരശേഷം ഉടൻ തന്നെ ലോക്കർ റൂമിൽ ഈ വിഷയത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും ഇനി ഈ തെറ്റ് അദ്ദേഹം ആവർത്തിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി. "ഒന്നാമതായി, പലരും ഇതിനെക്കുറിച്ച് (ആഹ്ലാദ പ്രകടനം) അദ്ദേഹത്തെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ലോക്കർ റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു, അവൻ ഇനി ഒരിക്കലും ഈ തെറ്റ് വരുത്തില്ല."
"ഈ വൈകുന്നേരം പെപ്ര നടത്തിയ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. കരുത്തും വേഗതയുമുള്ള അവൻ എപ്പോഴും എതിരാളികൾക്ക് ഭീഷണിയാണ്. അവൻ ഞങ്ങൾക്കായി ഒരു പെനാൽറ്റി നേടിതന്നു, ഒരു ഗോളുമടിച്ചു. എന്നാൽ, ഇത് അദ്ദേഹത്തിന് ഒരു പാഠമായിരിക്കും. ടീമിനെ താനാണ് പ്രതിസന്ധിയിലാക്കിയതെന്ന് അവനറിയാം. ഞങ്ങൾ ഇതിനകം അദ്ദേഹവുമായി ഇതിനെക്കുറിച്ച് ( ചുവപ്പ് കാർഡ്) സംസാരിച്ചു. ഇനി മുന്നോട്ട് നീങ്ങാനുള്ള സമയമാണ്." - സ്റ്റാറെ അറിയിച്ചു.
തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിലെ പ്രധാന താരമായ നോഹ സദൗയിയുടെ അഭാവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. താരത്തിന് പരിക്കേറ്റിരുന്നതായും അടുത്ത മത്സരത്തിന്റെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമോ കളിക്കളത്തിൽ കാണാൻ സാധിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. "അദ്ദേഹത്തിന് പറിക്കായിരുന്നു. പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ, അടുത്ത ലൈനപ്പിലോ ഫിഫ ഇടവേളയ്ക്ക് ശേഷമോ അവൻ തിരിച്ചെത്തിയേക്കാം. അവൻ പരിക്കിൽ നിന്നും കരകയറുകയാണ്" - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.