ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ വിജയകുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്. ജാമി മക്ലറെൻ (28', 40') ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൽബെർട്ടോ റോഡ്രിഗസ് (66') മൂന്നാം ഗോളും കണ്ടെത്തി.

ഇന്നത്തെ മത്സരത്തിലെ തോൽവിയോടെ 20 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോൽവിയുമായി 24 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുന്നു. പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം നടക്കുന്ന വേളയിൽ ഇന്നത്തെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് കനത്ത ആഘാതമാണ് നൽകുന്നത്.

കൊച്ചിയിലെ മൈതാനത്ത് കളിച്ച എല്ലാ മത്സരങ്ങളിലും ജയം കണ്ടെത്തിയെന്ന റെക്കോർഡ് ഭദ്രമാക്കിയാണ് മൂന്ന് പോയിന്റുകളുമായി മോഹൻ ബഗാൻ കേരളം വിടുന്നത്. ലീഗിലെ ഈ സീസണിലെ 15-ാം മത്സരം ജയിച്ച ടീം ഇതടക്കം തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ തോൽവി രുചിച്ചിട്ടില്ല. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ക്ലബ് ഈ ജയത്തോടെ ഷീൽഡിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: സച്ചിൻ സുരേഷ്, സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ, ഹീസസ് ഹിമനസ്, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, ക്വമെ പെപ്ര, മിലോസ് ഡ്രിൻസിച്ച്, കോറൂ സിംഗ്, നവോച്ച സിംഗ്, ലാൽതൻമാവിയ റെന്ത്ലെയ് (അമ്മാവിയ)

മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്: വിശാൽ കൈത്, തോമസ് ആൽഡ്രെഡ്, മൻവീർ സിംഗ്, സുഭാഷിഷ് ബോസ്, ലിസ്റ്റൺ കൊളാക്കോ, ആൽബെർട്ടോ റോഡ്രിഗസ്, ദീപക് ടാംഗ്രി, ജാമി മക്ലറൻ, ദിപ്പേന്ദു ബിശ്വാസ്, ജേസൺ കമ്മിംഗ്സ്, ലാലെങ്മാവിയ റാൾട്ടെ

ചെന്നൈയിനെതിരെ ജയം കണ്ടെത്തിയ അവസാന മത്സരത്തിലെ ആദ്യ പതിനൊന്നിൽ മാറ്റങ്ങൾ ഒന്നും കൂടാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഫ്രെഡി ലല്ലാവ്മ, മുഹമ്മദ് ഐമെൻ, പുതിയ സൈനിങ്‌ കമൽജിത് സിംഗ് എന്നിവർ പകരക്കാരുടെ ബെഞ്ചിൽ ഇടം കണ്ടെത്തി.

പഞ്ചാബിനെതിരെ ആധികാരികമായി ജയിച്ച അവസാന മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളാണ് മോഹൻ ബഗാന്റെ നിരയിലുണ്ടായത്. ഗ്രെഗ് സ്റ്റുവർട്ട്, ആശിഷ് റായ്, സഹൽ അബ്ദുൾ സമദ് എന്നിവർക്ക് പകരം ടോം ആൽഡ്രെഡ്, ജേസൺ കമ്മിംഗ്സ്, ലാലെങ്മാവിയ റാൾട്ടെ (അപ്പൂയ) എന്നിവർ ആദ്യ പതിനൊന്നിലെത്തി. മലയാളി താരം സലാ അദ്നാനെ ബെഞ്ചിലും ഉൾപ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ടച്ചോടുകൂടിയാണ് കൊച്ചിയിലെ മൈതാനത്ത് മത്സരത്തിന് തുടക്കമായത്. ആദ്യത്തെ അഞ്ച് മിനിറ്റുകളിൽ ഇരുടീമുകളും എതിർ ഗോൾവല ലക്ഷ്യമാക്കി കുതിച്ചു. ഇടത് വിങ്ങിൽ സന്ദീപിലൂടെയായിരുന്നു കൊച്ചി ക്ലബ്ബിന്റെ ആദ്യ മിനിറ്റുകളിലെ ആക്രമണങ്ങൾ. ആദ്യത്തെ പത്ത് മിനിറ്റിലേക്ക് മത്സരം കടക്കുമ്പോൾ, ഫൈനൽ തേർഡിൽ അപകടം വിതയ്ക്കുകയായിരിക്കുന്നു മണിപ്പൂരി വിങ്ങർ കോറൂ സിംഗ്. ബോക്സിൽ നിന്നും തുടരെ രണ്ടു ഷോട്ടുകൾ വല ലക്ഷ്യമാക്കി ഉതിർത്തെങ്കിലും വന്മതിൽ പോലെ സുഭാശിഷ് ബോസ് ഉറച്ചു നിന്നത് കൊമ്പന്മാർക്ക് വിനയായി.

പന്തവകലാശം നിലനിർത്തി മത്സരം കൈലൊതുക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. കൊൽക്കത്തൻ ക്ലബ്ബിൽ നിന്നും നിന്നും ലഭിക്കുന്ന പന്ത് അതിവേഗം തിരിച്ചു പിടിച്ച് ആക്രമണത്തിന് വഴിയൊരുക്കാൻ ശ്രമിച്ച ആതിഥേയർ തുടർ നീക്കങ്ങളും ഷോട്ടുകളുമായി എതിർ നിരയെ വിറപ്പിച്ചു.

