റിപ്പോർട്ട്: ഛേത്രിക്ക് ഹാട്രിക്ക്, കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
മൂന്ന് ഗോളടിച്ച് മത്സരത്തിന്റെ ഗതി നിർണയിച്ച നാല്പതുകാരനായ സുനിൽ ഛേത്രിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
സുനിൽ ഛേത്രിയുടെ ഹാട്രിക്ക് മികവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്‌സിക്ക് ഉജ്ജ്വല വിജയം. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സതേൺ റൈവൽറിയിൽ ബ്ലൂസിന്റെ വിജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്. ജെറാർഡ് സരഗോസയുടെ ടീമിനായി ഛേത്രിയുടെ ഹാട്രിക്കിനൊപ്പം (8', 73', 90+8') റയാൻ വില്യംസ് (38) ഒരു ഗോൾ നേടി. അതിഥികൾക്കായി ജീസസ് ജിമെനസ് (56), ഫ്രെഡി ലല്ലാവ്മ (67) എന്നിവർ വലകുലുക്കി. മൂന്ന് ഗോളടിച്ച് മത്സരത്തിന്റെ ഗതി നിർണയിച്ച നാല്പതുകാരനായ സുനിൽ ഛേത്രിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
ഇന്നത്തെ ജയത്തോടെ ബെംഗളൂരു എഫ്‌സി പതിനൊന്ന് മത്സരങ്ങളിൽ നിന്നും ഏഴ് ജയവും രണ്ട് വീതം സമനിലയും തോൽവിയുമായി 23 പോയിന്റുകൾ നേടി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആകട്ടെ, പതിനൊന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ആറ് തോൽവിയുമായി 11 പോയിന്റുകളുമായി പത്താം സ്ഥാനത്തും.
ഐഎസ്എല്ലിന്റെ നിലവിലെ സീസണിൽ സ്വന്തം ഹോമിൽ അപരാജിതരാണ് ബെംഗളൂരു എഫ്‌സി. ഇന്നത്തെ മത്സരത്തിലെ ജയം ആ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. ഒപ്പം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ട് മത്സരങ്ങളും ബ്ലൂസ് ജയിച്ചുകയറി.
ബെംഗളൂരു എഫ്‌സി: ഗുർപ്രീത് സിംഗ് സന്ധു (ജികെ), രാഹുൽ ഭേക്കെ, അലക്‌സാണ്ടർ ജോവനോവിച്ച്, ഹർഷ് പത്രെ, റയാൻ വില്യംസ്, സുരേഷ് വാങ്‌ജാം, സുനിൽ ഛേത്രി (സി), എഡ്ഗർ മെൻഡസ്, പെഡ്രോ കാപ്പോ, നിഖിൽ പൂജാരി, നൗറെം റോഷൻ സിംഗ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി: സച്ചിൻ സുരേഷ് (ജികെ), സന്ദീപ് സിംഗ്, ഹോർമിപാം, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, ജീസസ് ജിമെനെസ്, അഡ്രിയാൻ ലൂണ (സി), കോറൂ സിംഗ്, അലക്സാന്ദ്രേ കോഫ്, നവോച്ച സിംഗ്, നോവ സദൗയി
ഒഡീഷയോട് കലിംഗയിൽ തോറ്റ ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ബെംഗളൂരു എഫ്‌സി ഹോമിൽ ഇറങ്ങിയത്. ചിംഗ്‌ലെൻസന, വിനിത് വെങ്കിടേഷ്, ഹോർഹെ ഡയസ് എന്നിവർക്ക് പകരം ഹർഷ് പത്രെ, റയാൻ വില്യംസ്, സുനിൽ ഛേത്രി എന്നിവർ ആദ്യ പതിനൊന്നിലെത്തി. മോനിറുൾ മൊല്ല പകരക്കാരുടെ നിരയിലേക്കെത്തി. എഫ്‌സി ഗോവയോട് കൊച്ചിയിലെ ഹോമിൽ തോൽവി വഴങ്ങിയ ടീമിലെ ആദ്യ പതിനൊന്നിൽ മൂന്ന് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സും വരുത്തി. മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, രാഹുൽ കെപി എന്നിവർക്ക് പകരം സന്ദീപ് സിംഗ്, കോറൂ സിംഗ്, അലക്‌സാണ്ടർ കോഫ് എന്നിവരെത്തി.
