കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിടവാങ്ങൽ സന്ദേശവുമായി രാഹുൽ കെപി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിനായി ഏറ്റവുമധികം മത്സരങ്ങളിൽ ബൂട്ട് കെട്ടിയ രണ്ടാമത്തെ താരമാണ് 24 - കാരനായ രാഹുൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പോസ്റ്റർ ബോയ് കൂടി പടിയിറങ്ങി. അവസാന സീസണിന് മുന്നോടിയായി ക്ലബ് വിട്ട മലയാളി സഹൽ അബ്ദുൽ സമദിന്റെ പുറകെ തൃശൂരുകാരൻ രാഹുൽ കെപിയും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും യാത്രയായി. രണ്ടുപേരും മലയാളി ആരാധകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ടവർ. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിനായി ഏറ്റവുമധികം മത്സരങ്ങളിൽ ബൂട്ട് കെട്ടിയ രണ്ടാമത്തെ താരമാണ് 24 - കാരനായ രാഹുൽ.
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി 81 മത്സരങ്ങളിൽ ബൂട്ട് കെട്ടി ഈ മലയാളി വിങ്ങർ. 4650 മിനിറ്റുകളിൽ നിന്നും കണ്ടെത്തിയത് എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും. വിങ്ങിലൂടെ പറന്നുകളിക്കുന്ന താരം നിർണായക മത്സരങ്ങളിൽ നിർണായക ഗോളുകൾ നേടി ആരാധകരുടെ തലയുയർത്തി പിടിക്കാൻ കാരണമായിട്ടുണ്ട്.
ഒഡീഷ എഫ്‌സിയുമായി കരാർ ഒപ്പുവെച്ച ശേഷം വികാരാധീനനായാണ് രാഹുൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിടവാങ്ങൽ സന്ദേശം നൽകിയത്. സ്വന്തം നാട്ടിൽ ക്ലബ്ബിൽ ആറ് സീസണോളം ബൂട്ട് കെട്ടിയതിനാൽ, ക്ലബ് വിടുന്നത് സ്വന്തം നാട് വിട്ട് പറക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അറിയിച്ചു,
"കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നത് സ്വന്തം വീട് വിടുന്നതുപോലെയാണ്."
തൃശൂരിൻറെയും കേരള സംസ്ഥാനത്തിന്റെയും ജൂനിയർ ജില്ലാ ടീമിലൂടെയാണ് രാഹുൽ വളർന്നത്. കൊൽക്കത്തയിൽ നടന്ന അണ്ടർ-14 ദേശീയ ചാമ്പ്യൻഷിപ്പിൽ ടോപ്സ്കോറർ. ആ നേട്ടം തുറന്നിട്ടത് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ വാതിൽ. തുടർന്ന്, ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് നിരയിൽ അംഗമാകുന്ന ഏക മലയാളിയായി. ശേഷം ഡെവലപ്മെന്റ് ടീമായ ഇന്ത്യൻ ആരോസിൽ. 2019 ൽ അവിടെ നിന്ന് ജന്മനാട്ടിലെ ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിൽ. ഫുട്ബാളിനുമപ്പുറം സ്വത്വത്തിന്റെ ഭാഗമായിരുന്നു തനിക്ക് ക്ലബ് എന്ന് താരം കുറിച്ചു.
"2019 ൽ ഞാൻ ചേർന്ന നിമിഷം മുതൽ, ഈ ക്ലബും ഈ നാടും ഈ ആരാധകക്കൂട്ടവുമാണ് എന്റെ കുടുംബം. ജന്മനാടായ കേരളത്തെ പ്രതിനിധീകരിക്കുന്നത് ഫുട്ബോളിനേക്കാളും അപ്പുറമായിരുന്നു. അത് എന്റെ സ്വത്വത്തിന്റെ ഭാഗമായിരുന്നു. നിങ്ങൾ എല്ലാവരിൽ നിന്നും എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും എൻ്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും." - രാഹുൽ അറിയിച്ചു
"എന്നാൽ ജീവിതത്തിൽ, ചിലപ്പോൾ, വളരാനും സ്വയം വെല്ലുവിളി നൽകുവാനും പുതിയ അവസരങ്ങൾ കൈക്കൊള്ളാനും ചില ബുദ്ധിമുട്ടുള്ള ചുവടുകൾ വെക്കേണ്ടി വരും. ഈ തീരുമാനം എളുപ്പമായിരുന്നില്ലെങ്കിലും എൻ്റെ യാത്രയിൽ ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. അചഞ്ചലമായ പിന്തുണയ്‌ക്കും എൻ്റെ പേര് ചാന്റ്ചെയ്തതിനും എല്ലാ മാച്ച് ഡേകളും സ്പെഷ്യലാക്കിയതിനും ആരാധകർക്ക് നന്ദി പറയുന്നു. മറക്കാനാവാത്ത ഓർമ്മകൾക്കും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങൾക്കും എൻ്റെ ടീമംഗങ്ങൾക്കും ക്ലബ്ബിനും നന്ദി പറയുന്നു." - അദ്ദേഹം തുടർന്നു.
"കേരളം എന്നും എൻ്റെ വീടായിരിക്കും, നിങ്ങൾ എന്നും എൻ്റെ നാട്ടുകാരുമായിരിക്കും. ഈ യാത്ര എന്നെ ഇനി എവിടേക്ക് കൊണ്ടുപോയാലും, നിങ്ങളുടെ സ്നേഹം ഞാൻ എന്നോടൊപ്പം കൊണ്ടുപോകും. നമ്മൾ ഇനി വീണ്ടും കണ്ടുമുട്ടുന്നത് വരെ.." - അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചു.