കഴിഞ്ഞ സീസണിൽ മുഖ്യ പരിശീലകനായി ചുമതലയേറ്റ സ്വീഡിഷ് കോച്ച് മിക്കേൽ സ്റ്റാറെ, ഇടക്കുവെച്ച് ക്ലബ്ബുമായി വഴിപിരിഞ്ഞിരുന്നു. തുടർന്ന്, ഇടക്കാല പരിശീലക സ്ഥാനം ഏറ്റെടുത്ത മലയാളി ടിജി പുരുഷോത്തമന്റെ കീഴിലാണ് ടീം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ കളിച്ചത്. 24 മത്സരങ്ങളിൽ നിന്നും 8 ജയങ്ങൾ നേടി 29 പോയിന്റുകൾ കണ്ടെത്തി, പ്ലേ ഓഫിന് അകലെ എട്ടാമതായാണ് ലീഗ് അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ ക്ലബ്ബിലേക്കെത്തുന്ന കറ്റാല, പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യറാണെന്ന് കെബിഎഫ്‌സി മീഡിയ ടീമിനോട് പറഞ്ഞു.

"അതെ, ഇവിടെയെത്തിയതിൽ അതിയായ സന്തോഷം. ക്ലബ്ബിലേക്ക് വരുന്നതിൻ്റെ അർത്ഥം എന്താണെന്നും, ആരാധകരെക്കുറിച്ചും, ക്ലബ്ബിന് പിന്തുണ നൽകുന്ന എല്ലാവരെക്കുറിച്ചും എനിക്ക് കൃത്യമായി അറിയാം. എനിക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്, കളിക്കാരെ പരിചയപ്പെടാനും, പരിശീലനം ആരംഭിക്കാനും ഞാൻ കാത്തിരിക്കുന്നു. എനിക്ക് ഇത് വളരെ പ്രധാനമാണ്, ഈ വെല്ലുവിളി ആരംഭിക്കാൻ ഞാൻ തയ്യാറാണ്." ഡേവിഡ് കറ്റാല പറഞ്ഞു.

വിജയിക്കുക എന്നതാണ് തന്റെ മന്ത്രമെന്ന് പരിശീലകൻ പറഞ്ഞു. ഓരോ ടീമിനെതിരെയും പോരാടുമെന്നും ആരാധകരിൽ അഭിമാനമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "അതെ, തീർച്ചയായും, എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ഞങ്ങൾ ശ്രമിക്കും. എല്ലാ ടീമുകൾക്കെതിരെയും ഓരോ മത്സരത്തിലും എൻ്റെ ടീം മത്സരിക്കേണ്ടതുണ്ട്. എനിക്കത് വളരെ പ്രധാനപ്പെട്ടതാണ്. ശേഷം, ടീമും കളിക്കാരും വളരെ പ്രതിജ്ഞാബദ്ധരാണെന്ന് കാണിച്ചുകൊണ്ട് എല്ലാ ആരാധകരെയും അഭിമാനത്തിലേക്കെത്തിക്കും. എനിക്കത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനുശേഷം, തീർച്ചയായും, മുന്നേറ്റത്തിൽ കൂടുതൽ ആക്രമണോത്സുകത കാണിക്കാനും പന്ത് കൂടുതൽ കൈവശം വെക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത്, കളിക്കാരുടെ പ്രതിബദ്ധതയും ത്യാഗമനോഭാവവുമാണ്."

ഒരു കളിക്കാരെന്ന നിലയിൽ സ്പെയിനിലും സൈപ്രസിലും ടീമുകളുടെ പ്രതിരോധ നിരയുടെ നായകനായിരുന്നു കറ്റാല. അഞ്ഞൂറിലധികം മത്സരങ്ങളിൽ പിൻനിരയിൽ വന്മതിൽ പോലെ ഉറച്ചു നിന്ന അദ്ദേഹത്തിന്റെ വരവ്, ടീമിന് കൂടുതൽ ഊർജം നൽകും. എന്നാൽ, കളിക്കാരന്റെ കുപ്പായമണിയുന്നതിലും പരിശീലകന്റെ കറുപ്പായമണിയുന്നതിലും വ്യത്യസ്തതകൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ, പരിശീലകന് നേതൃത്വ ഗുണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

"അതെ, ഇത് തീർത്തും വ്യത്യസ്തമാണ്. നിങ്ങൾ കളിക്കുമ്പോഴും പിന്നീട് പരിശീലകൻ ആകുമ്പോഴും ഇത് വ്യത്യസ്‍തമാണ്. നിങ്ങൾ തയ്യാറായിരിക്കണം, പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പരിശീലകനാകുമ്പോൾ നിങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ നിങ്ങൾ പറഞ്ഞതുപോലെ, ഞാൻ കളിക്കുമ്പോൾ, മത്സരത്തിനിടയിൽ ഈ നേതൃത്വ ഗുണം എനിക്കുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് 25 കളിക്കാരെ ശ്രദ്ധിക്കാനും, എന്റെ കളിശൈലി അനുയോജ്യമാണെന്ന് അവരെ കാണിക്കുന്നതിനും എനിക്ക് ഈ നേതൃത്വ ഗുണം ആവശ്യമാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്."

