ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ചിൽ നടക്കുന്ന ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ രണ്ട് മത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം.

2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ യോഗ്യതാ ഘട്ടത്തിന്റെ അവസാന റൗണ്ടിലേക്കുള്ള ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മത്സരം മാർച്ച് 25 ന് ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു. ഈ മത്സരത്തിന് മുന്നോടിയായി മാർച്ച് 19 ന് മാലിദ്വീപിനെതിരെ മനോലോ മാർക്വേസിന്റെ ടീം ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരവും കളിക്കും. ഭൂഖണ്ഡാന്തര ചാമ്പ്യൻഷിപ് കളിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ഇതൊരു സന്നാഹ മത്സരം കൂടിയാണ്. ഈ രണ്ട് മത്സരങ്ങൾക്കും ഷില്ലോങ്ങിലെ ജെഎൽഎൻ സ്റ്റേഡിയയും വേദിയൊരുക്കും. ഇരു മത്സരങ്ങളും വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സിയിലാണ് ഇന്ത്യ. ഹോങ്കോങ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നീ ടീമുകളെയാണ് ഇന്ത്യ നേരിടുന്നത്. 2026 മാർച്ച് വരെ ഹോം-എവേ റൗണ്ട് റോബിൻ ഫോർമാറ്റിൽ ടീമുകൾ പരസ്പരം കളിക്കും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടും.

കഴിഞ്ഞ വർഷം നവീകരിച്ചതിനുശേഷം ഷില്ലോങ്ങിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത് ഇതാദ്യമാണ്. 15,100 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം ഇതിന് മുൻപ് ഡ്യൂറണ്ട് കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ്, ഐ-ലീഗ് രണ്ടാം ഡിവിഷൻ എന്നിവയുൾപ്പെടെ വിവിധ ക്ലബ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

മാർച്ചിലെ ഇന്ത്യൻ ടീമിന്റെ ഷെഡ്യൂൾ:

മാർച്ച് 19: ഇന്ത്യ vs മാലിദ്വീപ്, വൈകുന്നേരം 7 മണി, ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരം

മാർച്ച് 25: ഇന്ത്യ vs ബംഗ്ലാദേശ്, വൈകുന്നേരം 7 മണി, എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 ക്വാളിഫയേഴ്സ് ഫൈനൽ റൗണ്ട്