കേരളാബ്ലാസ്റ്റേഴ്സ്, ആരും ആഗ്രഹിക്കുന്ന ആരാധകവൃന്ദം കൂടെയുള്ള ടീം.  എന്നാൽ ഇൗ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‌ അത്ര നല്ല കാര്യങ്ങളിൽ കൂടിയല്ല കടന്നു പോകേണ്ടി വന്നത്.  എല്ലാ സീസണുകളെപ്പോലെയും മാസ്സ് ഡയലോഗുകൾ ഒന്നുമില്ലാതെ പ്രതീക്ഷകൾ അധികം കൊടുക്കാതെ വന്ന സീസൺ ആയിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സിന്‌. പക്ഷേ തുടക്കം മുൻ ചാമ്പ്യന്മാരായ ATK യെ അവരുടെ തട്ടകത്തിൽ തകർത്തു കൊണ്ടായപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർന്നു. തുടർന്ന് വന്ന സമനില അവരുടെ വീര്യം കുറച്ചില്ല. രണ്ടാം വിജയത്തിനായി അവർ കാത്തിരുന്നു.

സമനിലകൾ തുടർച്ചയായപ്പോൾ മഞ്ഞപ്പടയുടെ വീര്യം ചോർന്നു തുടങ്ങി.  വിവാദങ്ങളും ഒപ്പം ചേർന്നു. കളികൾ ബഹിഷ്കരിക്കുന്നതും താരങ്ങളെയും കോച്ചിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വരെയെത്തി സാഹചര്യം. ഏറ്റവും ഒടുവിൽ മുംബൈയുമായുള്ള മൽസരത്തിൽ 6 ഗോളുകൾക്ക് ദയനീയമായി പരാജയപ്പെട്ടതിനു പുറമെ 2014 ഇൽ ടീമിനെ ഫൈനൽ വരെ നയിച്ച, ഇത്തവണത്തെയും ടീം കോച്ച് ആയ ഡേവിസ് ജെയിംസ് മാനേജ്മെന്റുമായി ഉണ്ടായ ധാരണപ്രകാരം സ്ഥാനം വിട്ടൊഴിഞ്ഞു. ജനുവരി മൂന്നിന് ആരഭിച്ച കരാർ 3 വർഷം നീണ്ടു നിൽക്കുന്നതായിരുന്നു. പക്ഷേ ഒരു വർഷം പോലും പൂർത്തിയാക്കാതെ ആണ് ഇപ്പൊൾ ഇൗ രാജി.

ഇതിനെ പറ്റി വിമർശനാത്മകമായതും പിന്തുണക്കുന്നതുമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയർന്നു വരുന്നു. അതിൽ ശ്രദ്ധേയമായത് പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദരന്റെ അഭിപ്രായമാണ്. 

"തീരുമാനം, അത് മനേജ്‌മെന്റിന്റെ ആയാലും ഡേവിഡ് ജെയിംസിന്റെ ആയാലും അനിവാര്യമായ ഒന്നാണ്. പക്ഷേ മൂന്നോ നാലോ മാച്ചുകൾക്ക് മുൻപ് ഇൗ തീരുമാനം എടുക്കാമായിരുന്നു. കാരണം ആറ് മാച്ചുകൾ മാത്രമുള്ള ഇൗ സമയത്ത് പുതിയ കോച്ചിന്റെ കീഴിലുള്ള പരിശീലനം മാറ്റങ്ങൾ ഒന്നുമുണ്ടാക്കാൻ പോകുന്നില്ല. ലാസ്റ്റ് സീസണെ അപേക്ഷിച്ച് ഗ്രൂപ് ഫോം ചെയ്യാനും പരിശീലിപ്പിക്കാനുമെല്ലാം ഡേവിഡ് ജെയിംസിന് ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ തുടക്കം മുതലേ ഒത്തൊരുമയോടെ ഒരു ടീം ആയി കളിക്കാൻ ബ്ലാസ്റ്റേഴ്സിന്‌ സാധിച്ചിട്ടില്ല. അവർക്ക് വ്യക്തമായ ഗെയിം പ്ലാനിംഗ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അവർ പതിനൊന്നു വ്യത്യസ്ത കളിക്കാരുടെ ടീം ആയിരുന്നു. ഒന്നിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. ഇൗ സീസണിൽ അവർക്ക് ഒരു ടീമായി നിലനിൽക്കാൻ തീർത്തും സാധിച്ചില്ല. ഒരു കോച്ച് ടീമിന് മോട്ടിവേറ്റർ ആകണം. പക്ഷേ ഇവിടെ KBFC യിൽ DJ ക്ക് ഒരിക്കലും അങ്ങനെ ആകാൻ കഴിഞ്ഞില്ല.

 എനിക്ക് തീർച്ചയായും പറയാം KBFC പ്ലയേഴ്‌സിന് കൃത്യമായ ഗൈഡൻസും മോട്ടിവേഷനും നിർഭാഗ്യവശാൽ ലഭിച്ചിട്ടില്ല. "ഷൈജു ദാമോദരൻ അഭിപ്രായപ്പെട്ടു