ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യത്തെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പഞ്ചാബ് എഫ്‌സി കുതിക്കുന്നത്. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെയും ന്യൂഡൽഹിയിൽ ഒഡീഷയെയും ഹൈദരാബാദിനേയും തോൽപ്പിച്ച ടീം ഇനി നീങ്ങുന്നത് ബെംഗളൂരു എഫ്‌സിയുടെ ശ്രീ കണ്ഠീരവയിലേക്കാണ്. കഴിഞ്ഞ സീസണിൽ മൂന്ന് പോയിന്റ് അകലെ ഇവർക്ക് പ്ലേ ഓഫ് യോഗ്യത നഷ്ടപ്പെട്ടു. കയ്യെത്തുംദൂരത്ത് വീണുപോയത് നേടിയെടുക്കാനുള്ള ക്ലബ്ബിന്റെ യാത്രക്ക് സ്വപ്നതുല്യമായ തുടക്കം ലഭിക്കുമ്പോൾ, ചാലകശക്തികളായി പ്രവർത്തിക്കുന്നവരിൽ രണ്ട് മലയാളി താരങ്ങളുമുണ്ട്. ലിയോൺ അഗസ്റ്റിനും നിഹാൽ സുധീഷും. ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളും പങ്കുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും വായ്‌പ അടിസ്ഥാനത്തിൽ പഞ്ചാബിലെത്തിയ താരമാണ് നിഹാൽ സുധീഷ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങളിലായി 249 മിനിറ്റുകളാണ് താരം കളിക്കളത്തിൽ ഇറങ്ങിയത്. ഓരോ ഗോളും അസിസ്റ്റും താരം നേടിയെടുത്തു. എന്നാൽ, ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും 242 മിനിറ്റുകൾ നേടിയെടുത്തു. ഒപ്പം ഒഡീഷക്കെതിരെ ഗോളും നേടി. മത്സരത്തിലെ മികച്ച താരമായി മാറിയ നിഹാൽ ആ മാച്ച് വീക്കിലെ മികച്ച താരങ്ങളുടെ നിരയിലും ഉൾപ്പെട്ടു. പുതിയ ടീമുമായും പുത്തൻ അന്തരീക്ഷവുമായും പൊരുത്തപ്പെട്ട് വരുന്നതായി നിഹാൽ വ്യക്തമാക്കി.

ബെംഗളൂരു എഫ്‌സിയുടെ യൂത്ത് ടീമുകളിലൂടെ വളർന്ന താരമാണ് ലിയോൺ അഗസ്റ്റിൻ. 2018 ൽ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട ലിയോൺ ലഭിച്ച ചുരുങ്ങിയ മിനിറ്റുകളിൽ ഓരോ ഗോളും അസിസ്റ്റും നേടിയിട്ടുണ്ട്. 2023-24 സീസണിന് മുന്നോടിയായാണ് പഞ്ചാബ് എഫ്‌സിയിൽ എത്തുന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. രണ്ട് മത്സരങ്ങളിൽ നിന്നും ലഭിച്ചത് 27 മിനിറ്റുകൾ. ഈ സീസണിൽ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് താൻ ലീഗിനെ സമീപിക്കുക എന്ന് ലിയോൺ വ്യക്തമാക്കി.

നിഹാലിന്റെ പുതിയ ടീം പഞ്ചാബ് എഫ്‌സിയുടെ അന്തരീക്ഷം എങ്ങനെയുണ്ട്?

“പഞ്ചാബ് എഫ്‌സി പുതിയൊരു ടീമാണ്. പുതിയ അന്തരീക്ഷമാണ്. ടീമുമായി പൊരുത്തപ്പെട്ടുവരുന്നുണ്ട്. മികച്ച സൗകര്യങ്ങൾ ഉണ്ട്. കാലാവസ്ഥയയും മികച്ചതാണ്. വിന്ററിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. എല്ലാം ഉഷാറായി വരുന്നുണ്ട്. നേട്ടങ്ങളിൽ വളരെയധികം സന്തോഷമുണ്ട്. ദൈവത്തിന്റെ അനുഗ്രഹത്തിനൊപ്പം കുറേപേരുടെ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ വർഷം അധികം മിനിറ്റുകൾ ലഭിച്ചിരുന്നില്ല. ഈ വർഷം ഇവിടെ വന്നപ്പോൾ ടീം അംഗങ്ങളുടെയും പരിശീലകരുടെയും പിന്തുണ ലഭിച്ചു. എന്റെ പൊട്ടൻഷ്യലിലേക്ക് എത്താൻ സാധിച്ചു. ഇനിയും നേടാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.”

