സെയ്ത്യാസെന്നിനെ നിലനിർത്തി ബ്ലാസ്റ്റേഴ്സ്!

സെയ്ത്യാസെൻ സിങ്ങുമായുള്ള കരാർ 2022 വരെ പുതുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. 28 വയസ്സുള്ള സെയ്‌ത്യാസെൻ സിങ് മണിപ്പൂർ സ്വദേശിയാണ്. ലെഫ്റ്റ്, റൈറ്റ് വിങ്‌ ഫോർവേഡ് പൊസിഷനുകളിൽ ഒരേപോലെ കളിക്കാൻ കഴിവുള്ള സെയ്ത്യാസെൻ ലോങ്ങ്‌ റേഞ്ച് ഷോട്ടുകൾക്ക് പ്രശസ്തനാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ 36 മത്സരങ്ങളും ഐ ലീഗിൽ 36 മത്സരങ്ങളും ഒരു ഹീറോ സൂപ്പർ കപ്പ് മത്സരവും ഉൾപ്പെടെ ക്ലബ്‌ ഫുട്ബോളിൽ 73 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് സെയ്ത്യാസെൻ. 11 ഗോളുകളും നേടിയിട്ടുണ്ട്.  ഇന്ത്യൻ ദേശീയ ടീമിനായി 5 മത്സരങ്ങളും സെയ്ത്യാസെൻ കളിച്ചിട്ടുണ്ട്. വേഗതയും കൃത്യതയാർന്ന ഷോട്ടുകളും സെത്യസെന്നിന്റെ പ്രതേകതയാണ്. ഗോൾ നേടുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കനാണ് താരം.

”കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള  കരാര്‍ നീട്ടുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. കഴിഞ്ഞ സീസണില്‍  കഴിവുകൾ തെളിയിക്കാന്‍ ക്ലബ് എനിക്ക് അവസരം നല്‍കി. എന്റെ കഴിവുകളില്‍ എനിക്ക് വിശ്വാസമുണ്ട്. ടീമിന്റെ വിജയത്തിന് സംഭാവന നല്‍കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് ക്ലബ്ബിനോടും ഫുട്ബാളിനോടുമുള്ള ആവേശവും അഭിനിവേശവും ഞാന്‍ എല്ലായ്‌പ്പോഴും സ്‌നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു, അവരുടെ മുന്നില്‍ കളിക്കുമ്പോള്‍ എനിക്ക് സ്വന്തം കുടുംബത്തിലെന്നപോലുള്ള അനുഭവമാണ് ഉണ്ടാകാറ്." കരാര്‍ പുതുക്കിയതിനെക്കുറിച്ച് സെയ്ത്യാസെന്‍ സിംഗ് പറഞ്ഞു.

"ഐഎസ്എല്ലിലെ മികച്ച വിംഗര്‍മാരില്‍ ഒരാളാണ് സെയ്ത്യാസെന്‍. ഇരുകാലുകള്‍ കൊണ്ടും ഇടത്, വലത് വശങ്ങളിൽ മിഡ്ഫീല്‍ഡിങ്ങിലെ വേഗത്തിലുള്ള മികച്ച നീക്കങ്ങള്‍ക്ക് പേരുകേട്ട താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ദീര്‍ഘനാളത്തെ പരിക്കില്‍ നിന്ന് വിമുക്തനായി വളരെയധികം കഠിനാധ്വാനം ചെയ്ത് ഫിറ്റ്‌നസ്സിലേക്ക് മടങ്ങിയെത്തി, ശ്രദ്ധേയവും ക്രിയാത്മകവുമായ പ്രകടനത്തിലൂടെ കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിന് മുതൽക്കൂട്ടായിരുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ പ്രകടനം തീര്‍ച്ചയായും ടീമിനെ കൂടുതല്‍ ശക്തമാക്കും!" കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

സെയ്ത്യാസെൻ സിങ്ങിന്റെ ഫുട്ബോൾ കരിയർ!

