റിപ്പോർട്ട്: തിരിച്ചുവരവിൽ ഫറൂഖിന് ഗോൾ; ജയമറിയാതെ മനോലോയുടെ ഇന്ത്യ!
നിർണായക സേവുകൾക്കൊപ്പം, വിയറ്റ്നാമിന്റെ പെനാൽറ്റി തടുത്തിട്ട് ഇന്ത്യൻ ക്യാപ്റ്റൻ ഗുർപ്രീത് സന്ധു തിളങ്ങി.

ദേശീയ സീനിയർ ഫുട്ബോൾ ടീമിലേക്ക് തിരിച്ചെത്തിയ മുന്നേറ്റ താരം ഫാറൂഖ് ചൗധരിയുടെ ഗോളിൽ വിയറ്റ്നാമിനോട് സമനില വഴങ്ങി ഇന്ത്യ. വിയറ്റ്നാമിലെ നാം ദിനിലെ തീൻ ട്രൂങ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. നുയെൻ ടോണിലൂടെയാണ് വിയറ്റ്നാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ അൻപത്തിമൂന്നാം മിനിറ്റിൽ ഫറൂഖ് ചൗധരിയിലൂടെ ഇന്ത്യ സമനില പിടിച്ചു. ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ വിങ്ങർ ചാങ്‌ത്തേക്ക് കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി.
ഇന്ത്യ: ഗുര്പ്രീത് സിംഗ് സന്ധു (ഗോൾകീപ്പർ), രാഹുൽ ഭേക്കെ, അന്വർ അലി, സുഭാഷിസ് ബോസ്, ആശിഷ് റായ്, സുരേഷ് സിംഗ് വാംഗ്ജം, അപൂയ, റോഷൻ സിംഗ് നാവ്രേം, ബ്രാൻഡൻ ഫെർണാണ്ടസ്, ഫറൂഖ് ചൗധരി, ലാലിയൻസുവാലാ ചാങ്ങ്‌തെ.
വിയറ്റ്നാം: നുയെൻ ഫിലിപ്പ് (ഗോൾകീപ്പർ), ക്വെ നോഗ് ഹായ്, നുയെൻ ഫോങ്ങ് ഹോങ്ങ് ഡുയ്, നുയെൻ താൻ ബിൻ, നുയെൻ വാൻ ടോൺ, ചൗ നോഗ് ക്വാങ്, ബുയ് വി ഹാവോ, നുയെൻ ഹോങ്ങ് ഡുക്ക്, നുയെൻ താൻ ചുങ്, ടോ വാൻ വിജ്, ലെ ഫാം താൻ ലോങ്ങ്.
പതിഞ്ഞ താളത്തിലായിരുന്നു മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ, ഇന്ത്യയുടെ ഗോൾമുഖത്തേക്ക് ഇരച്ചുകേറാനുള്ള ശ്രമമായിരുന്നു വിയറ്റ്നാം നടത്തിയത്. എന്നാൽ, ഗോൾവലക്ക് കീഴിൽ ഉറച്ചുനിന്ന ഗുർപ്രീതിനെ മറികടക്കാൻ അവർക്ക് സാധിച്ചില്ല. ആദ്യ അഞ്ച് മിനിട്ടുകൾക്ക് ശേഷം ഇന്ത്യ പതിയെ കളത്തിലേക്ക് വന്നു. വൺ ടച്ചുകളുമായി മുന്നേറിയ ടീമിന് പെനാൽറ്റി ഏരിയക്ക് മുന്നിൽ ഒരു അവസരം ലഭിച്ചെങ്കിലും, ഫാറൂഖ് ചൗധരി എടുത്ത ഷോട്ട് ലക്ഷ്യം കണ്ടില്ല. എന്നാൽ, തൊട്ടടുത്ത മിനിറ്റുകളിൽ ഇന്ത്യക്ക് പെനാൽറ്റി വഴങ്ങേണ്ടി വന്നു. ബോക്സിനകത്ത് വിയറ്റ്നാമിൻസ് താരത്തെ രാഹുൽ ഭേകെ അശ്രദ്ധമായി ഫൗൾ ചെയ്തതോടെ, റഫറി ഇന്ത്യക്ക് എതിരായി പെനാൽറ്റി വിസിൽ മുഴക്കി. എങ്കിലും, രക്ഷകനായി ഗുർപ്രീത് മറ്റൊരു മത്സരത്തിൽ കൂടി അവതരിച്ചത് ഇന്ത്യക്ക് രക്ഷയായി. വിയറ്റ്നാമിന്റെ ക്യാപ്റ്റൻ എടുത്ത ഷോട്ട് ഇടത്തേക്ക് ചാടി ഗുർപ്രീത് രക്ഷപ്പെടുത്തി.
