ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ശേഷം, മത്സരം കൈവിട്ടുകളഞ്ഞതിൽ വേദനയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഗെയിംപ്ലാൻ കൃത്യവുമി പാലിച്ച് കളിച്ചെന്നും, വഴങ്ങിയ ഗോളുകൾ അർഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം മാച്ച് വീക്കിൽ ഒഡീഷ എഫ്‌സിക്കെതിരായ സമനിലക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മൈക്കേൽ സ്റ്റാറെ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം ലീഗിൽ സമനില വഴങ്ങുന്നത്.

"ഒഡീഷ മികച്ചൊരു ടീമാണ്. ഗെയിം പ്ലാൻ കൃത്യമായി പാലിച്ചുകൊണ്ട് ഞങ്ങൾ നന്നായി കളിച്ച് തുടങ്ങി. അതിവേഗത്തിൽ ഞങ്ങൾ ആക്രമിച്ചു കളിച്ചു. ഒരു ടീമെന്ന നിലയിൽ, വഴങ്ങിയ ആ രണ്ട് ഗോളുകൾ ഞങ്ങൾ അർഹിച്ചിരുന്നില്ല. കളിക്കുന്നതിനിടയിൽ, എവിടെനിന്നോ ഞങ്ങൾ ആ ഗോൾ വഴങ്ങി. എതിർ ടീം ഗോൾ നേടുമ്പോൾ, കളിയുടെ വേഗത തീർച്ചയായും കുറയും, പ്രത്യേകിച്ച് അവർ (ഒഡീഷ) അവരുടെ ഹോമിൽ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ. കുറച്ച് മിനിറ്റുകളിൽ ഞങ്ങളുടെ പ്രതിരോധം മന്ദഗതിയിലായി, അവർ മത്സരത്തിലേക്ക് തിരികെയെത്തി." - അദ്ദേഹം പറഞ്ഞു.

"രണ്ട് ഗോളുകളുടെ ലീഡ് കൈവിടുന്നത് വേദനാജനകമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിലെ താരങ്ങളുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. സാധാരണയായി, രണ്ട് ഗോളുകളുടെ ലീഡെടുത്ത് നന്നായി കളിക്കുന്നതിനിടെ ആക്കം നഷ്ടപ്പെടുമ്പോൾ, ഒപ്പം ഊർജം പ്രസരിപ്പും നഷ്ടപ്പെടാനും കാരണമാകും. പക്ഷെ, ഞങ്ങൾക്കത് സംഭവിച്ചില്ല. ഞങ്ങൾ പോരാടി, ഞങ്ങൾ പ്രെസ് ചെയ്തു, ഒരു നല്ല ടീമിനെതിരെ കളിച്ചിട്ടും ഞങ്ങൾ വലിയ അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെ ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നിലപാട് എന്തെന്ന് കാണിച്ചുകൊടുത്തു." - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ മത്സരത്തിൽ താൻ നിരാശാനെല്ലെന്നും, എന്നാൽ അമിതമായി സന്തോഷവാനെല്ലെന്നും മിക്കേൽ സ്റ്റാറെ വ്യക്തമാക്കി. "നെഗറ്റീവുകളേക്കാൾ കൂടുതൽ പോസിറ്റീവുകൾ ഉണ്ടായിരുന്നതിനാൽ, ഒരു തരത്തിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ, രണ്ട് ഗോളുകളുടെ ലീഡ് നേടിയിട്ടും ജയിക്കാൻ സാധിക്കാത്തതിനാൽ വേദനയുമുണ്ട്. അമിതാസന്തോഷത്തിന്റെയും അമിതമായ നിരാശയുടെയും ഇടയിലെവിടെയോ ആണ് ഞാൻ." - അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ രണ്ടാം പകുതിയിലും കളി നന്നായി നിയന്ത്രിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് വേഗതയേറിയതും വൈഡ് ആയി കളിക്കുന്നതുമായ കളിക്കാർ ഉണ്ട്. അതിനാൽ ഞങ്ങൾക്ക് പെനാൽറ്റി ബോക്സിന് പുറത്ത് നഷ്ടപെട്ട പന്തുകൾ അവർക്ക് അവസരങ്ങൾ രൂപപ്പെടുത്തി. അവർക്ക് വേഗതയേറിയതും കഴിവുറ്റതുമായ താരങ്ങളുണ്ട്. അതിനാൽ, അവർക്ക് ലക്ഷ്യം കണ്ടെത്തുക എന്നത് സാധാരണമായിരുന്നു. എന്നിരുന്നാലും, ഞങ്ങൾ പ്രതിരോധത്തിൽ ഉറച്ചുനിന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതൊരു ബോക്‌സിംഗ് മത്സരമായിരുന്നെങ്കിൽ, ഞങ്ങൾ അവരെക്കാൾ വിജയത്തോട് അടുത്തിരുന്നുവെന്ന് ഞാൻ പറയും." - സ്റ്റാറെ കൂട്ടിച്ചേർത്തു.

