റിപ്പോർട്ട്: കൊച്ചിയിൽ നോഹോദയം, ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് ആവേശജയം
ഒരു ഗോളടിച്ച് ഒരെണ്ണത്തിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ നോവയാണ് മത്സരത്തിലെ മികച്ച താരം.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ആവേശജയം. കൊച്ചി ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിക്കെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് കൊമ്പൻമാരുടെ തിരിച്ചുവരവ്. ആതിഥേയർക്കായി ക്വമെ പെപ്ര (60'), പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിൽ തിരിച്ചെത്തിയ ജീസസ് ജിമെനെസ് (73'), മൊറോക്കൻ വിങ്ങർ നോവ സദൗയി (90+5') എന്നിവർ ലക്ഷ്യം കണ്ടു. കലിംഗൻ ടീമിനായി ജെറി മാവിഹ്മിംഗ്താംഗയും (4') ഡോറിയും (80') വലകുലുക്കി.
66-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തി 80-ാം മിനിട്ടിലും 83-ാം മിനിട്ടിലും മഞ്ഞക്കാർഡ് വാങ്ങി ഒഡീഷയുടെ കാർലോസ് ഡെൽഗാഡോ മത്സരത്തിനിടെ പുറത്തായിരുന്നു. ഒരു ഗോളടിച്ച് ഒരെണ്ണത്തിന് വഴിയൊരുക്കിയ ബ്ലാസ്റ്റേഴ്സിന്റെ നോവയാണ് മത്സരത്തിലെ മികച്ച താരം.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി: സച്ചിൻ സുരേഷ് (ജികെ), ഹോർമിപാം, ഫ്രെഡി, അഡ്രിയാൻ ലൂണ, ക്വമേ പെപ്ര, പ്രിതം കോട്ടാൽ, കൊറോ സിംഗ്, ഐബൻ, അലക്സാണ്ടർ കോഫ്, നവോച്ച സിംഗ്, നോവ സദൗയി
ഒഡീഷ എഫ്സി: അമരീന്തർ സിംഗ് (ജികെ), അമേയ് റാണവാടെ, രോഹിത്ത് കുമാർ, ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹൂ, മോർത്താദോ ഫാൾ, ജെറി, ജെറി ലാൽറിൻസുവാല, തൊയ്ബ സിംഗ്, റഹീം അലി, ഡോറിയെൽട്ടൺ ഗോമസ്
ഒഡീഷയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി ഡാനിഷ് ഫാറൂഖിനും മിലോസ് ഡ്രൻസിച്ചിനും പകരം പ്രീതം കോട്ടാലും അലക്‌സാണ്ടർ കോഫും ആദ്യ ഇലവനിൽ ഇടം നേടി. വിബിൻ മോഹനൻ, ജീസസ് ജിമെനെസ്, ബിജോയ് വർഗീസ്, ബ്രൈസ് മിറാൻഡ, സോം കുമാർ എന്നിവരെ ബെഞ്ചിലേക്ക് കൊണ്ടുവന്ന പരിശീലകൻ, മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് വിജയപ്രതീക്ഷ പങ്കുവച്ചിരുന്നു. ഒഡീഷ എഫ്‌സിയിൽ കാർലോസ് ഡെൽഗാഡോ, ഹ്യൂഗോ ബൗമസ്, ലാൽതതംഗ ഖൗൾഹിംഗ്, രാഹുൽ കെപി എന്നിവർക്ക് പകരം, ഡീഗോ മൗറീഷ്യോ, അഹമ്മദ് ജാഹൂ, ജെറി മൗമിങ്തങ്ക, തോയ്ബ സിംഗ് എന്നിവർ ആദ്യ ഇലവനിലേയ്ക്ക് കടന്നുവന്നു. ബെഞ്ചിൽ മാറ്റങ്ങളൊന്നും പരിശീലകൻ സെർജിയോ ലോബറ വരുത്തിയില്ല.
പുതിയ താൽക്കാലിക പരിശീലകൻ പുരുഷോത്തമൻ്റെ കീഴിൽ മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സിന് ജയിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് നാലാം മത്സരത്തിലും അതേ മൊമെൻ്റം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു.
