കലിംഗ സ്റ്റേഡിയത്തിൽ ആദ്യ ജയം കുറിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡീഷക്കെതിരായ മത്സരം പിരിഞ്ഞത് സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. രണ്ട് ഗോളുകൾ ലീഡ് എടുത്ത ശേഷമാണ്, കേരളം ആദ്യ പകുതിക്ക് മുന്നോടിയായി തന്നെ സമനില വഴങ്ങിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും നോഹ സദൗയി ഗോൾ നേടിയപ്പോൾ കൊമ്പന്മാരുടെ രണ്ടാം ഗോൾ നേടിയത് ജീസസ് ജിമെനെസാണ്. രണ്ട് ഗോളുകൾക്ക് പുറകിലായ ശേഷം, ബ്ലാസ്റ്റേഴ്‌സ് താരം അലക്സാന്ദ്രേ കോയഫിന്റെ സെൽഫ് ഗോളിൽ ഊർജം കണ്ടെത്തിയ ഒഡീഷയുടെ രണ്ടാം ഗോൾ പിറന്നത് ഡീഗോ മൗറീഷ്യോയിലൂടെയാണ്. നിരന്തര ആക്രമണങ്ങളിലൂടെയാണ് ഇരുടീമുകളും മത്സരത്തിൽ ആധിപത്യം പുലർത്തിയത്.

ഒഡീഷയെടുത്ത ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിയപ്പോൾ പത്തെണ്ണം പുറത്തേക്ക് പോയി. ബ്ലാസ്റ്റേഴ്സിനാകട്ടെ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചു. വിങ്ങുകളിലൂടെ കളിമെനഞ്ഞ ബ്ലാസ്റ്റേഴ്‌സ് 24 ക്രോസുകളാണ് ഒഡീഷയുടെ പെനാൽറ്റി ഏരിയയിൽ എത്തിച്ചത്. അവസാന മത്സരത്തിലെ ആദ്യ പതിനൊന്നിൽ മാറ്റങ്ങൾ ഒന്നും കൂടാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന്റെ സ്‌ക്വാഡുകൾ പ്രഖ്യാപിച്ചത്. ഒഡീഷ നിരയിൽ സേവിയർ ഗാമ പകരക്കാരുടെ നിരയിലേക്കെത്തി.

ഒഡീഷ എഫ്‌സി: അമരീന്ദർ സിംഗ്, അമേയ് റാണവാഡെ, പ്യുട്ടീയ, ഹ്യൂഗോ ബൗമസ്, ഡീഗോ മൗറീഷ്യോ, അഹമ്മദ് ജാഹൂ, മൊർതദ ഫാൾ, ജെറി മാവിഹ്മിംഗ്താംഗ, ജെറി ലാൽറിൻസുവാല, ഐസക് റാൾട്ടെ, തോയ്ബ സിംഗ്

കേരള ബ്ലാസ്റ്റേഴ്സ്: സച്ചിൻ സുരേഷ്, സന്ദീപ് സിംഗ്, രാഹുൽ കെപി, വിബിൻ മോഹനൻ, ജീസസ് ജിമെനെസ്, ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, അലക്സാന്ദ്രേ കോയഫ്, നവോച്ച സിംഗ്, നോഹ സദൗയി

കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി സ്‌ട്രൈക്കർ ജീസസ് ജിമെൻസ് അറ്റാക്കിങ് മിഡിലേക്ക് നീങ്ങിയാണ് കളിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് പ്രെസ്സിങ്ങിന്റെ ചുമതല നൽകി മൈക്കൽ സ്റ്റാറെ നിയോഗിച്ചത് ഡാനിഷ് ഫാറൂഖിനെയും. ബ്ലാസ്റ്റേഴ്സിന്റെ ടച്ചോടു കൂടിയാണ് മത്സരം ആരംഭിച്ചത്. ആദ്യ റൗച്ചിൽ തന്നെ പന്തുമായി മുന്നറ്റ കുതിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അതിവേഗ നീക്കത്തിലൂടെ പന്തുമായി ബോക്സിലെത്തിയ ഡാനിഷ് ഫാറൂഖിനെ മൊർതദ ഫാൾ തടഞ്ഞത് ഒഡിഷക്ക് ആശ്വാസമായി. കേരളത്തിന്റെ തുടർ ആക്രമണങ്ങളുടെ നിരയാണ് തുടർന്ന് മത്സരത്തിലുണ്ടായത്. പ്രത്യാക്രമണങ്ങളുമായി ഒഡീഷയും ചെറുത്തുനിന്നതോടെ കാണികൾക്ക് ആവേശം പകരുന്ന തുടക്കം മത്സരത്തിന് ലഭിച്ചു.

മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ആദ്യ കോർണർ ലഭിച്ചു. അഞ്ചാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും നോഹ നൽകിയ പന്ത്, ഒഡീഷ പ്രതിരോധത്തെ കബളിപ്പിച്ച് എത്തിയത് ഡാനിഷിന്റെ കാലിൽ. ഗോളി മാത്രം മുന്നിലുണ്ടായിട്ടും ഷോട്ട് എടുക്കാൻ താരത്തിനായില്ല.പതിനാലാം മിനിറ്റിൽ ഇടത് വിങ്ങിൽ, വിബിനിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ജീസസിന് പെനാൽറ്റി ഏരിയയിൽ മികച്ച അവസരമൊരുക്കാൻ സാധിച്ചു. പ്രതിരോധ താരങ്ങളെ നട്ട്മെഗ് ചെയ്ത നൽകിയ പന്ത് പക്ഷെ, ഒഡീഷ താരങ്ങൾ തട്ടിയകറ്റി.

പതിനേഴാം മിനിറ്റിൽ അതിമനോഹരമായ സ്കില്ലിലൂടെ പ്രതിരോധത്തിൽ നിന്നും ലഭിച്ച പന്ത് കാലിലെടുത്ത് നൽകിയ പന്ത് പെനാൽറ്റി ഏരിയക്ക് മുന്നിൽ ജീസസിന് ലഭിച്ചു. മുന്നോട്ട് വന്ന പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഇടതു വിങ്ങിലേക്ക് നൽകിയ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ നോഹക്ക് വിനാഴികകൾ മാത്രമേ വേണ്ടിവന്നുള്ളൂ. തുടർച്ചയായ മൂന്നാം മത്സരത്തിലും നോഹ ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ഊർജമേറി. ആ ഊർജം മൂന്ന് മിനിറ്റുകളിൽ അടുത്ത ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് സഹായകമായി. പുറകിൽനിന്നും ലഭിച്ച പന്ത് ഇടതുവിങ്ങിൽ ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച് ബോക്സിലേക്ക് ഇട്ട് നൽകി. ഓടിയെടുത്ത ജീസസ് ലക്ഷ്യം കണ്ടതോടെ കേരളം സ്കോർ ബോർഡിൽ ലീഡ് ഇരട്ടിയാക്കി. സ്കോർ 0-2.

ആദ്യ മിനിറ്റുകളിൽ രണ്ട് വീണതോടെ ഒഡീഷ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. അത് അവസാനിച്ചത് ഇരുപത്തിയൊമ്പതാം മിനിറ്റിലെ കേരളത്തിന്റെ സെൽഫ് ഗോളിൽ. ജെറി ലാൽറിൻസുവാല ഇടത് പാർശ്വത്തിൽ നിന്ന് നൽകിയ ക്രോസിൽ ഒഡീഷ ഒരു കോർണർ നേടുന്നു. രണ്ട് ടച്ചുകൾക്ക് ശേഷം ജാഹൂ നൽകിയ ക്രോസ് പ്രതിരോധിച്ച കേരളത്തിന് തെറ്റി. അഹമ്മദ് ജാഹൂ പെനാൽറ്റി ഏരിയയിലേക്ക് നൽകിയ പന്ത് തടുത്തിടുന്നതിൽ സച്ചിൻ സുരേഷിന്
വന്ന പിഴവ് മത്സരത്തിന്റെ ഗതി തിരിച്ചു. തട്ടിയകറ്റിയ പന്ത് ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മിഡ്ഫീൽഡർ അലക്സാന്ദ്രേ കോയഫിന്റെ ശരീരത്തിൽ തട്ടി അകത്തേക്ക് കയറി. ഗോൾ ലൈനിൽ പന്ത് തട്ടിയകറ്റാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിഫലമായി. റഫറി ഗോൾ അനുവദിച്ചു. സ്കോർ 1-2.

ഡ്രിങ്ക്സ് ഇടവേളക്ക് മുന്നോടിയായി ആദ്യ ഗോൾ നേടിയതിന്റെ ആക്കം ഒഡീഷ നിരയിൽ തുടർന്നും പ്രതിഫലിപ്പിച്ചു. സമനില ഗോളിന് വേണ്ടിയുള്ള ആരാധകരുടെ ആവേശം ഒഡീഷ താരങ്ങളിലേക്ക് ചലനം ചെയ്തപ്പോൾ മുപ്പത്തിയെട്ടാം മിനിറ്റിൽ പിറന്നത് അവരുടെ രണ്ടാം ഗോൾ. ജെറി മാവിഹ്മിംഗ്താംഗ നൽകിയ പന്ത് ബോക്സിലേക്ക് തട്ടിയിട്ട ഡീഗോ മൗറീഷ്യോക്ക് പിഴച്ചില്ല. സ്കോർ 2-2. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഹെഡറിലൂടെ ടീമിനെ മുന്നിലെത്തിക്കാൻ മൊർതദ ഫാളിന് അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച രക്ഷപ്പെടുത്തലിലൂടെ സച്ചിൻ അത് തടഞ്ഞു. ആദ്യ പകുതിയിൽ വീണ നാല് ഗോളുകളോടെ ആവേശ പൂർണമായാണ് മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിൽ അവസരങ്ങൾ രൂപപ്പെടിയാണ് ഇരു ടീമുകളും കളം പിടിച്ചത്. അമ്പത്തിനാലാം മിനിറ്റിൽ ഇരട്ട സബ്സ്റ്റിട്യൂഷനുകളുമായി ഒഡീഷ മുഖം മിനുക്കി. ഡീഗോ മൗറീഷ്യോയ്ക്ക് പകരം റോയ് കൃഷ്ണയും ജെറി മാവിഹ്മിംഗ്താംഗയ്ക്ക് പകരം റഹീം അലിയും കളത്തിലിറങ്ങി. തുടർന്ന്, അടുത്തടുത്ത മിനുട്ടിൽ ഒഡീഷക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചു. സച്ചിൻ തടുത്തിട്ട റോയ് കൃഷ്‌ണയുടെ ഷോട്ട് എത്തിയത് ഐസക്കിന്റെ കാലിൽ. അദ്ദേഹം എടുത്ത വോളി പക്ഷെ, ബോക്സിനു മുകളിലൂടെ കണ്ടാണ് പോയി. തൊട്ടടുത്ത മിനിറ്റിൽ, ജാഹുവിന് ലഭിച്ച പന്തും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

