ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളത്തിനെതിരെ ഹൈദരാബാദ് എഫ്‌സിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഹൈദരാബാദിനായി ആന്ദ്രെ ആൽബ ഇരട്ടഗോളുകൾ നേടി. സ്വന്തം മൈതാനത്ത് കേരളത്തിന്റെ ആശ്വാസ ഗോൾ പിറന്നത് ജീസസ് ജിമെനെസിൽ നിന്നാണ്.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലെ ജയത്തോടെ, ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഹൈദരാബാദ് എഫ്‌സി ഏഴ് പോയിന്റുകളുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയും നാല് തോൽവിയുമായി എട്ട് പോയിന്റുകളുമായി പത്തം സ്ഥാനത്തും.

മത്സരം അവസാനിക്കുമ്പോൾ അറുപത്തിയെട്ട് ശതമാനത്തിന് മുകളിൽ പന്തവകാശം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. മുപ്പത്തിയാറു ക്രോസുകൾ നടത്തിയെങ്കിലും ഒന്ന് പോലും ഗോളിൽ അവസാനിച്ചില്ല. ഹൈദരാബാദ് എടുത്ത ഷോട്ടുകളിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടപ്പോൾ, കേരളത്തിന്റെ ലക്ഷ്യം കണ്ടെത് രണ്ടെണ്ണം മാത്രം. എവേ മൈതാനത്ത് ആദ്യം ഗോൾ വഴങ്ങിയ ശേഷം ആദ്യമായാണ് ഹൈദരാബാദ് ഒരു മത്സരത്തിൽ വിജയിക്കുന്നത്.

മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരത്തിലെ ആദ്യ പതിനൊന്നിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരെ ഇറങ്ങിയത്. ഒപ്പം, പരിക്ക് മൂലം അവസാന മത്സരങ്ങളിൽ ടീമിനൊപ്പമില്ലാതിരുന്ന മുന്നേറ്റ താരം നോഹ സദൗയി പകരക്കാരുടെ നിരയിലേക്കെത്തി.

മുംബൈക്ക് എതിരായ മത്സരത്തിൽ ഇരട്ട മഞ്ഞകാർഡുകൾ വാങ്ങി സസ്പെൻഷനിലായ ക്വമെ പെപ്രക്ക് ഇന്നത്തെ മത്സരം കളിക്കാൻ സാധിക്കില്ല. പെപ്രക്ക് ഒപ്പം കഴിഞ്ഞ മത്സരം കളിച്ച പ്രീതം കോട്ടൽ, ഡാനിഷ് ഫറൂഖ് എന്നിവർക്ക് പകരമായി മീലൊസ് ഡ്രിൻസിച്ച്, മുഹമ്മദ് ഐമൻ, കൊറൂ സിംഗ് എന്നിവർ യെല്ലോ ആർമിയുടെ ആദ്യ പതിനൊന്നിലേക്കെത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരത്തിന്റെ ആദ്യ പതിനൊന്നിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊറൂ സിംഗ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമാണ്.

ഹൈദരാബാദ് എഫ്‌സിയുടെ നിരയിൽ, ആദ്യ പതിനൊന്നിൽ സൈ ഗോദാർദിന് പകരം മലയാളി താരം അഭിജിത്ത് പിഎ സ്ഥാനം പിടിച്ചു. ഹൈദരബാദിന്റെ പുതിയ സൈനിങ്‌ എഡ്മിൽസൺ കൊറിയ ബെഞ്ചിലും ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി: സന്ദീപ് സിംഗ്, ഹോർമിപാം, വിബിൻ മോഹനൻ, ജീസസ് ജിമെനെസ്, അഡ്രിയാൻ ലൂണ (സി), മിലോസ് ഡ്രിൻസിച്ച്, മുഹമ്മദ് ഐമെൻ, കൊറൂ സിംഗ്, അലക്സാന്ദ്രേ കോഫ്, സോം കുമാർ (ജികെ), നവോച്ച സിംഗ്

ഹൈദരാബാദ് എഫ്‌സി: മുഹമ്മദ് റാഫി, അലക്‌സ് സജി (സി), ആന്ദ്രെ ആൽബ, പരാഗ് ശ്രീവാസ്, അലൻ മിറാൻഡ, റാംഹ്‌ലുൻചുംഗ, അഭിജിത്ത് പിഎ, ഐസക് വന്മൽസാവ്മ, ലാൽബിയാഖ്‌ലുവ ജോങ്‌ടെ (ജികെ), സ്റ്റെഫാൻ സാപിക്, അബ്ദുൾ റബീഹ്