ഫെഡറേഷൻ കപ്പിൽ മേഘാലയിലെ ഷില്ലോങ്ങിൽ നിന്നുള്ള റോയൽ വഹിങ്ദോ ക്ലബ്ബിനു വേണ്ടി ചർച്ചിൽ ബ്രദേയ്സിനെതിരെയായിരുന്നു സെയ്ത്യാസെൻ സിങ്ങിന്റെ പ്രൊഫെഷണൽ ഫുട്ബോളിലെ അരങ്ങേറ്റം. 2011-ൽ ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ റോയൽ ക്ലബിനു വേണ്ടി ആദ്യമായി ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിറങ്ങിയ സെയ്ത്യാസെൻ ടീമിനെ വിജയത്തിൽ എത്തിച്ചു. മത്‌സരത്തിൽ ആദ്യ ഗോളും സെയ്ത്യാസെൻ നേടി.  സീസണിൽ സെയ്ത്യാസെന്നിന്റെ പ്രകടനത്തിന്റെ കരുത്തിൽ റോയൽ ക്ലബ്‌ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ഫൈനൽ റൗണ്ടിൽ എത്തിയെങ്കിലും ഐ ലീഗ് ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടാനായില്ല. പിന്നീടുള്ള രണ്ടു സീസണുകളിലും സെയ്ത്യാസെൻ മികച്ച പ്രകടനം കാഴ്ചവച്ചു. 2014-2015 സീസണിൽ റോയൽ ക്ലബ് ഐ ലീഗിന് യോഗ്യത നേടി. സെയ്ത്യാസെൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച പ്രസ്തുത സീസണിൽ, 3 തവണ ടീമിനു വേണ്ടി താരം ഗോൾ നേടി. ഇതേ സമയം തന്നെ ഷില്ലോങ് പ്രീമിയർ ലീഗിലും സെയ്ത്യാസെൻ റോയൽ വഹിങ്ദോയ്ക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. 

ഐ ലീഗ് കരിയർ

റോയൽ ക്ലബ്ബിന്റെയൊപ്പം 2014-2015 സീസണിൽ ഷില്ലോങ് ലജോങ് എഫ്സിക്കെതിരെ സെയ്ത്യാസെൻ ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചു. തന്റെ ഐ ലീഗിൽ ആദ്യ ഗോളും ഐ  മത്‌സരത്തിൽ താരം നേടി.  ഐ ലീഗിൽ ആ സീസണിൽ റോയൽ ക്ലബ്ബിനായി 18 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ സെയ്ത്യാസെൻ സാൽഗോക്കർ എഫ്സിക്കെതിരായ മത്സരത്തിൽ ഹാട്രിക്കും നേടി. 2014-2015 സീസണിൽ 6 ഗോളുകൾ ടീമിനായി നേടിയ താരം മിന്നും പ്രകടനം ഐ ലീഗിലും ആവർത്തിച്ചു.  5 സീസണുകളാണ് റോയൽ വഹിങ്ദോ എഫ്സിക്കായി സെയ്ത്യാസെൻ കളിച്ചത്. 2016-2017 ഐ ലീഗ് സീസണിൽ സാൽഗോക്കറിനു വേണ്ടിയും ഡേവ് റോജേഴ്സിന്റെ ഡിഎസ്കെ ശിവാജിയൻസിനു വേണ്ടിയും സെയ്ത്യാസെൻ കളത്തിലിറങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗ്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ 2015-ൽ ലോണിലെത്തിയ സെയ്ത്യാസെൻ 6 മത്സരങ്ങൾ കളിക്കാനിറങ്ങുകയും ഒരു ഗോൾ നേടി മിന്നും പ്രകടനം തന്നെ കാഴ്‌ചവയ്ക്കുകയും ചെയ്തു. 2015-2016 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സെയ്ത്യാസെൻ സിങ്ങുമായി കരാർ ഒപ്പിട്ടു. പ്രസ്തുത സീസണിൽ 9 മത്സരങ്ങളിൽ നിന്നായി 2 ഗോളുകളും 4 എമേർജിങ് പ്ലയെർ പുരസ്‌കാരങ്ങളും നേടിയ സെയ്ത്യാസെൻ, ടീമിന്റെ ഇന്ത്യൻ ടോപ്സ്‌കോറർ ആയി. ഇന്ത്യൻ സൂപ്പർ ലീഗ്  2015-2016 സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ സെയ്ത്യാസെൻ സിങ്ങിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തുകയും 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യൻ ജേർസിയിലെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇന്ത്യൻ സീനിയർ ടീമിനായി 5 മത്സരങ്ങൾ സെയ്ത്യാസെൻ കളിച്ചു. 2016-2017 സീസണിൽ ഐ ലീഗിലേക്ക് മടങ്ങിയ സെയ്ത്യാസെന്നിനെ 2017-2018 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ ആയ ഡൽഹി ഡയനാമോസ് ലോണിൽ സ്വന്തമാക്കി. പ്രസ്തുത സീസണിൽ 11 മത്സരങ്ങൾ ഡൽഹി ഡയനാമോസിനായി കളിച്ച സെയ്ത്യാസെൻ ഒരു ഗോളും 3 അസിസ്റ്റുകളും നേടി.

അടുത്ത സീസണിൽ വീണ്ടും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ മടങ്ങിയെത്തിയ താരത്തിനു പ്രീ സീസണിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കിനെ കഠിനാദ്ധ്വാനത്തിലൂടെയും കഠിനപരിശീലനത്തിലൂടെയും മനസ്സാന്നിദ്ധ്യം കൊണ്ടും മറികടന്ന സെയ്ത്യാസെൻ സിങ് കേരളാബ്ലാസ്റ്റേഴ്സിനൊപ്പം വീണ്ടും കളിക്കളത്തിൽ മടങ്ങിയെത്തി. കേരളാബ്ലാസ്റ്റേഴ്‌സ് പരിശീലന ക്യാമ്പിൽ വച്ച് താരത്തിന് വീണ്ടും പരിക്കേറ്റു. തുടർന്ന് താരത്തിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിനായി 10 മൽസരങ്ങളിൽ കളിക്കാനിറങ്ങിയ സെയ്‌ത്യാസെൻ ഒരു ഗോളും 2 അസിസ്റ്റും 314 പാസ്സുകളും 386 ടച്ചുകളും നേടി.

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഭാവി

ശാരീരിക ക്ഷമതയും പരിചയസമ്പത്തുമാണ് സെയ്ത്യാസെൻ സിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. വർക്ക്‌റേറ്റും ലീഡർഷിപ്പ് ക്വാളിറ്റിയും ഡ്രിബ്ലിങ് മികവും സ്പീഡും വൺ ടു വൺ സ്കിൽസും സെയ്ത്യാസെൻ സിങിന്റെ മറ്റു പ്രത്യേകതകൾ ആണ്. കഠിനാധ്വാനിയാണ് സെയ്‌ത്യാസെൻ സിങ്. വലതു കാലിലാണ് ശക്തിയെങ്കിലും ഇടത്തേ കാലുപയോഗിച്ചും വേഗതയാർന്ന ഷോട്ടുകൾ പായിക്കാൻ സെയ്ത്യാസെൻ സിംഗിനു കഴിയും. സെയ്ത്യാസെൻ സിങിന്റെ പ്രത്യേകതകൾ ആണ്.  ഇന്ത്യയിലെ മികച്ച ക്വാളിറ്റി വിങ്ങർമാരിൽ ഒരാളായ സെയ്‌ത്യാസെൻ സിങ് വരുന്ന സീസണിൽ കിബു എന്ന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന് കീഴിൽ തകർപ്പൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നുറപ്പാണ്.

Your Comments

Your Comments