ഷൈജൂസ് കോർണർ: പോൾ പൊസിഷൻ നിലനിർത്തേണ്ടത് അനിവാര്യം..!

പോൾ പൊസിഷൻ നിലനിർത്തണം!

ഒഡീഷ എഫ്‌സിക്കെതിരായ മത്സരം കേരളാ ബ്ലാസ്റ്റേഴ്സിന്റെ പതിനൊന്നാം മത്സരമാണ്. ലീഗ് ഘട്ടത്തിന്റെ ആദ്യ പകുതി പൂർത്തിയായി കഴിഞ്ഞു. പോയിന്റ് പട്ടികയിൽ ഒന്നാമതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഏതൊരു ലീഗിലും പോയിന്റ് പട്ടികയിൽ പോൾ പൊസിഷനിൽ എത്തുന്നതിനേക്കാൾ  പ്രധാനമാണ് അത് നിലനിർത്തുകയെന്നത്. ഫോർമുല വൺ പോലുള്ള മത്സരങ്ങളിൽ കേട്ട് ശീലിച്ച, ഉപയോഗിക്കുന്ന പദമാണ് പോൾ പൊസിഷൻ. ഒന്നാം സ്ഥാനത്ത് എത്തുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് ഒന്നാം സ്ഥാനം നിലനിർത്തുകയെന്നത്. അതിനു കേരളാ ബ്ലാസ്റ്റേഴ്സിന് കഴിയണം. കഴിഞ്ഞ മൂന്നു സീസണുകൾക്കപ്പുറമാണ് ലീഗ് പകുതിയോടടുക്കുബോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്. ആരാധകരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഹൈദരാബാദിനെതിരായ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആ വിജയത്തോടുകൂടി കേരളാ ബ്ലാസ്റ്റേഴ്സിന് ആരാധകർക്ക് സമ്മാനിക്കാനായ ആരവവും ആവേശവും നിലനിർത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ പോയിന്റ് പട്ടികയിൽ പോൾ പൊസിഷൻ നിലനിർണ്ടതിനാൽ ഒഡീഷക്കെതിരായ മത്സരം കേരളാ ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമാണ്.

കുറച്ചുകാണേണ്ടതില്ല ഒഡീഷയെ..!

എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം ഒഡീഷക്കെതിരെയായിരുന്നു.  ആദ്യ മത്സരം എടികെ മോഹൻ ബാഗാനോട് പരാജയം, തുടർന്ന് ബെംഗളൂരുവിനോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയും സമനിലകൾ, ഒടുവിൽ കാത്തിരുന്ന വിജയം നമുക്ക് നേടിത്തന്നത് ഒഡീഷ എഫ്‌സിക്കെതിരായ മത്സരമാണ്. അതുകൊണ്ടുതന്നെ ഒഡീഷക്കെതിരെ മാനസീകമായൊരു മുൻ‌തൂക്കം കേരളാ ബ്ലാസ്റ്റേഴ്സിന് തീർച്ചയായും ഉണ്ടാകും. ലീഗ് ഘട്ടത്തിലെ ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷക്കെതിരെ നേടിയ വിജയം കേരളാ ബ്ലാസ്റ്റേഴ്സിന് ഏറെ ആത്മവിശ്വാസം നൽകുന്നൊരു ഘടകമാണ്. എന്നാൽ ഒഡീഷ എഫ്‌സിയെ ഒരു തരത്തിലും കുറച്ചു കാണനാകില്ല. ഒഡീഷയുടെ തുടക്കം മികച്ചതായിരുന്നുവെങ്കിലും ഇടക്കാലത്ത് അവർക്കാ മൊമന്റം നഷ്ടപ്പെട്ടുപോയിരുന്നു. എന്നാൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച് ഇരട്ടി കരുത്തോടെ  മടങ്ങിവന്ന ഒഡീഷയെയാണ് നമുക്ക് കാണാൻ സാധിച്ചത്. ജെറി ഫോമിലേക്ക് തിരിച്ചു വന്നു, രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി. ജോനാതസ് ഒരു അസിറ്റും ഒരു ഗോളും നേടി. നന്ദകുമാർ, ഹെൻറി മുതലായ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്വദേശ വിദേശ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം ഏറെ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഒഡീഷയെ ഒരു തരത്തിലും കുറച്ചു കാണനാകില്ല. ഹാവിയർ ഹെർണാണ്ടസെന്ന ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മിഡ്‌ഫീൽഡിലെ ഏറ്റവും മികച്ച ക്രിയേറ്റർമാരിലൊരാൾ, ഒഡിഷ എഫ്‌സിയുടെ കരുത്ത് വർധിപ്പിക്കുന്നു. ലോങ്ങ് റേഞ്ചർ സ്പെഷലിസ്റ്റായ താരം ഈ സീസണിൽ ഒഡീഷക്കായി ഒളിമ്പിക് ഗോളും നേടിയിരുന്നു. അതുകൊണ്ടു തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രത്യേകം ഗൗനിക്കേണ്ട താരങ്ങളിൽ ഒരാളാണ് ഹാവിയർ.

