ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററായിരുന്ന സ്പാനിഷ് സ്ട്രൈക്കർ ഹീസസ് ഹിമെനെസ് ക്ലബ്ബ് വിട്ടു. താരവും ക്ലബ്ബും പരസ്പര ധാരണയോടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനും 2024-25 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവുമായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കൊസ് ക്ലബ് വിട്ടതിനെ തുടർന്നാണ് 2024-ൽ രണ്ട് വർഷത്തെ കരാറിൽ ഹിമെനെസ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമാകാനും ദിമിയുടെ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാകാനും ടീമിന്റെ മുന്നേറ്റനിരയിലെ നിർണായക സാന്നിധ്യമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.

അരങ്ങേറ്റ സീസണിൽ തന്നെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 18 ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു 31-കാരനായ താരത്തിന്റെ സമ്പാദ്യം. ഐഎസ്എലിൽ ഗോൾ വേട്ടക്കാരുടെ പാഠികയിൽ നാലാമതായാണ് അദ്ദേഹം സീസൺ അവസാനിപ്പിച്ചത്. പഞ്ചാബ് എഫ്‌സിക്കെതിരായ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് ലീഗിൽ അരങ്ങേറ്റം കുറിച്ച ഹിമെനെസ്, പിന്നീട് തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്സ് താരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

ഹിമെനെസിന്റെ വിടവാങ്ങൽ, ക്ലബ്ബും താരവും തമ്മിലുള്ള ഒരു ചെറിയ അധ്യായത്തിന് വിരാമമിട്ടു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഗോൾ നേടാനുള്ള കഴിവും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് നിർണായകമായിരുന്നു.