2016 യൂറോയിൽ അൽബേനിയക്കായി ഗോളടിച്ച അർമാൻഡോ സാദിക്കുവിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വരവ്, കഴിഞ്ഞ സീസണിൽ ലീഗ് സാക്ഷ്യം വഹിച്ച ഹൈ പ്രൊഫൈൽ സൈനിംഗുകളിൽ ഒന്നായിരുന്നു. അദ്ദേഹം ഇന്ത്യയിലുണ്ടാക്കിയ ഇമ്പാക്ട് അന്ന് പ്രവചിച്ചവർ വളരെ വിരളമാകും.

കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകളിൽ നിന്നും ഗോവയുടെ ശാന്തമായ കടൽ തീരങ്ങളിലേക്കുള്ള സാദികുവിൻ്റെ യാത്ര വെല്ലുവിളികളും വളർച്ചയും അടയാളപ്പെടുത്തി മുന്നേറിയതാണ്

കരുത്തുള്ള തുടക്ക

സംഭവബഹുലമായിരുന്നു ഐഎസ്എല്ലിൽ സാദിക്കുവിന്റെ അരങ്ങേറ്റ സീസൺ. മോഹൻ ബഗാൻ സൂപ്പർ ജയന്റിനൊപ്പം കരാർ ഒപ്പിട്ട ശേഷം കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് അദ്ദേഹം കുതിച്ചത്. ഡ്യൂറൻഡ് കപ്പ് നേടിയും, ലീഗ് ഷീൽഡ് ഉയർത്താൻ സഹായിച്ചും അരങ്ങേറ്റ സീസണിൽ തന്നെ ക്ലബ്ബിനെ വിജയത്തിലേക്ക് നയിച്ചു,

കൊൽക്കത്തൻ ക്ലബ്ബിനൊപ്പമുള്ള വിജയകരമായ കുതിപ്പിന് ശേഷം, 2024-25 സീസണിന് മുന്നോടിയായി എഫ്‌സി ഗോവയിലേക്ക് ചേക്കേറിയതോടെ ഇന്ത്യൻ ഫുട്‌ബോളിലെ സാദികുവിൻ്റെ യാത്ര പുതിയ വഴിത്തിരിവിലേക്കെത്തി. വെറും ഒരു ക്ലബ്ബുമാറ്റമായിരുന്നില്ല അത്, പുതിയ സംസ്കാരം, ചുറ്റുപാട്, പുതിയ ശൈലിയിലെ ഫുട്ബോൾ എന്നിവയുമായി ഒത്തുചേരേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്.

"കൊൽക്കത്തയിൽ കുറച്ച് പ്രയാസമാണ്, സത്യം പറഞ്ഞാൽ അവിടെയും ഓക്കേ ആണ്," അദ്ദേഹം വ്യക്തമാക്കി. അതെ, എല്ലാം വ്യത്യസ്തമാണ്. കൊൽക്കത്തയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിടെ കുറച്ച് സ്വാതന്ത്ര്യമുണ്ട്. ഒട്ടും സമ്മർദ്ദമില്ല, എല്ലാവരും ടീമിൽ നിങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നു. ക്ലബ്ബിൽ ഒരു യൂറോപ്യൻ അന്തരീക്ഷം ഉള്ളതായി എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ സ്വാതന്ത്രം അനുഭവപ്പെടുന്നു, മൈതാനത്ത് കൂടുതൽ നന്നായി കളിക്കുന്നു," ഇൻ ദ സ്റ്റാൻഡ്‌സിൻ്റെ എപ്പിസോഡിൽ സാദികു പറഞ്ഞു.

മോഹൻ ബഗാനിൽ നേട്ടങ്ങളുണ്ടാക്കിയെങ്കിലും, കഴിഞ്ഞ ഐഎസ്എൽ സീസണിന് മുന്നോടിയായി ഡ്യൂറൻഡ് കപ്പിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെതിരായ അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് കണ്ണുതുറപ്പിച്ചത്.

