ആറ് ഗോളുകൾ പിറന്ന ത്രില്ലറിൽ, മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ, മുംബൈ സിറ്റി എഫ്‌സിയുടെ വിജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്. മുംബൈക്കായി നിക്കോളാസ് കരേലിസ് ഇരട്ട ഗോളുകളും ലാലിയൻസുവാല ചാങ്‌തെയും നഥാൻ റോഡ്രിഗസും ഓരോ ഗോൾ വീതവും നേടി. കേരളത്തിനായി ആശ്വാസ ഗോളുകൾ നേടിയത് ജീസസ് ജിമെനെസും ക്വമെ പെപ്രയുമാണ്.

ഇന്നത്തെ മത്സരത്തിൽ ജയം നേടിയതോടെ, ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി മുംബൈ സിറ്റി എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയും മൂന്ന് തോൽവിയുമായി പത്തം സ്ഥാനത്തേക്ക് വീണു.

സൃഷ്‌ടിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നതിന്, കേരളം സ്വയം വിമർശിക്കണം. മുൻ മത്സരങ്ങളിലേതിന് സമാനമായി വ്യക്തിഗത പിഴവുകൾ കേരളത്തിന് ഇത്തവണയും വിനയായി. മത്സരത്തിൽ മുംബൈ 12 അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ കേരളം രൂപപ്പെടുത്തിയത് പതിനൊന്നെണ്ണം. എതിർ ബോക്സിൽ 24 ടച്ചുകൾ മുംബൈ നടത്തിയപ്പോൾ, ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത് 19 എണ്ണവും. മുംബൈയുടെ പതിനഞ്ച് ഷോട്ടുകളിൽ അഞ്ചെണ്ണം ലക്ഷ്യം കണ്ടപ്പോൾ, ബ്ലാസ്റ്റേഴ്‌സ് എടുത്ത പതിനാല് ഷോട്ടുകളിൽ ലക്ഷ്യത്തിൽ എത്തിയത് രണ്ടെണ്ണം മാത്രവും.

ബെംഗളുരുവിനെതിരായ മത്സരത്തിൽ നിന്നും ആദ്യ പതിനൊന്നിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ ഫുട്ബോൾ അരീനയിൽ ഇറങ്ങിയത്. നോറ ഫെർണാണ്ടസും മുഹമ്മദ് അസ്ഹറും പകരക്കാരുടെ നിരയിലേക്കെത്തി. എന്നാൽ, കാര്യമായ മാറ്റങ്ങൾ മുംബൈ സിറ്റിയുടെ നിരയിലുണ്ടായിരുന്നു. വിക്രം പ്രതാപ് സിങ്ങിനും ജയേഷ് റാണെക്കും പകരം ബ്രാൻഡൻ ഫെർണാണ്ടസും ബിപിൻ സിംഗും ആദ്യ പതിനൊന്നിലെത്തി. ഹാർദിക് ഭട്ട് ബെഞ്ചിലുമെത്തി.

മുംബൈ സിറ്റി എഫ്‌സി: ഫുർബ ലെംചെൻപ (ജികെ), ഹ്മിംഗ്തൻമാവിയ, ടിരി, മെഹ്താബ് സിംഗ്, ലാലിയൻസുവാല ചാങ്‌തെ (സി), യോൽ വാൻ നീഫ്, നിക്കോളാസ് കരേലിസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ജോൺ ടോറൽ, നഥാൻ റോഡ്രിഗസ്, ബിപിൻ സിംഗ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: സോം കുമാർ, സന്ദീപ് സിംഗ്, ഹോർമിപം, അലക്സാന്ദ്രേ കോഫ്, പ്രീതം കോട്ടാൽ, വിബിൻ മോഹനൻ, ഡാനിഷ് ഫറൂഖ്, അഡ്രിയാൻ ലൂണ, ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നവോച്ച സിംഗ്.

കേരളത്തിന്റെ ടച്ചോടുകൂടിയാണ് മുംബൈ ഫുട്ബോൾ അരീനയിൽ മത്സരം ആരംഭിച്ചത്. മുംബൈയുടെ തുടർച്ചയായ ആക്രമണത്തോടെ മത്സരത്തിന് തുടക്കത്തിലേ ചൂടുപിടിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്നും മുംബൈയുടെ ബോക്സിലേക്ക് ചലനങ്ങൾ ഉണ്ടായെങ്കിലും, ഒൻപതാം മിനിറ്റിൽ കേരളം ഗോൾ വഴങ്ങി. വലതു വിങ്ങിൽ വാൽപൂയ തുടക്കമിട്ട നീക്കമാണ് കരേലിസിന് ഗോളിലേക്ക് വഴിയൊരുക്കിയത്. ബോക്‌സിനുള്ളിൽ മനോഹരമായ ഒരു ത്രൂ ബോളിലൂടെ വാൽപൂയ ക്ലബ് ക്യാപ്റ്റൻ ചാങ്‌തെക്ക് നൽകുന്നു. ചാങ്‌തെ ബോക്സിനു മധ്യത്തിലേക്ക് ഇട്ട് കൊടുത്ത പന്ത്, ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ സോം കുമാറിന്റെ കയ്യിൽ തട്ടി കരേലിസിന്റെ മുന്നിലെത്തുന്നു. അതിലളിതമായി അദ്ദേഹം പന്ത് വലയിലെത്തിച്ചു. സ്കോർ 1-0

തുടർന്ന്, ബ്ലാസ്റ്റേഴ്സിന് ചില അവസരങ്ങൾ ലഭിച്ചെങ്കിലും, അവയൊന്നും മുംബൈയുടെ പ്രതിരോധത്തെ പരീക്ഷിക്കാൻ പോന്നവയായിരുന്നില്ല. ആദ്യ ഇരുപത് മിനിറ്റുകളിലേക്ക് കടന്നപ്പോൾ, മത്സരത്തിന്റെ നിയന്ത്രണം മുംബൈയുടെ കാലുകളിലെത്തി. കുറിയ പാസുകളുമായി അവർ കളം പിടിച്ചു. ഇരുപത്തിയഞ്ചാം മിനുട്ടിൽ, ജിമെനെസിനെ യോൽ വാൻ നീഫ് ഫൗൾ ചെയ്തതിനെ തുടർന്ന്, കേരളത്തിന് മുംബൈയുടെ ബോക്സിന് മുന്നിൽ ഫ്രീകിക്കിനുള്ള അവസരം ലഭിച്ചു. പക്ഷെ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത ഫ്രീകിക്ക് അപകടങ്ങൾ ഒഴിവാക്കി ബോക്സിനു പുറത്തേക്ക് പോയി.

മുപ്പത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാനുള്ള വലിയ ഒരു അവസരം മുംബൈ നഷ്ടപ്പെടുത്തി. പ്രത്യാക്രമണത്തിലൂടെ മുംബൈയുടെ ബോക്സിലേക്ക് കുതിച്ചെത്തിയ ചാങ്‌തെ നൽകിയ പാസ്, ബ്രണ്ടന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. എന്നാൽ, വീണ്ടും ആക്രമണങ്ങളുമായി മുംബൈ, കേരളത്തിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ, പന്തവകാശത്തിലും പാസിംഗ് കൃത്യതയിലും മുംബൈ സിറ്റിയേക്കാൾ ഒരുപിടി മുന്നിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്ന് ഷോട്ടുകളെടുത്ത മുംബൈക്ക് ഒരെണ്ണം ലക്ഷ്യം കാണാനും അതിലൂടെ ഗോളിലേക്ക് ഏതാനും സാധിച്ചു. ബ്ലാസ്റ്റേഴ്‌സ്, മറു വശത്ത് അഞ്ച് ഷോട്ടുകളെടുത്തെങ്കിലും, ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല. ആദ്യ പകുതിയിൽ പന്ത്രണ്ട് ക്രോസുകൾ നൽകിയെങ്കിലും, അവ ലക്ഷ്യത്തിലെത്തിക്കാൻ കൊമ്പന്മാർക്ക് സാധിച്ചില്ല.

രണ്ടു മാറ്റങ്ങളുമായാണ് കേരളം രണ്ടാം പകുതിയെ സമീപിച്ചത്. സന്ദീപ് സിംഗിന് പകരം യുവതാരം കോറൂ സിങ്ങും ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ ഡാനിഷ് ഫാറൂഖിന് പകരമായി ഫ്രെഡി ലല്ലാവ്മയും കളിക്കളത്തിലെത്തി. ഇന്ത്യൻ അണ്ടർ 20 ടീമംഗമായ കോറൂ സിംഗിന്റെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റമായിരുന്നു ഇന്നത്തെ മത്സരം. രണ്ടാം പകുതി ആരംഭിച്ച്, പത്ത് മിനിറ്റിൽ മുംബൈ ലീഡ് ഇരട്ടിയാക്കി. അമ്പത്തിമൂന്നാം മിനിറ്റിൽ മുംബൈ എടുത്ത കോർണർ ബോക്സിലൊത്തുകൂടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കയ്യിൽ തട്ടിയതോടെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടി. ഷോട്ട് എടുത്ത കരേലിസിന് പിഴച്ചില്ല. സ്കോർ 2-0. മുംബൈ മത്സരത്തിൽ കാലൂന്നി.

ലീഡ് ഇരട്ടിയാക്കിയ മുംബൈയുടെ ആഘോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല. ഇടതുവശത്ത് നിന്നും ലഭിച്ച പന്തെടുത്ത് ക്വമെ പെപ്ര മുംബൈ ബോക്സിലേക്ക് ഓടിയെത്തുന്നു. പെനാൽറ്റി ഏരിയയിലേക്ക് കുതിച്ചുകയറിയ പെപ്രയെ തടുക്കുന്നതിൽ വൽപൂയ്ക്ക് പിഴച്ചു. ഫൗളിനിരയായി പെപ്ര ബോക്സിൽ വീണതോടെ, റഫറി കേരളത്തിന് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു. ഷോട്ട് എടുത്ത ജീസസിന് പിഴച്ചില്ല. സ്കോർ 2-1. കേരളം മത്സരത്തിലേക്ക് തിരിച്ചുവരവ് അറിയിച്ചു.

മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചതോടെ, കേരളം സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. പെപ്രയുടെ നിരന്തരമായ ആക്രമണം മുംബൈ പ്രതിരോധത്തിന് ഭീഷണിയായി. അറുപത്തിയേഴാം മിനിറ്റിൽ ഫുട്ബോളിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന, ഇൻഡയറക്റ്റ് ഫ്രീകിക്ക് മുംബൈ സിറ്റി വഴങ്ങി. ഗോൾകീപ്പർ ലെംചെൻപയുടെ പിഴവിൽ നിന്നുമുണ്ടായ ആ ഫ്രീകിക്കിൽ ബ്ലാസ്റ്റേഴ്‌സ് നിരയെടുത്ത ഷോട്ട്, നിർഭാഗ്യവശാൽ പോസ്റ്റിൽ തട്ടി പുറത്തു പോയി. കേരളം മത്സരത്തിലേക്ക് തിരികെ വരുന്നു എന്നതിനുള്ള അറിയിപ്പായിരുന്നു എഴുപതാം മിനിറ്റിൽ എടുത്ത ആ ഷോട്ട്.