കേരളത്തിന്റെ ആക്രമണത്തിലൂടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകൾ മുതൽ ഹൈദരബാദിന്റെ പെനാൽറ്റി ഏരിയയിൽ കേരളം അപകടങ്ങൾ രൂപപ്പെടുത്താൻ തുടങ്ങി. രണ്ടാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും, ലക്‌ഷ്യം കണ്ടെത്താൻ സന്ദീപിന് സാധിച്ചില്ല. എട്ടാമത്തെ മിനിറ്റിൽ ഐമൻ വലത് വിങ്ങിലൂടെ ആക്രമണം നടത്തിയെങ്കിലും, അദ്ദേഹം ബോക്സിലേക്ക് നൽകിയ പന്ത് ലക്ഷ്യതരാതെ കണ്ടെത്തിയില്ല.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ച ആദ്യ മത്സരത്തിൽ തന്നെ കളത്തിൽ ചലനമുണ്ടാക്കാൻ പതിനേഴുകാരനായ കൊറൂ സിങിന് കഴിഞ്ഞു. പതിമൂന്നാം മിനിറ്റിൽ, ഇടത് വിങ്ങിലൂടെ പന്തുമായി ഓടിയെത്തിയ താരം, പരാഗ് ശ്രീവാസിനെ മികച്ച പന്തടക്കത്തോടെ മറികടന്ന് ബോക്സിലേക്ക് കടന്ന് പന്ത് ജീസസിന് മുന്നിലേക്കെത്തിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗോൾഡൻ ബൂട്ട് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള ജീസസിന് ലക്ഷ്യം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. കേരളം കൊച്ചിയിലെ ആരാധകരെ സാക്ഷിയാക്കി മത്സരത്തിൽ മുന്നിലെത്തി. സ്കോർ 1 - 0. ഇന്ത്യൻ സൂപ്പർ ലീഗിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കോറൂ സിംഗ് മാറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങിയതോടെ, ഹൈദരാബാദ് ആക്രമിച്ച കളിക്കാൻ തുടങ്ങി. ലോങ്ങ് ത്രോകൾ എടുക്കുന്നതിൽ മിടുക്കരായ പരാഗും മുഹമ്മദ് റാഫിയും ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് എറിഞ്ഞ പന്തുകൾ, അപകടങ്ങൾ സൃഷ്ടിക്കാനുതകുന്നതായിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റിൽ ഐമനും ലൂണയും ചേർന്ന് നടത്തിയ ആക്രമണം ലക്ഷ്യത്തിലെത്തിക്കാൻ ജീസസിന് കഴിഞ്ഞെങ്കിലും, റഫറി ഓഫ്‌സൈഡ് വിളിച്ചു.

മുപ്പത്തിമൂന്നാം മിനിറ്റിൽ, കേരളം മത്സരത്തിലെ ആദ്യ സബ്സ്റ്റിട്യുൻ നടത്തി. പരിക്ക് മൂലം കളം വിട്ട മുഹമ്മദ് ഐമന് പകരം ഫ്രെഡി ലല്ലാവ്മ കളത്തിലെത്തി. ഫ്രെഡി കോഫിനൊപ്പം ഡിഫെൻസിവ് മിഡിൽ സ്ഥാനമുറപ്പിച്ചതോടെ വിബിൻ മോഹനൻ കളി മെനയാൻ അറ്റാക്കിങ് മിഡിലേക്കും ലൂണ വിങ്ങിലേക്കും ചേക്കേറി. മുപ്പത്തിയാറാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടാൻ കേരളത്തിന് അവസരമുണ്ടായി. വിങ്ങിൽ നിന്ന് കോറൂ നൽകിയ ക്രോസ് ലക്ഷ്യത്തിലെത്തിക്കാൻ പക്ഷെ ജീസസിന് കഴിഞ്ഞില്ല.