"ഞാൻ കരുതി, അവിടെ പോയി ഞാൻ തകർക്കുമെന്ന്! പക്ഷേ ഇന്ത്യയിൽ, അത് ബുദ്ധിമുട്ടാണ്!" അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയിലെ തൻ്റെ ആദ്യ മത്സരമായ ഡ്യൂറൻഡ് കപ്പിലെ ഐതിഹാസികമായ കൊൽക്കത്ത ഡെർബി പോരാട്ടം, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു.

"ചൂട്! ഏകദേശം 39 ഡിഗ്രി സെൽഷ്യസിനടുത്ത്. 20 മിനിറ്റിനുള്ളിൽ ഞാൻ ചിന്തിച്ചു, എന്റെ ദൈവമേ, ഈ രാജ്യത്ത് ഞാൻ എന്താണ് ചെയ്യുന്നത്? പക്ഷേ, പടിപടിയായി ഞാൻ മെച്ചപ്പെട്ടു. സീസണിന്റെ രണ്ടാം പകുതിയിൽ അന്റോണിയോ ഹബാസ് വന്നപ്പോൾ, ഞാൻ നന്നായി കളിച്ചു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് നല്ല പ്രകടനങ്ങളുണ്ടായിരുന്നു! ഞങ്ങൾ ഷീൽഡും നേടി."

കൂടുമാറ്റം

എഫ്‌സി ഗോവയിൽ ഉജ്ജ്വലമായ പ്രകടനമാണ് അദ്ദേഹം ലീഗിന്റെ തുടക്കത്തിൽ നടത്തിയത്. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ. 12 മത്സരങ്ങളിൽ നിന്ന് കണ്ടെത്തിയത് എട്ട് ഗോളുകൾ. ശേഷം, പരിക്കിനാൽ കളത്തിൽ നിന്നും താത്കാലിക മടക്കം. നിലവിൽ പരിക്കിൽ നിന്നും മുക്തി നേടി അൽബേനിയൻ സ്‌ട്രൈക്കർ പഴയ ഫോമിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. ലീഗിലെ ടോപ്പ് സ്‌കോറർമാരിൽ ഒരാളായ സാദിക്കു ഗോൾഡൻ ബൂട്ടിനായുള്ള ഓട്ടത്തിലാണ്. എന്നാൽ മോഹൻ ബഗാൻ എസ്‌ജി വിടാനുള്ള തീരുമാനം എടുക്കുക എന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല, പ്രത്യേകിച്ചും പുതിയ സ്‌ട്രൈക്കറെ കൊണ്ടുവരുന്നതിന് ക്ലബ്ബിനുള്ളിൽ ചർച്ചകൾ നടന്ന ശേഷം.

"എൻ്റെ ഭാഗത്ത് നിന്നായിരുന്നില്ല, ഒരു പുതിയ സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അവർ (മോഹൻ ബഗാൻ എസ്ജി) പറഞ്ഞു. നിങ്ങൾക്ക് ഇത് ബുദ്ധിമുട്ടായിരിക്കും," സാദിക്കു വെളിപ്പെടുത്തി.

"ഞങ്ങൾക്കിടയിൽ ധാരാളം ചർച്ചകൾ നടന്നു, അതിനിടയിലാണ് ഗോവ കയറിവന്നത്. ഞാൻ മനോലോ (മാർക്വേസ്) യോട് സംസാരിച്ചു, ലാസ് പാൽമാസ് തൊട്ടേ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. മോഹൻ ബഗാനും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരത്തിനിടെ ഞങ്ങൾ പല തവണ പരസ്പരം സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനം എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. കോച്ചിൻ്റെ ഫോൺ കോളിൽ മിനിറ്റിനുള്ളിൽ എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇവിടെയുള്ള ചില സുഹൃത്തുക്കളോട് ഞാൻ സംസാരിച്ചു. മോഹൻ ബഗാനിൽ എന്റെ സുഹൃത്തായിരുന്ന ഹ്യൂഗോ ബുമോസിനോട് സംസാരിച്ചു. അവൻ 3 വർഷം ഇവിടെ കളിച്ചിരുന്നു. ക്ലബ്ബിനെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും മനോഹരമായ കാര്യങ്ങൾ പറഞ്ഞുതന്നു. ശേഷം ഞാൻ പറഞ്ഞു ശരി, ഇതാണ് എനിക്ക് വേണ്ടത്."