തൊട്ടടുത്ത മിനിറ്റിൽ, കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കം കലാശിച്ചത് ഗോളിൽ. ഇടതു വിങ്ങിൽ ലൂണയിലേക്കെത്തിയ പന്ത്, അദ്ദേഹം ബോക്സിലേക്ക് ക്രോസ് ചെയ്യുന്നു. ഓടിയെത്തിയ പെപ്ര പന്ത് തലകൊണ്ട് ചെത്തി വലയിലേക്കെത്തിച്ചു. സ്കോർ 2-2. ഗോളിന് ശേഷം പെപ്ര നടത്തിയ സെലിബ്രേഷൻ അദ്ദേഹത്തിന് മത്സരത്തിലെ രണ്ടാമത്തെ മഞ്ഞകാർഡിലേക്കുള്ള വഴിയൊരുക്കി. പെപ്ര കളത്തിന് പുറത്തുപോയതോടെ കേരളം പത്ത് പേരായി ചുരുങ്ങി.

എന്നാൽ യെല്ലോ ആർമിയുടെയും ആഘോഷങ്ങൾ നീണ്ടുനിന്നില്ല. മത്സരത്തിൽ പോയിന്റ് ഉറപ്പിക്കാനാകും എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തകർത്തു കൊണ്ട് നാല് മിനിറ്റിൽ, മുംബൈ ലീഡ് തിരികെപിടിച്ചു. എഴുപത്തിയഞ്ചാം മിനിറ്റിൽ, കേരളം വഴങ്ങിയ കോർണർ എടുത്ത മുംബൈ നിര ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന നഥാൻ റോഡ്രിഗസിലേക്ക് പന്തെത്തിച്ചു. മനോഹരമായി പന്ത് അദ്ദേഹം ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും വഴുതി. സ്കോർ 3-2.

മത്സരത്തിനിടെ പരിക്കേറ്റ മുംബൈ ഗോൾകീപ്പർ ഫുർബ ലെംചെൻപക്ക് പകരക്കാരമായി, മലയാളി താരം ടിപി രഹനേഷ് മൈതാനത്തെത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈക്ക് വേണ്ടിയുള്ള ആദ്യ മത്സരമായിരുന്നു മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായിരുന്ന രഹനേഷിന്റെത്. ഒപ്പം, പരിക്കേറ്റ ജോൺ ടോറലിന് പകരം ജെറമി മാൻസോറോയുമെത്തി. ബ്രാൻഡൻ ഫെർണാണ്ടസിന് പകരക്കാരനായി ജയേഷ് റാണെയും. ബ്ലാസ്റ്റേഴ്‌സ് നിരയിൽ അലക്സാന്ദ്രേ കോഫിന് പകരം മീലൊസ് ഡ്രിൻസിച്ച് എത്തി. പത്ത് പേരായി ചുരുങ്ങിയെങ്കിലും സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി ശ്രമിച്ചു. എന്നാൽ, അത്തരത്തിലൊരു നീക്കം അവസാനിച്ചത് മുംബൈക്ക് അനുകൂലമായ പെനാൽറ്റിയിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മുറിച്ചു കടന്ന് ബോക്സിലെത്തിയ ജെറമി മാൻസോറോയെ, വിബിൻ മോഹനൻ ഫൗൾ ചെയ്ത വീഴ്ത്തിയതോടെ റഫറി മുംബൈക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ചാങ്‌തെ അത് ലക്ഷ്യം കണ്ടതോടെ, മുംബൈ വീണ്ടും ലീഡ് ഇരട്ടിയാക്കി. സ്കോർ 4-2. തുടർന്നും കേരളം ആക്രമങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്നു നിന്നതിനൊപ്പം കളത്തിൽ ഒരാൾ കുറഞ്ഞത്, മുംബൈക്ക് പ്രത്യാക്രമങ്ങൾക്കുള്ള അവസരങ്ങൾ വർധിപ്പിച്ചു.

സ്വന്തം മൈതാനമായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നവംബർ ഏഴിന് ഹൈദരാബാദ് എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മുംബൈ സിറ്റി ആകട്ടെ നവംബർ ഒൻപതിന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടും.