ഇന്ത്യൻ സൂപ്പർ ലീഗ് അതിനിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തിന് കടുപ്പമേറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്കെതിരെ ജനുവരി അവസാനം നേടിയ ആധികാരിക വിജയത്തിന്റെ ആക്കം നിലനിർത്താൻ ഇറങ്ങുന്ന ടീമിന്റെ അടുത്ത എതിരാളികൾ നിലവിലെ ടേബിൾ ടോപ്പേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സ്വന്തം ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫെബ്രുവരി 15-ന് രാത്രി 7:30നാണ് മത്സരം.

ഈ സീസണിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഏഴ് ജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയുമായി 24 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമാക്കിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ കുതിപ്പ്. 20 മത്സരങ്ങളിൽ നിന്നും 14 ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 46 പോയിന്റുകളോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്നു.

അവസാനത്തെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം ഹോമിൽ ഇറങ്ങുന്നത്. പ്ലേ ഓഫ് യോഗ്യതയിലേക്കുള്ള മത്സരം കൊടുമ്പിരി കൊണ്ടിരിക്കെ അതിനിർണായകമാണ് അടുത്ത മത്സരത്തിലെ ജയം. അവസാനത്തെ എട്ട് മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ലക്ഷ്യം ഐഎസ്എൽ ഷീൽഡ് നിലനിർത്തുക എന്നതാണ്. അവസാനത്തെ അഞ്ചിൽ നാലും ജയിച്ച എഫ്‌സി ഗോവ രണ്ടാം സ്ഥാനത്ത് നിന്നും മാരിനേഴ്സിന് കടുത്ത വെല്ലുവിളി നൽകുന്നുണ്ട്. ഷീൽഡ് ഉറപ്പിക്കുന്നതിൽ കൊൽക്കത്തൻ ക്ലബിന് കൊച്ചിയിലെ ജയം നിർണായകമാണ്.

ടീമുകളുടെ അവലോകനം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: ഇടക്കാല പരിശീലകന്റെ കീഴിൽ ഈസ്റ്റ് ബംഗാളിനെതിരായ തോൽ‌വിയിൽ നഷ്ടപ്പെടുത്തിയ ആക്കം ചെന്നൈയിനെതിരായ ജയത്തിലൂടെ തിരിച്ചുപിടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. അവസാനത്തെ മത്സരത്തിന് ശേഷം ടീമിന് ലഭിച്ചത് രണ്ടാഴ്ചയോളം വിശ്രമം. ഈ നീണ്ട ഇടവേള ടീമിന് കൂടുതൽ ഊർജം നൽകുമെന്നാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ഗോവ മുതൽ പത്താം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സി വരെ പ്ലേ ഓഫ് സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടത്തുന്നു. അടുത്ത മത്സരത്തിൽ മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ പ്ലേ ഓഫിലേക്ക് നിർണായകമാകുന്ന മൂന്നു പോയിന്റുകളിലായിരിക്കും കേരളത്തിന് കണ്ണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ കളിക്കുമ്പോൾ എതിർ ടീമുകൾക്ക് അവരുടെ പകുതിയിൽ 63.9% പാസുകൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. ഐ‌എസ്‌എൽ 2024-25ൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാസ് പൂർത്തിയാക്കിയ ടീമുകളിൽ മുംബൈ സിറ്റി എഫ്‌സിക്കു (71.8%) തൊട്ടുപിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (71.3%). മറ്റ് ടീമുകളിൽ നിന്നും പന്ത് പിടിച്ചെടുത്ത് മുന്നേറുന്നതിൽ കേരളത്തിനുള്ള ആധിപത്യം ഇത് സൂചിപ്പിക്കുന്നു.

ഒരു ഐ‌എസ്‌എൽ കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്വന്തം റെക്കോർഡിന് (2021-22ൽ 7 അസിസ്റ്റുകൾ) തൊട്ടടുത്താണ് അഡ്രിയാൻ ലൂണ (ഈ സീസണിൽ ആറ് അസിസ്റ്റുകൾ). ഈ സീസണിൽ 43 ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും 80% കൃത്യതയോടെ ഓരോ മത്സരത്തിലും ശരാശരി 35 പാസുകൾ വീതം നൽകുകയും ചെയ്തു താരം.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്: ഈ സീസണിൽ സ്ഥാനമേറ്റെടുത്ത ജോസേ മോലിനക്ക് കീഴിൽ കീഴിൽ സ്വപ്ന കുതിപ്പിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഷീൽഡ് നേടിക്കൊടുത്ത് ക്ലബ്ബിന്റെ പടിയിറങ്ങിയ അന്റോണിയോ ഹബാസിന് പകരക്കാരനായാണ് സ്പാനിഷ് പരിശീലകൻ സ്ഥാനമേറ്റെടുക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ഇതുവരെ ടീം നേരിട്ടത് രണ്ട് തോൽവി മാത്രവും. ഓരോ മത്സരത്തിലും ഷീൽഡ് നിലനിർത്താനുള്ള ആഗ്രഹത്തിലേക്ക് ചുവട് വെക്കുകയാണ് ടീം.

