ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ രണ്ടാം മത്സരത്തിനായി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. നവംബർ ഇരുപത്തിയഞ്ച് വ്യാഴാഴ്ച ഗോവ മർഗോവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് രണ്ടാം മത്സരം. എട്ടാം സീസണിൽ ഓരോ മത്സരം വീതം കളിച്ച ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. സീസൺ ഉദ്‌ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ നാലിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയപ്പോൾ നാലിനെതിരെ രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ്‌സിയോട് നോർത്ത് ഈസ്റ്റ് യുണൈറ്റഡും തോൽവി വഴങ്ങി. മികച്ച പ്രീസീസൺ പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ  തോൽവി ആരാധകർക്ക് നിരാശ സമ്മാനിച്ചു. ആരാധകരെ തൃപ്തിപ്പെടുത്താനും ഒരു ടീമെന്ന നിലയിലെ ആത്മവിശ്വാസം വർധിപ്പിക്കാനും ഈ വിജയം കേരളാബ്ലാസ്റ്റേഴ്സിന് നിർണായകമാകും. മറുവശത്ത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പരിശീലകനു കീഴിൽ ഇറങ്ങുന്ന ടീമെന്ന നിലയിൽ മുഖ്യ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ഈ വിജയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും നിർണായകമാകും. സാഹചര്യങ്ങൾ ഇത്തരത്തിലാകുമ്പോൾ ഇന്ന് മർഗോവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തീപാറുമെന്നുറപ്പ്.

എട്ട് സീസണുകളിലായി ഇരുടീമുകളും പതിനാലു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 14 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും നാല് തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിക്കുകയും അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലായി ഇരു ടീമുകളും ടീമുകളും ഏറ്റുമുട്ടിയപ്പോൾ നോർത്ത് ഈസ്റ്റ് ടീം 2-0ന് വിജയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലായി രണ്ട് ജയവും നാല് സമനിലയുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. കൂടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അഞ്ച് സമനിലകളിൽ നാലെണ്ണം അവസാന ആറു മത്സരങ്ങളിലാണ് സംഭവിച്ചത്. നാളത്തെ മത്സരത്തിൽ ശ്രദ്ധേയമായ മറ്റൊരു വസ്തുതയെന്തെന്നാൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നുള്ള ഫെഡറിക്കോ ഗല്ലേഗോയാണ് കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചത്. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സിൽ സഹൽ അബ്ദുൾ സമദ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ കളിക്കാർക്കിടയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച രണ്ടാമത്തെ താരമാണ്.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ മിഡ്ഫീൽഡർ ഇമ്രാൻ ഖാനെ ഒഴിവാക്കിയാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്‌ക്വാഡിലെ മറ്റു താരങ്ങളെല്ലാം പൂർണ ആരോഗ്യവാന്മാരാണ്. ഫെഡറിക്കോ ഗാലെഗോയും പാട്രിക് ഫ്ലോട്ട്മാനും പരിശീലനം ആരംഭിക്കുകയും സ്ക്വാഡിൽ ഉൾപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മറുവശത്ത്, കേരള ബ്ലാസ്റ്റേഴ്സിന് രാഹുൽ കെപിയുടെയും നിഷു കുമാറിന്റെയും സേവനം നഷ്ടമാകും. കഴിഞ്ഞ മത്‌സരത്തിൽ സംഭവിച്ച പരിക്കുമൂലം രാഹുൽ കെപിക്ക് കുറഞ്ഞത് നാലാഴ്ചയിലെങ്കിലും കളികൾ നഷ്ടമാകുമെന്നാണ് അറിയുന്നത്.

സാധ്യതാ ലൈൻഅപ്പ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (4-3-3): സുഭാഷിഷ് റോയ് ചൗധരി (ജികെ) (സി); പ്രൊവാട്ട് ലക്ര, ജെസ്റ്റിൻ ജോർജ്, ഹെർണാൻ സന്താന, ടോണ്ടൻബ സിംഗ്; ഖാസ്സ കാമറ, ഫെഡറിക്കോ ഗല്ലെഗോ, സെഹ്നാജ് സിംഗ്; വില്യം ലാൽനുൻഫെല, ഡെഷോൺ ബ്രൗൺ, വിപി സുഹൈർ.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): ആൽബിനോ ഗോമസ് (ജികെ); സന്ദീപ് സിംഗ്, എനെസ് സിപോവിച്ച്, അബ്ദുൾ ഹക്കു, ജെസൽ കാർനെറോ (സി); പ്രശാന്ത് കരുത്തടത്തുകുനി, സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, അഡ്രിയാൻ ലൂണ; ലൂക്കാസ് വാസ്ക്വസ്, ജോർജ് പെരേര ഡയസ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്സ്, മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സര സ്ഥലം: ഗോവ ഫട്ടോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം

മത്സര തീയതി: നവംബർ 25 വ്യാഴാഴ്ച

കിക്ക് ഓഫ് സമയം: 7:30 PM IST

തത്സമയ സംപ്രേക്ഷണം: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് - സ്റ്റാർ സ്‌പോർട്ട്സ് 2, സ്റ്റാർ സ്‌പോർട്‌സ് 2 എച്ച്ഡി

തത്സമയ സ്ട്രീമിംഗ്: ഡിസ്‌നി+ഹോട്ട്സ്റ്റാർ