'സഹൽ ഇന്ത്യൻ ഫുട്ബോളിലെ സാങ്കേതിക തികവുള്ള താരം': ദിമിത്രി പെട്രാറ്റോസ്
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടത്തിയ സെലിബ്രേഷൻ മനഃപൂർവമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ കുറച്ച് സീസണുകളിൽ മോഹൻ ബാഗിന്റെ കളത്തിലെ തുറുപ്പ് ചീട്ടാണ് ഓസ്‌ട്രേലിയൻ ഫുട്ബോൾ താരം ദിമിത്രി പെട്രാറ്റോസ്. 52 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 15 അസിസ്റ്റുകളും താരം ഇതേവരെ നേടിയിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ചരിത്രത്തിൽ ഒരു ഇതിഹാസമെന്ന നിരയിലേക്കാണ് താരം വളരുന്നത്.
സമീപ കാല ഇന്ത്യൻ ഫുട്ബോളിൽ സാങ്കേതികമായി മികച്ചു നിൽക്കുന്ന കളിക്കാരിൽ ഒരാളാണ് സഹൽ അബ്ദുൽ സമദ് എന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെ സഹതാരം കൂടിയായ ദിമിത്രി പെട്രാറ്റോസ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 'ഇൻ ദി സ്റ്റാൻഡ്‌സിന്റെ' പുതിയ എപ്പിസോഡിലാണ് ഡിമി സഹലിനെ പ്രശംസിച്ചത്.
ഒപ്പം, മറ്റ് സഹതാരങ്ങളായ അനിരുദ്ധ് ഥാപ്പയെയും മൻവീർ സിങ്ങിനെയും അദ്ദേഹം അഭിനന്ദിച്ചു. കഠിനാധ്വാനിയും കഴിവുമുള്ള ഥാപ്പ കളിക്കളത്തിൽ ഒരു ചെറിയ മൃഗത്തെ പോലെയാണെന്നും മൻവീർ ഇന്ത്യൻ റൊണാൾഡോയെന്ന വിളിപ്പേരിന് അർഹനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സമീപകാലത്തെ ഇന്ത്യൻ ഫുട്ബോളിൽ സാങ്കേതികമായി ഏറ്റവും മിടുക്കുള്ള കളിക്കാരിൽ ഒരാളാണ് സഹൽ. കണ്ടുമുട്ടിയ ആദ്യ ദിവസം മുതലേ അവൻ്റെ നിലവാരം ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഓരോ തവണയും അവൻ മനോഹരമായ ട്രിക്കുകൾ കാഴ്ചവെക്കുമ്പോൾ, അത് പോസ്റ്റ് ചെയ്യപ്പടുന്നു."
"ഥാപ്പയുടെ കാര്യവും അങ്ങനെയാണ്. കളിക്കളത്തിലെ ഒരു ചെറിയ മൃഗമാണ് അവൻ. കഴിവുണ്ട്, കഠിനാധ്വാനവും ചെയ്യുന്നു. ഞങ്ങൾ മൻവീറിനെ ഇന്ത്യയുടെ റൊണാൾഡോ എന്ന് വിളിക്കുന്നു. അവൻ വളരെ പ്രൊഫെഷണലാണ്. കഠിനധ്വാനം ചെയ്യും. ഗോളുകളടിക്കും. എന്റെ ഊഹം ശരിയാണെങ്കിൽ, അവന് റൊണാൾഡോക്കൊപ്പം ഉയരമുണ്ട്. അവൻ ഇന്ത്യൻ താരങ്ങളുടെ നിരയിൽ എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്." - ഡിമി വ്യക്തമാക്കി.
