വിപി സുഹൈർ: ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് മലപ്പുറത്തുള്ളത്!
പാലക്കാട് സ്വദേശിയായ വിപി സുഹൈർ മലയാളികളുടെ അഭിമാനനമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഐ ലീഗിൽ കിരീടം ചൂടിയ മോഹൻ ബഗാൻ ടീമിനൊപ്പവും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.


പാലക്കാട് സ്വദേശിയായ വിപി സുഹൈർ മലയാളികളുടെ അഭിമാനനമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഐ ലീഗിൽ കിരീടം ചൂടിയ മോഹൻ ബഗാൻ ടീമിനൊപ്പവും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രസ്തുത പ്രകടനമാണ് താരത്തിന് നോർത്ത് ഈസ്റ്റിൽ അവസരം നേടിക്കൊടുത്തത്. നോർത്ത് ഈസ്റ്റിനായി രണ്ടു സീസണുകളിലായി മുപ്പത്തിയെട്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഏഴു ഗോളുകളും നേടിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ അനുഭങ്ങളെക്കുറിച്ചും ഇന്ത്യൻ ടീമിൽ കളിക്കുന്നതിനെക്കുറിച്ചുമുള്ള ഓർമകളും പ്രതീക്ഷകളുമെല്ലാം ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.
NEUFC-യിൽ കളിക്കുന്നത് ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് എത്രത്തോളം ആവേശകരമാണ്?
"നോർത്ത് ഈസ്റ്റിന് വേണ്ടി കളിക്കാനായാണ് ആദ്യമായി ഐഎസ്എല്ലിൽ എനിക്ക് അവസരം കിട്ടുന്നത്. അതു തന്നെയുമല്ല, എന്നെ സംബന്ധിച്ച് അതു വലിയ ആവേശകരമായ കാര്യമാണ്. നോർത്ത് ഈസ്റ്റിന് വേണ്ടി കളിക്കുമ്പോൾ ഞാൻ 38 മാച്ച് കളിച്ചു. ആ മാച്ചുകളൊക്കെ വലിയ ആവേശകരമായിരുന്നു. അതുപോലെ എന്റെ സ്വപ്നമായ ഇന്ത്യൻ ജേഴ്‌സി അണിയാൻ സാധിച്ചതും നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ കാഴ്ചവച്ച പ്രകടനം കൊണ്ടാണ്. 38 മാച്ച് കളിക്കാനും ഏഴു ഗോൾ അടിക്കാനും ഈ രണ്ടു സീസണിലൂടെ സാധിച്ചു. അതു പോലെ എടുത്തു പറയേണ്ടത്, ഇവിടുത്തെ മാനേജ്മെന്റ് ആണെങ്കിലും ഫാൻസ് ആണെങ്കിലും, ഏതവസ്ഥയിലും ജയിച്ചു നിൽക്കുമ്പോഴാണെങ്കിലും തോറ്റു നിൽക്കുമ്പോഴാണെങ്കിലും നമ്മളെ ഒരുപോലെ പിന്തുണക്കും. ഏത് സമയത്തും നോർത്ത് ഈസ്റ്റിന് വേണ്ടി കളിക്കാൻ എനിക്ക് സന്തോഷമാണ്."
താങ്കൾ ഒരു മികച്ച ഫുട്ബോൾ കളിക്കാരനായി രൂപപ്പെട്ടതിൽ മലപ്പുറത്തിന്റെ പങ്ക് എത്രത്തോളമാണ്?
"ഞാൻ പാലക്കാടുകാരനാണ്. എന്നാൽ എനിക്കെപ്പോഴും മലപ്പുറവുമായി ആയിരുന്നു കൂടുതൽ ബന്ധം. മലപ്പുറം പാലക്കാട് അതിർത്തിയിലാണ് എന്റെ വീട്. ഒമ്പതാം ക്ലാസ് മുതൽ സെവൻസ് കളിച്ചിട്ടാണ് ഞാൻ പ്രൊഫെഷണൽ ഫുട്ബാളിന്റെ ഭാഗമാകുന്നത്. മലപ്പുറം ഭാഗത്താണ് കൂടുതൽ സെവൻസ് നടക്കാറ്. അതുകൊണ്ട് മലപ്പുറംകാരുടെ പിന്തുണ കൂടുതലായിട്ട് എനിക്ക് കിട്ടാറുണ്ട്. ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് മലപ്പുറത്തുള്ളത്. അതുകൊണ്ട് ഫുട്‌ബോൾ കളിക്കുന്നതിന്റെ എല്ലാ പിന്തുണയും എനിക്ക് കിട്ടാറുണ്ട്. ഈ പശ്ചാത്തലങ്ങൾ എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്."
