ഇന്ത്യൻ സൂപ്പ് ലീഗിൽ ആവേശോജ്ജ്വലമായ സതേൺ റൈവൽറിയിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സുനിൽ ഛേത്രിയുടെ ഹാട്രിക്ക് പിറന്ന ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലൂസിന്റെ ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്.

ബെംഗളൂരു എഫ്‌സിക്കായി ഛേത്രിയുടെ ഹാട്രിക്കിനൊപ്പം (8', 73', 90+8') റയാൻ വില്യംസ് (38) ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനസ് (56), ഫ്രെഡി ലല്ലാവ്മ (67) എന്നിവർ വലകുലുക്കി. ജയത്തോടെ ബ്ലൂസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.

ബെംഗളുരുവിനേക്കാൾ അവസരങ്ങൾ സൃഷ്ടിക്കുകയും ഷോട്ടുകൾ എടുക്കുകയും ചെയ്‌തെങ്കിലും, താരങ്ങൾ ക്ലിനിക്കൽ ആകാതിരുന്നത് യെല്ലോ ആർമിക്ക് തിരിച്ചടിയായി. ഒപ്പം, മധ്യനിരയിൽ നിന്നും വിബിൻ മോഹനൻ പരിക്കിനെ തുടർന്ന് മത്സരത്തിനിടെ കളം വിട്ടതും ടീമിനെ ബാധിച്ചു. അവസാനത്തെ ആറ് മത്സരങ്ങളിലെ അഞ്ചാമത്തെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സിനിത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങേണ്ടി വന്നത് ടീമിന്റെ കുതിപ്പിനെ തടയിട്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ വ്യക്തമാക്കി. ആ ഗോൾ ടീമിന് സമ്മർദ്ദമുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര ശേഷം ബംഗളുരുവിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

"അതെ, അവർ ഞങ്ങളെക്കാൾ കുറച്ചുകൂടി നന്നായി കളിച്ചെന്ന് ഞാൻ കരുതുന്നു. ഒരുപാട് മികച്ചതല്ല, പക്ഷെ അവർ വളരെ കൃത്യത കൂടുതലായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ ഗോൾ. അത് നല്ലൊരു ക്രോസും മികച്ച ഫിനിഷുമായിരുന്നു. ഛേത്രി തീർച്ചയായും ഇന്ന് മികച്ചുനിന്നു."

"ഫാർ പോസ്റ്റിൽ അദ്ദേഹം മാത്രമായിരുന്നു, അവിടെ നിന്നുമൊരു പെർഫെക്റ്റ് ഹെഡർ. അത് ആദ്യ പകുതിയുടെ ബാക്കി ഭാഗങ്ങളെ കാര്യമായി സ്വാധീനിച്ചു. ആ ഗോൾ നൽകിയ സമ്മർദ്ദത്തിലായിരുന്നു ടീമെന്ന് ഞാൻ കരുതുന്നു. ആദ്യ പകുതിയിൽ ഏകദേശം തുല്യമായിരുന്നു കളി. ശേഷം, മധ്യനിരയ്ക്ക് സമീപം ഒരു ഡ്യൂവൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിലൂടെ, അവർ രണ്ടാമത്തെ ഗോൾ നേടി. അതൊരു മികച്ച ഫിനിഷിങ് ആയിരുന്നു." - മിക്കേൽ സ്റ്റാറെ പറഞ്ഞു.

മോശം ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കേരളം മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിട്ടുകൾക്കകം ജീസസ് ജിമെനസിലൂടെ ഗോൾ കണ്ടെത്തി. മത്സരത്തിന്റെ മൊമെന്റം ബ്ലാസ്റ്റേഴ്സിനൊപ്പമായി. എങ്കിലും അലക്സാന്ദ്രേ കോഫിനുണ്ടായ പതർച്ച മുതലെടുത്ത ബ്ലൂസ് ഛേത്രിയുടെ രണ്ടാം ഗോളിൽ മത്സരത്തിലേക്ക് തിരികെ വന്നു.

"ഹാഫ്ടൈമിൽ കളിക്കാർ മാനസികമായി ബുദ്ധിമുട്ടിലായിരുന്നു. പക്ഷെ, ഞാൻ ഊന്നി പറയുന്നു, എനിക്ക് അഭിമാനമുണ്ട്. കളിക്കാരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഒരു റൈവൽറിയിലെ എവേ മത്സരത്തിൽ എതിരാളിക്കെതിരെ 2-0 ന് പുറകിൽ നിന്നും കളിക്കുന്നത് ഒട്ടും എളുപ്പമല്ല."