ജെസ്സലിന്റെ പരിക്കും പിൻവാങ്ങലും..!

ഒഡീഷക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി ക്യാപ്റ്റൻ ജെസ്സെലിനു സംഭവിച്ച ഷോൾഡർ ഇഞ്ചുറിയാണ്. അദ്ദേഹത്തിന് സർജറി വേണ്ടിവരുമെന്നും ശേഷം വിശ്രമം വേണ്ടി വരുമെന്നുമാണ് അറിയുന്നത്. അതുകൊണ്ടു തന്നെ നാളത്തെ മത്സരമുൾപ്പെടെ മുന്നോട്ട് കുറച്ചധികം മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിസന്ധിയിലാഴ്ത്താനിടയുണ്ട്. അത് വലിയൊരു സങ്കടമാണ്. ക്യാപ്റ്റൻ എന്നതുകൊണ്ട് മാത്രമല്ല, കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ഫുൾ ബാക് പൊസിഷനിൽ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച, പ്രതീക്ഷിക്കാവുന്ന താരമാണ് ജെസ്സെൽ. ജെസ്സലിനെ നഷ്ടമാകുമ്പോൾ ഒരു ലീഡറിനെ മാത്രമല്ല, വളരെ സ്ഥിരതയോടെ കളിക്കുന്ന മികച്ച ലെഫ്റ്റ് ഫുൾ ബാക്കിനെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്.

എന്നാൽ രാഹുലിന് പകരം വിൻസി വന്നതുപോലെ, ആൽബിനോയ്ക്ക് പകരം പ്രഭ്സുഖൻ സിംഗ് ഗിൽ വന്നതുപോലെ, ജെസ്സെലിനു പകരക്കാരനായി തികഞ്ഞ ഒരാളെത്തന്നെ ടീം കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൊച്ചിന്റെ ആറ്റിട്യൂടും സ്ട്രാറ്റർജിയും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. തന്റെ ടീമിലെ വളരെ പ്രധാനപ്പെട്ടൊരു കളിക്കാരന് സംഭവിച്ചിരിക്കുന്ന പരിക്കിനെക്കുറിച്ച് മറ്റാരേക്കാളും നന്നായി വിശകലനം ചെയ്യാൻ കോച്ചിന് കഴിയും. ഒഡീഷക്കെതിരായ മത്സരത്തിൽ ഈ കാര്യങ്ങളെല്ലാം വ്യക്തമായി ഉൾക്കൊണ്ടുകൊണ്ട് കൃത്യമായൊരു ഗെയിം പ്ലാൻ അദ്ദേഹം ഇതിനോടകം തയ്യാറാക്കിയിരിക്കും. പത്തു മത്സരങ്ങൾ പൂർത്തിയാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതിനു ശേഷം വളരെ മിതമായാണ് അദ്ദഹം പ്രതികരിച്ചത്. അതെനിക്ക് വളരെ ഹൃദയസ്പർശിയായി തോന്നി. പത്തു മത്സരങ്ങളെ കഴിഞ്ഞിട്ടുള്ളുവെന്നും, നിർണായകമായ മത്സരങ്ങളാണ് വരാനിരിക്കുന്നതെന്നും കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതിന്റെ ആവശ്യകമാണെന്നും നിലവിലെ വിജയത്തിലും ഒന്നാം സ്ഥാനത്തിലുമൊന്നും അധികം സന്തോഷിക്കേണ്ട കാര്യമില്ല എന്നുമാണ് അദ്ദഹം പ്രതികരിച്ചത്.  അത് വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു പരിശീലകന്റെ രീതിയായാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഈ മിതത്വവും പ്രാക്ടിക്കാലിറ്റിയും ഇനിയും മുൻപോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന. 

എന്തുകൊണ്ട്, എങ്ങനെ?

എന്തുകൊണ്ട്, എങ്ങനെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തെത്താനായത് എന്ന് ചോദിച്ചാൽ, തോൽവിയറിയാത്ത കഴിഞ്ഞ ഒൻപതു മത്സരങ്ങൾ തന്നെയാണ് അതിന്റെ ഉത്തരം. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബാഗാനോട് പരാജയപെട്ടതിന് ശേഷം തുടർച്ചയായ ഒൻപതു മത്സരങ്ങൾ തോൽവി വഴങ്ങാതെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. ഒൻപതു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്നുവെന്നതിന് ഒപ്പംതന്നെ മറ്റുചില നേട്ടങ്ങളും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ നേടിയ വിജയങ്ങളുടെ കണക്കിൽ മറ്റു നാലു ടീമുകൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് രണ്ടാമതാണ്. അഞ്ചു വിജയങ്ങളുമായി മുംബൈ ആണ് ഒന്നാമത്. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതും ബ്ലാസ്റ്റേഴ്‌സ് ആണ്. നാലു മത്സരങ്ങളാണ് ഗോളുകളൊന്നും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. ശരാശരി ഇന്റർസെപ്‌ഷനിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് മുന്നിൽ. 14.6 ആണ് ടീമിന്റെ ശരാശരി ഇന്റർസെപ്‌ഷൻ നിരക്ക്. ശരാശരി ടാക്കിളുകളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. ഓരോ മത്സരത്തിലും ശരാശരി 16.2 വീതം എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടാക്കിളുകളുടെ നിരക്ക്. സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ രണ്ടു ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. പത്തു മത്സരങ്ങളിൽ നിന്നായി വെറും നാലു ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അതിൽ നാലു ഗോളുകളും ആദ്യ മത്സരത്തിൽ നിന്നായിരുന്നുവെന്നതാണ് കൗതുകം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡിലെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മിഡ് ഫീൽഡ് ഡോമിനേഷൻ കേരളാ ബ്ലാസ്റ്റഴ്സ് വളരെപ്പെട്ടന്ന് തന്നെ കൈവരിക്കുന്ന ഒന്നാണ്. മിഡ്ഫീൽഡിലെ മികച്ച പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സിന് കളിയുടെ നിയന്ത്രണം നേടിയെടുക്കാൻ സാധിക്കുന്നതിന്റെ കാരണം. മികച്ച റിസൾറ്റിനു പിന്നിലെ പ്രധാനകാരണമാണത്.  ഇതെല്ലം വളരെ അപൂർവവും പ്രതീക്ഷ നൽകുന്നതുമായ കാര്യങ്ങളാണ്. ഇതെല്ലം എന്തുകൊണ്ട്, എങ്ങനെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്തെത്താനായത് എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരങ്ങളാണ്.

നാളത്തെ മത്സരത്തിലൂടെ പോൾ പൊസിഷൻ നിലനിർത്താനും ഒന്നാം സ്ഥാനത്തു തുടരാനും ബ്ലാസ്റ്റേഴ്സിനാകട്ടെ എന്നാശംസിക്കുന്നു. പ്രതീക്ഷിക്കുന്നു.

ഷൈജു ദാമോദരൻ സൈനിങ്‌ ഓഫ്, വിത്ത് ലവ് ആൻഡ് റെസ്‌പെക്ട്..!

Your Comments

Your Comments