തുടർന്ന്, ഇരു ടീമുകളും തുടർ ആക്രമണങ്ങളിലൂടെ കളിയിലേക്ക് തിരിയെത്തി. പോസ്സെഷൻ നിയന്ത്രിച്ച് കളിച്ചെങ്കിലും, പെട്ടെന്നുള്ള കൗണ്ടറുകളിലൂടെ ഇന്ത്യ വിയറ്റ്നാമിന്റെ ബോക്സിലേക്ക് ഇരച്ചുകയറി. തുടർന്ന് ഇന്ത്യ നടത്തിയ ലോങ്ങ് ബോൾ നീക്കങ്ങൾ തീർത്തും പരാജയപ്പെട്ടു. പിന്നീട്, പന്ത് കൂടുതലും വിയറ്റ്നാമിന്റെ കാലിലായിരുന്നു. ആക്രമണങ്ങളിലൂടെ അവർ ഇന്ത്യയുടെ ബോക്സിനെ തുടർച്ചയായി ഭീതിയിലാഴ്ത്തി.
മുപ്പത്തിയൊമ്പതാം മിനിറ്റിൽ വിയറ്റ്നാമിന്റെ തുടർച്ചയായ നീക്കങ്ങൾക്ക് ഫലം കണ്ടു. ലഭിച്ച കോർണറിനെ ഷോർട് ആക്കിയെടുത്ത്, ചെറിയ പാസുകളിലൂടെ ഇന്ത്യൻ ബോക്സിൽ വിടവിനായി കാത്തിരുന്നു. തുടർന്ന്, പെനാൽറ്റി ഏരിയയിലേക്ക് തൊടുത്ത ക്രോസ്സ് ബോക്സിനടുത്തേക്ക് ഹെഡ് ചെയ്ത ഇട്ടെങ്കിലും, വി ഹയോ എടുത്ത ഹാഫ് വോളി, വ്യതിചലിക്കപ്പെട്ട് ഇന്ത്യൻ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി ഗോൾ വല ലക്ഷ്യമാക്കി കുതിച്ചു. ഗുർപ്രീത് പന്ത് തടുക്കാൻ ശ്രമിച്ചെങ്കിലും, നുയെൻ ടോൺ പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 0-1. ആദ്യപകുതി അവസാനിക്കുമ്പോൾ അതിവേഗത്തിൽ കുതിക്കുന്ന വിയറ്റ്നാമീസ് വിങ്ങർമാർക്ക് മുന്നിൽ പതറുന്ന ഇന്ത്യയെയാണ് കാണാൻ സാധിച്ചത്. ധാരാളം അവസരങ്ങൾ സൃഷ്‌ടിച്ച അവർ ഇന്ത്യയുടെ ഫൈനൽ തേർഡിൽ അവർ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സമനിലക്കുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഇന്ത്യ നഷ്ടപ്പെടുത്തി.
കുറിയ പാസുകളിലൂടെ വിയറ്റ്നാമിന് അവസരം നൽകാതെ നീങ്ങുക എന്നതായിരുന്നു രണ്ടാം പകുതിയിൽ ഇന്ത്യ ആവിഷ്കരിച്ച തന്ത്രം. പ്രതിരോധത്തിലെ അൻവർ അലിയിൽ നിന്നും ലഭിച്ച പന്തുമായി വലത് വിങ്ങിലൂടെ കുതിച്ച ചാങ്‌തെ, ഒരു സുവർണാവസരം വിയറ്റ്നാം ബോക്സിൽ രൂപപ്പെടുത്തി. പക്ഷെ, അദ്ദേഹം തൊടുത്ത ക്രോസ് ആളൊഴിഞ്ഞിടത്ത് പതിച്ചു. തുടർ ആക്രമണങ്ങൾ ഇന്ത്യ, വിയറ്റ്നാം ബോക്സിലേക്ക് നടത്താൻ തുടങ്ങി. അൻപത്തി മൂന്നാം മിനിറ്റിൽ ഫറൂഖ് ചൗധരി ഇന്ത്യക്കായി സമനില ഗോൾ നേടി. സുരേഷ് വാങ്ജാം മധ്യനിരയിൽ ഉയർത്തി നൽകിയ പന്ത് സ്വീകരിച്ച കുതിച്ച ഫറൂഖ്, ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചു. സ്കോർ 1-1. പന്ത് ഗോൾകീപ്പർക്ക് മുകളിലൂടെ തട്ടിയിട്ട് അദ്ദേഹം രക്ഷകനായി.
സമനില ഗോൾ ലഭിച്ചതോടെ, ഇന്ത്യൻ നിര കൂടുതൽ ഉണർന്നു കളിച്ചു. ഇന്റർസെപ്ഷനുകളും സ്കില്ലുകളുമായി ഇന്ത്യൻ താരങ്ങൾ കളം നിറഞ്ഞു. കൃത്യതയാർന്ന പാസുകളും റണ്ണുകളും മത്സരത്തെ വേഗത്തിലാക്കി. അറുപത്തിയെട്ടാം മിനിറ്റിൽ ഫറൂഖ് ചൗധരിക്ക് പകരം യുവതാരം എഡ്മണ്ട് കളത്തിലെത്തി. അവസാന പത്ത് മിനിറ്റുകളിൽ ആക്രമണം വേഗത്തിലാക്കാൻ ബ്രാണ്ടനും ചാങ്‌ത്തേക്കും പകരം ലിസ്റ്റൺ കൊളാസോയെയും വിക്രം പ്രതാപിനെയും രംഗത്തെത്തിച്ചു.
എഴുപത്തിയൊമ്പതാം മിനിറ്റിൽ ഗുർപ്രീത് അവിശ്വസിനീയമായ ഒരു സേവുമായി മത്സരത്തിൽ തിളങ്ങി. ബോക്‌സിനുള്ളിൽ നിന്ന് വാൻ വുവ് എടുത്ത ഷോട്ട് അതിവേഗ റിഫ്‌ലെക്‌സിലൂടെ രക്ഷപ്പെടുത്തി. വിയറ്റ്നാം തുടർ ആക്രമണങ്ങൾക്ക് വഴി ഒരുക്കിയത് ഇന്ത്യൻ നിരയിൽ അപകടം വിതറി. എൺപത്തിരണ്ടാം മിനിറ്റിൽ വിയറ്റ്നാം തൊടുത്ത ഷോട്ട് ഗോൾ ലൈനിൽ അതിഗംഭീര രക്ഷപ്പെടുത്തലിലൂടെ അൻവർ അലി തടഞ്ഞു. ഒന്ന് പിഴച്ചിരുന്നേൽ, ആ ഷോട്ട് ഗോളിൽ അവസാനിക്കുമായിരുന്നു. രാഹുകൾ ഭേകെയുടെ രക്ഷപ്പെടുത്തൽ തലനാരിഴക്കാണ് സെൽഫ് ഗോളിൽ കാളിശിക്കാതെ പുറത്തേക്ക്ണ് പോയത്. മത്സരം അവസാന മിനിറ്റുകളിലേക്ക് കടക്കുമ്പോൾ, എതിരാളികളുടെ നിരന്തരമായ ആക്രമണങ്ങളെ ചെറുത്തത് ഗുർപ്രീതിന്റെ മികവായിരുന്നു.
മത്സരം തൊണ്ണൂറ് മിനിറ്റുകളിലേക്ക് അടുക്കുമ്പോൾ, മൂന്ന് മാറ്റങ്ങൾ ഇന്ത്യ നടത്തി. റോഷനും അപൂയയും സുരേഷും പകരം ഹ്നാംതേയും ആകാശ് സാങ്‌വാനും ജീക്‌സൺ സിങ്ങും കളത്തിലെത്തി. വിയറ്റ്നാമിന്റെ ആക്രമണങ്ങളെ തടയുകയും, കഴിയുമെങ്കിൽ പ്രത്യാക്രമണം നടത്താനുമാണ് നീലകടുവകൾ അവസാനനിമിഷങ്ങളിൽ ശ്രദ്ധിച്ചത്. വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ലീഡ് എടുക്കാനുള്ള അവസാന അവസരവും ഇന്ത്യ നഷ്ടപ്പെടുത്തിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.