ആദ്യ മത്സരത്തിൽ ഒരു ഗോളിന് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്!

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ  മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ഗോവയിലെ ബാംബോലിം ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ച് ആരംഭിച്ച പ്രാരംഭ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ അതികായൻമാരായ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ കളിക്കാനിറങ്ങിയത്. കോവിഡ് സാഹചര്യത്തിൽ ക്ലോസ്ഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

3-5-2 എന്ന ഫോർമേഷനിൽ എ.‌ടി.കെ മോഹൻ ബഗാൻ കളത്തിലിറങ്ങിയപ്പോൾ 4-3-3 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മലയാളി താരങ്ങളായ പ്രശാന്തും സഹൽ അബ്ദുൾ സമദും ആദ്യ പതിനൊന്നിൽ ഇടം നേടിയപ്പോൾ രാഹുൽ കെപി ടീമിൽ ഇടം നേടിയില്ല. ബ്ലാസ്‌റ്റേഴ്‌സിനെ സിഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രീതം കോട്ടലായിരുന്നു എടികെ മോഹൻ ബഗാൻ ടീമിന്റെ നായകൻ.

കേരളാബ്ലാസ്റ്റേഴ്സ് ആദ്യ XI

അൽബിനോ ഗോമസ്, കെ.പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെൽ കാർനെയ്റോ, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച, വിൻസെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പർ

എടികെ മോഹൻ ബഗാൻ ആദ്യ XI

അരിന്ദം ഭട്ടാചാര്യ, മുൻ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാൻ, ടിറി, പ്രീതം കോട്ടൽ, പ്രബിർ ദാസ്, പ്രണോയ് ഹാൽദർ, ഹാവി ഹെർണാണ്ടസ്, കാൾ മക്ഹ്യു, എഡു ഗാർസിയ, മൈക്കിൾ സൂസായ് രാജ്, റോയ് കൃഷ്ണ

കഴിഞ്ഞ ആറു സീസണുകളിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഇത്തവണ ഐഎസ്‌എൽ ചരിത്രത്തിലാദ്യമായി എടികെ മോഹൻ ബഗാൻ ടീമിന് വേണ്ടി ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിലിറങ്ങിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു സിംബാവേ താരവും (കോസ്റ്റ) ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലാദ്യമായി ഒരു അർജന്റീനിയൻ താരവും (ഫാകുണ്ടോ പെരേര) ബ്ലാസ്റ്റേഴ്സിനായി ഇന്നിറങ്ങി.

ആദ്യ പകുതിയിൽ ശ്രെദ്ധേയമായ ഷോട്ടുകളൊന്നും ഉതിർക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. മുപ്പതാം മിനിട്ടിൽ  പരിക്കേറ്റ് പുറത്തായ സൂസായ് രാജിന് പകരം ശുഭാശിഷ് ബോസിനെ എടികെ മോഹൻ ബഗാൻ കളത്തിലിറക്കി. മുപ്പത്തിമൂന്നാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോൾ ശ്രമം കോസ്റ്റ മികച്ച രീതിയിൽ തടഞ്ഞു. 41ആം മിനിട്ടിൽ എ.ടി.കെയുടെ എഡു ഗാർസിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഈ സീസണിലെ ആദ്യ മഞ്ഞക്കാർഡാണ് ഗാർസിയയ്ക്ക് ലഭിച്ചത്. ഇതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന് കിട്ടിയ ഫ്രീകിക്ക് വലയിലെത്തിക്കാൻ കഴിഞ്ഞില്ല. മികച്ച അവസരമായിരുന്നിട്ടും 49 ആം മിനിട്ടില്‍ ജെസെലിന്റെ അത്യുഗ്രന്‍ പാസ്സില്‍ നിന്നും ഗോള്‍ നേടാന്‍ സഹലിന് സാധിച്ചില്ല. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കാനുള്ള സഹലിന്റെ ശ്രമമാണ് പരാജയപ്പെട്ടത്.

60 ആം മിനിട്ടില്‍ നവോറത്തിന് പകരം സെത്യസെന്‍ സിങ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പകരക്കാരനായി ഇറങ്ങി. 62 ആം മിനിട്ടില്‍ കൊല്‍ക്കത്ത രണ്ടാം സബ്ബിനെ ഇറക്കി. പ്രണോയ് ഹാല്‍ദറിന് പകരം മുന്നേറ്റതാരം മന്‍വീര്‍ സിങ്ങ് കളിക്കാനിറങ്ങി. 65 ആം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചെങ്കിലും സെത്യസെന്‍ സിങ്ങിന് അത് ഗോളാക്കി മാറ്റാനായില്ല. എടികെ മോഹൻ ബഗാൻ താരം റോയ് കൃഷണ നേടിയ ഏകപക്ഷീയമായ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു പ്രതിരോധത്തിൽ സംഭവിച്ച പിഴവാണ് ഗോളിന് വഴിതുറന്നത്. റൈറ്റ് വിങ്ങിലൂടെ കുതിച്ചെത്തി മൻവീർ സിങ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് പായിച്ചപ്പോൾ അപകടമൊഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് അവസരമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രധിരോധനിരയുടെ ഒരു നിമിഷത്തെ അശ്രദ്ധ മുതലാക്കി റോയ് കൃഷണ തൊടുത്ത പന്ത് വലതൊട്ടു.

മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബ്ലാസ്റ്റേഴ്സാണ് ഒരുപടി മുന്നിൽ നിന്നത്. എന്നാൽ ലഭിച്ച അവസരങ്ങളിൽ ഒന്ന് പോലും കൃത്യമായി വിനയോഗിക്കാൻ ടീമിനായില്ല. കോസ്റ്റയുടെയും കൊനയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്.കോസ്റ്റക്കും കോനേയ്ക്കുമൊപ്പം മലയാളി താരം പ്രശാന്തും മികച്ച പ്രകടനം കാഴ്ചവച്ചു.

Your Comments

Your Comments