ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൊച്ചിയിൽ തിരിച്ചെത്തുന്നു . ഹൈദരാബാദ് എഫ്‌സിയാണ് മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ. നവംബർ മൂന്നിന് വൈകീട്ട് 7:30 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് തൊട്ട് താഴെയുള്ള ടീമാണ് ഹൈദരാബാദ് എന്നതിനാൽ, തുല്യരുടെ മത്സരമായി ഇതിനെ കണക്കാക്കാം.
സീസണിലെ ആദ്യത്തെ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് വീതം ജയവും സമനിലയും മൂന്ന് തോൽവികളുമായി എട്ട് പോയിന്റുകളോടെ ലീഗിൽ പത്തം സ്ഥാനത്താണ് ടീം. ഹൈദരാബാദ് എഫ്‌സി ആകട്ടെ, ആറ് മത്സരങ്ങളിൽ നിന്നും ഓരോ ജയവും സമനിലയും നാല് തോൽവിയുമായി നാല് പോയിന്റുകളുമായി പട്ടികയിൽ കേരളത്തിന് തൊട്ട് താഴെ പതിനൊന്നാം സ്ഥാനത്താണ്.

സമാനമായ സാഹചര്യങ്ങളിലൂടെയാണ് ലീഗിൽ ഒരു ടീമുകളും കടന്നു പോകുന്നത്. യുവതാരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ടീമുകൾ, ലീഗിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ പൊരുതുകയാണ്. ഒപ്പം നിലവിലെ ഐഎസ്എൽ കിരീട ജേതാക്കളായ മുംബൈ സിറ്റിയ്ക്ക് എതിരെ കേരളവും ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെതിരെ ഹൈദെരാബാദും തോൽവി വഴങ്ങിയിട്ടുണ്ട്. ലീഗിലെ യാത്ര ശരിയായ പാതയിലേക്കെത്തിക്കുന്നതിൽ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഹൈദരാബാദ് എഫ്‌സിക്കെതിരെ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടുണ്ടെന്നത് കൊമ്പന്മാർക്ക് കൊച്ചിയിൽ മുൻ‌തൂക്കം നൽകുന്നുണ്ട്.

ടീമുകളുടെ അവലോകനം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ഗോളുകൾ അടിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തോൽക്കുന്ന കളികളിലും അവർ ഗോൾ നേടുന്നുണ്ട്. ലീഗിൽ ഏറ്റവുമധികം ഗോളുകളിലടിച്ച താരങ്ങളുടെ നിരയിൽ ആദ്യ പന്ത്രണ്ട് സ്ഥങ്ങളിലുള്ളത് കേരളത്തിന്റെ താരങ്ങൾ. അഞ്ച് ഗോളുകളുമായി ജീസസ് ജിമെൻസ് അഞ്ചാമതും മൂന്ന് വീതം ഗോളുകളുമായി പെപ്രയും നോഹയും പിന്നിലുണ്ട്. കൂടാതെ, കൊച്ചിയിൽ നടന്ന അവസാന പതിനാല് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും കേരളം ഗോൾ നേടിയിട്ടുണ്ട്. പരുക്കിന്റെ പിടിയിലായി അവസാനത്തെ രണ്ട് മത്സരങ്ങൾ നഷ്ടപെട്ട നോഹ സദൗയി ഹൈദെരാബാദിനെതിരായ മത്സരത്തിൽ തിരികെയെത്താൻ സാധ്യത ഉണ്ടെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ പത്രസമ്മേളത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിർണായക പ്രകടനം നടത്തിയ പെപ്ര, ഇരട്ട മഞ്ഞ കാർഡ് വാങ്ങി കളത്തിന് പുറത്തേക്ക് പോയതിനാൽ അടുത്ത മത്സരത്തിന് ഇറങ്ങില്ല.

ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ക്ലീൻ ഷീറ്റ് നേട്ടമില്ലാത്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഒപ്പം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗിലെ കഴിഞ്ഞ തുടർച്ചയായ 18 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തിയിട്ടില്ല. വ്യക്തിഗതമായ പിഴവുകളും പ്രതിരോധ നിരയുടെ പതറലും കേരളത്തിന് നഷ്ടപ്പെടുത്തുന്നത് നിർണായകമായ പോയിന്റുകളാണ്. ഈ സീസണിൽ ഗോളിലേക്കുള്ള പിഴവുകൾ ഏറ്റവുമധികം വഴങ്ങിയ ടീമാണ് കേരളം. അഞ്ചെണ്ണം. രണ്ടാമതുള്ള ഹൈദെരാബാദിനെക്കാൾ മൂന്ന് പിഴവുകൾ അധികം കേരളം വരുത്തി. വാസ്തവത്തിൽ, കഴിഞ്ഞ രണ്ട് സീസണുകൾ ഒരുമിച്ചെടുത്താൽ കേരളം ആകെ വഴങ്ങിയത് ഗോളിലേക്കുള്ള അഞ്ച് പിഴവുകളാണ്.