ഒരു പരിശീലകൻ എന്ന നിലയിൽ വ്യക്തികളിലല്ല, ടീമിലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ കളിയിലും പുരോഗതി കൈവരിക്കുന്നുണ്ട്. എന്നാൽ, ഏറ്റവും അവസാനമായി, ജയിക്കുന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

"പരിശീലകനെന്ന നിലയിൽ എൻ്റെ ശ്രദ്ധ ടീമിലാണ്. ഞങ്ങളുടെ ടീമിൽ 25 കളിക്കാരുണ്ട്, പിച്ചിൽ 11 പേരും ഒപ്പം ബെഞ്ചും. എന്നെ സംബന്ധിച്ചിടത്തോളം ടീമിൻ്റെ പ്രകടനത്തിനാണ് പ്രാധാന്യം. ഓരോ കളിയിലും ഞങ്ങൾ പുരോഗതി കൈവരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യ നാല് മത്സരങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഞങ്ങൾക്ക് ആറ് പോയിൻ്റുകൾ കൂടി എളുപ്പത്തിൽ നേടാമായിരുന്നു. നേരെമറിച്ച്, ഭാഗ്യം ഞങ്ങൾക്കൊപ്പം ഇല്ലെങ്കിൽ മൂന്ന് പോയിൻ്റുകളും നഷ്ടപ്പെടുമായിരുന്നു. ഇതെല്ലാം ഗെയിമിൻ്റെ ഭാഗമാണ്, അതിനാൽ തെളിച്ചമുള്ള ഭാഗത്തേക്ക് കൂടി നോക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞങ്ങൾ പുരോഗമിക്കുന്നുണ്ട്. മത്സരങ്ങൾ ജയിക്കുക എന്നതാണ് ഏറ്റവും മുഖ്യം. എന്നാൽ, ഇപ്പോൾ ഞങ്ങളുടെ ഊർജം എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് കരുതുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു, ശരിയായ മനോഭാവം കാണിക്കുന്നു, പരസ്പരം എല്ലാവര്ക്കും വേണ്ടി കളിക്കുകയും ആരാധകർക്ക് വേണ്ടി കളിക്കുകയും ചെയ്യുന്നു എന്നത് വളരെ വ്യക്തമാണ്." - സ്റ്റാറെ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെപ്പറ്റി വാചാലനായ സ്റ്റാറെ, പതിനഞ്ച് വർഷത്തെ കരിയറിൽ കേരളത്തിന്റെ ആരാധകർ നൽകുന്ന ഊർജം സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു

"എല്ലാ ക്ലബ്ബുകൾക്കും അവരുടേതായ ആരാധകരുണ്ട്, പക്ഷേ ഞങ്ങളുടെ ആരാധകർ ശരിക്കും അതിശയിപ്പിക്കുന്നു. പതിനഞ്ച് വർഷത്തോളം ലോകം ചുറ്റിയ എന്റെ യാത്രയിൽനിന്നും, ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന അന്തരീക്ഷവും ഊർജ്ജവും സമാനതകളില്ലാത്തതാണെന്ന് എനിക്ക് പറയാൻ കഴിയും." - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.