കേവലം നാല് പോയിന്റ് അകലെ പ്ലേ ഓഫ് സ്പോട് കാതോരത്തിരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചിയിൽ ഇരട്ട ഗെയിം വീക്കിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ജനുവരി 18-ന് രാത്രി 7:30 കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എതിരാളികൾ വടക്കുകിഴക്കൻ മലനിരയുടെ ഊർജവുമായിയെത്തുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഈ സീസണിന്റെ തുടക്കത്തിൽ ഗുവാഹത്തിയിൽ ഇരുവരും ഏറ്റുമുട്ടിയ മത്സരം 1 - 1 ന്റെ സമനിലയിൽ കലാശിച്ചിരുന്നു. അലാദ്ദീൻ അജറൈയുടെ ഗോളിൽ മുന്നിലെത്തിയ ഹൈലാൻഡേഴ്സിനെ നോവ സദൗയി സമനിലയിൽ കുരുക്കുകയായിരുന്നു.

സീസണിൽ 16 മത്സരങ്ങൾ വീതമാണ് ഇരുടീമുകളും കളിച്ചത്. അവസാന രണ്ട് മത്സരം ജയം കണ്ടെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആറ് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി 20 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാകട്ടെ 16 മത്സരങ്ങളിൽ നിന്നും ആറ് ജയവും ആറ് സമനിലയും നാല് തോൽവിയുമായി 24 പോയിന്റുകളോടെ ലീഗിൽ പ്ലേ ഓഫ് സ്പോട്ടിനുള്ളിൽ അഞ്ചാം സ്ഥാനത്തുമാണ്.

ഗോളടികളിൽ ഒന്നാമതാണ് വടക്കുകിഴക്കൻ നിര. 31 ഗോളുകളുമായി ഒഡീഷ എഫ്‌സിക്കൊപ്പം ഒന്നാമതുണ്ട്. നേടിയ ഗോളുകളിൽ പകുതിയോടടുത്തും പിറന്നത് ഒരു താരത്തിന്റെ ബൂട്ടിലൂടെ - അലാദിൻ അജൈറയിലൂടെ. ഈ സീസണിൽ ക്ലബ്ബുമായി കരാർ ഒപ്പിട്ട ഐഎസ്എല്ലിനോന്റെ ടോപ് സ്‌കോറർ കൂടിയായ മൊറോക്കൻ വിങ്ങർ 16 മത്സരങ്ങളിലായി നേടിയത് 15 ഗോളും അഞ്ച് അസിസ്റ്റും. സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ഹിമനസ് തിരിച്ചെത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്നത്. ഒൻപത് ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതുണ്ട് താരം.

ടീമുകളുടെ അവലോകനം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: തുടർച്ചയായ നാലാം സീസണിലും പ്ലേ ഓഫിലേക്കുള്ള യാത്ര സ്വപ്നം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകർ. 2023 - 24 സീസണിൽ ലീഗിന്റെ ആദ്യ പകുതിയിൽ തുടർജയങ്ങളോടെ 2024 പുതുവർഷം ടേബിൾ ടോപ്പേഴ്‌സായി ആഘോഷിച്ച കേരളത്തിനെ ശേഷം കാത്തിരുന്നത് ഒരു മോശം ഘട്ടമായിരുന്നു. അതിന് നേർ വിപരീതമാണ് ഈ സീസണിൽ സംഭവിക്കുന്നത്. ആദ്യ പന്ത്രണ്ട് മാച്ച് വീക്കിൽ നേടിയത് കേവലം മൂന്ന് ജയം. വഴിപിരിഞ്ഞ സ്റ്റാറെക്ക് പകരം ഇടക്കാല പരിശീലകനായി ടിജി പുരുഷോത്തമനും സഹപരിശീലകനായി റിസർവ് ടീമിന്റെ മുഖ്യപരിശീലകൻ തോമസ് തൂഷും സ്ഥാനമേറ്റെടുത്തതോടെ കളി മാറി. ശേഷം കളിച്ച നാലിൽ മൂന്നിലും ജയം. നേട്ടം നിർണായകമായ 12 പോയിന്റുകൾ.

കൊച്ചിയിൽ കളിച്ച തുടർച്ചയായ രണ്ട് മത്സരത്തിലും ജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഹൈലാൻഡേഴ്സിനെതിരെ സ്വന്തം ഹോമിൽ ഇറങ്ങുന്നത്. അടുത്ത മത്സരത്തിലും ജയം കണ്ടെത്തിയാൽ, 2022-23 സീസണിന് ശേഷം തുടർച്ചയായി മൂന്ന് ഹോം ജയങ്ങളെന്ന നേട്ടവും ടീമിന്റെ കയ്യിലെത്തും. ഈ സീസണിൽ ഹോമിലെ എട്ടിൽ നാല് കളിയിലും യെല്ലോ ആർമി ജയം കണ്ടെത്തി. ഒപ്പം നോർത്ത്ഈസ്റ്റിന് ഈ മൈതാനത്ത് ഇതുവരെയും ഒരു മത്സരത്തിൽ പോലും ജയിക്കാൻ സാധിച്ചിട്ടില്ല എന്ന വസ്തുതയും കൂട്ടിച്ചേർത്തത് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ കൂടുതൽ ആധിപത്യം നൽകും.

