യുവതാരം പ്രശാന്തിന്‌ കരാർ പുതുക്കി നൽകി കേരളാ ബ്ലാസ്റ്റേഴ്‌സ്. കോഴിക്കോട് സ്വദേശിയായ 23 കാരനായ താരത്തിന്റെ കരാർ രണ്ട് വർഷത്തേക്കു കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നീട്ടിയിരിക്കുന്നത്. ഒരു അത്‌ലറ്റിക്സ് റണ്ണർ കൂടിയായ പ്രശാന്ത്‌ 2008 മുതലാണ് ഫുട്ബോൾ രംഗത്ത് സജീവമാകുന്നത്. എഐഎഫ്എഫ് റീജിയണൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ച താരത്തെ 2016ലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എഫ്‌സി ഗോവയ്‌ക്കെതിരായ നിർണായക മത്സരത്തിൽ അദ്ദേഹം അസിസ്റ്റ് നേടിയിരുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസും വ്യത്യസ്ത പൊസിഷനുകളിൽ പരിശീലകരുടെ നിർദേശാനുസരണം കളിക്കുവാനുള്ള കഴിവുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഈ സീസണിൽ പ്രശാന്ത് വിംഗ് ബാക്ക് റോളിലും ഇടം നേടിയിരുന്നു. ഇതുവരെ രണ്ടു മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയ അദ്ദേഹം എല്ലായ്‌പ്പോഴും തന്റെ ടീമിനായി പൂർണമായി സമർപ്പിക്കാൻ തയ്യാറാണ്. ഇത് വരും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥിര സാന്നിധ്യത്തിനു കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

“അടുത്ത 2 വർഷത്തേക്കു കൂടി എന്റെ ഹോം ക്ലബിൽ തുടരാനുള്ള ഈ അവസരത്തിൽ ഞാൻ ശരിക്കും അനുഗ്രഹീതനും നന്ദിയുള്ളവനുമാണ്. ഞാൻ വളരെയധികം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എന്നാൽ അടുത്ത വർഷങ്ങളിൽ എന്റെ പരമാവധി ടീമിനായി നൽകാനും ആരാധകർക്ക് മുന്നിൽ ഉടൻ കളിക്കാനുമായി ഞാൻ തയ്യാറാണ്.” കരാർ ഒപ്പിട്ടതിനു ശേഷം പ്രശാന്ത് പറഞ്ഞു.

“പ്രശാന്ത് പരിശീലനത്തിൽ വളരെ കഠിനാധ്വാനം ചെയ്യുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിനായി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട് പ്രശാന്ത്. ഈ പുതിയ കരാറിന് അദ്ദേഹം തീർച്ചയായും അർഹനാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ക്ലബിന്റെ ഭാഗമാണ്. കേരള ബ്ലാസ്റ്റേഴ്സിനെപ്പോലുള്ള ഒരു വലിയ ക്ലബിനായി കളിക്കുന്നതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് അദേഹത്തിനറിയാം. അദ്ദേഹം ക്ലബിൽ കൂടുതൽ വളരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” കരാർ വിപുലീകരത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പ്രതികരിച്ചു.