ബെംഗളൂരു എഫ്‌സിയുടെ ടച്ചോടുകൂടിയാണ് മത്സരം ആരംഭിച്ചത്. ആദ്യത്തെ അഞ്ച് മിനിറ്റുകളിൽ ഇരു ടീമുകളും ഗോളിലേക്ക് കണ്ണും നട്ട് അവസരങ്ങൾക്ക് രൂപം നൽകി. അത്തരമൊരു അവസരത്തിൽ സുനിൽ ഛേത്രിയിലൂടെ ബ്ലൂസ് മത്സരത്തിൽ അതിവേഗം ലീഡ് കരസ്ഥമാക്കി.
എട്ടാം മിനിറ്റിൽ വിങ്ങിലൂടെ കുതിച്ച റയാൻ വില്യംസിന്റെ ക്രോസിലേക്ക് കുതിച്ചു ചാടിയ മുൻ ഇന്ത്യൻ ഇന്റർനാഷണലിന് പിഴച്ചില്ല. ഒപ്പം ചാടിയ യെല്ലോ ആർമിയുടെ പ്രതിരോധ താരം ഹോർമിപാമിന് മുകളിലൂടെ അദ്ദേഹം പന്ത് വലയിലേക്ക് ചെത്തിയിട്ടു. സ്വന്തം കാണികൾക്ക് മുന്നിൽ മുൻ കിരീട ജേതാക്കൾ ലീഡ് കണ്ടെത്തി. സ്കോർ 1 - 0. ആദ്യ ഗോളിന്റെ ഊർജം ബെംഗളുരുവിനെ മത്സരത്തിൽ താളം കണ്ടെത്താൻ സഹായിച്ചു. എന്നാൽ, ആദ്യ ഇരുപത് മിനിട്ടുകൾക്ക് ശേഷം കേരളം പതിയെ മത്സരത്തിലേക്ക് കടന്നു വന്നു. എന്നാൽ ലക്ഷ്യം അകന്നുനിന്നു. ബംഗളുരുവിനെതിരെ കടുത്ത പ്രെസ്സിങ് നടത്തി അവർ.
ഡ്രിങ്ക്സ് ഇടവേളക്ക് ശേഷം, കേരളത്തിന് ഗോൾ കണ്ടെത്താൻ ഒരു സുവർണാവസരം ലഭിച്ചു. 33-ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും നോവയെടുത്ത ഷോട്ട്, ഗുർപ്രീത് സിംഗ് സന്ധു തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് തൊടുത്ത വിബിന് ലക്ഷ്യം കാണാനായില്ല. തൊട്ടടുത്ത മിനിറ്റിൽ, ബോക്സിനുള്ളിൽ ലൂണക്ക് പന്ത് കിട്ടിയെങ്കിലും ഷോട്ട് എടുക്കാൻ കഴിയാതെ പെനാൽറ്റി ഏരിയയ്ക്ക് പുറത്തേക്ക് നൽകി. ഷോട്ട് എടുത്ത ഫ്രഡിക്കും ഗുർപ്രീതിനെ പരീക്ഷിക്കാനായില്ല.
38-ാം മിനിറ്റിൽ ബ്ലൂസിനെതിരെയുള്ള കടുത്ത പ്രെസിങ് കേരളത്തിന് തിരിച്ചടിയായി. ഇരുവശത്തേക്കും ആക്രമണങ്ങൾ തുടരെ അരങ്ങേറുന്ന സമയത്ത്, ബെംഗളൂരു മത്സരത്തിൽ തങ്ങളുടെ ലീഡ് ഒന്നുകൂടി ഉറപ്പിച്ചു. എതിർ ടീമിന്റെ ബാക്ക് ലൈൻ തകർത്ത് മെൻഡെസ് വലതു വിങ്ങിൽ വില്യംസിനെ കണ്ടെത്തി. ബോക്സിലേക്ക് മുറിച്ചുകടന്ന ഓസ്‌ട്രേലിയൻ വിങ്ങർ, ഹോർമിപാമിനെ മറികടന്ന് ബോക്സിന്റെ ഇടത് മൂലയിലേക്ക് തൊടുത്ത പന്ത് വലയിലേക്ക് കടന്നു. സ്കോർ 2 - 0. ബെംഗളൂരു സ്വന്തം കാണികൾക്ക് മുന്നിൽ ലീഡ് ഇരട്ടിയാക്കി.
40-ാം മിനിറ്റിൽ സുരേഷ് വാങ്‌ജത്തിന്റെ ഫൗളിൽ പരിക്കേറ്റതോടെ കൊമ്പന്മാരുടെ മധ്യനിരയിലെ നട്ടെല്ലായിരുന്ന വിബിൻ മോഹനന് കളം വിടേണ്ടി വന്നു. പകരക്കാരനായി ഡാനിഷ് ഫാറൂഖ് മൈതാനത്തെത്തി. കൂടുതൽ പന്തവകാശത്തോടെ കൂടുതൽ ഷോട്ടുകളുമായി ആദ്യ പകുതിയിൽ കേരളം മത്സരത്തിൽ നിറഞ്ഞെങ്കിലും ഫലം അനുകൂലമായില്ല. എടുത്ത ഷോട്ടുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. ആറെണ്ണം പുറത്തു പോയി. ബെംഗളുരുവിന്റെ രണ്ടെണ്ണം ലക്ഷ്യം കണ്ടപ്പോൾ, അവ അവസാനിച്ചത് ഗോളിൽ. മൂന്നെണ്ണം ലക്ഷ്യം കണ്ടില്ല. 10നെതിരെ 15 ക്രോസുകളാണ് അതിഥികൾ നടത്തിയത്.
ആവേശത്തോടെയാണ് മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ചത്. തുടർച്ചയായി കേരള ബ്ലാസ്റ്റേഴ്‌സ്, ബ്ലൂസിന്റെ പ്രതിരോധത്തിൽ അപകടങ്ങൾ സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ സന്ദീപ് തൊടുത്ത ക്രോസിലൂടെ ജിമെനെസ് ബോക്‌സിൻ്റെ മധ്യഭാഗത്ത് നിന്നുമെടുത്ത ഹെഡ്ഡർ ഗുർപ്രീത് രക്ഷപ്പെടുത്തി. ശേഷം, ലഭിച്ച കോർണറിൽ നിന്നുമുള്ള പന്തിൽ നിന്നും നോവയെടുത്ത ഷോട്ടിനും അദ്ദേഹത്തെ മറികടക്കാനായില്ല. തൊട്ടടുത്ത മിനിറ്റിൽ ബെംഗളൂരു ബോക്സിന് മുന്നിൽ മൊറോക്കൻ വിങ്ങറെടുത്ത ഫീ കിക്ക് ലക്ഷ്യം കണ്ടെത്തിയില്ല.
53-ാം മിനിറ്റിൽ മഞ്ഞക്കാർഡിലായിരുന്ന സുരേഷ് സിംഗിന് പകരം ലാൽറെംത്ലുവാംഗ ഫനായി ആതിഥേയർക്കായി രംഗത്തെത്തി. ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ വഴങ്ങിയതിന്റെ പതർച്ചയിൽ നിന്നും ഉണർന്നു കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി രണ്ടാം പകുതിയിൽ ആക്രമണം വീണ്ടും കടുപ്പിച്ചു. 56-ാം മിനിറ്റിൽ ജിമെനെസിലൂടെ കേരളം മറുപടി ഗോൾ കണ്ടെത്തി. മധ്യനിരയിൽ നിന്നും ലൂണ നൽകിയ ഓവർ ഹെഡ് ബോൾ ഇടത് വിങ്ങിൽ നോവയെ കണ്ടെത്തി. ബോക്സിൽ ഭേകെ മറികടന്ന് അദ്ദേഹം നൽകിയ പന്ത് എത്തിയത് മാർക്ക് ചെയ്യപ്പെടാതിരുന്ന ജിമെൻസിന്റെ കാലിൽ. സ്പാനിഷ് താരം അനായാസമായി പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. സ്കോർ 2 - 1.
