പ്രിവ്യു: പകരം വീട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിൽ ഇറങ്ങുന്നു
സീസണിലെ ആദ്യ മത്സരത്തിൽ സ്വന്തം ഹോമിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനാണ് കേരളം ബെംഗളുരുവിലേക്ക് തിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി സ്വന്തം മണ്ണിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ മറ്റൊരു തെന്നിന്ത്യൻ റൈവലറിക്ക് കൂടി കളമൊരുങ്ങുന്നു. ഡിസംബർ ഏഴിന് രാത്രി 7:30ന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം ഹോമിൽ ഒരു മത്സരത്തിൽ പോലും തോൽവി നേരിടാതെയാണ് ബെംഗളൂരു കുതിക്കുന്നത്. കേരളത്തിനാകട്ടെ, ലീഗിലേക്ക് തിരിച്ചുവരുന്നതിനും ഭാവി മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയെടുക്കാനും നിർണായകമാണ് തങ്ങളുടെ ലീഗിലെ 200-ാം മത്സരം കൂടിയായ ഇത്.
സീസണിലെ ആദ്യത്തെ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 20 പോയിന്റുകളോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് സുരക്ഷിതരാണ് ബെംഗളൂരു എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആകട്ടെ, പത്ത് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി 11 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
അവസാന അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളുരുവിലിറങ്ങുന്നത്. സ്വന്തം ഹോമിൽ ഒക്ടോബർ അവസാനം ബെംഗളുരുവിനോട് തോറ്റ ടീം തുടർച്ചയായി രണ്ട് തോൽവികൾ കൂടി വഴങ്ങി. അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് മൂന്ന് ഗോളിന്റെ മാർജിനിൽ ജയിക്കാൻ സാധിച്ചെങ്കിലും അവസാന മത്സരത്തിൽ ഗോവയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
ബെംഗളൂരുവാകട്ടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് നേടിയത് രണ്ട് ജയം. ഒരു ഗോൾ പോലും വഴങ്ങാതെ, ആദ്യ അഞ്ച് മത്സരങ്ങളിൽ അജയ്യരായി കുതിച്ച ബ്ലൂസ്, ആറാം മത്സരത്തിൽ കൊച്ചിയിൽ യെല്ലോ ആർമിയോട് ജയിച്ചെങ്കിലും ആദ്യമായി ഗോൾ വഴങ്ങി. തുടർന്നുള്ള നാല് മത്സരങ്ങളിൽ മൊഹമ്മദെൻ എസ്‌സിക്കെതിരെ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. നോർത്ത്ഈസ്റ്റിനോട് സമനിലയും ഗോവയോടും അവസാന മത്സരത്തിൽ ഒഡീഷയോടും തോൽവി വഴങ്ങി. അവസാന അഞ്ചിൽ ഒരു ക്ലീൻ ഷീറ്റ് പോലും നിലനിർത്താൻ സാധിച്ചിട്ടുമില്ല.
ടീമുകളുടെ അവലോകനം
ബെംഗളൂരു എഫ്‌സി: ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ അജയരാണ് ബെംഗളൂരു എഫ്‌സി. ഈ സീസണിൽ സ്വന്തം ഹോമിൽ കളിച്ച ഒരു മത്സരത്തിലും അവർ തോൽവി വഴങ്ങിയിട്ടില്ല. ആദ്യ അഞ്ച് ഹോം മത്സരങ്ങളിൽ (W4 D1) നിന്നായി ക്ലബ് 13 പോയിന്റുകൾ നേടി. ഈ മത്സരത്തിൽ ജയം കണ്ടെത്താൻ സാധിച്ചാൽ, ഐഎസ്എൽ ചരിത്രത്തിലെ ആറ് ഹോം മത്സരങ്ങൾക്ക് ശേഷമുള്ള അവരുടെ എക്കാലത്തെയും മികച്ച നേട്ടമായ 16 പോയിന്റുകളിലേക്കെത്തും. ഇത് അവരുടെ അരങ്ങേറ്റ സീസണായ 2018-19 ലെ റെക്കോർഡിനെ മറികടക്കും. ആ വർഷം അവർ ഐഎസ്എൽ കിരീടം ഉയർത്തിയിരുന്നു.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ ബെംഗളൂരു എഫ്‌സിയുടെ ഗോൾ നേട്ടങ്ങൾ ശ്രദ്ധേയമാണ്. 16 മത്സരങ്ങളിൽ നിന്നും നേടിയത് 27 ഗോളുകൾ. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ, സുനിൽ ഛേത്രി ഏഴ് ഗോളുകൾ നേടി. ഇന്നത്തെ മത്സരം ജയിച്ചാൽ ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: ഒരു മോശം സമയത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നീങ്ങുന്നത്. അവസാന അഞ്ച് മത്സരത്തിൽ ഒന്നിൽ മാത്രം ജയിക്കാൻ സാധിച്ചുള്ളൂ എന്നത് ക്ലബ്ബിന്റെ മോശം ഫോമിനെ അടിവരയിട്ട് വ്യക്തമാക്കുന്നു. ഓരോ മത്സരത്തിലും കൂടുതൽ പോസ്സെഷൻ നിലനിർത്തിയും അറുത്തുമുറിച്ച പാസുകളും കൃത്യമായ ക്രോസുകളും ലോങ്ങ് ബോളുകളും നൽകിയിട്ടും ഫലത്തിലേക്ക് വരുമ്പോൾ ടീമിന് അത് അനുകൂലമാകുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പല മത്സരത്തിലും എതിരാളികളേക്കാൾ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും, താരങ്ങളുടെ വ്യക്തിഗത പിഴവുകൾ കളിയുടെ ഗതി മാറ്റിമറിക്കുന്നു. ലീഗിൽ ഈ സീസണിൽ ഗോൾ വഴങ്ങാൻ കാരണമായ ഏറ്റവുമധികം പിഴവുകൾ വരുത്തിയ ടീമാണ് കേരളം (6). രണ്ടാമതുള്ള ടീമിനെക്കാൾ ഇരട്ടിയാണിത്. സീസണിലെ ആദ്യ മത്സരത്തിൽ സ്വന്തം ഹോമിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനാണ് കേരളം ബെംഗളുരുവിലേക്ക് തിരിക്കുന്നത്.
ബംഗളുരുവിലെ ശ്രീ കണ്ഠീരവയിൽ ഐഎസ്എൽ ചരിത്രത്തിലെ ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടില്ല. കളിച്ച അഞ്ച് മത്സരത്തിൽ നാല് തോൽവിയും ഒരു സമനിലയും. വഴങ്ങിയത് എട്ട് ഗോളുകൾ. നേടിയത് രണ്ടെണ്ണം മാത്രം. ഈ മോശം റെക്കോർഡിന് അവസാനമിടുക എന്നതാകും കേരളത്തിന്റെ വരും മത്സരത്തിലെ ലക്ഷ്യം.
ഇഞ്ചോടിഞ്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ 16 തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ 10 മത്സരങ്ങളിൽ ബെംഗളൂരു എഫ്‌സി ജയം കണ്ടെത്തി. നാലെണ്ണത്തിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ജയം കണ്ടെത്താൻ സാധിച്ചിട്ടുള്ളു. രണ്ടെണ്ണം സമനിലയിലായി. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇതുവരെ 27 ഗോളുകൾ ബ്ലൂസ് നേടിയപ്പോൾ, 17 എണ്ണം യെല്ലോ ആർമി കണ്ടെത്തി.
കണക്കിലെ കളികളും നിർണായക താരങ്ങളും
ബെംഗളൂരു എഫ്‌സിയുടെ ജോർജ് പെരേര ഡയസ് ഈ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ തൻ്റെ കരിയറിലെ അഞ്ചാം ഗോൾ നേടി. മുൻ ക്ലബ്ബിനെതിരെ അവസാന അഞ്ച് മത്സരത്തിൽ നാലെണ്ണത്തിലും അദ്ദേഹം ഗോളടിച്ചിട്ടുണ്ട്. അടഞ്ഞ സ്പേസുകൾ മുതലെടുക്കുന്നതിൽ പ്രാവീണ്യമുള്ള ഡയസിനെ ചെറുക്കൻ അതിഥികൾ തങ്ങളുടെ പ്രതിരോധ നിര കൂടുതൽ ബലപ്പെടുത്തേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നോഹ സദൗയി ഈ സീസണിൽ ഓരോ മത്സരത്തിലും എതിരാളികളുടെ ബോക്‌സിൽ ശരാശരി ഏഴ് ടച്ചുകൾ നടത്തി (8 മത്സരത്തിൽ നിന്ന് 56 ടച്ചുകൾ). ഇത് ലീഗിലെ ഏതൊരു കളിക്കാരൻ്റെയും ഉയർന്ന ശരാശരിയാണ്. അവനെ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനാകാത്ത ബംഗളൂരുവിൻ്റെ പ്രതിരോധത്തിലെ വിള്ളലുകൾ മുതലെടുക്കുന്നതിൽ സദൗയി നിർണായക സാന്നിധ്യമാകും. ഒരേ സമയം അവസരങ്ങൾ രൂപപ്പെടുത്തുന്നതിലും ഗോളടിക്കുന്നതിലും അദ്ദേഹം അഗ്രഗണ്യനാണ്.
സംപ്രേക്ഷണ വിവരങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ എന്നിവയിലും സംപ്രേക്ഷണം ചെയ്യും. സ്റ്റാർ സ്പോർട്സ് 3-ൽ 2024 ഡിസംബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും.