പ്രിവ്യു: കലിംഗ പോരാട്ടത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്
തുടർ തോൽവികൾക്ക് ശേഷം, അവസാന മത്സരത്തിൽ കലിംഗയിൽ ജംഷെഡ്പൂരിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ എഫ്‌സി.

തുടർച്ചയായ രണ്ടാം എവേ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നാലാമത്തെ മാച്ച് വീക്കിൽ എതിരാളികൾ സെർജിയോ ലൊബേറ നയിക്കുന്ന ഒഡീഷ എഫ്‌സി. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഓരോ വിജയവും തോൽവിയും സമനിലയും നേടി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡീഷയാകട്ടെ, മൂന്ന് മത്സരങ്ങളിൽ നിന്നും സമ്പാദിച്ചത് ഒരു ജയവും രണ്ട് തോൽവികളും അടക്കം 3 പോയിന്റുകൾ. ടേബിളിൽ പത്താമതും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒക്ടോബർ 3-ന് രാത്രി 7:30 നാണ് മത്സരം.
തുടർ തോൽവികൾക്ക് ശേഷം, അവസാന മത്സരത്തിൽ കലിംഗയിൽ ജംഷെഡ്പൂരിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ എഫ്‌സി ഇറങ്ങുന്നത്. കേരളമാകട്ടെ അവസാനമത്സരത്തിൽ ഗുവാഹത്തിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ സമനിലയിൽ കുരുങ്ങി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടുവാൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഒഡീഷ എഫ്‌സി: കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ പരാജയപ്പെടുത്തിയാണ്, ചരിത്രത്തിൽ ആദ്യമായി ഒഡീഷ എഫ്‌സി സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പാദം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചെങ്കിലും, രണ്ടാം പകുതിയിലേറ്റ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ തോൽവി ടീമിന് ഫൈനലിലേക്കുള്ള പ്രവേശനം നിഷേധിച്ചു. മുൻ സീസണുകളിൽ എഫ്‌സി ഗോവക്ക് ഒപ്പവും മുംബൈ സിറ്റിയ്ക്ക് ഒപ്പവും കിരീടങ്ങൾ നേടിയ പരിശീലകൻ സെർജിയോ ലൊബേറക്ക് കീഴിൽ ഇറങ്ങുന്ന ഒഡീഷയുടെ ലക്ഷ്യം ആദ്യ ഐഎസ്എൽ കിരീടമാണ്. ഹ്യൂഗോ ബൗമസ്, റഹിം അലി, രോഹിത് കുമാർ എന്നിവർ അടങ്ങുന്ന താരങ്ങളെ ടീമിലേക്ക് എത്തിച്ചാണ് ഒഡീഷ ഇത്തവണ ലീഗിന് തയ്യറെടുത്തത്. ഒപ്പം, എഫ്‌സി ഗോവയിൽ നിന്ന് റൈനിയർ ഫെർണാണ്ടസും മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും അമെയ് രണവടെയും വായ്പാടിസ്ഥാനത്തിൽ ടീമിലുണ്ട്.