ഇടവേളക്ക് ശേഷമുള്ള ഗോൾനേട്ടം എങ്ങനെ സഹായിക്കുന്നു? ലിയോണിന്റെ സീസണിലെ പ്രതീക്ഷകൾ എന്തെല്ലാം?

“കഴിഞ്ഞ സീസൺ കുറച്ചു നിരാശ നൽകി. ഇത്തവണ ഓഫ് സീസണിൽ നല്ല പോലെ കഠിനാധ്വാനം ചെയ്ത് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ദൈവം സഹായിച്ച് നല്ലൊരു തുടക്കം ലഭിച്ചിട്ടുണ്ട്. അത് ഇനിയും തുടരുമെന്ന് കരുതുന്നു. കുറച്ചധികം സമയമെടുത്തു (ആദ്യ ഗോളിന്). എന്തുകൊണ്ട് ഗോളടിക്കാൻ കഴിയുന്നില്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഗെയിം ടൈം കിട്ടാത്തതിനാലോ, അതോ ഞാൻ എന്റെ പൊട്ടൻഷ്യലിന്റെ പരമാവധിയിൽ എത്താത്തതിനാലാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ സീസണിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കണമെന്ന് ഞാൻ മനസിലാക്കി.”

പദ്ധതികളിൽ നിഹാലില്ല എന്നിടത്ത് നിന്നും പരിശീലകന്റെ ആദ്യ പതിനൊന്നിന്റെ സ്ഥിരം സാന്നിധ്യമായത് എങ്ങനെ?

"ഇവാൻ വുകുമനോവിച്ചുമായ് താരതമ്യം ചെയ്യുമ്പോൾ, വളരെ വ്യത്യസ്ഥനാണ് പുതിയ പരിശീലകൻ (ദിൽംപെരിസ്). കളിശൈലിയിൽ അടക്കം വ്യത്യാസമുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. യുവതാരങ്ങളെ നല്ല രീതിയിൽ പിന്തുണക്കുന്നു. എല്ലാം കൃത്യമായി പറഞ്ഞുതരും. എന്റെ ഹാർഡ്‌വർക്ക് ചിലപ്പോൾ അദ്ദേഹത്തിന് ഇഷ്ടപെട്ടുകാണും."

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം നിഹാലിന് എങ്ങനെ ഉണ്ടായിരുന്നു? മത്സരത്തിനിടയിൽ പ്രീതം കോട്ടലിനൊപ്പം ചില നിമിഷങ്ങൾ ഉണ്ടായിരുന്നല്ലോ, ആ ആക്രമണോത്സുകത (അഗ്രസീവ്ന്സ്) എങ്ങനെ നിയന്ത്രിക്കുന്നു?

“നല്ല പോലെ കളിച്ച് അവർക്ക് മുന്നിൽ തെളിയിക്കണമെന്ന വാശിയുണ്ടായിരുന്നു. ഒരു സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണമെന്ന മാനസികാവസ്ഥയിലായിരുന്നു. കഴിഞ്ഞ വർഷം ട്രൈനിങ്ങിനുകൾക്ക് ഇടയിൽ ഞങ്ങൾ (പ്രീതം കോട്ടലിനൊപ്പം) പൂർണമായ എഫർട് ഇട്ട് കളിക്കും. പ്രീതം കോട്ടൽ എന്റെ നല്ലൊരു സുഹൃത്താണ്. ഫൈറ്റുകൾ ഇഷ്ടമാണ്. മാതൃ ക്ലബാണെന്ന് കരുതി മാറിനിൽക്കാൻ കഴിയില്ലലോ. എഫ്ഫര്ട് ഇടാതെ കളിക്കാനും കഴിയില്ല. അഗ്രസീവ്ന്സ് ചിലപ്പോൾ പോസിറ്റീവ് ആകാം, ചിലപ്പോൾ നെഗറ്റീവ് ആകാം. മത്സരത്തിനിടയിൽ വികാരങ്ങൾ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.”