ഹൈദരാബാദ് എഫ്‌സി: ഒരു ജയം പോലുമില്ലാതെ ആദ്യ നാല് മാച്ച് വീക്കുകളിൽ പതറിയ ടീം മൊഹമ്മദിനെതിരായ മത്സരത്തിലൂടെയാണ് കളത്തിൽ തിരിച്ചെത്തിയത്. മറുപടിയില്ലാത്ത നാല് ഗോളുകളുടെ വിജയം ടീമിന് നൽകിയത് മികച്ച ആത്മവിശ്വാസമാണ്. തൊട്ടടുത്ത മത്സരത്തിൽ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടെങ്കിലും, തിരികെ മത്സരത്തിലേക്ക് എത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യൻ പരിശീലകൻ താങ്ബോയ് സിങ്ടോ നയിക്കുന്ന ടീമിനുണ്ട്.

ഹൈദരാബാദ് എഫ്‌സി തങ്ങളുടെ അവസാന ഒമ്പത് എവേ മത്സരങ്ങളിൽ ഏഴിലും കുറഞ്ഞത് ഒരു ഗോളെങ്കിലും വഴങ്ങിയ ടീമാണ് എന്നത് അവരുടെ പ്രതിരോധത്തിലെ പാളിച്ചകൾ ചൂണ്ടികാണിക്കുന്നു. ഗോൾ വഴങ്ങിയ ആ എവേ മത്സരങ്ങളിൽ എല്ലാം ടീം പരാജയപ്പെട്ടു. ക്ലീൻ ഷീറ്റ് നിലനിർത്തി മത്സരങ്ങളിൽ രണ്ടിലും ജയിക്കുകയും ചെയ്തു. കേരളത്തിന്റെ കടുത്ത ആക്രമണത്തെ എങ്ങനെ തടഞ്ഞു നിർത്താനാകും എന്നതായിരുക്കും മത്സരത്തിൽ പോയിന്റുകൾ നേടാനുള്ള ഹൈദരാബിദിന്റെ സാധ്യതയെ പിന്താങ്ങുക.

ഇഞ്ചോടിഞ്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ പതിനൊന്ന് തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ 6 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ, നാലെണ്ണത്തിൽ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. ഒരെണ്ണം സമനിലയിലായി. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇതുവരെ 16 ഗോളുകൾ കേരളം നേടിയപ്പോൾ, 12 എണ്ണം മാത്രമാണ് ഹൈദരാബാദിന്റെ പക്കലുള്ളത്.

കണക്കിലെ കളികളും നിർണായക താരങ്ങളും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ സീസണിൽ ഏറ്റവുമധികം ബോൾ റിക്കവറികൾ നടത്തിയ ഇന്ത്യൻ താരമാണ് വിബിൻ മോഹനൻ (40). 2024-25 ഐഎസ്എൽ സീസണിൽ വിബിനിനെക്കാൾ കൂടുതൽ ബോൾ റിക്കവറികൾ രേഖപ്പെടുത്തിയത് മുഹമ്മദ് ബെമാമ്മറിന്റെയും (45), മിർജലോൽ കാസിമോവിന്റേയും (41) പേരിലാണ്.

ഐഎസ്എൽ 2024-25-ൽ ഹൈദരാബാദ് എഫ്‌സിയുടെ അലക്‌സ് സജി ഒരു മത്സരത്തിൽ 2.5 ശരാശരി ഹെഡ്ഡ് ക്ലിയറൻസുകൾ നടത്തിയിട്ടുണ്ട്. സീസണിൽ ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും ഉയർന്ന അഗ്രഗേറ്റാണിത്. ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധനിരയിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമാണ് അലക്സ് സജി.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി തുടർച്ചയായി നാല് മത്സരങ്ങളിൽ ജീസസ് ജിമെനെസ് ഗോളടിച്ചു. ഹൈദരാബാദ് എഫ്‌സിക്കെതിരെയും ഗോൾ നേടിയാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തുടർച്ചയായുള്ള മത്സരങ്ങളിലെ ഗോൾ നേട്ടത്തിൽ ഡിമിട്രിയോസ് ഡയമൻ്റകോസിന്റെ ഒപ്പമെടുത്തും.

സംപ്രേക്ഷണ വിവരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ എന്നിവയിലും സംപ്രേക്ഷണം ചെയ്യും.