ഉദ്ഘാടന മത്സരത്തിൽ വിജയം ആർക്കൊപ്പമാകും ; കേരള ബ്ലാസ്റ്റേഴ്സ് vs എടികെ മോഹൻ ബഗാൻ, മാച്ച് പ്രിവ്യു

നാളെ കേരള ബ്ലാസ്റ്റേഴ്സും, എടികെ മോഹൻ ബഗാനും തമ്മിൽ നടക്കുന്ന മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണ് തുടക്കമാകും.  ഗോവയിലെ ബാംബോളിം ജിഎംസി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. ലീഗിന്റെ തുടക്കം മുതൽ ആറു വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന മുൻ ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിംഗൻ ആദ്യമായ് ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകത നാളത്തെ മത്സരത്തിനുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന ആയിരിക്കും നാളെ നടക്കുന്ന മത്സരത്തിന്റെ മറ്റൊരു പ്രധാന ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച കിബു വികൂന, മോഹൻ ബഗാൻ എടികെ ലയനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ് ചുമതലയേൽക്കുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിൽ മിന്നും പ്രകടനത്തോടെ കിരീടം നേടിയ മോഹൻ ബഗാൻ ഒരേയൊരു മത്സരത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ഐ ലീഗ് ചാമ്പ്യൻ ടീമിന്റെ പരിശീലകനായ കിബു വികൂനയുടെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിനെ കൂടുതൽ ശക്തമാക്കുമെന്നുറപ്പാണ്.

അതേ സമയം ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകനായ അന്റോണിയോ ഹബാസാണ് മറുവശത്ത് എന്നതും പ്രധാനമാണ്. എടികെ മോഹൻ ബഗാൻ പരിശീലകനായ അന്റോണിയോ ഹബാസ് ഐഎസ്എൽ ആറാം സീസണിൽ കിരീടം നേടി രണ്ടു വട്ടം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ ഒരേയൊരു പരിശീലകനെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.

അപ്രതീക്ഷിതമായി വന്നു ഭവിച്ച കോവിഡ് മഹാമാരി മൂലം കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ക്ലോസ്ഡ് സ്റ്റേഡിയത്തിൽ കാണികളുടെ സാന്നിധ്യമില്ലാതെയാണ് മത്സരങ്ങളെല്ലാം അരങ്ങേറുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഇത്തവണ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തുന്നത് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾ ഐഎസ്എല്ലിന്റെ ഭാഗമായതാണ്. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ എടികെ കൊൽക്കത്ത, മോഹൻ ബഗാനുമായ് ലയിച്ച് എടികെ മോഹൻ ബഗാൻ എന്ന പുതിയ ടീമായാണ് ഈ സീസണിൽ കളിക്കാനിറങ്ങുന്നത്.മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ കൊൽക്കത്തയുമായി ലയിച്ച് ലീഗിന്റെ ഭാഗമായപ്പോൾ ശ്രീ സിമന്റ് ഈസ്റ്റ് ബംഗാളിന്റെ മുഖ്യ സ്പോൺസറായ് മാറിയതോടെ അവരും ഐഎസ്എല്ലിൽ സ്ഥാനമുറപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് vs എടികെ മോഹൻ ബഗാൻ

മോഹൻ ബഗാനുമായ് ലയിച്ച ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പോരാട്ടമാണ് നാളെ എടികെ മോഹൻ ബഗാനെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ എടികെ നിരയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യൻ, വിദേശ താരങ്ങളെയും ഇത്തവണ എടികെ മോഹൻ ബഗാൻ ടീമിൽ നിലനിർത്തിയിട്ടുണ്ട്. നിലവിലെ ടീമിന്റെ ഭാഗമായ എടികെ കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയിട്ടുണ്ട് എന്നത് ക്ലബ്ബിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സുമായ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും എടികെയ്ക്ക് പരാജയമായിരുന്നു ഫലം. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി വഴങ്ങിയ എടികെ, രണ്ടാം തവണ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനോട് വീണ്ടും തോൽവി വഴങ്ങി. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ബാർത്തലോമിയോ ഒഗ്ബെച്ചെയുടെ ഇരട്ട ഗോളുകളും, രണ്ടാമത്തെ തവണ ഏറ്റുമുട്ടിയപ്പോൾ ഹാലിചരൺ നർസാരി നേടിയ ഗോളുമാണ് കൊൽക്കത്ത ക്ലബ്ബിനെ തോൽവിയിലേക്ക് നയിച്ചത്.

ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളിലും ഏതൊക്കെ താരങ്ങൾ അണിനിരക്കും?

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്രതിരോധ നിരയിൽ അണിനിരക്കാൻ സാധ്യതയുള്ള നാലു താരങ്ങളിൽ ഒരാൾ ഏവരും പ്രതീക്ഷിക്കുന്നതുപോലെ തന്നെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായ് ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ, ഇത്തവണത്തെ ടീം ക്യാപ്റ്റൻമാരിൽ ഒരാളുമായ ലെഫ്റ്റ് ബാക്ക് ജെസ്സെൽ കാർനെയ്രോ ആണ്. റൈറ്റ് ബാക്ക് താരങ്ങളിൽ ഉറപ്പിക്കാവുന്ന മറ്റൊരു താരം ബ്ലാസ്റ്റേഴ്സ് ബെംഗളുരു എഫ്സിയിൽ നിന്ന് സ്വന്തമാക്കിയ ഇന്ത്യൻ ദേശീയ താരം നിഷു കുമാറാണ്.

സെന്റർ ബാക്കുകളായ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ അണിനിരക്കുക ആഫ്രിക്കൻ കരുത്തന്മാരാണ്. സിംബാബ്‌വെ താരമായ കോസ്റ്റ നമോയ്‌നേസുവും, ബുർക്കിനാ ഫാസോ താരമായ ബക്കാരി കോനെയുമാണ് കേരള ബ്ലാസ്റ്റേഴ്സിൽ പ്രതിരോധത്തിന്റെ ഉരുക്കു കോട്ട തീർക്കുന്നത്. ടീമിലെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ കളത്തിലിറങ്ങുക പരിചയ സമ്പന്നനായ സ്പാനിഷ് താരം വിസെന്റെ ഗോമസ് ആയിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്.

മുൻ എമേർജിംഗ് പ്ലെയർ ആയ മലയാളി താരം സഹൽ അബ്ദുൾ സമദും, അർജന്റീനിയൻ പ്ലേ മേക്കറായ ഫക്കുണ്ടോ പെരേരയും ആയിരിക്കും മധ്യനിരയിൽ ആക്രമണങ്ങൾ മെനയുക. മുന്നേറ്റ നിരയിൽ അണി നിരക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരവും, സ്കോട്ടിഷ് ലീഗിലെ മുൻ ഗോൾ വേട്ടക്കാരനുമായ സാക്ഷാൽ ഗാരി ഹൂപ്പറായിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ഇലവൻ (4-3-3): ആൽബിനോ ഗോമസ്, നിഷു കുമാർ, ബക്കാരി കോനെ, കോസ്റ്റ നമോയ്നേസു, ജെസ്സെൽ കാർനെയ്റോ, വിസെൻ്റ് ഗോമസ്, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, ഫക്കുണ്ടോ പെരേര, രാഹുൽ കെപി, ഗാരി ഹൂപ്പർ

എടികെ മോഹൻ ബഗാൻ എഫ്‌സി

എടികെ മോഹൻ ബഗാൻ പരിശീലകനായ അന്റോണിയോ ഹബാസ് നടപ്പിലാക്കുന്നത് കഴിഞ്ഞ സീസണിലെ അതേ തന്ത്രങ്ങൾ തന്നെ ആയിരിക്കും. പ്രതിരോധത്തിൽ മാത്രമാണ് ഇത്തവണ കാര്യമായ മാറ്റമുള്ളത്. പ്രതിരോധ നിരയിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ടിരിയും, മുൻ എമേർജിംഗ് പ്ലെയറും, ഇന്ത്യൻ ദേശീയ താരവുമായ സന്ദേശ് ജിംഗൻ, ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ പ്രതിരോധ താരം പ്രീതം കോട്ടലുമാണ്.

വിംഗ് ബാക്കുകളായ് ഉള്ളത് സുഭാഷിഷ് ബോസ്, പ്രബീർ ദാസ് എന്നീ പ്രതിഭാശാലികളാണ്. ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ കഴിഞ്ഞ സീസണിൽ ഉദ്ഘാടന മത്സരത്തിൽ എടികെ കൊൽക്കത്തക്കായ് ആദ്യ ഗോൾ നേടിയ പരിചയ സമ്പന്നനായ ഐറിഷ് താരം കാൾ മക്ഹ്യൂഗാണ് കളത്തിലിറങ്ങുന്നത്.

