നിഷു കുമാറുമായി കരാർ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, കൊമ്പന്മാർ ഇത്തവണ രണ്ടും കൽപ്പിച്ച് !

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ വമ്പൻ ട്രാൻസ്ഫർ ആയി വിശേഷിപ്പിക്കാവുന്ന നിഷു കുമാറുമായുള്ള കരാറിന് ഔദ്യോഗീക സ്ഥിതീകരണം. ബെംഗളൂരു എഫ്സിയിൽ നിന്നാണ് നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. 4 വർഷത്തേക്കാണ് കരാർ. ചൊവ്വാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച ചില സൂചനകൾ ഔദ്യോഗീക ട്വിറ്റർ അക്കൗണ്ട് വഴി ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നു.

ഇന്ത്യൻ ഇന്റർനാഷണൽ താരമായ നിഷു ഉത്തർപ്രദേശ് സ്വദേശിയാണ്. ഫുൾ ബാക്ക്, ലെഫ്റ്റ് ഫൂട്ടഡ് ഫുട്ബോളറായ നിഷുവിന്റെ പ്രായം 22 വയസാണ്. ഇടതു വലതു വിങ്ങുകളിലും ഒരുപോലെ കളിക്കാൻ കഴിവുള്ള വിങ്ബാക്ക് ആണ് നിഷു. താരതമ്യേന ക്രിക്കറ്റിനു പ്രാധാന്യം നൽകിയിരുന്ന ഉത്തർ പ്രദേശിലെ മുസാഫിറിൽ നിന്നുള്ള വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്.

ചണ്ഡീഗഢ് ഫുട്ബോൾ അക്കാഡമി ട്രയൽസിലൂടെയാണ് ഔദ്യോഗീക ഫുട്ബാളിലേക്കുള്ള വഴി നിഷുവിനു മുൻപിൽ തുറന്നത്. ട്രയൽസിൽ മികച്ച പ്രകടനം കാഴ്ച വച്ച നിഷുവിനെ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിലേക്ക് തിരഞ്ഞെടുത്തു. ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ ചിലവഴിച്ച 4 വർഷങ്ങൾ നിഷുവിനെ മികച്ച താരമായി വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.  തുടർന്ന് 2011-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാദമിയിലേക്ക്  ടാറ്റാ ഗ്രൂപ്പും "ഇന്റർമിലാൻ " സോക്കർ സ്റ്റാർസും സംയുക്തമായി നടത്തിയ ടാലന്റ് ഹണ്ടിലൂടെ പ്രവേശനം ലഭിച്ചു. പിന്നീട്  2 വർഷത്തോളം മുംബൈയിലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാഡമിയിൽ പരിശീലനം നേടിയ നിഷു കുമാറിനു പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ 2013-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഗോവയിലെ എലൈറ്റ് അക്കാഡമിയിലേക്ക് പ്രവേശനം ലഭിച്ചു. അവിടെയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിഷുവിനായി.

പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ നിഷുവിനെ ഇന്ത്യൻ അണ്ടർ -19 ടീമിലേക്കും ഐ ലീഗ് അണ്ടർ -19 ടീമിലേക്കും തിരഞ്ഞെടുത്തു. ഇംഗ്ലീഷ് പരിശീലകൻ ലീ ജോൺസണു കീഴിൽ ഉള്ള എ എഫ് സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്കായിരുന്നു നിഷുവിനെ തിരഞ്ഞെടുത്തത്.  ഐ ലീഗ് അണ്ടർ-19 ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച നിഷു കുമാർ ബെംഗളൂരുവിൽ നടന്ന സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നടത്തിയ അത്യുഗ്രൻ പ്രകടനം ബെംഗളൂരു സ്കൗട്ടിങ്‌  ടീമിന്റെ ശ്രദ്ധയാകർഷിച്ചു. തുടർന്ന് 2015-ൽ ബെംഗളൂരു എഫ്സി നിഷു കുമാറിനെ ടീമിൽ എത്തിച്ചു. രണ്ടുവർഷത്തേക്കുള്ള കരാർ ഒപ്പിടുമ്പോൾ വെറും 17 വയസ്സ് മാത്രം ആയിരുന്നു നിഷുവിന്റെ പ്രായം.

സൂപ്പർ ഡിവിഷൻ ലീഗിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2016-ലെ എഎഫ്സി കപ്പിൽ മ്യാൻമാർ ക്ലബിനെതിരെയുള്ള മത്സരത്തിൽ കളിക്കാൻ നിഷു കുമാറിനു അവസരം ലഭിച്ചു. ബെംഗളൂരു എഫ്സി സീനിയർ ടീമിൽ നിഷു കുമാറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ആ എഎഫ്സി കപ്പ് മത്സരം. അന്നു ഐ ലീഗിൽ മത്സരിച്ചിരുന്ന ബെംഗളൂരു എഫ്സിയ്ക്ക് വേണ്ടി ആ സീസണിലെ അവസാന മത്സരത്തിൽ നിഷു കുമാർ കളിക്കാനിറങ്ങി. മോഹൻ ബഗാനെതിരെയായിരുന്നു നിഷു കുമാറിന്റെ ഐ ലീഗ് അരങ്ങേറ്റം. മികച്ച പ്രകടനം തുടർന്ന നിഷു കുമാറിനെ 2017-ൽ പലസ്തിനിൽ നടന്ന എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്തി. അതേ വർഷം തന്നെ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും ഖത്തറിൽ നടന്ന എഎഫ്സി അണ്ടർ-23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും നിഷു കുമാർ ഇടം നേടി.

