Image credit: KBFC Twitter

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഉദ്‌ഘാടന മത്സരം ഇന്ന് ഗോവയയിൽ അരങ്ങേറി. മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രശസ്ത ക്ലബ്ബുകളായ എടികെ മോഹൻ ബഗാൻ എഫ്‌സിയും കേരളാബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടി. തുടർച്ചയായ അഞ്ചാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ കളിക്കാനിറങ്ങിയത്. കോവിഡ് സാഹചര്യത്തിൽ ക്ലോസ്ഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ആറു സീസണുകളിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഇത്തവണ ഐഎസ്‌എൽ ചരിത്രത്തിലാദ്യമായി എടികെ മോഹൻ ബഗാൻ ടീമിന് വേണ്ടി ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിലിറങ്ങിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു സിംബാവേ താരവും (കോസ്റ്റ) ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലാദ്യമായി ഒരു അർജന്റീനിയൻ താരവും (ഫാകുണ്ടോ പെരേര) ബ്ലാസ്റ്റേഴ്സിനായി ഇന്നിറങ്ങി.

എടികെ മോഹൻ ബഗാൻ താരം റോയ് കൃഷണ നേടിയ ഏകപക്ഷീയമായ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അറുപത്തിയേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു പ്രതിരോധത്തിൽ സംഭവിച്ച പിഴവാണ് ഗോളിന് വഴിതുറന്നത്.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കിബു വിക്കുന പങ്കെടുത്തു.

"മത്സരത്തിന്റെ പദ്ധതികൾ വ്യതമായിരുന്നു. ടീമിന്റെ പ്രകടനത്തിൽ ഞങ്ങൾ സന്തോഷവാന്മാരാണ്. ഞങ്ങൾ തോറ്റു. അവർ നേടിയ ഗോളിൽ ഞങ്ങൾ നിർഭാഗ്യവാന്മാരായിരുന്നു. ചില അവസരങ്ങൾ ഞങ്ങൾക്കും ലഭിച്ചു. എന്നാൽ സ്കോർ ചെയ്യാനായില്ല. ഇനി അടുത്ത മത്സരത്തിലാണ് ഞങ്ങളുടെ ശ്രദ്ധ." കിബു പറഞ്ഞു.

"നിഷു ഞങ്ങളുടെ പ്രധാന താരമാണ്. പക്ഷെ അദ്ദേഹത്തിന് പ്രീ സീസണിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ പ്രശാന്ത് നന്നായി കളിച്ചു. ഒന്നിലധികം പൊസിഷനുകളിൽ കളിയ്ക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം."

നവംബർ ഇരുപത്തിയാറിനു നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ്  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.