നാല്പത്തിമൂന്നാം മിനിറ്റിൽ, തുടർ ആക്രമണങ്ങളെ ലക്ഷ്യത്തിലെത്തിച്ച് ഹൈദരാബാദ് എഫ്‌സി മത്സരത്തിലെ ആദ്യ ഗോൾ നേടി. വിങ്ങിലൂടെ കുതിക്കുകയായിരുന്ന പരാഗിനെ ലക്ഷ്യം വെച്ച് റാംഹ്‌ലുൻചുംഗ നൽകിയ പന്താണ് ഹൈദരാബാദിനെ കാലത്തിലേക്ക് തിരികെയെത്തിച്ചത്. പരാഗ് ബോക്സിലേക്ക് നൽകിയ പന്ത് ആന്ദ്രേ ആൽബ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നോക്കിനിൽക്കെ ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 1 - 1. ആദ്യ പകുതി അവസാനിച്ചപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ സബ്സ്റ്റിട്യൂഷനുകളുമായാണ് ഇരു ടീമുകളും കളത്തിലെത്തിയത്. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിട്ടുന്ന നോഹ സദൗയി അലക്സന്ദ്രേ കോഫിന് പകരക്കാരനായി കളത്തിലെത്തി. ഹൈദരാബാദ് നിരയിൽ അഭിജിത്തിന് പകരം പുതിയ സൈനിങ്‌ എഡ്മിൽസൺ കൊറിയയും ഐസക് വന്മൽസാവ്മക്ക് പകരമായി ലെന്നി റോഡ്രിഗസും മൈതാനത്തെത്തി. പകരക്കാരനായി എത്തിയ എഡ്മിൽസൺ കൊറിയ രണ്ടാം പകുതിയിൽ കേരളത്തിന്റെ പ്രതിരോധത്തെ ഭീതിയിലാഴ്ത്തി. സോം കുമാറിന്റെ സമയോചിതമായി ഇടപെടൽ ഗോൾ വഴങ്ങുന്നതിൽ നിന്നും കേരളത്തെ രക്ഷിച്ചു.

അൻപത്തിയഞ്ചാം മിനിറ്റിൽ കോറൂ സിങ്ങിന് പകരക്കാരനായി രാഹുൽ കെപി കളത്തിലെത്തി. തുടർന്നുള്ള മത്സരം ഇഞ്ചോടിഞ്ചായിരുന്നു. ഇരു ടീമുകൾക്കും തുടർ അവസരങ്ങൾ ലഭിച്ചു. പക്ഷെ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അറുപത്തിയെട്ടാം മിനിറ്റിൽ കേരളം പെനാൽറ്റി വഴങ്ങിയതോടെ മത്സരത്തിന്റെ ഗതിമാറി. ആന്ദ്രേ ആൽബ എടുത്ത ഷോട്ട് സോമിനെ കടന്ന് വലയിലേക്ക് കയറിയപ്പോൾ കൊച്ചിയിൽ നിശബ്ദത ഉയർന്നു. സ്കോർ 1 - 2. ഗോൾ വഴങ്ങിയതോടെ, കേരളം ആക്രമണം കടുപ്പിച്ചു. ബോക്സിൽ ലൂണക്കും നോഹക്കും അവസരങ്ങൾ ലഭിച്ചെങ്കിലും പാഴായി.

എഴുപത്തിയേഴാം മിനിറ്റിൽ സന്ദീപ് സിങ്ങിനും ഹോർമിപാമിനും പകരമായി മുഹമ്മദ് സഹീഫും പ്രീതം കോട്ടാലും ഇറങ്ങി. എൺപത്തിയൊന്നാം മിനിറ്റിൽ കേരളത്തിന്റെ ബോക്സിൽ നിന്നും പന്ത് പിടിച്ചെടുത്ത് പ്രതിക്രമണം നടത്തിയ അബ്ദുൽ റബീഹ് തൊടുത്ത ഷോട്ട് പക്ഷെ, ലക്ഷ്യം കണ്ടില്ല. മൂന്ന് മിനിറ്റുകൾക്കപ്പുറം മറ്റൊരു അവസരവും റബീഹിന് ലഭിച്ചെങ്കിലും, എടുത്ത ഷോട്ട് പോസ്റ്റിന് സമീപത്തുകൂടി കടന്നു പോയി. മത്സരത്തിന്റെ അവസാനമിനിറ്റുകളിൽ തുടർ ആക്രമണങ്ങളാൽ കേരളം ഹൈദരാബാദിന്റെ ബോക്സിനു മുന്നിൽ അണിനിരന്നെങ്കിലും, അലക്സ് സജി നയിക്കുന്ന പ്രതിരോധത്തെ ഭേദിക്കാൻ കൊമ്പന്മാർക്ക് സാധിച്ചില്ല.