തുടർന്നു ബെംഗളൂരു എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ 2017-2018 സീസണിൽ സ്പാനിഷ് ടാക്റ്റീഷ്യൻ ആൽബർട്ടോ റോക്കയുടെ കീഴിൽ 9 മത്സരങ്ങളിൽ കളിക്കാൻ നിഷു കുമാറിനായി. കാർലെസ് ക്വാഡ്റാറ്റ് ബെംഗളൂരു എഫ് സിയുടെ മുഖ്യ പരിശീലക ചുമതലയേറ്റെടുത്ത 2018 സീസൺ മുതൽ ആണ് നിഷുവിന്റെ ഭാഗ്യം തെളിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയുടെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയി മാറിയ നിഷു കുമാറിനെ ദേശീയ ടീമിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ അമാനിൽ ജോർദാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യൻ സീനിയർ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിഷു കുമാർ ഇന്ത്യയ്ക്കായി ഗോളും നേടിയെങ്കിലും  മത്സരത്തിൽ ഇന്ത്യ 2-1 സ്കോറിന് പരാജയപ്പെട്ടു.

കാർലസിന് കീഴിൽ അവസാന രണ്ടു സീസണുകളിൽ മാത്രം നിഷു കുമാർ 36 മത്സരങ്ങൾ ആണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്കായി കളിക്കാനിറങ്ങിയത്. 2018-2019 സീസണിൽ 18 മത്സരങ്ങൾ ബെംഗളൂരു എഫ് സി ജേഴ്‌സിയിൽ കളിക്കാനിറങ്ങിയ നിഷു കുമാർ 1477 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നു. ഒരു ഗോളും 564 പാസ്സുകളും 853 ടച്ചുകളും 25 ഇന്റർസെപ്ഷൻസും 54 ക്ലിയറൻസും ഇതിൽ ഉൾപ്പെടുന്നു. പ്രസ്തുത  സീസണിൽ എഫ് സി ഗോവയെ തോല്പിച്ചു ബെംഗളൂരു എഫ് സിയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിഷു കുമാറിന്റെ പ്രകടനം നിർണ്ണായകമായി.

5 സീസണുകളിൽ ആയി 55 മത്സരങ്ങൾ ആണ് നിഷു കുമാർ ബെംഗളൂരു എഫ് സി ജേഴ്‌സിയിൽ കളിക്കാനിറങ്ങിയത്.ഇതിൽ 36 മത്സരങ്ങളും അവസാന രണ്ടു സീസണുകളിൽ ആയിരുന്നു. 5 സീസണുകൾ നീണ്ട ബെംഗളൂരു എഫ്സിയിലെ പരിശീലനം നിഷു കുമാറിലെ പ്രതിഭയെ മിനുക്കിയെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല.

റാകിപ് ഒഴിച്ചിട്ട റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ അവനെക്കാൾ മത്സര പരിചയം ഉള്ള മികച്ച താരത്തെ എത്തിക്കണം എന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ലക്ഷ്യം  ചെന്നെത്തിയത് നിഷു കുമാറിൽ ആയിരുന്നു. ബെംഗളൂരു എഫ് സിയിലും ഇന്ത്യൻ സീനിയർ ടീമിലും ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ റാകിപ് ഒഴിച്ചിട്ട റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ തന്നെയായിരിക്കും കളിക്കാൻ പോകുന്നത്. ലെഫ്റ്റ് വിങ് ബാക്ക് ആയി ജെസ്സൽ തകർത്തു കളിക്കുന്നതിനാൽ ആ പൊസിഷനിൽ നിഷുവിനെ പരിഗണിക്കില്ല എന്നുറപ്പാണ്.

മുംബൈയിലെ എഐഎഫ്എഫ് റീജിയണൽ അക്കാഡമിയിൽ തനിക്കു ലഭിച്ച "22" ആം നമ്പർ ജേഴ്സി ഭാഗ്യമായി കരുതുന്ന നിഷു കുമാർ ബെംഗളൂരു എഫ് സിയിലും അതേ നമ്പർ ജേഴ്സി തന്നെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 7 തവണ എമേർജിങ് പ്ലെയർ പുരസ്കാരവും നിരവധി തവണ ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിട്ടുള്ള പ്രതിഭാശാലിയായ നിഷു കുമാർ കിബു വികുന എന്ന ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യനു വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഒരുപാട് പ്രതീക്ഷകളുമായി വരുന്ന സീസണിൽ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് നിഷു കുമാർ എന്ന യുവ പ്രതിഭയുടെ സാന്നിദ്ധ്യം മുതൽക്കൂട്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

Your Comments

Your Comments