ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ഐബെൻബ ദോഹലിംഗ് പുറത്തുപോയപ്പോൾ ബാക്കിയുള്ള അറുപത് മിനിറ്റുകളും ആതിഥേയർ കളിച്ചത് പത്ത് പേരുമായി.

ഐബെൻ കളം വിട്ട ശേഷം, ഇടത് വിങ് ബാക്കിലേക്ക് സ്ഥാനം മാറിയ വിങ്ങർ കോറൂ സിംഗാണ് മത്സരത്തിലെ മികച്ച താരം. നോർത്ത്ഈസ്റ്റിന്റെ ക്ലിനിക്കൽ വിങ്ങർ അലാദീൻ അജൈറയെ കൃത്യമായി മാർക്ക് ചെയ്ത മണിപ്പൂരി വിങ്ങർ മത്സരത്തിലാകമാനം നടത്തിയത് അഞ്ച് ക്ലിയറൻസുകളും ഓരോ ഇന്റർസെപ്ഷനും ടാക്കിളും.

ഇന്നത്തെ മത്സരത്തിലെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് 17 മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും മൂന്ന് സമനിലയും എട്ട് തോൽവിയുമായി 21 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാകട്ടെ ലീഗിലെ ഏഴാമത്തെ സമനില വഴങ്ങി 17 മത്സരത്തിൽ നിന്നും ആറ് ജയവും നാല് തോൽവിയുമൊടെ 25 പോയിന്റുകളോടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഇന്നത്തെ മത്സരത്തിലെ സമനിലയോടെ, ഹൈലാൻഡർസ് ഐഎസ്എല്ലിൽ അവസാനത്തെ നാല് മത്സരങ്ങളിലും സമനിലയിൽ പിരിഞ്ഞു. കേരളമാകട്ടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമന് കീഴിലുള്ള അപരാജിത കുതിപ്പ് മൂന്ന് മത്സരങ്ങളിലേക്ക് വ്യാപിപ്പിച്ചു.

16 അവസരങ്ങളാണ് മത്സരത്തിലുടനീളം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് സൃഷ്ടിച്ചത്, തൊടുത്തത് 19 ഷോട്ടുകളും. എന്നാൽ, ലക്ഷ്യത്തിലെത്തിയത് നാലെണ്ണം മാത്രവും. മൂന്ന് സേവുകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാവലാൾ സച്ചിൻ സുരേഷ് ഇന്നത്തെ മത്സരത്തിൽ നിർണായകമായി. ലീഗിൽ തുടർച്ചയായ 81 മത്സരങ്ങൾക്ക് ശേഷമാണ് ആതിഥേയർ ഗോൾരഹിത സമനിലയിൽ മത്സരം അവസാനിപ്പിക്കുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം 0 - 0 യിൽ അവസാനിപ്പിച്ചത് 2021 നവംബർ 25-ന് ഇതേ ടീമിനെതിരെ തന്നെയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: സച്ചിൻ സുരേഷ്, സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, ക്വാമെ പെപ്ര, മിലോസ് ഡ്രിൻസിച്ച്, കോറൂ സിംഗ്, ഐബൻഭ ഡോഹ്‌ലിംഗ്, നോവ സദൗയി

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി: ഗുർമീത്, മിഗ്വൽ സബാക്കോ, മുഹമ്മദ് അലി ബേമമ്മേർ, നെസ്റ്റർ അൽബിയാച്ച്, ആഷിഫ് അക്തർ, അലാഡിൻ അജാറൈ, മക്കാർട്ടൺ നിക്‌സൺ, ജിതിൻ എംഎസ്, റിഡീം ത്ലാങ്, ബെക്കി ഒറാം, ബുൻതാങ്‌ലുൻ സാംതെ

ഒഡീഷക്കെതിരെ ഇതേ മൈതാനത്ത് ജയിച്ച ഇരട്ട ഗെയിം വീക്കിലെ ആദ്യ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. പരിക്കിൽ നിന്നും മോചിതനായി അവസാനമത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ വിബിൻ മോഹനൻ ഈ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇടം കണ്ടെത്തി. പ്രീതം കോട്ടലിനൊപ്പം ക്ലബ്ബുമായി വഴിപിരിഞ്ഞ ഫ്രഞ്ച് താരം അലക്സന്ദ്രേ കോഫിനും സസ്പെൻഷനിലായ നവോച്ച സിങ്ങിനും പകരം സന്ദീപ് സിങ്ങും മിലോസ് ഡ്രിൻസിച്ചും ആദ്യ പതിനൊന്നിലെത്തി. മുഹമ്മദ് സഹീഫ്, ഡാനിഷ് ഫറൂഖ്, ശ്രീക്കുട്ടൻ എം.എസ്, മോണ്ടിനെഗ്രിൻ മധ്യനിര താരം ദൂസാൻ ലഗാറ്റോർ എന്നിവർ പകരക്കാരുടെ നിരയിലെത്തി.