മധ്യനിരയിൽ ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ഉള്ളത് ഇന്ത്യൻ താരം മൈക്കേൽ സൂസൈരാജും ഒപ്പം സ്പാനിഷ് താരം ജാവി ഹെർണാണ്ടസുമാണ്. മുന്നേറ്റ നിരയിൽ ഗോളടിച്ചു കൂട്ടാൻ കഴിഞ്ഞ സീസണിലെ ഏറ്റവും ആക്രമണകാരികളായ കൂട്ടു കെട്ടായ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ്, ഫിജി ദേശീയ താരം റോയ് കൃഷ്ണ എന്നിവരാകും അണി നിരക്കുന്നത്.

എടികെ മോഹൻ ബഗാൻ സാധ്യതാ ഇലവൻ

എടികെ മോഹൻ ബഗാൻ സാധ്യതാ ഇലവൻ (3-4-1-2): അരിന്ദാം ഭട്ടാചാര്യ, പ്രീതം കോട്ടൽ, സന്ദേശ് ജിംഗൻ, ടിരി, പ്രബീർ ദാസ്, പ്രണോയ് ഹാൾഡർ, കാൾ മക്ഹ്യൂഗ്, സുഭാഷിഷ് ബോസ്, ജാവി ഹെർണാണ്ടസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്

എന്തായിരിക്കും ഫലം, ആരാകും വിജയി?

തീർത്തും പ്രവചനാതീതം ആയിരിക്കും നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് vs എടികെ മോഹൻ ബഗാൻ മത്സരഫലം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും, എടികെ മോഹൻ ബഗാനും.  മികച്ച ഇന്ത്യൻ, വിദേശ താരങ്ങളാണ് ഇരു ടീമുകളിലും ഉള്ളത്. ഇരു ടീമുകളും അണിനിരക്കുന്നത് ചാമ്പ്യൻ പരിശീലകരുടെ കീഴിലാണ്. കിബു വികൂന ഐ ലീഗ് കിരീടവും, അന്റോണിയോ ഹബാസ് ഐഎസ്എൽ കിരീടവും നേടിയിട്ടുണ്ട്.

എന്നാൽ നാളത്തെ മത്സരത്തിൽ നേരിയ മുൻതൂക്കം എടികെ മോഹൻ ബഗാനാണ്. അതിന്റെ പ്രധാന കാരണം കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ താരങ്ങളെല്ലാം തന്നെ ഇത്തവണ എടികെ മോഹൻ ബഗാനിൽ അണിനിരക്കുന്നുവെന്നതാണ്. ഒരേ പരിശീലകനും, താരങ്ങളും ഒരേ കുടക്കീഴിൽ തന്നെ വീണ്ടും അണിനിരക്കുന്നത് എടികെ മോഹൻ ബഗാന് നാളത്തെ മത്സരത്തിൽ കൃത്യമായ മുൻതൂക്കം നൽകും. അന്റോണിയോ ഹബാസ് കഴിഞ്ഞ സീസണിലെ അതേ തന്ത്രം തന്നെയാകും ഇത്തവണ എടികെ മോഹൻ ബഗാനിലും അവതരിപ്പിക്കുന്നത്.

അതേ സമയം അടിമുടി മാറിയ ടീമുമായ് ആണ് പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളിൽ സിഡോ മാത്രമാണ് ഇത്തവണ ടീമിലുള്ളത്. അതു പോലെ തന്നെ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന പല ഇന്ത്യൻ താരങ്ങളും ടീം വിടുകയും പകരം പുതിയ താരങ്ങളെ ടീമിലെടുക്കുകയും ചെയ്തു. അതു കൊണ്ട് പരിശീലകനായ കിബു വികൂനയ്ക്ക്, തന്റെ കീഴിൽ അണിനിരക്കുന്ന താരങ്ങളെയെല്ലാം ഒറ്റക്കെട്ടായി ഒരു മനസും ശരീരവുമായി പ്രവർത്തിക്കുന്ന ഒരു മികച്ച ടീമായി മാറ്റിയെടുക്കാൻ സമയം ആവശ്യമാണ്.

Your Comments

Your Comments