സഹൽ: പ്രോത്സാഹനത്തിനായി ഞങ്ങൾ ആരാധകരെ കാത്തിരിക്കുന്നു!

2019 ഒക്ടോബറിൽ VYBK-യിൽ നടന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 യോഗ്യതാ മത്സരങ്ങളിൽ കൊൽക്കത്തയിലാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം അവസാനമായി ഇന്ത്യയിലും  ആരാധകർക്ക് മുന്നിലും കളിച്ചത്. ഇതിനിടയിലുള്ള കാലഘട്ടം കായികരംഗത്തെയും ലോകത്തെയാകമാനവും പിടിച്ചുകുലുക്കിയ മഹാമാരിയുടെ പിടിയിലായിരുന്നു.അതുകൊണ്ടു തന്നെ നാളെ കൊൽക്കത്തയിൽ അരങ്ങേറുന്ന മത്സരം എല്ലാവരെയും ആവേശക്കൊടുമുടിയിൽ എത്തിക്കാനുതകുന്നതാണ്.

“ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ഒരു പ്രചോദനമാണ്. ലീഗുകളുടെ എഡിഷനുകളിൽ ഒരു മത്സരത്തിൽ അനുവദനീയമായ കണക്കിൽ ചില ആരാധകർ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കൊൽക്കത്ത ഇന്ത്യൻ ഫുട്‌ബോളിന്റെ കേന്ദ്രമായതിനാൽ VYBK-യിൽ അത് ഭ്രാന്തും രസകരവുമാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. പുറത്തു വന്ന് ഞങ്ങളെ പിന്തുണയ്ക്കൂ,” അനിരുദ്ധ് ഥാപ്പയുടെ വാക്കുകളിൽ ആവേശം നിറഞ്ഞു.

“കോവിഡ് മഹാമാരി ആരാധകർക്ക് മുന്നിൽ ലൈവായി കളിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കി. ആരാധകർക്ക് മാത്രമല്ല, കളിക്കാർക്കും സ്റ്റാൻഡിൽ നിന്നുള്ള ആരവവും ആവേശവും നഷ്ടമായി. കൈകൾ പിടിച്ച് ഒരുമിച്ച് നടക്കാനുള്ള സമയമാണിത്. എല്ലാവരോടും സ്‌റ്റേഡിയത്തിലേക്ക് വരാനും ഞങ്ങളെ പ്രോത്സാഹിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. യോഗ്യതാ മത്സരങ്ങൾ ഇന്ത്യയിൽ നടക്കുന്നുവെന്നത് സന്തോഷം നൽകുന്നു. കൊൽക്കത്തയിലാണ്, ആരാധകർ ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാൻഡിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആരാധകർ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” ആഷിക് കുരുണിയൻ പറഞ്ഞു.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഹർമൻജോത് സിംഗ് ഖബ്രയും, കൊൽക്കത്തയിൽ തന്റെ കരിയർ ആരംഭിച്ചതിന്റെ ചില സുവർണ്ണ ഓർമ്മകൾ ഓർത്തെടുത്തു.

“കൊൽക്കത്ത എനിക്ക് മറ്റൊരു കുടുബമാണ്. ഞാൻ ഇവിടെയാണ് ഒരു ഫുട്ബോൾ കളിക്കാരനായി വളർന്നത്. ഇവിടെ എനിക്ക് ചില സുവർണ്ണ ഓർമ്മകളുണ്ട്. ദേശീയ ടീമിന്റെ ജഴ്‌സിയിൽ ഈ അവസരവും അവിസ്മരണീയമാക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിന്റെ രക്തബന്ധമാണ് ഇവിടെയുള്ള ആരാധകർ. ബംഗാളിലെ ആരാധകർ നിങ്ങളെ പ്രത്യേക ആവേശത്തിലാഴ്ത്തും.. ഞാൻ വീണ്ടും VYBK-ലേക്ക് നടക്കാൻ കാത്തിരിക്കുകയാണ്" ഖബ്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“കളിക്കാർക്ക് മാത്രമല്ല, ഇന്ത്യൻ ഫുട്‌ബോളിന്റെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയ്ക്കും ഞങ്ങൾ ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടേണ്ടത് പ്രധാനമാണ്. ഇത് നേടാനായി ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ അതേ സമയം, അതത്ര എളുപ്പവുമല്ല. അന്താരാഷ്ട്ര തലത്തിൽ ഒരു ടീമിനെയും നേരിടുന്നത് ഒരിക്കലും എളുപ്പമല്ല. ഞങ്ങൾ ജാഗ്രത പാലിക്കണം, ആത്മവിശ്വാസം ഉള്ളവരായിരിക്കണം," ഖബ്‌റ അഭിപ്രായപ്പെട്ടു.