ഇന്നത്തെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 16 മത്സരങ്ങളിൽ നിന്നും ആറ് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി 20 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ എഫ്‌സിയാകട്ടെ ലീഗിലെ അഞ്ചാം തോൽവി വഴങ്ങി 16 മത്സരത്തിൽ നിന്നും അഞ്ച് ജയത്തോടെ 21 പോയിന്റുകളോടെ തൊട്ടുമുന്നിൽ നിൽക്കുന്നു.
ആവേശപൂർവം തുടങ്ങിയ മത്സരത്തിൽ ആദ്യ ഗോൾ അതിഥികളുടെ വകയായിരുന്നു. ഒഡീഷയുടെ ഈ സീസണിലെ പുത്തൻ സൈനിംഗ് ഡോറിയെൽട്ടൺ നൽകിയ അനായാസ അസിസ്റ്റിൽ നിന്ന് മത്സരത്തിൽ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ ജെറി മൗമിങ്തങ്ക അദ്ദേഹത്തിൻ്റെ സീസണിലെ നാലാം ഗോൾ കണ്ടെത്തി. പ്രിതം കോട്ടാലിന് നേരെ വന്ന പന്ത് പക്ഷേ ക്ലിയർ ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ആ അവസരം മുതലാക്കി ഡോറി ഇടനെഞ്ച്കൊണ്ട് വഴിതിരിച്ചു പന്തിനെ ജെറിയുടെ കാലിലേയ്ക്ക് നീട്ടി. അനായാസം സച്ചിനെ കാഴ്ചക്കാരനായി അതിഥികൾ കേരളത്തിൻ്റെ വല കുലുക്കി. വഴങ്ങിയ ഗോൾ തിരിച്ചടിക്കാൻ തുടർശ്രമങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ ആദ്യ 25 മിനിറ്റിൽ കിട്ടിയ നാലു കോർണറുകളും, മറ്റവസരങ്ങളും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല.
ഒൻപതാം മിനിറ്റിൽ റഹീം അലി, തനിക്ക് ലഭിച്ച പന്ത് ബോക്സിനു പുറത്തേക്ക് തൊടുത്ത് ഒഡീഷയുടെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. മുപ്പത്തിമൂന്നാം മിനിറ്റിൽ ഡോറിയെൽട്ടൺ തൻ്റെ മഞ്ഞക്കാർഡ് ഏറ്റുവാങ്ങി റഫറിയുടെ ബുക്കിൽ ഇടംപിടിച്ചു.
പെനാൽറ്റി ബോക്സിൽ 38-ാം മിനിറ്റിൽ പെപ്ര നീട്ടിയ പന്ത് വച്ചു മുന്നിലേയ്ക്കോടിയ നോവ, ഒരു ഡൈവ് കമ്മിറ്റ് ചെയ്തു. അതിനു ശിക്ഷയായി ബ്ലാസ്റ്റേഴ്‌സ് താരത്തിനും ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റിനുള്ളിൽ ഒരു മഞ്ഞക്കാർഡ് കണേണ്ടിവന്നു. അമരീന്തറുമായി നോവ കൂട്ടിയിടിച്ചു എന്ന് തോന്നിച്ചിരുന്നുവെങ്കിലും റഫറി കൃത്യമായ കോൾ നടത്തി. റഫറിയുടെ ബുക്കിൽ 42ആം മിനിറ്റിൽ നവോച്ച സിങ്ങും ഇടംപിടിച്ചു. ഇതോടെ നാലാം മഞ്ഞക്കാർഡ് വഴി അദ്ദേഹത്തിന് അടുത്ത മത്സരം നഷ്ടമാകും എന്ന കാര്യവും തീർച്ചയായി.
ഒന്നാം പകുതിക്ക് അനുവദിച്ച നാല് മിനിട്ട് അധികസമയത്ത് കൊറോയുടെ ക്രോസിൽ നിന്നും ലഭിച്ച മികച്ച അവസരം പെപ്ര നഷ്ടപ്പെടുത്തിയതോടുകൂടി ആദ്യ പകുതിക്ക് അവസാനമായി. സീസണിൽ ആറാം തവണ ആദ്യ പതിനഞ്ച് മിനിറ്റിൽ സ്കോർ ചെയ്തു റെക്കോർഡ് ഇട്ട ഒഡീഷ, രണ്ടാം പകുതിയിൽ ആദ്യ മിനിട്ടുകളിൽ കൊമ്പന്മാർക്കുമുന്നിൽ പതറി.