മഞ്ഞക്കടൽ ആർത്തിരമ്പുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജയിച്ച അവസാനത്തെ രണ്ട് മത്സരങ്ങളും മൂന്ന് ഗോളുകളാണ് കേരളം അടിച്ചത്. അടുത്ത മത്സരത്തിലും ഇതേ മാർജിൻ നേടാൻ സാധിച്ചാൽ, അത് ഐഎസ്എൽ ചരിത്രത്തിലെ ക്ലബ്ബിന്റെ ഏടുകളിൽ രേഖപ്പെടുത്തപ്പെടും. ഗോളടിക്കുന്നതിലുള്ള മികവ് തുടരുന്നതിനൊപ്പം, ഗോൾ വഴങ്ങുന്നതിലുള്ള ദൗർലബ്യം ടീമിന് തിരിച്ചടി നൽകുന്നുണ്ട്. ഈ സീസണിൽ സെറ്റ് പീസിൽ നിന്നും ഏറ്റവുമധികം ഗോൾ വഴങ്ങുന്ന ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് - 13 എണ്ണം. അലാദ്ദീൻ അജൈറയെ പോലെയുള്ള താരം എതിർനിരയിലുള്ളത് ഇത്തരം അവസരങ്ങളിൽ ടീമിന്റെ പ്രതിരോധത്തിന് തലവേദനകൾ ഉയർത്തും.

നോർത്ത്ഈസ്റ്റ് എഫ്‌സി: ലീഗിന്റെ തുടക്കത്തിൽ ലഭിച്ച ആക്കം നിലനിർത്താൻ സാധിക്കാതിരുന്നതാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് തലവേദന നൽകുന്നത്. ഒപ്പം മോശം ഫോമും. അവസാനത്തെ മൂന്ന് മത്സരങ്ങളിൽ ടീം അപ്രതീക്ഷിത സമനിലയിൽ കുരുങ്ങി. പുതുവർഷത്തിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാതെ കുഴങ്ങുന്ന ജുവാൻ പെഡ്രോ ബെനാലിയുടെ ടീമിന് ലീഗിൽ തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ജയം അനിവാര്യമാണ്.

തുടർ സമനിലകൾക്ക് മുൻപ് ടീം നേടിയ ഇരട്ടവിജയങ്ങൾ എവേ മൈതാനങ്ങളിൽ ആയിരുന്നു. ഇനിയൊരു എവേ മത്സരം കൂടി ജയിച്ചാൽ, 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള 11 മത്സരങ്ങളിൽ കണ്ടെത്തിയ നീണ്ട സ്ട്രീക്കിന് ശേഷം രണ്ടാമത്തേതായി മാറും. ഈ സീസണിൽ ടീം കണ്ടെത്തിയ ആറ് ജയങ്ങളിൽ നാലും എതിരാളികളുടെ മൈതാനത്ത് ആയിരുന്നു.

സീസണിൽ ഏറ്റവുമധികം ഗോൾ നേടി, ഐഎസ്എൽ ടീമുകളുടെ പ്രതിരോധനിരയെ വിറപ്പിച്ച നോർത്ത്ഈസ്റ്റിന്റെ ആക്രമണം കേരള ബ്ലാസ്റ്റേഴ്സിനെതിരെ നിർണായകമാണ്. ലീഗിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളുടെ നിരയിൽ ചെന്നൈയിൻ എഫ്‌സിക്കൊപ്പം രണ്ടാമതുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം സെറ്റ് പീസുകളിൽ പതർച്ച പ്രകടിപ്പിക്കാറുണ്ട്. അത് മുതലെടുക്കാൻ ഹൈലാൻഡേഴ്സിന് സാധിച്ചാൽ കൊച്ചിയിലെ എവേ മൈതാനത്ത് ക്ലബിന് ആദ്യ ജയം കണ്ടെത്താൻ സാധിക്കും.

ഇഞ്ചോടിഞ്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ 21 തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ എട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയം കണ്ടെത്തിയപ്പോൾ, നോർത്ത്ഈസ്റ്റിന് അഞ്ചെണ്ണമേ ജയിക്കാൻ സാധിച്ചുള്ളൂ. എട്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

കണക്കിലെ കളികളും നിർണായക താരങ്ങളും

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കോറൂ സിംഗ് ഈ സീസണിൽ തന്റെ അഞ്ച് ഹോം മത്സരങ്ങളിൽ നാലെണ്ണത്തിലും അസിസ്റ്റ് നൽകി. മറ്റൊരു അസിസ്റ്റ് കൂടി നേടിയാൽ തുടർച്ചയായ മൂന്ന് ഐ‌എസ്‌എൽ ഹോം മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരനായി മാറും.
  • അടുത്ത മത്സരത്തിൽ ഒരു ഗോളോ അസ്സിസ്റ്റോ നൽകിയാൽ, ഫെഡറിക്കോ ഗാലെഗോയെ മറികടന്ന് അലാദീൻ അജൈറക്ക് ഹൈലാൻഡേഴ്‌സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ സംഭവങ്ങൾ നൽകിയ കളിക്കാരനെന്ന നേട്ടം കരസ്ഥമാക്കാൻ സാധിക്കും.
  • ഈ സീസണിൽ 33 ഷോട്ട്-എൻഡിംഗ് ക്യാരികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ നോഹ സദൗയി ലീഗിൽ ഒന്നാമതാണ്. 2024-25 ഐ‌എസ്‌എൽ സീസണിൽ സദൗയി ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

സംപ്രേക്ഷണ വിവരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ, സ്റ്റാർ സ്പോർട്സ് 3 എന്നിവയിലും സംപ്രേക്ഷണം ചെയ്യും.