ഈ കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്‌ബോളിന്റെ വികാസത്തെയും അതിൽ ഐഎസ്‌എല്ലിന്റെ പങ്കിനെയും നിങ്ങൾ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്?
"ഐഎസ്എൽ വന്നതിന് ശേഷം ഫുട്ബോൾ കൂടുതൽ ആളുകളിലേക്കെത്തി. കൂടുതൽ ആളുകൾ ടിവിയിൽ കളി കാണാൻ തുടങ്ങി. ആദ്യം ക്രിക്കറ്റായിരുന്നു എല്ലാവരും ടിവിയിൽ കാണുന്നത്. ഐഎസ്എൽ വന്നതിന് ശേഷം ആളുകൾ ഫുട്ബോളും കാണാൻ തുടങ്ങി. അതുപോലെ ഫുട്ബോളുമായി ബന്ധപ്പെട്ട മേഖലയിലെ സൗകര്യങ്ങൾ വർധിച്ചു. എന്നെപ്പോലെയുള്ള കളിക്കാരെ എവിടെ പോയാലും ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ വളരെയധികം ഇന്ത്യൻ സൂപ്പർ ലീഗ് സ്വാധീനിച്ചു. ഇത്തവണ ചരിത്ര വിജയങ്ങൾ നേടി = ഏഷ്യൻ കപ്പിൽ ഇന്ത്യ ക്വാളിഫൈ ചെയ്തു. ഇതല്ലാം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി സംഭവിച്ചതാണ്."
നിങ്ങളെപ്പോലുള്ള ഒരു കളിക്കാരന്റെ വികസനത്തിന് മത്സരങ്ങളുടെ എണ്ണം വർധിക്കുന്നത് (ദൈർഘ്യമേറിയ സീസൺ) എത്രത്തോളം ഗുണം ചെയ്യും?
"മത്സരങ്ങളുടെ എണ്ണം വർദ്ധിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണം റിക്കവറി കൂടുതൽ കിട്ടും എന്നതാണ്. മുൻപ് ഒരു മാച്ചിന് ശേഷം പൊതുവെ രണ്ടോ മൂന്നോ ദിവസം ആണ് കിട്ടിയിരുന്നത്. ഈ അവസരത്തിൽ മൂന്നുദിവസം ആറ് ദിവസമായിട്ട് കൂടും. ഇത് റിക്കവറിക്ക് വളരെയധികം ഗുണം ചെയ്യും. കളിക്കാർ ഫിറ്റ് ആയിരിക്കും. അത് ടീമിന്റെ നേട്ടങ്ങൾ വർധിപ്പിക്കും. പ്ലയേഴ്സിന് ടീമിനും ഗുണകരമാണ് ലോങ്ങ് സീസൺ."
ഫുട്ബോളിലേക്ക് വരാൻ സ്വപ്നം കാണുന്ന കുട്ടികൾക്ക് ഒരു സന്ദേശം
"ഏതുകാര്യവും നന്നായിട്ട് ആത്മാർഥമായി ചെയ്യുക. നന്നായി പ്രാർത്ഥിക്കുക. അതുപോലെതന്നെ ഒരു ലക്ഷ്യം മുന്നിൽ കാണുക. എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹം മനസ്സിൽ വച്ചുകൊണ്ട് വേണം നമ്മൾ മുന്നോട്ടു പോകാൻ . ഫുട്ബോളിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. അപ്പോൾ തീർച്ചയായും ലക്ഷ്യത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ട് തോന്നില്ല."