ക്ലബ് വിടുന്നതിൽ ഇടക്ക് ആശയകുഴപ്പം; ട്രോഫി നേടാതെ എങ്ങനെ?: രാഹുൽ കെപി
മൂന്നു ഫൈനലുകൾ കളിച്ചെങ്കിലും ടീമിന് ഒരു ട്രോഫിയില്ലെന്ന നിരാശ തനിക്ക് ഉണ്ടെന്ന് രാഹുൽ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യത്തിൽ പലതവണ ആശയകുഴപ്പം ഉണ്ടായെന്നും എന്നാൽ, ടീമിനായി ഒരു ട്രോഫി പോലും നേടിക്കൊടുക്കാൻ സാധിക്കാതെ എങ്ങനെ ക്ലബ് വിടുമെന്ന് മുന്നേറ്റ താരം രാഹുൽ കെപി. കഴിഞ്ഞ പത്ത് സീസണിൽ മൂന്നു ഫൈനലുകൾ കളിച്ചെങ്കിലും ടീമിന് ഒരു ട്രോഫിയില്ലെന്ന നിരാശ തനിക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. manoramaonline.com-ന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്. "മൂന്നു ഫൈനൽ കളിച്ചിട്ടും നമുക്കൊരു ട്രോഫിയില്ലെന്ന നിരാശയുണ്ട്. ഇടക്കാലത്തു ക്ലബ് വിടണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാനൊരു മലയാളിയല്ലേ! ഈ ടീമിനായി ഒരു ട്രോഫി ജയിക്കാതെ എങ്ങനെ പോകാൻ!" - രാഹുൽ അഭിമുഖത്തിൽ വ്യക്തമാക്കി.
2017 ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ-17 ഫിഫ ലോകകപ്പിൽ കളിച്ച ഏക മലയാളി താരമായിരുന്നു രാഹുൽ കെപി. തുടർന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കീഴിലെ ഡെവലപ്മെന്റ് ടീമായ ഇന്ത്യൻ ആരോസിന്റെ ഭാഗമായിരുന്നു. തുടർന്ന്, 2019-ലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ എത്തുന്നത്. തുടർന്ന്, അഞ്ച് വർഷത്തിന് മുകളിൽ താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. ക്ലബ്ബിൽ പരിശീലകർ മാറി വന്നപ്പോഴും ആദ്യ പതിനൊന്നിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു സീസണുകളിലായി ശശാരിക്ക് മുകളിലുള്ള പ്രകടനം കളിക്കളത്തിൽ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നിന്നായി ഒരു അസിസ്റ്റ് മാത്രമാണ് രാഹുലിന്റെ പേരിൽ ഉള്ളത്. 2022-23 സീസണിലാകട്ടെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും മാത്രം. ഗോളുകളുടെ നേട്ടം മാറ്റിനിർത്തിയാൽ ഗ്രൗണ്ടിൽ അപാരമായ വർക്ക് റേറ്റ് താരം കാഴ്ചവെക്കാറുണ്ട്.
മത്സരത്തിൽ ഗോളുകൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും, ഗോളുകൾ അടിക്കുന്നതിൽ മാത്രമല്ല, ടീമിനെ എങ്ങനെ സഹായിക്കുന്നു എന്നത് കണക്കിലെടുക്കേണ്ടതാണെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ വാക്കുകൾ തനിക്ക് പ്രചോദനം ആയെന്നും രാഹുൽ ചൂണ്ടികാണിച്ചു. അതിനാൽ ഇത്തവണ കടുത്ത സമ്മർദ്ദങ്ങൾ മാറ്റിനിർത്തിയാണ് കളിക്കളത്തിൽ ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. "ഇത്തവണ സമ്മർദം വളരെ കുറവാണ്. ഗോളടിച്ചില്ലെങ്കിലും എന്റെ വർക് റേറ്റ് വളരെ കൂടുതലായിരുന്നു. പക്ഷേ, അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നു മാത്രം. പുതിയ കോച്ചിനൊപ്പം പുതിയ എനർജി വന്നുവെന്നതാണ് എന്റെ അനുഭവം. രാഹുലിനെ മുൻവിധിയില്ലാതെ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായി വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നൽകിയത്. അതാണു കോച്ചിൽ നിന്നു കളിക്കാർ പ്രതീക്ഷിക്കുന്നതും." - താരം നിലപാട് വ്യക്തമാക്കി.
ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ആരാധകക്കൂട്ടായ്മകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെതാണ്. ആരാധകരുടെ ബലം എടുത്ത് പറയാമെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡിലോ ട്രോഫിയിലോ മുത്തമിടാൻ ക്ലബിന് സാധിച്ചിട്ടില്ല. മൂന്നു ഫൈനലുകളിൽ പൊരുതിത്തോറ്റതിന്റെ കഥകളാണ് ആരാധകരിൽ മറക്കാൻ സാധിക്കാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നത്. ഈ ആരാധകർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുന്നില്ലലോ എന്ന വിഷമം രാഹുൽ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
"ദിസ് ഈസ് ദ് ക്ലബ് വിത്ത് മോസ്റ്റ് ലോയൽ ഫാൻസ്! അതിലേറെ എന്തു പറയാനാണ്? ക്ലബ്ബിനോട് ഇത്രയേറെ കൂറുള്ള ആരാധകർ വേറെയുണ്ടാകില്ല. വിമർശിച്ചാലും അവർ വീണ്ടും കളി കാണാൻ വരും, പിന്തുണ തരും. അതു കാണുമ്പോൾ വിഷമം തോന്നും. അവർ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം." - രാഹുൽ പറഞ്ഞു.