അറുപത്തിയഞ്ചാം മിനിറ്റിൽ വിബിൻ നൽകിയൊരു പാസ്, പ്രതിരോധനിരയെ മറികടന്ന്, ബോക്സിനു മുന്നിൽ രാഹുലിനടുത്ത് എത്തിയെങ്കിലും അമരീന്ദർ മുന്നോട്ട് വന്ന് ആ അവസരത്തെ നിഷ്പ്രഭമാക്കി. രണ്ട് മിനിട്ടുകൾക്ക് ശേഷം നോഹയെടുത്ത ഫ്രീകിക്കിക്കിലേക്ക് ഫാർ പോസ്റ്റിൽ നിന്നും തലവെച്ച മിലോസിന്റെ ഹെഡർ ലക്ഷ്യം കണ്ടില്ല. മിനിട്ടുകൾക്ക് ശേഷം ഡാനിഷ് ഫാറൂഖിനും കോയഫിനും രാഹുൽ കെപിക്കും പകരം ഐമനും ലൂണയും അസ്ഹറും കളത്തിലെത്തി. തുടർന്ന്, മധ്യനിരയുടെ നിയന്ത്രണം അസ്‌ഹറിന്റെയും വിബിന്റെയും കാലിലെത്തി. അവസരങ്ങൾ ഒരുക്കാനായി ലൂണയും തയ്യാറായി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചു. ബ്ലാസ്റ്റേഴ്സിനായി സന്ദീപ് സിംഗിനും ജീസസ് ജിമെനെസിനും പകരം ഹോർമിപം റൂയിവയും ക്വാമെ പെപ്രയും ഇറങ്ങി. ഒഡീഷ നിരയിൽ പ്യുട്ടിയ്ക്ക് പകരം രോഹിത് കുമാർ മധ്യനിരയിലെത്തി. എൺപത്തിയേഴാം മിനിറ്റിൽ തോയ്‌ബ, അമരീന്ദറിന് നൽകിയ അലസമായ പാസ് ലക്ഷ്യമാക്കി മുന്നോട്ട് കുറിച്ച ലൂണക്ക് നിർഭാഗ്യവശാൽ പന്തിനെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. ഒഡീഷയുടെ റോയ് കൃഷണ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വമെ പെപ്രയും അവസാന മിനിറ്റുകളിൽ കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയ ഗോൾ അകന്നുനിന്നു.

മത്സരത്തിലെ താരം

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് തിളങ്ങിയ നോഹ സദൗയിയാണ് ഇന്നത്തെ മത്സരത്തിലെ താരം. ആദ്യ ഗോൾ നേടിയതിനൊപ്പം രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയതും നോഹയാണ്. 13 ക്രോസുകൾ നൽകിയ താരം 6 അവസരങ്ങൾ സൃഷ്ടിച്ചെടുത്തു. ഇന്നത്തെ മത്സരത്തിലെ കണക്കുകൾ ഉൾപ്പെടുത്തിയാൽ, 23 ഗോളുകളും 15 അസിസ്റ്റുമായി 38 ഗോൾ സംഭാവനകൾ നോഹ ഇന്ത്യൻ സൂപ്പർ ലീഗിൽ നൽകിയിട്ടുണ്ട്.

ഇരുവർക്കും ഇനിയെന്ത്?

ഇന്ത്യൻ സൂപ്പർ ലീഗിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ആദ്യ ഇടവേളക്ക് ശേഷം ഒക്ടോബർ 22-ന് ഒഡീഷ എഫ്‌സി കലിംഗ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ ഒക്ടോബർ 20-നു കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിൽ നടക്കുന്ന എവേ മത്സരത്തിൽ ഐഎസ്എല്ലിലെ പുതുമുഖങ്ങളായ മൊഹമ്മദൻസ് സ്പോർട്ടിങ്ങാണ് എതിരാളികൾ.