കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ, ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാവി, അവലോകനം!

Image credit: KeralaBlasters@Twitter

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി തങ്ങളുടെ 3 പ്രീ സീസൺ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ മത്സരങ്ങളിൽ ഒന്നു വീതം ജയവും, സമനിലയും, തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. പ്രീ സീസൺ മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് നമുക്ക് വിലയിരുത്താം.

ആദ്യ പ്രീസീസൺ മത്സരം

ആദ്യത്തെ പ്രീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് കേരള യുണൈറ്റഡ് എഫ്സിയെയാണ്. പനമ്പിള്ളി നഗറിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 1 ഗോളിന് പരാജയപ്പെടുകയായിരുന്നു. കേരള യുണൈറ്റഡ് എഫ്സിക്ക് വേണ്ടി വിജയ ഗോൾ നേടിയത് മലയാളി താരം ബുജൈറാണ്. വിദേശ താരങ്ങൾ ആരുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം മുന്നേറ്റങ്ങളും നടന്നത് വലത് വിങ്ങിലൂടെയാണ്. പക്ഷേ മികച്ച ക്രോസുകളുടെ അഭാവം നിലനിന്നിരുന്നു. മത്സരത്തിനിടെ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ഒരു ഓപ്പൺ ചാൻസ് ശുഭ ഘോഷ് നഷ്ടപ്പെടുത്തിയത് അവിശ്വസനീയമായിരുന്നു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഒരു കൗണ്ടർ അറ്റാക്കിലൂടെ ബുജൈർ കേരള യുണൈറ്റഡ് എഫ്സിക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമാണ് കൂടുതലും കണ്ടത്. ഇതിനിടെ സമനില ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ ശുഭ ഘോഷ് പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിയ്ക്കുകയായിരുന്നു. വലതു വിങ്ങിൽ വിൻസി ബാരറ്റോ വന്നതോടെ മികച്ച ക്രോസുകൾ ലഭിച്ചെങ്കിലും ഒരു ഫിനിഷറുടെ അഭാവം മൂലം അതൊന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മത്സരം അവസാനിച്ചപ്പോൾ ഒരു ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

രണ്ടാം പ്രീസീസൺ മത്സരം

കേരള യുണൈറ്റഡ് എഫ്സിയുമായി നടന്ന രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് പതിനൊന്നാം മിനിറ്റിൽ ശ്രീക്കുട്ടന്റെ ഗോളിലൂടെ മുന്നിലെത്തുകയായിരുന്നു. എന്നാൽ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ച കേരള യുണൈറ്റഡ് വെറും മൂന്നു മിനിറ്റിലുള്ളിൽ തന്നെ ഒരു ഗോൾ മടക്കി. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ കേരള യുണൈറ്റഡ് പ്രതിരോധ താരത്തിന്റെ മൈനസ് പാസ് സ്വീകരിക്കാൻ ഗോൾകീപ്പർ പരാജയപ്പെട്ടപ്പോൾ പെനാൽറ്റി ബോക്സിലേക്ക് ഓടിയെത്തിയ ശുഭ ഘോഷ് അനായാസം രണ്ടാം ഗോൾ നേടുകയായിരുന്നു. ഗോൾ വീണതോടെ കേരള യുണൈറ്റഡ് നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു. അങ്ങനെ അമ്പത്തി രണ്ടാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തു നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കേരള യുണൈറ്റഡ് രണ്ടാമത്തെ ഗോൾ മടക്കി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ അഡ്രിയാൻ ലൂണ, സിപോവിച്ച് എന്നിവർ കളത്തിലിറങ്ങിയപ്പോഴാണ് മത്സരത്തിന് ചൂട് പിടിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ കേരള യുണൈറ്റഡിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിച്ചു. ഫ്രീ കിക്കിൽ നിന്ന് മനോഹരമായി മുൻ ബ്ലാസ്റ്റേഴ്സ് താരം അർജുൻ ജയരാജ് കേരള യുണൈറ്റഡിനായി മുന്നാം ഗോൾ നേടി. മത്സരം അവസാന നിമിഷത്തിലേക്ക് കടന്നപ്പോൾ ആയുഷ് അധികാരിയുടെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുകയായിരുന്നു.

മൂന്നാം പ്രീസീസൺ മത്സരം

മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ജമ്മു കാശ്മീർ എഫ്സിയെയാണ്. മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മത്സരരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ലൂണ, സിപോവിച്ച് എന്നിവർ ആദ്യ ഇലവനിൽ തന്നെ കളത്തിലിറങ്ങി. ആദ്യ രണ്ട് പ്രീ സീസൺ മത്സരങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട ബ്ലാസ്റ്റേഴ്സ് നിരയെയാണ് ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ആക്രമണങ്ങൾ നടത്തിയപ്പോൾ ജമ്മു കാശ്മീർ എഫ്സി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. അഡ്രിയാൻ ലൂണ നിരന്തരം മുന്നേറ്റ നിരയിലേക്ക് പന്തെത്തിച്ചു കൊണ്ടിരുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. ആദ്യ മുപ്പത് മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ മത്സരത്തിന്റെ നാൽപ്പത്തി രണ്ടാം മിനിറ്റിൽ സെത്യസെൻ സിംഗ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. പിന്നീട് വീണ്ടും ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ജമ്മു കാശ്മീർ പ്രതിരോധത്തിൽ തട്ടി തെറിയ്ക്കുകയായിരുന്നു.

മത്സരം രണ്ടാം പകുതിയിലേക്ക് കടന്നപ്പോഴും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ അയവു വരുത്തിയില്ല. ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റത്തിനിടെ അനിലിന്റെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത ശ്രീക്കുട്ടന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ സഞ്ജീവ് സ്റ്റാലിൻ അനായാസമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. അങ്ങനെ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത 2 ഗോളുകൾക്ക് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

ഡ്യൂറൻഡ് കപ്പ്

ഇനി ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്നത് ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെന്റിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി ടീമിന്റെ പൂർണ കരുത്തോടും കൂടി കളത്തിലിറങ്ങുള്ള അവസരമായാവും ബ്ലാസ്റ്റേഴ്‌സ് ഇതിനെ നോക്കിക്കാണുക. ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന്റെ അടുത്ത അഞ്ച് എഡിഷനുകളും കൊൽക്കത്തയിലാകും നടക്കുക. ഡ്യൂറൻഡ് കപ്പിന്റെ നൂറ്റിമുപ്പതാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂർണമെന്റുമാണ് ഡ്യൂറൻഡ് കപ്പ്. എഫ് എ കപ്പും സ്‌കോട്ടിഷ് കപ്പുമാണ് 1888ൽ തുടക്കമായ ഡ്യൂറൻ‍ഡ് കപ്പിന് മുൻപുള്ള ടൂർണമെന്റുകൾ. ഫുട്ബോളിന് ഏറ്റവും പ്രചാരമുള്ള നഗരത്തിൽ ടൂർണമെന്റ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത ഡ്യൂറൻഡ് കപ്പിന്റെ സ്ഥിരം വേദിയാക്കുന്നത്.

 

Your Comments

Your Comments