എഫ്‌സി ഗോവയോടൊപ്പം നേട്ടങ്ങളുണ്ടാക്കണമെന്ന ആഗ്രഹം

എഫ്‌സി ഗോവയോടുള്ള സാദികുവിൻ്റെ ഇഷ്ടം ഫുട്‌ബോൾ പിച്ചിനും അതീതമാണ്. ഈ സീസണിൽ ക്ലബ്ബിനായി നിർണായക ഗോളുകൾ നേടിയ അൽബേനിയൻ താരം, ആരാധകർക്കായി എന്തെങ്കിലും നേടികൊടുക്കാനും ക്ലബ്ബിൽ തന്റെ പേര് കൊത്തിവെക്കാനും ആഗ്രഹിക്കുന്നു. ഐഎസ്എല്ലിൽ കഴിഞ്ഞ ദശകത്തിനിടെ ഒരു ട്രോഫി മാത്രമാണ് ഗൗർസിന് നേടാൻ സാധിച്ചത്

"നിങ്ങൾ വിജയിക്കുമ്പോൾ, നിങ്ങളുടെ മുദ്ര പതിപ്പിക്കുന്നു, നിങ്ങൾക്കറിയാമോ? ഇവിടെ ഗോവയിലും, എനിക്ക് എന്തെങ്കിലും നേടണം, കാരണം എൻ്റെ പേര് ആ ഓഫീസിൽ നിലനിൽക്കും. ഓഫീസിൽ ഒരു ട്രോഫി കുറവാണ്! ഈ ഓഫീസിൽ ഇല്ലാത്ത ആ ട്രോഫി ഈ ആളുകൾക്ക് എത്തിക്കാൻ ഞാൻ പോരാടും," അദ്ദേഹം പറഞ്ഞു

“എഫ്‌സി ഗോവയുടെ കുപ്പായത്തോടുള്ള സ്നേഹം ഇവിടെ അറിയാൻ സാധിക്കും. അവർ ഞങ്ങൾക്ക് വേണ്ടി ഒരുപാട് പ്രവര്ത്തിക്കുന്നു,

അതിനാൽ അവർ അത് അർഹിക്കുന്നു. അവർ മാത്രമല്ല, ആരാധകരും. അവർ എണ്ണത്തിൽ അത്ര വലുതല്ലായിരിക്കാം, പക്ഷേ ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നു! ഇപ്പോൾ ഞാൻ ഇവിടെ വന്നിട്ട് അഞ്ചാറു മാസമായി. ഞാനും ക്ലബ്ബിനെ സ്നേഹിക്കാൻ തുടങ്ങി.”

ഷാക്കാ സഹോദരങ്ങളുമായുള്ള ബന്ധം

സാദിക്കുവിന് ഫുട്ബോൾ പലപ്പോഴും ഒരു കുടുംബകാര്യമാണ്. പ്രശസ്തരായ ഷാക്ക സഹോദരന്മാരായ ഗ്രാനിറ്റ്, ടൗലൻ്റ് എന്നിവരുമായി അദ്ദേഹത്തിന്റെ കുടുംബബന്ധമുണ്ട്. ഒരുമിച്ച് വളർന്നില്ലെങ്കിലും, പിന്നീടുള്ള ജീവിതത്തിൽ അവർ പലപ്പോഴും കണ്ടുമുട്ടിയിരുന്നു. ഒരു ദശാബ്ദക്കാലം സാദികു ടൗലൻ്റിനൊപ്പം അൽബേനിയൻ ദേശീയ ടീമിനായി കളിച്ചു. എഫ്‌സി ബേസലിലായിരുന്ന ഗ്രാനിറ്റിനെതിരെ കളിച്ചിട്ടുണ്ട്.

