ഇന്ത്യൻ ഫുട്ബാളിന്റെ സുവർണസമയമെന്ന് താൻ വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിൽ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ ഫുട്ബോൾ ഡിഫൻഡർ അൻവർ അലി. ചൊവ്വാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ 4-0ന് പരാജയപ്പെടുത്തി ബ്ലൂ ടൈഗേഴ്‌സ് ചരിത്രം സൃഷ്ടിച്ചിരുന്നു. ടൂർണമെന്റിലുടനീളം ഇന്ത്യൻ പ്രതിരോധത്തിൽ നിർണായക പങ്കുവഹിക്കാൻ ഈ 25കാരനായിരുന്നു. അദ്ദേഹത്തിന്റെയും മറ്റ് ഡിഫൻഡർമാരുടെയും സഹായത്തോടെ ടൂർണമെന്റിൽ വെറും ഒരു ഗോൾ മാത്രമാണ് ഇന്ത്യ വഴങ്ങിയത്, ഇതിനെത്തുടർന്ന് ഇന്ത്യ  ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി. ഹോങ്കോങിനെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതും അൻവർ അലി ആയിരുന്നു.

“ഞാൻ ഇപ്പോഴും ചെറുപ്പമാണ്,  ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മത്സരങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. രാജ്യത്തിന് വേണ്ടി എന്റെ ആദ്യ ഗോൾ നേടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു ടീം ഗെയിമായിരുന്നു, അതിൽ ഉൾപ്പെട്ട എല്ലാവർക്കും ക്രെഡിറ്റ് അർഹിക്കുന്നു." അൻവർ അലി പറഞ്ഞു.

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ നിർണായക പങ്കുവഹിച്ച യുവതാരം സഹൽ അബ്ദുൾ സമദ്, ഡ്യൂറൻഡ് കപ്പ്, ഹീറോ ഐഎസ്എൽ തുടങ്ങിയ ആഭ്യന്തര ടൂർണമെന്റുകൾ 2023 എഎഫ്‌സി ഏഷ്യൻ കപ്പിന് തയ്യാറെടുക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു, “കളിക്കാർ എന്ന നിലയിൽ നമുക്കെല്ലാവർക്കും മത്സരങ്ങൾ ആവശ്യമാണ്. സീസൺ ദൈർഘ്യമേറിയതാണെങ്കിൽ, ഒരു കളിക്കാരൻ കൂടുതൽ മെച്ചപ്പെടും. അതവരെ ഫുട്ബോളിന്റെ താളത്തിലെത്തിക്കും."

ഹീറോ ഐ‌എസ്‌എല്ലിൽ സഹൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോൾ അസിസ്റ്റന്റ് കോച്ചായ മുൻ ഇന്ത്യൻ കളിക്കാരനായ ഇഷ്ഫാഖ് അഹമ്മദ്, ദേശീയ ടീമിലെ പുതിയ കളിക്കാരുടെ വളർച്ചയാണ് യോഗ്യതാ കാമ്പെയ്‌നിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് വിശ്വസിക്കുന്നു. "ജീക്‌സൺ സിംഗ്, ആകാശ് മിശ്ര, റോഷൻ സിംഗ് എന്നിവരെല്ലാം പരിചയസമ്പന്നരായ മറ്റ് കളിക്കാരെക്കാൾ ടീം മാനേജ്‌മെന്റ് വിശ്വാസമർപ്പിച്ചതിന് ശേഷം കളിയിൽ മുന്നേറുന്നത് അവരുടെ പുരോഗമനമാണ് കാണിക്കുന്നത്. ഹോങ്കോങ്ങിനെതിരെ ഇഷാൻ പണ്ഡിത ഫൈനൽ ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി പോലും കുതിക്കുകയായിരുന്നു. ഇത് നിലവിലെ ടീമിന്റെ സ്പിരിറ്റിനെയാണ് കാണിക്കുന്നത്.” ഇഷ്ഫാഖ് ലൈവ് ട്വിറ്റർ പോഡ്കാസ്റ്റിൽ പറഞ്ഞു.