"രണ്ടാം പകുതിയിൽ താരങ്ങൾ പ്രതികരിച്ച രീതിൽ എനിക്ക് അഭിമാനമുണ്ട്. ഒട്ടും സമ്മർദ്ദം ഉണ്ടായിരുന്നില്ല, വളരെ ശാന്തമായി നൽകിയ നിർദേശങ്ങൾക്കനുസരിച്ച് കളിച്ചു. അതിനാൽ വേഗത്തിൽ സ്കോർ 2-1 ലേക്കെത്തിച്ചു. തിടുക്കത്തിൽ കളിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ ആദ്യ ഗോൾ നേടിയപ്പോൾ അവർ സമ്മർദ്ദത്തിലായി. അത് കളിയിലും പ്രതിഫലിച്ചു." - അദ്ദേഹം തുടർന്നു.

"ഞങ്ങൾ 2-2 ലേക്കെത്തി. ആ സമയം മൊമന്റം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. കുറച്ചു മിനിട്ടുകൾക്കകം, ഞങ്ങളുടെ സെന്റർ ഡിഫൻഡർ ഒന്ന് പതറി, ഒരു ഡ്യൂവൽ നഷ്ടപ്പെട്ടതോടെ, അവർ സ്കോർ 3-2 ൽ എത്തിച്ചു. തുടർന്ന് ഞങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു, അവർക്ക് ചുറ്റും സമ്മർദ്ദം ചെലുത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ഗോൾ വഴങ്ങി." - സ്വീഡിഷ് പരിശീലകൻ വ്യക്തമാക്കി.

താരങ്ങളിൽ നിന്നുമുണ്ടായ പിഴവുകളാണ് മുൻ മത്സരങ്ങളിൽ നിന്നും സമാനമായി ഈ മത്സരത്തിലും തോൽവിയിലേക്ക് ടീമിന് വഴിവെട്ടിയത്. റിസൾട്ട് മാത്രം നോക്കിയാൽ കളിയുടെ യഥാർത്ഥ ചിത്രം മനസിലാകില്ലെന്ന് കോച്ച് പറഞ്ഞു.

"തോൽ‌വിയിൽ ഞാൻ നിരാശനാണ്. എങ്കിലും ടീം പ്രതികരിച്ച രീതിയിൽ അഭിമാനമുണ്ട്. മാനസികമായി ഞങ്ങൾ ശക്തരാണ്. പക്ഷേ ഞങ്ങൾ അനായാസമായി ഗോളുകൾ വഴങ്ങിയെന്ന് സമ്മതിക്കാൻ പ്രയാസമാണ്. ഞങ്ങൾ നാല് ഗോളുകൾ വഴങ്ങിയെങ്കിലും കളിയുടെ യഥാർത്ഥ ചിത്രം അതല്ല."

"പ്രതിരോധം മോശമല്ല, അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവരും മികച്ചതായിരുന്നു. പക്ഷെ, ഞങ്ങൾ ദുർബലരാണ്. അതാണ് ഞങ്ങളുടെ പ്രശ്നം. ഒരു ടീമെന്ന നിലയിലല്ല, എന്നാൽ വളരെയധികം വ്യക്തിഗത പിഴവുകൾ വരുത്തുന്നു." - അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലനത്തിലൂടെ മാത്രമേ പിഴവുകൾ കുറക്കാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

"പരിശീലന സെഷനുകളിൽ ഓരോ സാഹചര്യത്തിലും ഏകാഗ്രത, ഏകാഗ്രത ആവശ്യവുമാണ്. ഒരു പരിശീലന സെഷനും കൈവിട്ടുപോകാൻ അനുവദിക്കരുത്. ഞങ്ങൾ നന്നായി പരിശീലിക്കുന്നു. സമ്മർദത്തെ നേരിടലാണ് ഫുട്ബോൾ എന്നത് സമ്മതിക്കേണ്ടതുണ്ട്. ഞങ്ങൾ നന്നായി കളിക്കുന്നു, അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും ശുഭാപ്തിവിശ്വാസമുള്ളത്. ഞങ്ങൾ ഇപ്പോഴും കളത്തിലുണ്ട്." - പരിശീലകൻ പറഞ്ഞവസാനിപ്പിച്ചു.