26-ാം മിനിറ്റിൽ അമ്മാവിയ എടുത്ത ഷോട്ട് വലത്തേക്ക് ഡൈവ് ചെയ്ത അത്യുഗ്രൻ സേവിലൂടെ രക്ഷപ്പെടുത്തി വിശാൽ കൈത്ത് കൊച്ചിയിൽ ഉദിച്ചു. എന്നാൽ, മത്സരത്തിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ ആക്കത്തെ അടുത്ത രണ്ടു മിനിറ്റിനുള്ളിൽ മക്ലാരനിലൂടെ മോഹൻ ബഗാൻ സഡൻ ബ്രേക്കിട്ട് നിർത്തി.

28-ാം മിനിറ്റിൽ ഇടത് വിങ്ങിലൂടെ ലിസ്റ്റൻ കൊളാസോയുടെ കുതിപ്പ് അവസാനിച്ചത് മോഹൻ ബഗാന്റെ ഗോളിൽ. രണ്ടു മഞ്ഞക്കുപ്പായക്കാരെ വെട്ടിയൊയൊഴിഞ്ഞ് ചെറു ചുവടുകളോടെ ബോക്സിലെത്തിയ താരം, അവിടെ മക്ലാരനെ കണ്ടെത്തി. ഗോൾകീപ്പറുടെ തൊട്ടടുത്ത് നിന്നും അദ്ദേഹമെടുത്ത ഷോട്ട് വലയിലെത്തി. മോഹൻ ബഗാൻ കൊച്ചിയിൽ ലീഡ് നേടി. സ്കോർ 0 - 1.

ഗോൾ വഴങ്ങിയെങ്കിലും സമയം പാഴാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്ക് തിരികെയെത്തി. എന്നാൽ, ആക്രമണത്തിലൂന്നി മുന്നേറി അതിഥികളെ പ്രതിരോധത്തിലാക്കി സമനില കണ്ടെത്തി മത്സരത്തിന്റെ ഗതി തിരിക്കാമെന്ന മോഹത്തിൽ മക്ലാരൻ വീണ്ടും കരിനിഴൽ വീഴ്ത്തി. ഇത്തവണ വഴിയൊരുക്കിയത് ജേസൺ കമ്മിങ്സ്.

40-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ആക്രമണത്തിന്റെ ബാക്കിയായി വീണു കിട്ടിയ പന്തെടുത്ത് അതിവേഗം കുതിച്ച കമ്മിങ്സ്, മക്ലാരന്റെ തലക്ക് മുകളിലൂടെ മുന്നിലേക്കിട്ട് കൊടുക്കുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടന്ന് കുതിച്ച ഓസ്‌ട്രേലിയൻ താരം ഫസ്റ്റ് ടൈം ഷോട്ടിൽ, ഒരു ഹാഫ് വോളിയിലൂടെ സച്ചിനെ മറികടന്ന് വലകുലുക്കുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മോഹൻ ബഗാൻ എസ്ജി രണ്ട് ഗോളുകൾക്ക് മുന്നിൽ. സ്കോർ 0 - 2.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അപകടകാരിയാണെന്ന് ഈ സീസണിൽ പലതവണ കാണിച്ചു തന്നിരുന്നു. കൊച്ചിയിൽ അവസാന പാതി കളിക്കാനിറങ്ങിയ കേരള ആദ്യ മിനിറ്റുകളിൽ മോഹൻ ബഗാന്റെ ഫൈനൽ തേർഡിലേക്ക് നിരന്തരം കടന്നു കയറി. പക്ഷെ, കൃത്യമായി ഗോളിലേക്ക് എത്തുന്ന അവസരങ്ങൾ രൂപപ്പെടുത്താൻ ടീമിന് കഴിഞ്ഞില്ല.

ആദ്യ പകുതിക്ക് സമാനമായി കളത്തിൽ പന്തവകാശം നിലനിർത്തി കളി നിയന്ത്രിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ആക്കം ഇല്ലാതാക്കി മോഹൻ ബഗാൻ ലീഡ് വീണ്ടുമുയർത്തിയത് ആതിഥേയർക്ക് നിരാശ നൽകി. 66-ാം മിനിറ്റിൽ ബോക്സിനു മുന്നിൽ നിന്നും മാറിനേഴ്സ് എടുത്ത ഫ്രീ കിക്ക് കൃത്യമായി തട്ടി അകറ്റാത്തതാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. ബോക്സിൽ പന്ത് ലഭിച്ച റോഡ്രിഗസ് എടുത്ത ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിൽ. സ്കോർ 3-0.

മൂന്നാം ഗോൾ വീണ ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാനായി കൊച്ചി ക്ലബ് കിണഞ്ഞു ശ്രമിച്ചെങ്കിലും, കാരിരുമ്പിന്റെ കരുത്തോടെ ഉയർന്ന കൊൽക്കത്തൻ ക്ലബ്ബിന്റെ പ്രതിരോധം അവയെല്ലാം നിഷ്പ്രഭമാക്കി.

ഇരുവർക്കും ഇനിയെന്ത്?

ഫെബ്രുവരി 22-ന് ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഫെബ്രുവരി 23-ന് കൊൽക്കത്തയിലെ ഹോം മൈതാനമായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ എഫ്‌സി ഗോവക്കെതിരെയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ അടുത്ത മത്സരം.