പുതിയ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിൽ ആദ്യ ജയം തേടി ഇന്ത്യൻ സീനിയർ പുരുഷ ടീം ഇറങ്ങുന്നു. ഏറ്റവും പുതിയ ഫിഫ റാങ്കിങ് അനുസരിച്ച് 116-ാം സ്ഥാനത്തുള്ള വിയറ്റ്നാമാണ് എതിരാളികൾ. വിയറ്റ്നാമിലെ നാം ദിനിലെ തീൻ ട്രൂങ് സ്റ്റേഡിയത്തിൽ 2024 ഒക്‌ടോബർ 12 ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4:30 നാണ് മത്സരം.

2027 ലെ എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത മത്സരങ്ങൾ കളിക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യ ഒക്ടോബറിൽ വിയറ്റ്‌നാമിനെതിരെയും നവംബറിൽ മലേഷ്യയ്‌ക്കെതിരെയും ഇറങ്ങാൻ ഒരുങ്ങുന്നത്. 2024 പൂർത്തിയാകാൻ രണ്ടു മാസം ശേഷിക്കെ ഈ വർഷത്തെ ആദ്യ വിജയം തേടിയാണ് ഇന്ത്യൻ നീലകടുവകൾ ഇറങ്ങുന്നത്. പുതിയ പരിശീലകനായി സ്ഥാനമേറ്റ മനോലോ മാർക്വേസിന്റെ കീഴിൽ മൂന്നാമത്തെ മത്സരമാണ് വിയറ്റ്നാമിനെതിരെയുള്ളത്. ഈ സൗഹൃദ മത്സരം, ഇന്ത്യയുടെ ഫിഫ റാങ്കിങ് പോയിന്റുകൾ നിർണയിക്കുന്നതിൽ നിർണായകമാണ്. മത്സരത്തിലൂടെ റാങ്കിങ് മെച്ചപ്പെട്ടാൽ, യോഗ്യതാ മത്സരങ്ങൾക്കുള്ള ഡിസംബറിൽ നടക്കുന്ന നറുക്കെടുപ്പിനുള്ള പോട്ട് വിന്യാസത്തിൽ ഇന്ത്യയുടെ സ്ഥാനത്തെ അത് സ്വാധീനിക്കും.

കഴിഞ്ഞ മാസം ഇൻ്റർകോണ്ടിനെൻ്റൽ കപ്പിൽ മൗറീഷ്യസിനും സിറിയയ്‌ക്കുമെതിരായ സമനിലയ്ക്കും തോൽവിക്കും ശേഷമാണ് ഇന്ത്യ ശനിയാഴ്ച വിയറ്റ്നാമിനെതിരെ ഇറങ്ങുന്നത്. പുതിയ പരിശീലകൻ കീഴിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് ആദ്യ രണ്ട് മത്സരങ്ങളിലും കഴിഞ്ഞിട്ടില്ല. വിയറ്റ്നാമിനെതിരെ ഗോളുകൾ നേടുന്നത് ഭാവിയിലെ ടീമിന്റെ മുന്നേറ്റത്തിന് നിർണായകമായ ഒരു ഘടകമാകും.

ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് സമാനമാണ് വിയറ്റ്നാമിൻ്റെത്. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ പുറത്തായതിന് ശേഷം പുത്തൻ പരിശീലകരുടെ കീഴിൽ പുനർനിർമ്മാണത്തിന്റെ ഘട്ടത്തിലാണ് ഇരു ടീമുകളും. ജൂണിൽ മുൻ ദക്ഷിണ കൊറിയൻ ഇൻ്റർനാഷണൽ കിം സാങ്-സിക്കിനെ മുഖ്യ പരിശീലകനായി നിയമിച്ച ടീം തുടർന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഫിലിപ്പീൻസിനെതിരെ ജയം കണ്ടെത്തി. തുടർ തോൽവികളിൽ കുഴങ്ങിയ ടീമിന് ആശ്വാസമായിരുന്നു ആ ജയം. എന്നാൽ,ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറാഖിനോട് തോറ്റ് ഗ്രൂപ്പിൽ മൂന്നാമതെത്തിയോടെ, ലോകകപ്പ് യോഗ്യത സ്വപ്നങ്ങളും 2027 ഏഷ്യൻ കപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ടീമിന് നഷ്ടപ്പെട്ടു. സെപ്തംബറിൽ ഹനോയിയിൽ നടന്ന എൽപിബാങ്ക് കപ്പ് സൗഹൃദ ടൂർണമെൻ്റിൽ റഷ്യയ്‌ക്കെതിരെയും തായ്‌ലൻഡിനെതിരെയും അവർ തോൽവി വഴങ്ങി.

ഇന്ത്യൻ ടീം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മികച്ചതായി കാണപ്പെടുന്നു എന്ന് മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് പറഞ്ഞു. "വിയറ്റ്നാമിന് നല്ല കളിക്കാർ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇന്ത്യക്ക് പുറത്താണ് കളിക്കുന്നത്. എന്നാൽ, ഞങ്ങൾക്കും അവർക്കും ഇത് ഒരേപോലെ ബുദ്ധിമുട്ടേറിയതാകും. ഞങ്ങൾ ഇപ്പോൾ മുമ്പത്തേക്കാൾ മികച്ചതായി കാണപ്പെടുന്നു. ഞങ്ങളുടെ ലീഗ് ആരംഭിച്ച ഒരു മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു. സീസണിൽ കുറഞ്ഞത് 10-12 മത്സരങ്ങൾ കളിച്ചാൽ മാത്രമേ നിങ്ങൾ മെച്ചപ്പെട്ട അവസ്ഥയിൽ എത്തുകയുള്ളൂ എന്ന് പ്രൊഫഷണൽ ഫുട്‌ബോളിൽ ഏർപ്പെട്ടിരിക്കുന്ന ആരോടെങ്കിലും ചോദിച്ചാൽ മനസിലാക്കാം. എന്നാൽ ഞങ്ങൾ ഇപ്പോൾ കളിയ്ക്കാൻ ഇറങ്ങുന്നതിനാൽ അതിൽ കാര്യമില്ല. നാല് റൗണ്ടുകൾ മാത്രമാണ് അവരുടെ ലീഗും പൂർത്തിയാക്കിയത് എന്നതിനാൽ തന്നെ വിയറ്റ്നാമും സമാനമായ അവസ്ഥയിലാണ്." മാർക്വേസ് വ്യക്തമാക്കി.