“ഈ മത്സരത്തിൽ യോഗ്യത നേടുന്നത് വളരെ പ്രധാനമാണ്. മറ്റൊന്നും അത്രമേൽ പ്രാധാനമല്ല. ഞങ്ങളുടെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. ഞങ്ങൾക്ക് ഹോം സ്റ്റെഡിയത്തിന്റെ നേട്ടവുമുണ്ട്. ഞങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഞങ്ങൾ ആരാധകരെ കാത്തിരിക്കുന്നു” സഹൽ പറഞ്ഞു.

 “ഈ നിമിഷം വളരെ പോസിറ്റീവ് ആണ്, ഒടുവിൽ ഞങ്ങൾ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കുവാൻ പോകുന്നു. നിറഞ്ഞ ഗാലറിയുടെ മനോഹാരിത ഈ കോവിഡ് കാലം ഞങ്ങൾക്ക് നഷ്ടപ്പെടുത്തി.  കൊൽക്കത്ത ആരാധകർ അങ്ങേയറ്റം ആവേശഭരിതരാണ്, ഇന്ത്യയ്‌ക്കായി എല്ലാവരും ഒത്തുചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഏകദേശം ഒന്നര മാസമായി ആൺകുട്ടികൾ കഠിനമായി പരിശ്രമിക്കുന്നു. ഈ തയ്യാറെടുപ്പിനുള്ള ത്യാഗങ്ങൾ മൂലം കളിക്കാരെന്ന നിലയിൽ ഞങ്ങൾക്ക് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഏഷ്യൻ കപ്പിലേക്ക് കടക്കുക എന്നത് പ്രധാനമാണ്. ഞങ്ങൾ ഗെയിമുകൾ ജയിക്കുകയും യോഗ്യത നേടുകയും വേണം,” രാഹുൽ ഭേകെ പറഞ്ഞു.

“ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുന്നതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. എല്ലാ ഘട്ടത്തിലും ഏഷ്യൻ പ്ലാറ്റ്‌ഫോമിന്റെ ഉയർന്ന തലത്തിൽ ആയിരിക്കണം നമ്മൾ. ഒരു ഫുട്ബോൾ രാഷ്ട്രമായി നമ്മൾ വളരുകയാണെന്ന സന്ദേശമാണിത്. മികച്ച ഫലം ലഭിക്കാൻ ഞങ്ങൾ ഒരു ടീമായി കളിക്കേണ്ടതുണ്ട്. തയ്യാറെടുപ്പുകൾ വളരെ മികച്ചതായിരുന്നു, എല്ലാവരും മികച്ച ശാരീരികാവസ്ഥയിലാണ്. ആഭ്യന്തര തലത്തിൽ ചില പരിശീലന മത്സരങ്ങൾ കൂടാതെ ജോർദാനെതിരെ ഞങ്ങൾ ഒരു സൗഹൃദ മത്സരവും നടത്തി. എല്ലാവരും വളരെ പോസിറ്റീവാണ്, മത്സരം പ്രതീക്ഷയോടെയാണ് നോക്കുന്നത്” ഭേകെ കൂട്ടിച്ചേർത്തു

Your Comments

Your Comments