63-ാം മിനിറ്റിൽ എഡ്ഗാർ മെൻഡസിന് പകരം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹോർഹെ ഡയസ് ബെംഗളുരുവിനായി ഇറങ്ങി. ആദ്യ ഗോളിന്റെ ആവേശം കൊമ്പന്മാർക്ക് കൂടുതൽ ആവേശം നൽകി. 65-ാം മിനിറ്റിൽ നോവയുടെ ആക്രമണം കലാശിച്ചത് കേരളത്തിന് അനുകൂലമായ കോർണറിൽ. ചുരുക്കിയെടുത്ത കോർണറിലൂടെ പന്ത് വിങ്ങിൽ ലൂണയുടെ കാലിൽ. അദ്ദേഹമെടുക്കുന്ന മനോഹരമായ ക്രോസ് ഫാർ പോസ്റ്റിൽ ഫ്രഡിയെ കണ്ടെത്തുന്നു. അദ്ദേഹം പന്ത് വലയിലേക്ക് ചെത്തിയിടുന്നതോടെ കേരളം സമനില ഗോൾ കണ്ടെത്തി. സ്കോർ 2 - 2.
എന്നാൽ, എവേ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ആവേശം അധികനേരം നിലനിന്നില്ല. 73-ാം മിനിറ്റിൽ ക്ലബ് ഇതിഹാസം ഛേത്രി മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളിലൂടെ ബ്ലൂസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കോഫിനെ മറികടന്ന് പന്ത് പിടിച്ചെടുത്ത ഹോർഹെ ഡയസ്, എതിരാളികളെ വെട്ടിയൊഴിഞ്ഞു ബോക്സിൽ ഛേത്രിക്ക് സ്ക്വയർ ചെയ്ത നൽകുന്നു. നിസാരമായി അദ്ദേഹം അത് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 3 - 2.
ഗോൾ വഴങ്ങിയതോടെ, മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ ടീമിൽ മൂന്ന് മാറ്റങ്ങൾ ഒരുമിച്ച് നടത്തി. സന്ദീപ് സിംഗിന് പകരം പ്രബീർ ദാസും അലക്സാന്ദ്രേ കോഫിന് പകരം ക്വമെ പെപ്രയും കോറൂ സിങിന് പകരം പ്രീതം കൊട്ടാലും കളത്തിലെത്തി.
അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ആഞ്ഞു ശ്രമിച്ചു. തുടർ ഷോട്ടുകളും കോർണറുകളുമായി അതിഥികൾ എതിരാളികളുടെ ബോക്സിന് മുന്നിൽ നിറഞ്ഞു കളിച്ചു. യെല്ലോ ആർമി കടുത്ത ആക്രമണത്തിനൊരുങ്ങിയതോടെ പ്രത്യാക്രമണത്തിൽ ബെംഗളുരു അവസരങ്ങൾ സൃഷ്ടിച്ചു. അതിന്റെ ഫലമായി ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തിൽ സുനിൽ ഛേത്രി തന്റെ ഹാട്രിക്ക് തികച്ചു. പ്രതിരോധത്തിൽ നിന്നും ചിംഗ്‌ലെസന ഉയർത്തിവിട്ട പന്ത്, ബോക്സിൽ അദ്ദേഹത്തെ തേടിയെത്തി. പന്ത് മനോഹരമായ നിയന്ത്രിച്ച മുൻ ദേശീയ ടീം ക്യാപ്റ്റൻ യാതൊരുവിധ സംശയങ്ങൾക്കും ഇടം നൽകാതെ വലയിലെത്തിച്ച് ടീമിന്റെ ജയം ഉറപ്പാക്കി. സ്കോർ 4 - 2. ഐഎസ്എല്ലിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഛേത്രി മാറി.
ഇരു ടീമുകൾക്കും ഇനിയെന്ത്?
ഡിസംബർ 14-ന് സ്വന്തം മൈതാനത്ത് എഫ്‌സി ഗോവക്ക് എതിരെയാണ് ബെംഗളൂരു എഫ്‌സിയുടെ അടുത്ത മത്സരം. അതെ ദിവസം, കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയൻസ്റ്റിനെ നേരിടും.