മികച്ച തുടക്കമായിരുന്നില്ല ടീമിന് ലീഗിൽ ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ ലീഗിൽ തോൽവി നേരിട്ട ശേഷം കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി. ചെന്നൈയിൻ എഫ്‌സിക്ക് എതിരായ ആദ്യ മത്സരത്തിൽ ഡിയാഗോ മൗറീഷയിലൂടെ ലീഡ് എടുത്തെങ്കിലും ഫാറൂഖ് ചൗധരിയുടെ ഇരട്ട ഗോളുകളും ഡാനിയേൽ ചിമ ചുക്വുവിന്റെ ഗോളും തിരിച്ചടിയായി. പഞ്ചാബ് എഫ്‌സിക്ക് എതിരായ രണ്ടാം മത്സരത്തിൽ അടിയറവ് പറഞ്ഞത് മലയാളി കരുത്തിന് മുന്നിലായിരുന്നു. അന്ന് ഗോൾ നേടിയ താരങ്ങളിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സിൽനിന്നും വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന നിഹാൽ സുധീഷും മറ്റൊരാൾ ലിയോൺ അഗസ്റ്റിനുമായിരുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂരിനെ തോൽപ്പിച്ച് ഒഡീഷ വിജയ പാതയിലേക്ക് തിരികെയെത്തി. മൊർതദ ഫാളിന്റെ ഗോളും സെൽഫ് ഗോളും കണ്ട മത്സരം അവസാനിച്ചത് 2-1 ന്. ഒഡീഷയുടെ രണ്ടാം ഗോൾ നേടിയത് മൗറീഷയും. കേരളത്തിനെതിരെ സ്വന്തം മൈതാനത്ത് കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും ജയിക്കാൻ ഒഡീഷക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം, ഇതുവരെ കലിംഗയിൽ ജയിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. മൂന്ന് തോൽവികളും ഒരു സമനിലയുമാണ് രേഖപെടുത്തപ്പെട്ടത്. ഒഡീഷ എഫ്‌സി മാനേജർ സെർജിയോ ലൊബേറയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ 82% വിജയശതമാനം.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച 11 കളികളിൽ ഒമ്പതിലും ലൊബേറയുടെ ടീം വിജയിച്ചു (D1 L1).
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെ സമനില വഴങ്ങേണ്ടി വന്ന ടീമിന് ഈ മത്സരം നിർണായകമാണ്. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, ആത്മവിശ്വാസത്തോടെയാണ് കേരളം ഇറങ്ങുന്നതെന്ന് മുഖ്യപരിശീലകൻ മൈക്കൽ സ്റ്റാറെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എഫ്‌സി ഗോവയിൽ നിന്നെത്തിയ നോഹ സദൗയിയുടെ മികവിലാണ് കേരളം കുതിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആദ്യം ഗോൾ വഴങ്ങിയ കേരളത്തിന് ജീവശ്വാസം നൽകിയത് നോഹയുടെ ഗോളുകളാണ്. ഒപ്പം, പനിയുടെ പിടിയിലായി സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ ക്ലബ്ബിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തി. പരുക്കിന്റെ പിടിയിലാണ് ഐബൻ ദോഹലിംഗിന് നാളത്തെ മത്സരം നഷ്ടമാകും.
ഇഞ്ചോടിഞ്ച്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 4 വിജയങ്ങളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ആകെ കളിച്ച 11 മത്സരങ്ങളിൽ, നാല് വീതം മത്സരങ്ങൾ ഇരുവരും ജയിച്ചു. മുന്നെണ്ണം സമനിലയിൽ അവസാനിച്ചു
നിർണായക താരങ്ങൾ
കഴിഞ്ഞ മാച്ച് വീക്കിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ തൻ്റെ 18-ാം ഹെഡ്ഡഡ് ഗോളാണ് ഒഡീഷ എഫ്‌സിയുടെ പ്രതിരോധ താരം മൊർതദ ഫാൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ബാർത്തലോമിയോ ഒഗ്ബെച്ചെ, സുനിൽ ഛേത്രി എന്നിവരുടെ നിരയിൽ ഏറ്റവുമധികം ഹെഡ്ഡ് ഗോളുകൾ നേടിയ താരങ്ങളുടെ നിരയിലേക്കെത്തി. അദ്ദേഹത്തെ മാർക്ക് ചെയ്യുക എന്നതാകും പ്രീതം കൊട്ടൽ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ സെറ്റ് പീസുകളിലെ ചുമതല. കേരളത്തിന്റെ നോഹ സദൗയി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയത് ഒഡീഷക്ക് എതിരേയായിരുന്നു (4 ഗോളുകൾ). മൂന്നാമത്തെ മാച്ച് വീക്ക് അവസാനിക്കുമ്പോൾ, ലീഗിൽ ഏറ്റവുമധികം ഇന്റർസെപ്ഷനുകൾ നടത്തിയ താരമാണ് പ്രീതം കോട്ടൽ (10).
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ എന്നിവയിലും സംപ്രേക്ഷണം ചെയ്യും.