നോവയുടെ ബോക്സിനകത്തെ ഷോട്ടും, തുടർന്ന് വന്ന ലൂണയുടെ കോർണറും രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളെ ആവേശഭരിതമാക്കി. നാൽപ്പത്തിയേഴാം മിനിറ്റിൽ വളതുവിങ്ങിൽ നിന്നും ലൂണ നൽകിയ പാരലൽ പാസ് പക്ഷെ കണക്റ്റ് ചെയ്യാൻ ആരും ഉണ്ടായില്ല എന്നതിനാൽ ബ്ലാസ്റ്റേഴ്സിന് മറ്റൊരു സുവർണ്ണാവസരം രണ്ടാം പകുതിയുടെ തുടക്കത്തിൽ നഷ്ടമായി. അമേയ് റാണവഡെയാണ് ഒടുവിൽ ക്ലിയറൻസ് നടത്തി രക്ഷകനായത്.
അൻപത്തിമൂന്നാം മിനിറ്റിൽ നോവയുടെ മുന്നേറ്റം വീണ്ടും, മത്സരത്തിലെ ബ്ലാസ്റ്റേഴ്സിൻ്റെ പത്താം കോർണറിലേയ്ക്ക് വഴിവച്ചെങ്കിലും അതും അമരീന്തർ തട്ടിയകറ്റി. മൂന്ന് മിനിട്ടുകൾക്ക് ശേഷം നോഹയുടെ മറ്റൊരു ഷോട്ട് പുറത്തേയ്ക്ക് പോയതിനെത്തുടർന്നു ലഭിച്ച പതിനൊന്നാം കോർണർ, ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും ഗോൾ ലൈൻ സേവ് കൊണ്ടു റഹീം അലി ഒഡീഷയുടെ രക്ഷകനായി. ശേഷം പെപ്രയുടെ ഷോട്ടും അമരീന്തറിൻ്റെ മറ്റൊരു രക്ഷപ്പെടുത്തലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തലയിൽ കൈവച്ച് കണ്ടുനിന്നു.
59-ാം മിനിറ്റിൽ കൊറാ സിങ് നൽകിയ മികച്ചൊരു പാസ് ക്വമെ പെപ്ര മനോഹരമായി ഫിനിഷ് ചെയ്തു കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലേയ്ക്ക് എത്തിച്ചു. പ്രതിരോധനിരയേയും ഗോൾകീപ്പറെയും മികച്ച ടച്ചുകളിലൂടെ പലവഴിക്കുവിട്ട പെപ്ര അദ്ദേഹത്തിൻ്റെ മികവ് നാലാം ഗോളോടെ വീണ്ടും തുറന്നുകാട്ടി. കൊറോ സിംഗിൻ്റെ നാലാം അസിസ്റ്റാണ് കൊച്ചിയിലെ ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ പിറന്നത്. തൊട്ടടുത്ത മിനിറ്റിൽ ഒരിക്കൽകൂടി വലകുലുക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും അത് ഓഫ്സൈഡിൽ കുടുങ്ങി അവസാനിച്ചു.
സമനില ഗോളിന് ശേഷം വാശിയോടെ പൊരുതിയ കേരളം, ഒഡീഷയെ രണ്ടാം പകുതിയിൽ പരിപൂർണ്ണപ്രതിരോധത്തിലേയ്ക്ക് തള്ളിയിട്ടു. തൊയ്ബ സിംഗിൻ്റെ ലോങ് റേഞ്ചർ വലിയ വ്യത്യാസത്തിൽ പുറത്തേയ്ക്ക് പോയിയെങ്കിലും ഒഡീഷയുടെ പ്രത്യാക്രമണങ്ങൾക്ക് അത് തുടക്കം കുറിച്ചു. ഈ ഇടവേളകളിൽ ആതിഥേയർ 15 കോർണറുകൾ പൂർത്തിയാക്കി.
72-ാം മിനിറ്റ്, ജീസസ് ഹിമിനസ് തൻ്റെ പത്താം ഗോൾ കണ്ടെത്തി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തേ ഇളക്കിമറിച്ചു. ലൂണ ഇടതുവിങ്ങിൽ നിന്നും നീട്ടിയ ക്രോസ് മനോഹരമായി ഹെഡ്ഡർ പാസാക്കി മാറ്റി നോഹ ജീസസിലേയ്ക്ക് എത്തിച്ചു. ഒറ്റ ടച്ചിൽ അതിനെ വലയ്ക്കകത്തെയ്ക്ക് തിരിച്ചു വിട്ട് ജീസസ് പുറകിൽ നിന്ന കേരളക്കരയെ മുന്നിലേയ്ക്കെത്തിച്ചു.
78-ാം മിനിറ്റിൽ ക്ലിയറൻസ് പിഴവ് മുതലാക്കാൻ ജെറി മൗമ്മിങ്തങ്ക ശ്രമിച്ചു നിർണായക ഏരിയയിൽ ഫ്രീകിക്ക് നേടിയെടുത്തു. പ്രീതം കോട്ടൽ ഒരു മഞ്ഞക്കാർഡ് അതോടൊപ്പം കണ്ടു. ഡിയാഗോ മൗറീഷ്യോ അടിച്ച ഫ്രീക്കിക്ക്, സെക്കണ്ട് ബോളായി ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ശേഷം ബോക്സിൽ സച്ചിൻ്റെ പിഴവിൽ നിന്നും വീണുകിട്ടിയ മൂന്നാം പന്ത് വലയിലേക്ക് വഴിതിരിച്ചു വിട്ടു ഡോറിയേൽട്ടൻ ഗോമസ് സമനില കണ്ടെത്തി.
പകരക്കാരനായി കളിക്കളത്തിൽ എത്തി രണ്ടു മഞ്ഞക്കാർഡ് വാങ്ങിയ കാർലോസ് ഡെൽഗാഡോയുടെ പുറത്താകലോടെ മത്സരത്തിൻ്റെ അവസാന പത്തുമിനിറ്റിന് നാടകീയമായ രീതിയിൽ തുടക്കമായി. 86ആം മിനിറ്റിൽ നോഹയും അമേയ് റാണവാടെയും തമ്മിലുള്ള പോര് ബോക്സിനു പുറത്ത് ഒരു ഡൈവിൽ കലാശിച്ചുവെങ്കിലും റഫറി അതിനെ ഒഡീഷയ്‌ക്ക് അനുകൂലമായി കൃത്യമായ കാൾ നടത്തി.
രണ്ടാം പകുതിയുടെ 7 മിനിറ്റ് ഇഞ്ചുറി ടൈമിൽ, ഒഡീഷ പത്തുപേരുമായാണ് കളിച്ചത്. ഡിയാഗോ മൗറീഷ്യോ മികച്ച റൺ നടത്തിയതുവഴി ഒരു കോർണർ കരസ്ഥമാക്കിയെങ്കിലും അത് ഗോളിലേയ്ക്ക് എത്തുന്നതിൽ നിന്നും സച്ചിൻ അകറ്റി നിറുത്തി. മറുപുറത്ത് ജീസസ്, നവോച്ച നൽകിയ പന്തിൽ ഹെഡ്ഡർ ശ്രമം നടത്തിയെങ്കിലും പന്ത് ഫ്രെയിമിന് പുറത്തേയ്ക്ക് പോയി.
ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ നോഹ സദോയ് വീണ്ടും നിർണായക ലീഡ് കണ്ടെത്തി ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകി. നന്നായി മാർക്ക് ചെയ്ത റഹീം അലിക്ക് പക്ഷെ ഒടുവിൽ നോഹയുടെ ഗോളിന് ഡിഫ്‌ളക്ഷൻ വഴി സഹായിയാകാനായിരുന്നു വിധി. സീസണിലെ ആറാം വിജയം ഇതോടെ കൊമ്പന്മാർ കരസ്ഥമാക്കി തുടർച്ചയായി വീണ്ടും പോയിൻ്റ് പട്ടികയിൽ കുതിപ്പ് നടത്തി.
ഇരുവർക്കും ഇനിയെന്ത്?
ജനുവരി 18-ന് കൊച്ചിയിലെ ഹോം മൈതാനത്ത് നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അടുത്ത മത്സരം. ജനുവരി 22-ന് ബെംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്ക് എതിരെയാണ് ഒഡീഷ എഫ്‌സിയുടെ അടുത്ത മത്സരം.