ഡിസംബർ ഒന്ന്, ഞായറാഴ്ച കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി, എഫ്‌സി ഗോവയെ നേരിട്ടു. മത്സരത്തിൽ ആദ്യാവസാനം മുൻ‌തൂക്കം നേടാൻ ബ്ലാസ്റ്റേഴ്സിനായെങ്കിലും തൊണ്ണൂറാം മിനിറ്റിൽ ഗോവ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു. മത്സരത്തിന് ശേഷം ആദ്യ ഗോൾ നേടിയ സിഡോഞ്ഞ  ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമുമായി സംസാരിച്ചു.

"ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള അനുഭങ്ങൾ എങ്ങനെ വിലയിരുത്തുന്നു?"

" ഞാൻ വളരെ നിരാശനാണ്. ഞങ്ങൾ വളരെയധികം പരിശ്രമിച്ചു. എന്നാൽ ഞങ്ങൾക്ക് നേടാനായില്ല."

"ഇന്നത്തെ കളിയെപ്പറ്റി എന്ത് ചിന്തിക്കുന്നു"

"മുൻപ് പറഞ്ഞത് തന്നെ. ഞങ്ങൾ വളരെയധികം പരിശ്രമിച്ചു. എന്നാൽ ഞങ്ങൾക്ക് നേടാനായില്ല. ഞങ്ങൾ ഈ സീസണിലെ ഏറ്റവും മികച്ച കളിയാണ് കാഴ്ചവച്ചതെന്നു കരുതുന്നു. ഞങ്ങൾ കുറച്ചുകൂടി നേടാൻ അർഹതയുള്ളവരായിരുന്നു. ഇത് വളരെ കഠിനമാണ്. ഞങ്ങൾ മുൻപോട്ട് പരിശ്രമിച്ച മതിയാകൂ"

"ഈ സമനില എങ്ങനെ വിലയിരുത്തുന്നു?"

"നിരാശ മാത്രം സുഹൃത്തേ!"

"അടുത്ത നാലു ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്തു എവേ മാച്ചിന് തയ്യാറാകണം. എന്ത് ചിന്തിക്കുന്നു?"

"അത് കൂടുതൽ കഠിനമായിരിക്കും. എന്നാൽ ഞങ്ങൾ ഉണർന്നിരുന്നു ജയിക്കാനായി പരിശ്രമിക്കേണ്ടതുണ്ട്."

 ബ്ലാസ്റ്റേഴ്സിലെ മിന്നും താരം മെസ്സി ബൗളിയും ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമുമായി സംസാരിച്ചു.

"ഇന്ത്യൻ സൂപ്പർ ലീഗിലെ നിങ്ങളുടെ ആദ്യ ഗോളായിരുന്നുവിത്. തീർച്ചയായും വിജയഗോൾ ആയി മാറേണ്ടിയിരുന്ന അത് അവസാന നിമിഷം മാറിമറിഞ്ഞു. എങ്ങനെ വിലയിരുത്തുന്നു?"

" ഇന്നത്തേത് എന്റെ ആദ്യ ഗോളായിരുന്നു. ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ടീം പങ്കാളികൾക്കും ഞാൻ നന്ദിയറിയിക്കുന്നു. പക്ഷെ അതിനേക്കാൾ പ്രധാനമായി രണ്ടു പോയിന്റുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. റിസൽട്ടിലും ഞാൻ ഞാൻ നിരാശനാണ്. ഞങ്ങൾ മുൻപോട്ടു പോകും."

"ഇന്നത്തെ ടീമിന്റെ പ്രകടനം എങ്ങനെ നോക്കിക്കാണുന്നു?”

"ഞങ്ങൾ വിജയിക്കേണ്ടതായിരുന്നു. മൂന്ന് പോയിന്റുകൾ നേടേണ്ടതായിരുന്നു. പക്ഷെ അവസാന നിമിഷം ഗോൾ വഴങ്ങി ന്ജങ്ങൾ അത് കൈവിട്ടു. ഞങ്ങൾക്ക് മുൻപോട്ടു പോയെ പറ്റു. മാറ്റുകളികളിലേക്കു ശ്രദ്ധ ചെലുത്തിയെ പറ്റു.

കയ്യിൽ വന്ന വിജയം കൈവിട്ടുപ്പോയ ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് ഏറെ നിരാശനായാണ്‌ സ്റ്റേഡിയം വിട്ടത്. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളത്തിൽ മുഖ്യ പരിശീലകൻ എൽക്കോ ഷറ്റോറി പങ്കെടുക്കാതിരുന്നത് തന്നെ അദ്ദേഹത്തിന്റെ നിരാശയെ വ്യക്തമാക്കുന്നതാണ്.

സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങിയെത്തിയ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. ഏറെ ആവേശകരമായ മത്സരത്തിൽ തൊണ്ണൂറു മിനിട്ടുവരെ  ഒരു ഗോളിന്റെ ലീഡിൽ നിന്നിരുന്ന ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവച്ചു മുന്നിട്ടു നിന്നതു ബ്ലാസ്റ്റേഴ്‌സ് ആണെന്ന് നിസംശയം പറയാനാകും.

നിലവിൽ ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും ആറുമത്സരങ്ങളിൽ നിന്നായി ഒൻപതു പോയിന്റുകൾ നേടി ഗോവ നാലാം സ്ഥാനത്തുമാണ്. ഡിസംബർ അഞ്ചിന് മുംബൈ സിറ്റി എഫ്‌സിക്കെതിരായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.