"അവരും ഞാനും കസിൻസാണ്," സാദിക്കു പറഞ്ഞു. ചെറുപ്പത്തിൽ ഞങ്ങളധികം കണ്ടുമുട്ടിയിരുന്നില്ല. അവർ സ്വിറ്റ്സർലാൻഡിലാണ് വളർന്നത്, ഞാൻ അൽബേനിയയിലും. ഞാൻ സ്വിറ്റ്സർലാൻഡിൽ കളിക്കാൻ പോയപ്പോൾ അവരെ കണ്ടുമുട്ടിയിരുന്നു.

ഇന്ത്യയിലെ മികച്ച ആരാധകർ ആര്?

സ്റ്റേഡിയത്തിലിരുന്നും സ്‌ക്രീനുകൾക്ക് മുന്നിലുമായി ആർത്തുവിളിക്കുന്ന ആരാധകരാണ് ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും കരുത്ത്. അതിശക്തമായ കൂട്ടായ്മയുള്ള കൊൽക്കത്തൻ ക്ലബ്ബുകളും കേരള ബ്ലാസ്റ്റേഴ്‌സുമെല്ലാം ഇതിൽ അവിഭാജ്യഘടകമാണ്. മോഹൻ ബഗാന്റെ ആരാധകരാണ് രാജ്യത്തെ ഏറ്റവും മികച്ചവരെന്ന് അൽബേനിയൻ താരം വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ആരാധകർ കൊൽക്കത്തൻ ടീമിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"മോഹൻ ബഗാൻ ആരാധകരാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധകരെന്ന് ഞാൻ കരുതുന്നു," അദ്ദേഹം അറിയിച്ചു. “അവർ വളരെയധികമുണ്ട്! ഉദാഹരണത്തിന്, കേരളത്തിലെ സ്റ്റേഡിയം നിറഞ്ഞതും മനോഹരവുമാണ്. എന്നാൽ അതിന്റെ ശേഷി 20,000 മാത്രമാകും. ഡെർബി സമയത്ത് നിങ്ങൾ കൊൽക്കത്തയിലേക്ക് പോയാൽ, 65,000 പേരെ കാണാം. പുറത്ത് കാത്ത് നിൽക്കുന്ന 1000 പേരെയും. മോഹൻ ബഗാനിൽ കളിച്ചതിനാൽ എനിക്കതറിയാം. ഒരു മത്സരത്തിന് ശേഷം എനിക്ക് ആയിരത്തോളം മെസ്സേജുകൾ ഇൻസ്റ്റാഗ്രാമിലൂടെ ലഭിക്കാറുണ്ട്. അതിനാൽ അവർ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കാൾ കൂടുതലാണെന്ന് ഞാൻ കരുതുന്നു." - സാദിക്കു നയം വ്യക്തമാക്കി.

നിലവിൽ ഐഎസ്എല്ലിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർമാരിൽ ഒരാളെന്ന നിലയിൽ, സാദികു ഇന്ത്യൻ ഫുട്‌ബോളിൽ തൻ്റെ മുദ്ര പതിപ്പിക്കുന്നത് തുടരുകയാണ്. വിജയം എന്നത് കേവലം പ്രതിഭ കൊണ്ട് മാത്രമല്ല, ഹൃദയവും വിജയിക്കാനുള്ള അചഞ്ചലമായ ആഗ്രഹവും കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിൻ്റെ യാത്ര.

മുഴുവൻ എപ്പിസോഡ് ഇവിടെ കാണാം:

https://youtu.be/Lm7Onmoy5aQ?si=J3xO7-UVudoJptus