ലീയോണിന്റെ മുൻ ക്ലബ് ബെംഗളുരുവിനെതിരെ ശ്രീ കണ്ഠീരവയിലെ പഞ്ചാബ് എഫ്‌സിയുടെ അടുത്ത മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തെല്ലാം?

“രണ്ട് ക്ലബ്ബുകളും രണ്ട് വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ കളിച്ചിരുന്ന ക്ലബാണ് ബിഎഫ്സി. ആ സമയത്ത് എല്ലാ ക്ലബ്ബുകളുടെയും പേടിസ്വപ്നമായിരുന്നു ബെംഗളൂരു എഫ്‌സി. അണ്ടർ 17 ലായിരുന്നു അവരുടെ അക്കാദമിയിൽ ഞാൻ ചേർന്നത്. എന്നെ ഒരു കളിക്കാരനെന്ന നിലയിൽ വളരെയധികം വളർത്തിയ ക്ലബാണ്. ഒരു ജൂനിയർ താരത്തെ പടിപടിയായി ഉയർത്തിയതിനാൽ അവരോട് വളരെയധികം നന്ദിയുണ്ട്. താരങ്ങളെ പ്രൊമോട്ട് ചെയ്യുന്നതിലടക്കം അവർക്ക് കൃത്യമായ പ്ലാനിംഗ് ഉണ്ട്. തുടർച്ചയായി പത്ത് വർഷം ആ ക്ലബിനൊപ്പം കളിക്കാൻ സാധിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഇപ്പോഴും എന്റെ കളിശൈലിയിൽ ഉള്ളെതെല്ലാം ബംഗളുരുവിൽ നിന്നും ലഭിച്ച കാര്യങ്ങളാണ്. എന്നെ ഇഷ്ട്ടപെടുന്ന കാണികൾക്ക് മുന്നിലാണ് ഞാൻ കളിക്കാൻ പോകുന്നത്. അവിടെ നിന്നും പോയ ഞാൻ മോശമായി കളിച്ച് ആ ക്ലബിന് ചീത്തപേര് ഉണ്ടാക്കരുത്. എന്റെ ശൈലി തന്നെ ആക്രമണോത്സുകതയാണ്. അത് തന്നെ തുടരും.”

ക്ലബ്ബിനൊപ്പമുള്ള ഈ സീസണിലെ പ്രതീക്ഷകൾ എന്തെല്ലാമാണ്?

“നല്ലൊരു ആക്കത്തിലൂടെയാണ് പോകുന്നത്. പ്രതീക്ഷ പ്ലേഓഫ് തന്നെയാണ്. പരമാവധി മത്സരങ്ങൾ ജയിക്കണം.”

- നിഹാൽ സുധീഷ് പറഞ്ഞു.

"ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ചു. ഇപ്പോൾ താഴ്മയായി ഇരിക്കണം. മൂന്ന് മത്സരങ്ങൾ കൊണ്ട് തീരുന്നതല്ല ഐഎസ്എൽ. അതൊരു നീണ്ട യാത്രയാണ്. പത്ത് മത്സരങ്ങൾ തോറ്റ ശേഷം ബെംഗളൂരു എഫ്‌സി ഐഎസ്എൽ ഫൈനൽ കളിച്ചിട്ടുണ്ട്. എന്തും സംഭവിക്കാം. അതിനാൽ, വിനീതമായി ഇരിക്കുക, കോച്ചിന്റെ നിർദേശങ്ങൾക്കനുസരിച്ച് പരിശീലനം നടത്തുക, ഒരു സമയം ഓരോ മത്സരം എന്നെടുത്ത് മുന്നോട്ട് പോകുക എന്നതാണ് തീരുമാനം. ദൈവസഹായത്താൽ കൂടുതൽ മിനിറ്റ് കളിക്കണം, കൂടുതൽ ഗോളടിക്കണം എന്നതാണ് എന്റെ ലക്ഷ്യം. ടീം നല്ല ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഓരോ അടിയായി എടുത്ത് വെക്കണം. വിനീതമായിരിക്കണം, പരിശീലന സെഷനുകൾ നന്നായി കൊണ്ട് പോകണം, പരിശീലകരുടെ പ്ലാനിങ്ങിൽ ഉറച്ചു നിൽക്കണം എന്നിവയാണ് എനിക്ക് വർഷം ചെയ്യാനുള്ളത്.