ഓരോ തവണയും കളത്തിലിറങ്ങുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ പങ്കുവെച്ച ഡിമി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ആരാധകരെ കുറിച്ച് വാചാലനായി. അവർ ലോകത്തിലെ മികച്ച ആരാധകക്കൂട്ടങ്ങളിൽ ഒന്നാണ്. ആരാധകരെ ആഹ്ലാദിപ്പിക്കാൻ കൂടിയാണ് ഞങ്ങൾ കളിക്കുന്നത്. ഓരോ തവണയും വ്യത്യസ്തങ്ങളായ ബാനറുകൾ ഉയർത്തി അവർ താരങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും അത് നൽകുന്നത് നല്ലൊരു അന്തരീക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"നിറഞ്ഞ സ്റ്റേഡിയം മികച്ച അനുഭവമാണ്. ഞങ്ങൾ നേരത്തെ പറഞ്ഞല്ലോ, ആരാധകരാണ് ഞങ്ങൾക്ക് അധിക പ്രേരണ നൽകുന്നതെന്ന്. അവരെ ആഹ്ലാദിപ്പിക്കാനും മത്സരഫലം അനുകൂലമാക്കാനും ഗെയിം ആസ്വദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ചെറുപ്പം മുതലേ ഞങ്ങൾ ഇഷ്ടപ്പെടുന്ന ഗെയിം, ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്."
"ഞാൻ സൂചിപ്പിച്ചതുപോലെ, ആരാധകർ ആശ്ചര്യപെടുത്തുന്നു. അതിനാൽ ആരാധകർ വരുമ്പോൾ ഗെയിമും വലുതാകുന്നു. മത്സരങ്ങൾക്ക് മുമ്പ് ബാനറുകൾ ഒരുക്കുന്നു. അവർ എപ്പോഴും ഒരേ കളിക്കാരനെ അവതരിപ്പിക്കുന്നില്ല. ഒന്നോ രണ്ടോ കളിക്കാരെയല്ല, അവർ എല്ലാ കളിക്കാരെയും ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. അതുകൊണ്ട് ഇതൊരു നല്ല കാര്യമാണ്. ഊഴമെത്തുമ്പോൾ, നിങ്ങളുടെ ബാനറും ഉയരും. പിന്നെ അടുത്ത കളിക്കാരന്റെ, അതിനു ശേഷമുള്ള കളിക്കാരന്റെ. ഇത് എല്ലാ കളിക്കാരെയും സന്തോഷിപ്പിക്കുന്നു. ഒപ്പം നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു."
"രസമെന്തെന്നാൽ, ഞങ്ങൾ വിദേശ താരങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ ആരാധകർ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ്, ശരിയല്ലേ? അവർ ഞങ്ങൾക്ക് നൽകുന്ന വാത്സല്യവും സ്നേഹവും മൂലം ലോകത്തിലെ ഏറ്റവും മികച്ചവരിൽ അവരുമുണ്ട്. ഞങ്ങൾ പുറത്തു പോകുമ്പോൾ, മാളിൽ പോകുമ്പോൾ, അവിടെയുമുണ്ട്. അവിശ്വസനീയമാണ് ഇത്, ഞങ്ങളെ പലതവണ തടഞ്ഞു നിർത്തി. അവർക്ക് വേണ്ടി ഞങ്ങൾ നിൽക്കും, ചിത്രമെടുക്കും. അവരോട് ഹലോ പറയും. " - ഡിമി ആവേശത്തിലായി
ഒക്ടോബറിൽ ഈസ്റ്റ് ബംഗാളുമായി നടന്ന കൊൽക്കത്തൻ ഡെർബിയിൽ, ഗോളടിച്ച ഡിമി തന്റെ ഏറ്റവും പ്രിയപ്പെട്ട തുടയിൽ അടിച്ചുള്ള സെലിബ്രേഷൻ നടത്തിയിരുന്നു. അത് നടന്നതാകട്ടെ ഈസ്റ്റ് ബംഗാളിന്റെ ഡഗ് ഔട്ടിന് മുന്നിലും. എന്നാൽ, ആ സെലിബ്രേഷൻ ഒരിക്കലും എതിരാളിയോട് അനാദരവ് കാണിക്കാനിരുന്നില്ലെന്നും ആരാധകർക്ക് വേണ്ടിയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്നലെയായിരുന്നു കൊൽക്കത്ത ഡെർബി, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡെർബിയാണത്. അതിനാലിത് അതുല്യമായ അനുഭവമാണ്. ഞാൻ അവിടെ ഗോളടിച്ചു. അത് (സെലിബ്രേഷൻ) ആരാധകർക്ക് വേണ്ടിയായിരുന്നു. ഡഗൗട്ടിന് നേരെയുള്ളതായിരുന്നില്ല. അത് അനാദരവ് കാണിക്കാനോ മറ്റോ ആയിരുന്നില്ല." - അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഒപ്പം, ഇന്ത്യൻ സൂപ്പർ ലീഗിൽ ദിമിയുടെ ആദ്യ എവേ ഗേമിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടത്തിയ സെലിബ്രേഷനും വിവാദമായിരുന്നു. ഗോളടിച്ച താരം കോർണർ ഫ്ലാഗിൽ ചവിട്ടി. കൊടിയിലാകട്ടെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ലോഗോ ഉണ്ടായിരുന്നു. എന്നാൽ, അത് തന്റെ ആഘോഷരീതികളിൽ ഒന്നായിരുന്നു എന്നും മുമ്പും പലതവണ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ കോടികളിൽ ബാഡ്ജ് വെക്കും എന്ന് അറിഞ്ഞിരുന്നില്ലെന്നും അതിന് ശേഷം വീണ്ടും ആ സെലിബ്രേഷൻ ആവർത്തിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, കൊച്ചിയിലെ മത്സരം തീവ്രമായിരിക്കുമെന്ന് നേരത്തെ സഹതാരങ്ങൾ പറഞ്ഞിരുന്നു. കൊച്ചിയിലെ മൈതാനത്ത് ഞങ്ങൾക്ക് പരസ്പരം കേൾക്കാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. "പ്രശ്നങ്ങൾ (കൊച്ചിയിൽ) ഉണ്ടാകുമെന്ന് സഹതാരങ്ങൾ പറഞ്ഞിരുന്നു. മത്സരത്തിനിടെ മൈതാനത്ത് ഞങ്ങൾക്ക് പരസ്പരം കേൾക്കാൻ പോലും സാധിച്ചില്ല. ഞാൻ മുമ്പും ഗോൾ നേടിയപ്പോൾ ചെയ്ത ഒരു കാര്യമാണത്. ഞാൻ ചെന്ന് കൊടിയിൽ ചവിട്ടും. എന്നാൽ ഇന്ത്യയിൽ അവർ പതാകയിൽ ബാഡ്ജ് വെക്കുന്നുണ്ട്. ഞാൻ ഇത് അറിഞ്ഞില്ല. അതിന് ശേഷം ഞാൻ വീണ്ടും അങ്ങനെ ചെയ്തിട്ടില്ല. ശേഷം അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെടുന്നത് എന്ന് അറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി." - ഡിമി പറഞ്ഞു
മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനൊപ്പം 2026 വരെ ദിമിത്രി പെട്രാറ്റോസ് കരാർ നീട്ടിയിരുന്നു. ഈ ടീമിനെ ഇഷ്ടമായതിനാലാണ് താൻ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. " കരാർ നീട്ടുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. മറ്റൊരു ടീമിനൊപ്പവും കരാർ ഒപ്പിടില്ല എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. അതിനാൽ, നമുക്ക് ചർച്ച ചെയ്യാം. പക്ഷേ ഞാൻ മറ്റാരോടും സംസാരിക്കുന്നില്ലെന്ന് അറിയുക. എനിക്ക് ഇവിടെ തുടരണം. എനിക്ക് ടീമിനെ വളരെ ഇഷ്ടമാണ്. എന്റെ ഫുട്ബോൾ തുടർന്നും ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലേക്കെത്തുമ്പോൾ എൻ്റെ ഫുട്ബോൾ ആസ്വദിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. അത് സാധിച്ചു. അത് ഇനിയും തുടരാന് എനിക്ക് താല്പര്യം. - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
സുയാഷ് ഉപാദ്ധ്യായക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അഭിമുഖം കാണാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. സംഭാഷങ്ങൾക്കപ്പുറം ഒരു ചെറിയ സർപ്രൈസ് 'ഇൻ ദ സ്റ്റാൻഡ്‌സ്'ന്റെ പുതിയ എപ്പിസോഡിൽ നിങ്ങളെ കാത്തിരിക്കുന്നു.