2024 - 25 സീസൺ അവസാനിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് നേടാനാകുന്ന ഒരേയൊരു കിരീടം സൂപ്പർ കപ്പാണ്. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം എന്ന നേട്ടം ലക്ഷ്യമിട്ടാണ് ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ലഭിച്ച ഇടവേളയിൽ പുത്തൻ പരിശീലകനെ ടീം ക്ലബ് എത്തിച്ചത്. അതിനാൽ തന്നെ, ഭുവനേശ്വർ ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിന്റെ പ്രാധാന്യം തനിക്കറിയാമെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

"സൂപ്പർ കപ്പ്, അത് മറ്റൊരു സാഹചര്യമാണ്. ഈ ടൂർണമെന്റിന്റെ പ്രാധാന്യം ഞങ്ങൾക്കറിയാം, പക്ഷേ നിലവിൽ എനിക്ക് ഏറ്റവും മുഖ്യമായി തോന്നുന്നത്, കളിക്കാരെ അറിയുക, അവരോടൊപ്പം സംസാരിച്ചു തുടങ്ങുക എന്നതാണ്. ഇന്നും നാളെയുമായി ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ. സൂപ്പർ കപ്പ് നേടാനുള്ള ആഗ്രഹം ഞങ്ങൾക്കുണ്ടാകും, കുറഞ്ഞത് എല്ലാ ഗെയിമുകളിലും മത്സരിക്കാനെങ്കിലും ശ്രമിക്കും. എന്നാൽ എനിക്ക് ഇപ്പോൾ പ്രധാനപ്പെട്ട കാര്യമായി തോന്നുന്നത് കളിക്കാരോടൊപ്പം ഉണ്ടായിരിക്കുക, അവരുടെ ചിന്തകൾ അറിയുക, പരിശീലനങ്ങൾ ആരംഭിക്കുക എന്നതാണ്."

"അതെ, ഞാൻ ആവേശത്തിലാണ്. ശരിക്കും ആവേശത്തിലാണ്. സ്റ്റേഡിയത്തിൽ നിന്ന് തന്നെ, ടീമിന്റെയും ക്ലബ്ബിന്റെയും വലുപ്പവും പ്രാധാന്യവും എനിക്ക് കാണാൻ കഴിയും. ഇന്നലെയായിരുന്നു ഇന്ത്യയിലെ എന്റെ ആദ്യത്തെ ദിവസം. അതിനാൽ, തീർച്ചയായും, ഞാൻ സംസ്കാരവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. എനിക്ക് ആളുകളെ മനസിലാക്കണം. എനിക്ക് നഗരങ്ങളെ അറിയണം. എനിക്ക് കഴിയുന്നത്ര വേഗത്തിൽ പൊരുത്തപ്പെടണം. എന്നാൽ ഏറ്റവും പ്രധാനമായി, പരിശീലനം ആരംഭിക്കാനും ഞാൻ കൊണ്ടുവരുന്ന ഈ അഭിലാഷം കളിക്കാർക്ക് കാണിച്ചുകൊടുക്കാനും ഞാൻ തയ്യാറാണ്," അദ്ദേഹം പറഞ്ഞു.

ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ മൈതാനത്ത് മത്സര ദിനങ്ങളിൽ ആർത്തലക്കുന്ന മഞ്ഞക്കടൽ വളരെ പ്രശസ്തമാണ്. ആരാധക പിന്തുണ, ടീമിന്റെ മുന്നേറ്റത്തിൽ ഒരു താക്കോൽ ആയിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ആരാധകരും ടീമും തമ്മിൽ ഈ ബന്ധം ഉണ്ടായിരിക്കണമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

"അതൊരു താക്കോലാണ്. എല്ലായ്‌പ്പോഴും ടീമിനെ പിന്തുണയ്ക്കുന്ന ആരാധകർ നമുക്കുണ്ടാകാം. ആരാധകരുമായി നമ്മൾ ബന്ധപ്പെടേണ്ടതുണ്ട്. അവരെ അഭിമാനിപ്പിക്കുകയും ടീം ശരിയായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മനസിലാക്കി കൊടുക്കുകയും വേണം. ഞങ്ങൾക്ക് ഇത് ഒരു വലിയ വെല്ലുവിളിയാകും. എളുപ്പമാകില്ലെന്ന് അരീയാം. നമുക്ക് ധാരാളം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്, ധാരാളം ജോലിയുണ്ട്, പക്ഷേ ആരാധകരും ടീമും തമ്മിൽ ഈ ബന്ധം ഉണ്ടായിരിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം നമുക്ക് വിജയിക്കണമെങ്കിൽ അത് ഒരു താക്കോലായിരിക്കും," സ്പാനിഷ് കോച്ച് പറഞ്ഞവസാനിപ്പിച്ചു.