- ലിയോൺ അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫുട്ബോളിൽ വിങ്ങറുകൾ അല്ലെങ്കിൽ വൈഡ് ഫോർവേഡുകൾ ഗോളടിക്കുന്നില്ല എന്നത് ഒരു വിമർശനമായി ഉയരുന്നുണ്ട്. ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുന്നു?

‘ഇവിടെ പരിശീലകൻ ഞങ്ങളോട് പറയുന്ന ഗോളടിക്കാനാണ്. കളിക്കുമ്പോൾ ഉള്ളിലേക്ക് കടക്കാനും ഗോളടിക്കാനും അദ്ദേഹം പറയാറുണ്ട്. പോസിറ്റീവ് ആയിരുന്നാൽ ഗോളുകളും അസിസ്റ്റുകളും വരും.”

- നിഹാൽ വ്യക്തമാക്കി

“പരിശീലനം തന്നെയാണ് പ്രധാനം. പരിശീലകൻ പൂർണ പിന്തുണ നൽകുന്നുണ്ട്. അദ്ദേഹം പറയുന്നത് ബോക്സിലേക്ക് കടന്ന് ഗോളടിക്കാനാണ്. ഒരു ഗോളടിച്ചു കഴിഞ്ഞാൽ നമ്മുടെ ഉള്ളിൽ ആത്മവിശ്വാസം ഉണ്ടാകും. പിന്നീട്, നമ്മൾ ആ പൊസിഷനിൽ വീണ്ടും എത്തുമ്പോൾ എന്ത് ചെയ്യണമെന്ന് മനസിലാകും. പരിശീലന സമയത്ത് കോച്ച് പറയുന്നത്, വിങ്ങേർസ് ഗോളടിക്കുന്നതിൽ ഫോക്കസ് ചെയ്യണമെന്നാണ്. അതിനാലാണ്, വിങ്ങേർസ് അടക്കം എല്ലാ താരങ്ങളും ഗോളടിക്കുന്നതിലും ഷോട്ട് ഉതിർക്കുന്നതിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത് പരിശീലകൻ നൽകുന്ന ആത്മവിശ്വാസം കൊണ്ടാണ്.”

- ലിയോൺ കൂട്ടിച്ചേർത്തു.

ടീമിലും കളിക്കാരിലും ലൂക്ക മജ്‌സെനും ഫിലിപ്പ് മിർസ്ൽജാക്കും ചെലുത്തുന്ന സ്വാധീനമെന്താണ്?

“ടീമിന്റെ നേതാവാണ് ലൂക്ക മജ്‌സെൻ. നന്നായി കളിച്ചാലും മോശമായി കളിച്ചാലും അദ്ദേഹം വ്യക്തിപരമായി നിർദേശങ്ങൾ നൽകും. അദ്ദേഹം ടീമിനൊപ്പമുള്ളത് ഞങ്ങൾക്ക് ഒരു കരുത്താണ്.”

- നിഹാൽ വ്യക്തമാക്കി.

“ആ ഒരു പ്രായത്തിൽ ഇത്രയധികം ഹാർഡ് വർക്ക് ചെയ്യുന്ന താരങ്ങൾ ചുരുക്കമാണ്. കാര്യങ്ങൾ പറഞ്ഞുതരാൻ കഴിവുള്ള, നേതൃത്വ പാടവമുള്ള താരങ്ങളാണ്. അവരോടൊപ്പം പ്രവൃത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.”

- ലിയോൺ പറഞ്ഞവസാനിപ്പിച്ചു.