ആരാധകർക്ക് ആവേശം പകർന്ന് സഹൽ അബ്ദുൾ സമദുമായുള്ള കരാർ പുതുക്കി കേരളാബ്ലാസ്റ്റേഴ്സ്. 2025 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. നിലവിലുള്ള കരാറിന്റെ മൂന്ന് വർഷത്തെക്കു കൂടി നീട്ടിയാണ് പുതിയ കരാർ. നിലവിൽ 2022 വരെ കരാർ സഹലിനു ബാക്കി നിൽക്കുന്നുവെങ്കിലും മറ്റുള്ള ക്ലബുകൾ സഹലിൽ കണ്ണുവച്ചിരിക്കുന്നത് ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തിയെന്നുറപ്പാണ്. 2021-22 സീസൺ മുതൽ പ്ലേയിംഗ് ഇലവനിലെ വിദേശികളുടെ എണ്ണം കുറയുമെന്ന സാധ്യത മുന്നിൽക്കണ്ട് കേരളബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ എല്ലാ ക്ലബ്ബുകളും കഴിവുള്ള ഇന്ത്യൻ യുവതാരങ്ങളെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂരിന്റെ സ്വത്തായ സഹലിനെ തട്ടിയെടുക്കാനുള്ള ആഗ്രഹം ബെംഗളൂരു എഫ്സി ഉടമ പാർത്ത് ജിൻഡാലുൾപ്പെടെ പലരും പരസ്യമായി വ്യക്തമാക്കിയിരുന്നു. എല്ലാത്തിലും ഉപരിയായി ആരാധകരുടെ ആവേശമായ ഇന്ത്യ ഫുട്ബോൾ ഓസിൽ എന്ന് വിശേഷിക്കപ്പെടുന്ന ഭൈചുംഗ് ഭൂട്ടിയ, ഐ എം വിജയൻ തുടങ്ങിയ ഇതിഹാസങ്ങൾ ഉൾപ്പെടെ പലരും ഇന്തയൻ ഫുട്ബാളിന്റെ ഭാവിവാഗ്ദാനമെന്നു വാഴ്ത്തിയ സഹലിനെ ദീർഘനാളത്തേക്ക് ടീമിന്റെ ഭാഗമാകുന്നത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്നത് ടീം മാനേജ്മെന്റ് മനസിലാക്കി എന്ന് വിലയിരുത്താം.

” യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കു അവസരങ്ങൾ നൽകുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിനു ഗുണപ്രദമാകുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” കരാർ പുതുക്കിയതുമായി ബന്ധപ്പെട്ട് സഹൽ പ്രതികരിച്ചു.

1997-ൽ അബുദാബിയിലെ അൽ ഐനിൽ ആയിരുന്നു സഹലിന്റെ ജനനം. സഹലിലെ പ്രതിഭയെ വാർത്തെടുത്തത് എത്തിഹാദ് അക്കാദമിയിലെ പരിശീലനമാണ്. ഫുട്ബോൾ മോഹം തലയിൽ കൊണ്ടു നടന്നിരുന്ന സഹലിന്റെ കരിയറിൽ വഴിത്തിരിവായത് കോളേജ് പഠനത്തിനായി കേരളത്തിൽ വരാൻ തീരുമാനിച്ചതോടെയാണ്. നാട്ടിലെത്തി കണ്ണൂർ എസ്എൻ കോളേജിൽ ബിബിഎ പഠനത്തിനായി ചേർന്ന സഹലിന്റെ ജീവിതം മാറിയത് സിദ്ധിഖ് എന്ന പരിശീലകൻ വഴിയാണ്. സഹലിലെ പ്രതിഭയെ തിരിച്ചറിഞ്ഞ സിദ്ധിഖ് എന്ന പരിശീലകൻ.

