പ്രിവ്യു:ഒഡീഷക്കെതിരെ ഹോമിലെ അപരാജിത കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്‌സ്
ഇരു ടീമുകളും കലിംഗ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ, വേദി സാക്ഷ്യം വഹിച്ചത് രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമുള്ള ഒഡീഷയുടെ തിരിച്ചുവരവിനായിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഊർജമേകാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇറങ്ങുന്നു. ജനുവരി 13-ന് രാത്രി 7:30 കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ സീസണിൽ ഇരു ടീമുകളും ആദ്യത്തെ മത്സരത്തിൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ, വേദി സാക്ഷ്യം വഹിച്ചത് രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമുള്ള ഒഡീഷയുടെ തിരിച്ചുവരവിനായിരുന്നു.
സീസണിൽ 15 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഞ്ച് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി 17 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഒഡീഷ എഫ്‌സിയാകട്ടെ 15 മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും ആറ് സമനിലയും നാല് തോൽവിയുമായി 21 പോയിന്റുകളോടെ ലീഗിൽ പ്ലേ ഓഫിന് തൊട്ടു പുറകിൽ ഏഴാമതാണ്.
ഗോളുകളടിക്കുന്നതിൽ ഒട്ടും മടിയില്ലാത്ത ടീമാണ് ഒഡീഷ എഫ്‌സി. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ ടീം. കണ്ടെത്തിയത് 29 ഗോളുകൾ. കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ ഈ നിരയിൽ 23 ഗോളുകളുമായി ആറാം സ്ഥാനത്താണ്. എന്നാൽ ഇരു ടീമുകളുടെയും പ്രതിരോധം ചോദ്യങ്ങളുർത്തുന്നു. ഇരുവരും ഈ സീസണിൽ നേടിയത് മൂന്ന് ക്ലീൻ ഷീറ്റുകൾ മാത്രമാണ് എന്നത് ഇതിനെ അടിവരയിടുന്നു.
ടീമുകളുടെ അവലോകനം
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: ഇടക്കാല പരിശീലകന് കീഴിൽ സ്വപ്നതുല്യമായ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും ക്ലീൻ ഷീറ്റൊടെ ജയം. ജംഷഡ്പൂരിനെതിരെയുള്ള തോൽവി മറുപടിയില്ലാത്ത ഒരു ഗോളിന് മാത്രം. പ്രധാന താരങ്ങളായ ജീസസ് ജിമെൻസിന്റെയും വിബിൻ മോഹനന്റേയും അഭാവത്തിലാണ് ഈ കുതിപ്പ് എന്നത് എടുത്തു പറയേണ്ടതാണ്. പ്ലേ ഓഫിലേക്കുള്ള അകലം ആറ് പോയിന്റുകളാണ്. ഓരോ മത്സരം നിർണായകമാകുന്ന ഘട്ടത്തിപ്പോടെയാണ് ക്ലബ്ബിന്റെ യാത്ര.
ഒഡീഷക്കതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഹോമിൽ അപരാജിതരാണ്. കൊച്ചിയിൽ കലിംഗൻ യോദ്ധാക്കൾ ഇതുവരെ കൊമ്പന്മാർക്കെതിരെ ജയിച്ചിട്ടില്ല. എന്നാൽ, ഐഎസ്‌എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെ ലീഡ് നേടിയ ശേഷം കൊച്ചി ക്ലബ് 15 പോയിന്റുകളാണ് ഇതേവരെ നഷ്ടപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനെതിരെ ഏത് സാഹചര്യത്തിലും തിരികെ വരാനുള്ള ടീമിന്റെ മനോഭാവത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
അവസാന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഒൻപതുപേരുമായി മത്സരം ജയിച്ചത് ടീമിന്റെ ആത്മവിശ്വാസത്തിനെ വർദ്ധിപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ, കളത്തിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ മിലോസ് ഡ്രിൻസിച്ച്, ലീഗിൽ തുടർച്ചയായ നാലാം മഞ്ഞക്കാർഡ് കണ്ട ഡാനിഷ് ഫാറൂഖ് എന്നിവർക്ക് അടുത്ത മത്സരം നഷ്ടമാകും. കഴിഞ്ഞ മത്സരത്തിൽ ഐബെൻബ ദോഹലിംഗ് കണ്ട ചുവപ്പ് കാർഡ്, എഐഎഫ്എഫ് അച്ചടക്ക കമ്മിറ്റി മഞ്ഞക്കാർഡാക്കി മാറ്റിയിട്ടുണ്ട്. അതിനാൽ താരം അടുത്ത മത്സരത്തിന് ലഭ്യമാകും.
