കേരളബ്ലാസ്റ്റേഴ്‌സ് മലയാളികളുടെ സ്വന്തം നെഞ്ചിൽ കുടിയേറിയിട്ട് അഞ്ചു വർഷവും അഞ്ചു സീസണും തികയുന്നു. മാനേജ്മെന്റുകൾ മാറി മാറി വന്നു. താരങ്ങളും പരിശീലകരും മാറി വന്നു. പക്ഷെ മാറാത്തതായി ഒന്ന് മാത്രം നിലനിന്നു. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകപിന്തുണ. മറ്റുള്ള ടീമുകൾ പോലും അത്ഭുതത്തിലും അസൂയയിയിലും ബ്ലാസ്‌റ്റേഴ്‌സിനെ നോക്കാൻ കാരണം അതൊന്നു മാത്രമായിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കേരളബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ അഞ്ചാം സീസണിൽ നിന്ന് പുറത്തായി. സെമിഫൈനൽ അവസാനിച്ച് ഫൈനലിലേക്ക് ബെംഗളൂരുവും ഗോവയും പ്രവേശിച്ചു. ഈ അവസരത്തിൽ മികച്ച തുടക്കവുമായി എത്തിയ കേരളബ്ലാസ്റ്റേഴ്സിന് എന്തുകൊണ്ട് സെമിഫൈനൽ കാണാതെ പുറത്തായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കൃത്യമായ വിശകലനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ കണ്ടുപിടിക്കാനും പരിഹരിക്കാനും സാധിക്കൂ. അത്  എത്രവേഗം നടത്തുന്നു അത്ര വേഗം കേരളബ്ലാസ്റ്റേഴ്സിന് മുൻപോട്ടു കുതിക്കാൻ സാധിക്കും. സൂപ്പർ കപ്പിൽ അർഹിക്കുന്ന സ്ഥാനം കരസ്ഥമാക്കാൻ സാധിക്കും.

ഏറ്റവും മികച്ചതെന്ന് പറയാൻ സാധിക്കില്ല എങ്കിലും ഭേദപ്പെട്ട ടീം അംഗങ്ങളും സാഹചര്യങ്ങളും തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനുള്ളത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും മികച്ച സഹകരണമായിരുന്നു മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ളത് എന്ന് ടീമുമായി ബന്ധപ്പെട്ടവർ പറയുന്നു. പിന്നെ എവിടെയാണ് ബ്ലാസ്റ്റേഴ്സിന് പിഴച്ചത്?

ഏറെ പ്രതീക്ഷകൾ സമ്മാനിച്ച് പരിശീലക സ്ഥാനത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ഡേവിഡ് ജെയിംസ്. ആദ്യത്തെ കളിയിൽ നേടിയ വിജയത്തോടെ ആ പ്രതീക്ഷ വാനോളം ഉയർന്നു. തുടർച്ചയായ സമനിലകൾ പ്രതീക്ഷകൾ ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു പിന്നീട് വന്ന തോൽവികൾ പ്രതീക്ഷകൾ അസ്തമിക്കാനും കാരണമായി. വിജയം ഉറപ്പാക്കിയ പല കളികളും അവസാന നിമിഷം സമനിലയിലോട്ടും പരാജയത്തിലേക്കും കൂപ്പുകുത്തിയപ്പോൾ ആരാധകവൃന്ദമുൾപ്പടെ ബ്ലാസ്‌റ്റേഴ്‌സിനെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്കെത്തി.

ഒരു പരിധി വരെ ഇതിന്റെ ഉത്തരവാദിത്വം ഡേവിഡ് ജെയിംസിൽ ഭരമേൽപ്പിക്കേണ്ടിവരും. ഒരു ടീമിനെ വാർത്തെടുക്കേണ്ട സമയത്ത് ടീമിന്റെ കുറവുകളെ മനസിലാക്കേണ്ട സമയത്തു അന്ധമായി ടീമിനെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്തത്. റഫറികളെ കുറ്റം പറഞ്ഞും മറ്റു ടീമുകളെ പഴിചാരിയും നഷ്ടപ്പെടുത്തിയ സമയത്ത് ഉറപ്പുള്ള ടീമിനെ വാർത്തെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

എന്നാൽ ടീമിന്റെ മുഖ്യ പരിശീലകനായി ഡേവിഡിന് ശേഷം നെലോ വിങ്ങാട ടീമിനെ പുതിയ വഴിത്തിരിവിലേക്ക് കൊണ്ടെത്തിച്ചു. പ്രതീക്ഷയുളവാക്കുന്ന മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന്റെ കീഴിൽ കാഴ്ചവച്ചത്. സമ്മർദ്ദ രഹിതമായി സ്വതസിദ്ധമായ ശൈലിയിൽ വീറോടെ കളിക്കുന്ന താരങ്ങളെ വീണ്ടും നമ്മൾ കണ്ടു. ഇതെല്ലം തന്നെ സൂപ്പർ കപ്പിൽ നല്ല രീതിയിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകവൃന്ദം.