എസ് എൻ കോളേജിൽ നിന്നും കണ്ണൂർ യൂണിവേഴ്സിറ്റി ടീമിൽ എത്തിയ സഹൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആ പ്രയാണം ഒടുവിൽ എത്തിച്ചേർന്നത് ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിലാണ്. 2017-2018 സീസണിൽ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനായി 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകളും നേടി. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് സഹലിലെ പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ താത്കാലിക പരിശീലകൻ ഡേവിഡ് ജെയിംസ് സീസണിന്റെ അവസാന മത്സരങ്ങളിൽ സഹലിനെ ടീമിൽ ഉൾപ്പെടുത്തി. 2 മത്സരങ്ങൾ മാത്രം ആണ് ആ സീസണിൽ കളിച്ചതെങ്കിലും സഹൽ എന്ന പ്രതിഭയെ വെളിച്ചതുകൊണ്ടുവരാൻ ആ 2 മത്സരങ്ങൾ ധാരാളമായിരുന്നു.

ഡേവിഡ് ജെയിംസ് എന്ന പരിശീലകൻ സഹൽ എന്ന പ്രതിഭയെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ സീസൺ ആയിരുന്നു 2018-2019 സീസൺ. 17 മത്സരങ്ങൾ ആണ് സഹൽ ആ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയത്. 1242 മിനിറ്റുകൾ കളത്തിലിറങ്ങിയ സഹൽ 565 പാസ്സുകളും 688 ടച്ചുകളുമായി കളം നിറഞ്ഞു കളിച്ചു. ഒരു ഗോളും നേടി. തന്റെ ടാലന്റ് പതിഞ്ഞ ഗോൾ. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്നായിഏറ്റവും കൂടുതൽ പാസ്സ് നൽകിയവരിൽ രണ്ടാം സ്ഥാനത്ത് എത്താനും സഹലിനായി.

2018-2019 സീസണിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ എമേർജിങ് പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരവും സഹലിനെ തേടിയെത്തി. അവിടെ കൊണ്ടും അവസാനിച്ചില്ല. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആ വർഷത്തെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ അവാർഡും സഹലിനു തന്നെയായിരുന്നു.

സ്റ്റീഫൻ കോൺസ്റ്റൻറ്റൈനിൽ നിന്നും പരിശീലക ചുമതല ഏറ്റെടുത്ത ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്രോയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് ആ വർഷം ജൂണിൽ തായ്ലൻഡിൽ നടന്ന കിങ്സ് കപ്പിനുള്ള ടീമിൽ സഹലിനെയും ഉൾപ്പെടുത്തി. ദേശീയ ടീമിനായി അരങ്ങേറ്റം നടത്തി 10 മിനിറ്റിനുള്ളിൽ തന്നെ സഹൽ ടീമിനായി പെനാൽറ്റി നേടിക്കൊടുത്തു. ഇന്ത്യൻ ദേശീയ ടീമിനായി സഹൽ ഇറങ്ങിയ 6 മത്സരങ്ങളിൽ 8 കീ പാസ്സുകൾ നൽകാൻ സഹലിനു കഴിഞ്ഞു. അതിൽ 5 പാസ്സുകളും സഹലിന്റെ പ്രതിഭ പതിഞ്ഞ പാസ്സുകൾ ആയിരുന്നു. ഈ മത്സരങ്ങളിൽ സഹലിന്റെ ആവറേജ് പാസിങ് ആക്യുറസി 85നു മുകളിൽ ഉണ്ടായിരുന്നു. ഖത്തറിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിലും സാമാന്യം ഭേദപ്പെട്ട പ്രകടനം സഹൽ കാഴ്ച്ചവെച്ചിരുന്നു.

എൽക്കോ ഷറ്റോറി എന്ന ഡച്ച് ടാക്റ്റീഷ്യൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ചുമതല ഏറ്റെടുത്ത 2019-2020 സീസണിൽ കാര്യമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ സഹലിനായില്ല. 2019-2020 സീസണിൽ 18 മത്സരങ്ങൾ കളിച്ച സഹൽ കളിച്ചത് 792 മിനിറ്റുകൾ മാത്രം. ബ്ലാസ്റ്റേഴ്സ് മാറ്റത്തിന്റെ വഴിയിലാണ്. അടുത്ത സീസണിൽ പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹലിന് ആകുമെന്ന് പ്രതീക്ഷിക്കാം.