കഴിഞ്ഞ മൂന്ന് ഐ‌എസ്‌എൽ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റ് വിജയിച്ചിട്ടുണ്ട്, ഈ സീസണിലെ റിവേഴ്സ് മത്സരത്തിൽ 3-2ന്റെ വിജയവും ഇതിൽ ഉൾപ്പെടുന്നു. 2022-23, 2020-21 സീസണുകളിൽ കൈവരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെയുള്ള ലീഗ് ഡബിൾ എന്ന നേട്ടം മൂന്നാം തവണയും തുടരാനുള്ള അവസരം ഇത്തവണ അവർക്കുണ്ട്. കൊച്ചിയിലെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് മികച്ച ആക്രമണ റെക്കോർഡുണ്ട്. ബ്ലാസ്റ്റേഴ്സിനെതിരെ ഓരോ മത്സരത്തിലും നാലോ അതിലധികമോ ഗോളുകൾ അവർ നേടിയിട്ടുണ്ട്. ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് സ്വന്തം ഹോമിൽ തോൽപ്പിക്കാൻ കഴിയാത്ത രണ്ട് ടീമുകളിൽ ഒന്നാണ് മാറിനേഴ്സ് (ഒപ്പം പഞ്ചാബ് എഫ്‌സിയും).

മോഹൻ ബഗാൻ സൂപ്പർ ജയന്റ് അവരുടെ അവസാന നാല് ഐ‌എസ്‌എൽ മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടില്ല. മറ്റൊരു ക്ലീൻ ഷീറ്റ് നേടിയാൽ, ലീഗിൽ ടീം കണ്ടെത്തുന്ന ഏറ്റവും വലിയ സ്ട്രീക് ആയിരിക്കും അത്. ഒപ്പം ആക്രമണത്തിലും അവർ കരുത്തരാണ്. ലീഗിൽ ഏറ്റവുമധികം ഗോളടിച്ച ടീമുകളിൽ ഒന്നായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഐ‌എസ്‌എൽ 2024-25ൽ ലക്ഷ്യത്തിലെത്തിച്ചത് 39 ഗോളുകൾ. ജാമി മക്ലാറൻ (8), സുഭാഷിഷ് ബോസ് (6), മൻവീർ സിംഗ് (5) എന്നിവരാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗോൾവേട്ടക്കാർ.

ഇഞ്ചോടിഞ്ച്

ഇതുവരെ ഒമ്പത് തവണ ഇരു ടീമുകളും ഐ‌എസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴ് മത്സരങ്ങളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

കണക്കുകളും താരങ്ങളും

ഇരു ടീമുകളും ഏറ്റുമുട്ടിയ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ താരമാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ദിമിത്രിയോസ് പെട്രാറ്റോസ് (7 - 3 ഗോളും 4 അസിസ്റ്റും). എന്നാൽ, ദിമിത്രിയോസ് പെട്രാറ്റോസ് സമീപകാലത്ത് ഫോം ഔട്ട് ആയിരിക്കുകയാണ്. അവസാന അഞ്ച് മത്സരങ്ങളിലും അദ്ദേഹത്തിന് ഗോൾ നേടാനോ അസിസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആകെ രണ്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ജീസസ് ജിമെനെസ് ഈ സീസണിൽ 12 ഗോൾ സംഭാവനകൾ നൽകിയിട്ടുണ്ട് (11 ഗോളുകൾ, 1 അസിസ്റ്റ്). ഈ മത്സരത്തിൽ ഒരു ഗോൾ നേടുകയോ അസിസ്റ്റ് ചെയ്യുകയോ ചെയ്താൽ, അഡ്രിയാൻ ലൂണക്കും (2021-22) ദിമിത്രിയോസ് ഡയമന്റാക്കോസിനും (2022-23) ഒപ്പം അരങ്ങേറ്റ സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ രണ്ടാമത്തെ താരമാകും. ബാർത്തലോമിയോ ഒഗ്‌ബെച്ചെ മാത്രമാണ് ഈ നിരയിൽ മുന്നിലുള്ളത്.

മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ സുഭാഷിഷ് ബോസ് ഈ സീസണിൽ 37 ടാക്കിളുകൾ, 43 ഏരിയൽ ഡ്യുവലുകൾ, 40 ഇന്റർസെപ്ഷനുകൾ, 96 റിക്കവറി എന്നിവ കണ്ടെത്തി പ്രതിരോധത്തിൽ ഉറച്ചു നിൽക്കുന്നു, കൂടാതെ നിലവിലെ സീസണിൽ ആറ് ഗോളുകൾ നേടി ഒരെണ്ണത്തിന് വഴിയുമൊരുക്കി

സംപ്രേക്ഷണ വിവരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോഹോട്സ്റ്റാർ ആപ്പിൽ ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്റ്റാർ സ്പോർട്സ് - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും.