കേരളബ്ലാസ്റ്റേഴ്സിൽ നിന്നും പിരിഞ്ഞതിന് ശേഷം മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ശേഷം, സെപ്റ്റംബർ 26-ന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ഭാവി ടീമിനെ വെളിപ്പെടുത്തിയിരിക്കുകയാണ് സന്ദേശ് ജിംഗൻ. അഞ്ചു വർഷത്തേക്ക് എടികെ മോഹൻ ബഗാൻ എഫ്‌സിയിലേക്കാണ് സന്ദേശ് കുടിയേറിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചുവടുമാറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഡീൽ ഒരു വശത്ത് ആവേശം സമ്മാനിക്കുമ്പോൾ മറുവശത്ത് നിരാശയിലേക്ക് നയിക്കുന്നു.

പഞ്ചാബിലെ ചണ്ഡീഗഡിൽ ജനിച്ച 27കാരനായ ജിങ്കൻ 2014-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമേർജിങ് പ്ലയെർ പുരസ്‌കാരം നേടിയ പ്രതിഭാശാലിയാണ്. 2015-ൽ ആണ് ജിങ്കൻ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടുന്നത്. 6 സീസണുകളിൽ ആയി 78 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ജിങ്കൻ. ഇന്ത്യൻ ദേശീയ ടീമിനായി 36 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ജിങ്കൻ നേടിയിട്ടുണ്ട്. സെന്റർബാക്ക് ആയും റൈറ്റ്ബാക്ക് ആയും കളിക്കാൻ കഴിവുള്ള ക്ലബ്‌ ഫുട്ബോളിൽ മാത്രം 150ഓളം മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിഭാശാലിയാണ് ജിങ്കൻ.

ചണ്ഡീഗഡിലെ സെന്റ് സ്റ്റീഫൻ അക്കാഡമിയിൽ നിന്നും ഫുട്ബാളിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച ജിങ്കൻ പിന്നീട് ചണ്ഡീഗഢ് അണ്ടർ-19 സ്റ്റേറ്റ് ടീമിൽ എത്തി. 2011-ൽ യുണൈറ്റഡ് സിക്കിമിലൂടെയായിരുന്നു ജിങ്കന്റെ സീനിയർ ടീമിലെ പ്രൊഫെഷണൽ അരങ്ങേറ്റം. തുടർന്നു മുംബൈ എഫ്സിയിൽ എത്തിയ ജിങ്കൻ 2014-ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരംഭ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തി. ഇടയ്ക്കു സ്പോർട്ടിങ് ഗോവയിലും ഡിഎസ്കെ ശിവാജിയൻസിലും ബെംഗളൂരു എഫ്സിയിലും ലോൺ വ്യവസ്ഥയിലും ജിങ്കൻ കളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉൽഘാടന സീസണിൽ ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനം ജിങ്കനെ ആ സീസണിലെ എമേർജിങ് പ്ലയെർ പുരസ്‌കാരത്തിനു അർഹനാക്കി. 2015-ൽ ആണ് ജിങ്കൻ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടുന്നത്. ബ്ലാസ്റ്റേഴ്‌സ് ജേർസിയിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2015-ൽ നടന്ന നേപ്പാളിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ജിങ്കൻ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തിയത്. ദേശീയ ടീമിനായി 36 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ജിംഗൻ ഇപ്പോൾ ഗുർപ്രീത് സിംഗ് സന്ധു, സുനിൽ ഛേത്രി എന്നിവർക്കൊപ്പം ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരായ ഇന്ത്യയുടെ അവിസ്മരണീയമായ ഗോൾരഹിത സമനിലയിലും അദ്ദേഹത്തിന്റെ പങ്ക് പ്രധാനമായിരുന്നു. ഇന്ത്യൻ അണ്ടർ-23 ടീമിന്റെയും ഭാഗമായിരുന്നു ഈ പ്രതിഭാശാലി.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം 76 ഹീറോ ഐ‌എസ്‌എൽ മത്സരങ്ങൾ കളിച്ച താരമാണ് ജിംഗൻ. മുൻ എഫ്‌സി ഗോവ താരമായ മന്ദർ റാവു ദേശായിക്ക് ശേഷം ഒരു താരം ഒരു ഹീറോ ഐ‌എസ്‌എൽ ക്ലബിനായി നേടിയ രണ്ടാമത്തെ ഏറ്റവും മികച്ച അറ്റെൻഡൻസ് ആണിത്. ബ്ലാസ്റ്റേഴ്സിനായി നേടിയ 194 ടാക്കിൾസ്, 93 ഇന്റർസെപ്ഷനുകൾ, 502 ക്ലിയറൻസുകൾ, 97 ബ്ലോക്കുകൾ  എന്നിവാ അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ എന്ന് വിശേഷിപ്പിക്കാവുന്നത് നായകസ്ഥാനം വഹിച്ച 2017-18 സീസണാണ്. ആ സീസണിൽ 124 ക്ലിയറൻസുകൾ, 50 ടാക്കിളുകൾ, 20 ബ്ലോക്കുകൾ, 14 ഇന്റർസെപ്ഷനുകൾ എന്നിവയിലൂടെ ബ്ലാസ്റ്റേഴ്സിനായി പ്രതിരോധത്തിലെ ഉരുക്കുകോട്ടയായി മാറിയിരുന്നു ജിംഗൻ. സീസണിൽ സെമിയിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയ ടീം വെറും അഞ്ച് തവണയാണ് തോൽവി വഴങ്ങിയത്.

ടീം ഏതായാലും ജിംഗൻ ഒരു മുതൽക്കൂട്ടാണ്. പക്ഷെ ഉയർന്നുവരുന്നൊരു കൗതുകരമായ സംശയമെന്തെന്നാൽ, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരനിരക്കൊപ്പം എടികെ മോഹൻ ബഗാൻ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ ജിംഗൻ ഇറങ്ങുമ്പോൾ, താരത്തെ നെഞ്ചിലേറ്റിയ മഞ്ഞപ്പട കയ്യടിക്കുന്നറ്റും ആർപ്പുവിളിക്കുന്നതും ആർക്കുവേണ്ടിയാകും?