ഒഡീഷ എഫ്‌സി: കടുത്ത നിരാശ നുരഞ്ഞുപൊന്തുന്നതാണ് ഒഡീഷ എഫ്‌സിയുടെ സമീപകാലത്തെ ഫോം. അവസാനത്തെ മൂന്ന് മത്സരങ്ങൾ ജയമറിയാൻ സാധിച്ചിട്ടില്ല. അവസാന അഞ്ചിൽ ഒരെണ്ണത്തിൽ മാത്രം ജയം - ഈസ്റ്റ് ബംഗാളിനെതിരെ. ഐഎസ്എല്ലിൽ എഫ്‌സി ഗോവക്കൊപ്പം ഷീൽഡും മുംബൈ സിറ്റിക്കൊപ്പം ഷീൽഡിന് പുറമെ കപ്പും നേടിക്കൊടുത്ത സെർജിയോ ലൊബെറക്ക് ഒഡീഷയോടൊപ്പമുള്ള യാത്ര അത്ര സുഖകരമല്ല. 2023 മെയിൽ ക്ലബ്ബിലെത്തിയ പരിശീലകന് ക്ലബിനൊപ്പം കിരീടനേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിലാകട്ടെ, നിലവിൽ പ്ലേ ഓഫിന് താഴെയുമാണ്. ജയമില്ലാതെ മൂന്ന് മത്സരങ്ങളായി തുടരുന്ന യാത്രക്ക് അന്ത്യമിടുകയാണ് ടീമിന്റെ അടുത്ത മത്സരത്തിലെ പ്രതീക്ഷ.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ക്ലബിന്റെ പരിശീലകന്റെ ജൈത്രയാത്രയാണ് അടുത്ത മത്സരത്തിൽ ഒഡീഷക്ക് ആത്മവിശ്വാസം നൽകുന്നത്. ലീഗിൽ യെല്ലോ ആർമിക്കെതിരെ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയങ്ങൾ സെർജിയോ ലൊബെറ നേടിയിട്ടുണ്ട്. ഇനിയൊരു ജയം കൂടി കണ്ടെത്തിയാൽ ലീഗ് ചരിത്രത്തിൽ ഒരു എതിരാളിക്കെതിരെ 10 വിജയങ്ങൾ നേടുന്ന ആദ്യ മാനേജരെന്ന നേട്ടം അദ്ദേഹത്തിന് ലഭിക്കും. തിങ്കളാഴ്ച കൊച്ചിയിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ഈ നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നാണ് ആരാധകക്കൂട്ടം ഉറ്റുനോക്കുന്നത്.
സെറ്റ് പീസുകളിൽ കരുത്തരും ദുർബലരും നേർക്കുനേർ വരുമ്പോൾ, മത്സരഫലം എങ്ങനെയാകുമെന്ന് ആകാംഷയുണ്ട്. ഈ സീസണിൽ ഒഡീഷ എഫ്‌സി സെറ്റ്-പീസുകളിൽ നിന്ന് 11 ഗോളുകൾ നേടി - ലീഗിൽ ഏറ്റവും മികച്ച രണ്ടാമത്തേത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് സെറ്റ്-പീസുകളിൽ നിന്ന് 12 ഗോളുകൾ വഴങ്ങിയിട്ടുണ്ട് - ലീഗിൽ ഏറ്റവുമധികം. ലൊബെറയുടെ ടീമിന്റെ സെറ്റ് പീസ് തന്ത്രങ്ങളെ നേരിടാൻ ആതിഥേയർ തയ്യാറാകേണ്ടതുണ്ട്. പ്രത്യേകിച്ചും, സീസണിൽ ഇതുവരെ നാല് തവണ വലകുലുക്കിയ, ടീമിന്റെ ഗോൾ സ്കോറർമാരിൽ രണ്ടാമതുള്ള മൗർട്ടഡ ഫാളിന്റെ സാന്നിധ്യം അതിഥികളെ മുന്നിട്ടു നിർത്തുമ്പോൾ.
ഇഞ്ചോടിഞ്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ 12 തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ നാല് വീതം ജയം കേരള ബ്ലാസ്റ്റേഴ്സിനും ഒഡീഷ എഫ്‌സിക്കുമുണ്ട്. നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
കണക്കിലെ കളികളും നിർണായക താരങ്ങളും
- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ ഗോളടിക്കുന്നതിൽ മികവുള്ള താരമാണ് ഒഡീഷ എഫ്‌സിയുടെ ഡീഗോ മൗറീഷ്യോ. ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ താരം വലകുലുക്കിയത് ഏഴ് തവണ. ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ ഏത് കളിക്കാരനും നേടുന്ന ഏറ്റവും കൂടുതൽ ഗോൾ നേട്ടം. ഈ സീസണിൽ അദ്ദേഹത്തിന്റെ 11 ഗോൾ സംഭവനകളോടെ (7 ഗോളുകൾ, 4 അസിസ്റ്റുകൾ) അലായെദ്ദീൻ അജരായ്ക്ക് തൊട്ടുപുറകിൽ (19) (അർമാൻഡോ സാദിക്കുവിനോപ്പം (11) രണ്ടാം സ്ഥാനത്താണ്.
- ഒഡീഷ എഫ്‌സിക്കെതിരെ അഡ്രിയാൻ ലൂണയ്ക്ക് അഞ്ച് അസിസ്റ്റുകൾ ഉണ്ട്, ഏതൊരു ടീമിനെതിരെയും അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന നേട്ടമാണിത്. എന്നിരുന്നാലും, അവർക്കെതിരെയുള്ള അവസാന രണ്ട് മത്സരങ്ങളിൽ ടീം ഒരു ഗോൾ സംഭാവന പോലും രേഖപ്പെടുത്തിയിട്ടില്ല.
- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ജീസസ് ജിമെനെസ്, നോഹ സദൗയി എന്നിവർ ഒഡീഷ എഫ്‌സിയുടെ അഹമ്മദ് ജഹൗ, മൗർത്തഡ ഫാൾ എന്നിവർക്കൊപ്പം ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ കണ്ടെത്തിയ ജോഡികളാണ്.
സംപ്രേക്ഷണ വിവരങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ജിയോ സിനിമാ ആപ്പിൽ സൗജന്യമായി ലഭ്യമാകും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിൽ സ്‌പോർട്‌സ് 18 - 3 യിലും ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും മത്സരം തത്സമയം ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്പോർട്സ് 18 - 1, സ്പോർട്സ് 18 - 2, സ്പോർട്സ് 18 - ഖേൽ, സ്റ്റാർ സ്പോർട്സ് 3 എന്നിവയിലും സംപ്രേക്ഷണം ചെയ്യും.