ഈ മാച്ച് വീക്കിൽ ഇരട്ട മത്സരങ്ങളുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡും ആദ്യപതിനൊന്നിൽ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഗില്ലെർമോ ഫെർണാണ്ടസിനും മുത്തു മായക്കണ്ണനും പകരം നെസ്റ്റർ ആൽബിയച്ചും ബെക്കി ഓറമും ആദ്യ ഇലവനിൽ ഇടം നേടി. ഹംസ റെഗ്രഗുയി ബെഞ്ചിലെത്തി.

നോർത്ത്ഈസ്റ്റിന്റെ ടച്ചോടുകൂടി മത്സരം ആരംഭിച്ചു. തുടർ സമനിലകളിൽ കുഴങ്ങിയ ടീമിന് ലീഗിൽ തിരികെ വരാനുള്ള ലക്ഷ്യം മുന്നിൽ വെച്ചാണ് വടക്കുകിഴക്കൻ നിര തുടങ്ങിയത്. കേരളത്തിന്റെ പെനാൽറ്റി ഏരിയക്ക് മുന്നിൽ അവസരങ്ങൾ രൂപപ്പെടുത്താൻ അലാദീൻ അജൈറയും മലയാളി താരം ജിതിൻ എംഎസും ആദ്യ മിനിറ്റുകളിൽ കിണഞ്ഞു ശ്രമിച്ചു.

അഞ്ചാം മിനിറ്റിൽ മഞ്ഞക്കുപ്പായക്കാരുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പന്ത് വലയിലെത്തിച്ചെങ്കിലും, റഫറി ഫൗൾ വിസിൽ മുഴക്കി ഗോൾ അസാധുവാക്കി. പത്താം മിനിറ്റിൽ സച്ചിൻ സുരേഷിന്റെ പിഴവ് അപകടരമാംവിധം ഒരു അവസരമായി രൂപപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു.

എതിരാളികളുടെ തലയുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്താണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് കളം പിടിച്ചത്. ഫൈനൽ തേർഡ് വരെ അവ എത്തിയെങ്കിലും അവസരങ്ങളായി രൂപപെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വിക്ക് ഫ്രീകിക്ക് തടസപ്പെടുത്തിയതോടെ 22-ാം മിനിറ്റിൽ മക്കാർട്ടൺ ലൂയിസ് നിക്സൺ മഞ്ഞക്കാർഡ് വാങ്ങി.

ഡ്രിങ്ക്സ് ഇടവേളക്ക് പിരിയുന്നതിനു മുൻപ് ഗ്രൗണ്ടിൽ നടന്നത് നാടകീയ നിമിഷങ്ങൾ. ബെമ്മമാർ നൽകിയ പന്തിന് പിന്നിൽ ചെന്ന അജൈറയുമായി ഐബെൻബ ദോഹലിംഗ് കൊമ്പു കോർത്തതോടെ റഫറി കാർഡുകളുമായി കളം നിറഞ്ഞു. മൊറോക്കൻ വിങ്ങർ മഞ്ഞക്കാർഡ് കണ്ടപ്പോൾ, തലകൊണ്ടിടിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് ചുവപ്പുകാർഡ് സ്വീകരിച്ച് കളം വിട്ടു. ഈ സീസണിൽ രണ്ടാം തവണയാണ് ഐബെൻബ നേരിട്ട് ചുവപ്പുകാർഡ് കാണുന്നത്. പഞ്ചാബിനെതിരായ മത്സരത്തിലും സമാന സാഹചര്യം ഉണ്ടായെങ്കിലും, പിന്നീട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക കമ്മിറ്റി വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിച്ച്, മഞ്ഞക്കാർഡാക്കി മാറ്റിയിരുന്നു.

പത്ത് പേരായി ചുരുങ്ങിയതോടെ, ബ്ലാസ്റ്റേഴ്‌സ് തുടർമിനിറ്റുകളിൽ കൂടുതൽ ആക്രമണസക്തരായി. നോവ സദൗയും മിലോസ് ഡ്രിൻസിച്ചും ഷോട്ടുകൾ ഉതിർത്തെങ്കിലും ഫലം കണ്ടില്ല.

എന്നാൽ, എതിർ പ്രതിരോധത്തിൽ ആളെണ്ണം കുറഞ്ഞതോടെ നോർത്ത്ഈസ്റ്റ് നിരന്തരമായി പരീക്ഷണങ്ങൾ ആരംഭിച്ചു. അതിവേഗമായിരുന്നു അവരുടെ മുന്നേറ്റങ്ങൾ. അതിഥികളിൽ നിന്നും പന്ത് നഷ്ടപ്പെട്ടതും വടക്കുകിഴക്കൻ നിര പ്രത്യാക്രമണത്തിന് മുതിർന്നു. എന്നാൽ, സന്ദീപും ഡ്രിൻസിച്ചും ആ അവസരങ്ങളെ തീവ്രമായി തടഞ്ഞു. ഗോൾ വലക്ക് കീഴിൽ സച്ചിനും തന്റെ മികവ് പുറത്തെടുത്തതോടെ ആദ്യ പകുതിയിൽ മത്സരം ഗോൾ രഹിത സമനിലയിൽ ഒതുങ്ങി.

