ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സി ലേക്ക് കൂടിയേറിയ മലയാളി താരമാണ് സഹൽ അബ്ദുൽ സമദ്. ഇന്ത്യൻ ദേശീയ ടീമിലെ നിർണായക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. സൂപ്പർ ജൈൻറ്സിനൊപ്പം ആദ്യ സീസണിൽതന്നെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സഹൽ കാഴ്ചവെക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് പരിക്കേറ്റത് മൂലം സഹൽ ഒന്നിലധികം കളികളിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ ഇന്ത്യൻ സുപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായി മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സ്‌ ലീഗ് ഷീൽഡ് നേടിയപ്പോൾ അതിന് സാക്ഷിയായി സ്റ്റേഡിയത്തിൽ സഹലും ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കുവച്ചു.

"ഇതൊരു അത്ഭുതകരമായ വികാരമാണ്. എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല എനിക്ക് ഇവിടെ ഇറങ്ങി വന്ന് കളിക്കണമായിരുന്നു. ഞങ്ങളെപ്പോലുള്ള കളിക്കാർ കളിക്കുന്നതും അതിനുവേണ്ടി പരമാവധി ശ്രമിക്കുന്നതും ഇതുപോലുള്ള കിരീടങ്ങൾ വിജയിക്കാൻ വേണ്ടിയിട്ടാണ്. പിന്നെ ടീം ഈ മത്സരം വിജയിക്കാൻ അവരുടെ പരമാവധി നൽകി. എനിക്ക് വിവരിക്കാൻ വാക്കുകളില്ല. ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു." സഹൽ പറഞ്ഞു.

പരിക്കിനെക്കുറിച്ചും പ്ലേ ഓഫിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "ദൈവം സഹായിച്ചാൽ ഞാൻ പ്ലേയോഫിൽ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മെഡിക്കൽ ടീംസ് എന്നെ പരമാവധി സഹായിക്കുന്നുണ്ട് ഞാൻ ആരോഗ്യവാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്ങനെയൊക്കെ സാധ്യമോ അങ്ങനെയൊക്കെ ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."