നാല്പത് മിനിറ്റുകൾക്ക് ശേഷം മൂന്ന് ഷോട്ടുകൾ അജൈറയിൽ നിന്ന് മാത്രം തൊടുക്കപ്പെട്ടു. തകർപ്പൻ സേവുകളുമായി സച്ചിൻ തിളങ്ങിയത് ഹൈലാൻഡേഴ്സിന് ആദ്യ പകുതിയിൽ തിരിച്ചടി നൽകി.

വിബിൻ മോഹനന് പകരക്കാരനായി ഡാനിഷ് ഫാറൂഖിനെ കളത്തിലെത്തിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതി ആരംഭിച്ചത്. ഏത് വിധേനയും ലീഡ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പകുതിക്ക് തുടക്കം കുറിച്ചത്. ബെമെമ്മേറിനു പകരം ഗില്ലെർമോ ഫെർണാണ്ടസെത്തി. 51-ാം മിനിറ്റിൽ അതിഥികൾക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ബോക്സിന് പുറത്തു നിന്ന് നെസ്റ്റർ എടുത്ത ഷോട്ട് പക്ഷെ, നൂലിഴ വ്യതാസത്തിൽ പുറത്തേക്ക് പോയി.

മൂന്ന് മിനിട്ടുകൾക്ക് ശേഷം നോവ ഹൈലാൻഡേഴ്സിന്റെ പ്രതിരോധം ഭേദിച്ചെങ്കിലും ഗുർമീത് രക്ഷകനായി. എന്നാൽ, തുടർന്ന് മത്സരത്തിന്റെ സിംഹഭാഗവും നടന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പാതിയിലായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ടീമിനെതിരെ കളത്തിൽ വളരെയധികം വിഡ്ത്ത് കൂടി, ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഇടം ഉണ്ടാക്കിയെടുക്കാനാണ് വടക്കുകിഴക്കൻ ടീം ശ്രമിച്ചത്. വലത് വിങ്ങിൽ ജിതിനും ഇടത് വിങ്ങിൽ അജൈറയും നിരന്തരം അപകടമുയർത്തി. എന്നാൽ, അവയൊന്നും ഓൺ ടാർഗെറ്റിലെത്തിക്കാൻ രണ്ടാം പകുതിയിൽ മുപ്പത്തിയഞ്ച് മിനിറ്റുകൾ പിന്നിടുമ്പോഴും നോർത്ത്ഈസ്റ്റിന് സാധിച്ചില്ല.

എൺപത് മിനിറ്റുകൾക്ക് ശേഷം തുടർ സബ്‌സ്റ്റിട്യൂഷനുമായി ഇരു ടീമുകളും രംഗത്തെത്തി. ബുൻതാങ്‌ലുൻ സാംതെക്ക് പകരം ഹൈലാൻഡേഴ്സിന്റെ നിരയിൽ തോണ്ടോംബ സിംഗ് എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ലൂണക്കും ഫ്രെഡി ലല്ലവ്മക്കും പകരം റെന്ത്ലെയ് ലാൽതൻമാവിയ എന്ന അമ്മാവിയക്കൊപ്പം പുതിയ സൈനിങ്‌ ദൂസാൻ ലഗാറ്റോർ ഐഎസ്എല്ലിൽ അരങ്ങേറ്റവും കുറിച്ചു.

അവസാന മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ, യെല്ലോ ആർമി പൂർണമായ പ്രതിരോധത്തിലേക്ക് വലിഞ്ഞു. നോർത്ത്ഈസ്റ്റിനായി ജിതിൻ എംഎസിന് പകരം പാർതിബ്‌ ഗൊഗോയിയും ബ്ലാസ്റ്റേഴ്‌സ് നിരയിൽ നോവക്ക് പകരം ജീസസ് ഹിമനസും രംഗത്തെത്തി. അഞ്ച് മിനിറ്റുകൾ അധിക സമയം നൽകിയെങ്കിലും മത്സരത്തിലെ നിർണായകമായ ആ വിജയഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കും സാധിച്ചില്ല.

ഇരുവർക്കും ഇനിയെന്ത്?

ജനുവരി 24ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഈസ്റ്റ് ബംഗാളിനെതിരായ എവേ മത്സരമാണ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. ജനുവരി 29ന് ഹോം മൈതാനമായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരെയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത മത്സരം.