ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തിൽ അവസാന നിമിഷം സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. ഇൻജുറി ടൈമിന്റെ അവസാനം, കളി തീരാൻ 30 വെറും സെക്കൻഡുകൾ ബാക്കിനിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയത്.  കേരളാ ബ്ലാസ്റ്റേഴ്സിനായി ജോർദാൻ മറെയും ഈസ്റ്റ് ബംഗാളിനായി സ്കോട്ട് നെവിലും ഗോൾ നേടി. ലീഗിന്റെ ആദ്യ പാദ മത്സരത്തിലെ അതേ രീതിയിൽ തന്നെയാണ് ഈ മത്സരവും അവസാനിച്ചതെന്നത് കൗതുകമുളവാക്കുന്നതാണ്. ഇത്തവണ ഇൻജുറി ടൈമിൽ ഗോളടിച്ചത് ഈസ്റ്റ് ബംഗാളാണെന്നു മാത്രം. അവസാന മത്സരത്തിൽ ജംഷെഡ്പൂർ എഫ്‌സിയെ തകർത്ത അതേ നിരയെ തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയത്. എന്നാൽ സസ്പെൻഷനിലായ ലാൽ റുവത്താരയ്ക്ക് പകരം ജെസ്സെലിനെയാണ് കളത്തിലിറക്കി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി (പ്ലേയിംഗ് ഇലവൻ)

ആൽബിനോ ഗോമസ് (ജി കെ), കോസ്റ്റ നമോയിൻസു, ജെസ്സൽ കാർനെറോ (സി), നിഷു കുമാർ, സന്ദീപ് സിംഗ്, വിസെൻറ് ഗോമസ്, സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, ജോർദാൻ മുറെ, ഫാക്കുണ്ടോ പെരേര, ഗാരി ഹൂപ്പർ.

എസ്‌സി ഈസ്റ്റ് ബംഗാൾ (പ്ലേയിംഗ് ഇലവൻ) -

ഡെബ്ജിത് മജുംദർ (ജി കെ), നാരായൺ ദാസ്, റാണ ഗരാമി, അങ്കിത് മുഖർജി, ഡാനിയൽ ഫോക്സ് (സി), സ്കോട്ട് നെവിൽ, മാറ്റി സ്റ്റെയ്ൻമാൻ, ജാക്ക് മഗോമ, മിലാൻ സിംഗ്, ഹർമൻ‌പ്രീത് സിംഗ്, ബ്രൈറ്റ് എനോബഖാരെ.

4-4-1-1 എന്ന ഫോർമേഷനിൽ ബ്ലാസ്റ്റേഴ്സ് അണിനിരന്നപ്പോൾ ഈസ്റ്റ് ബംഗാൾ 3-5-2 എന്ന ഫോർമേഷനിലാണ് കളിക്കാനിറങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെ മത്സരം ആരംഭിച്ചു. മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ തന്നെ ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിംഗിന് യെല്ലോ കാർഡ് ലഭിച്ചു. ആക്രമണ ഫുട്ബോൾ ആദ്യം മുതൽ പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്സിന് ആറാം മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള അവസരം ലഭിച്ചു. പക്ഷെ ജോർദാൻ മുറെയുടെ ഷോട്ട് ഗോൾകീപ്പർ ദേബ്ജിത് മജുംദാർ രക്ഷപ്പെടുത്തി. പിന്നീട് ഈസ്റ്റ് ബംഗാൾ താരം ഹർമൻ പ്രീത് സിംഗിന്റെ ഗോൾ ഷോട്ട് ആൽബിനോ ഗോമസ് തട്ടിയകറ്റി. 33ആം മിനിട്ടിൽ മറെയെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ പ്രതിരോധതാരം മിലൻ സിങ്ങിന് റഫറി മഞ്ഞക്കാർഡ് വിധിച്ചു. തുടർന്ന് നിരന്തരം ആക്രമണം അഴിച്ചു വിട്ട കേരളാ ബ്ലാസ്റ്റേഴ്സ് ഹൈ പ്രസിംഗ് ഗെയിമാണ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതി ഈസ്റ്റ് ബംഗാളിന്റെ ആക്രമണത്തോടെ ആരംഭിച്ചു. പൊസെഷൻ ഗെയിമിലൂടെയാണ് മത്സരം വരുത്തിലാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിച്ചു. അന്പത്തിനാലാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർദാൻ മുറേ ഈസ്റ്റ് ബംഗാൾ പോസ്റ്റിന് സമീപത്ത് വെച്ച് ഗാരി ഹൂപ്പറിന് ബോൾ നൽകി. എന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് പുറത്തേയ്ക്ക് തെറിച്ചു. അറുപത്തി രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഫക്കുണ്ടോ പെരേരയ്ക്ക് പകരം പൂട്ടിയ കളത്തിലിറങ്ങി.  64-ആം മിനിറ്റിൽ ജോർദാൻ മുറേയിലൂടെ കേരള ബ്ലാസ്റ്റേഴ്സ്  ആദ്യ ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽ നിന്ന് ആൽബിനോ ഗോമസ് നൽകിയ ലോങ്ങ് ഷോട്ട് പിടിച്ചെടുത്ത ജോർദാൻ മുറേ ഒരു റണ്ണിംഗ് ഷോട്ടിലൂടെയാണ് ഗോൾ നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ജെസ്സെലിനു പകരം ജുവാണ്ടെ ലോപ്പസ് കളത്തിലിറങ്ങി. പിന്നീട് സഹലിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് രോഹിത് കുമാറിനെ കളത്തിലിറക്കി. രണ്ടാം പകുതിയിലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലും ഇരു ടീമുകളും ആക്രമണത്തിൽ ഒപ്പത്തിനൊപ്പം നിന്നു.

88-ആം മിനിറ്റിൽ സമനില ഗോൾ നേടാനുള്ള അവസരം ലഭിച്ചുവെങ്കിലും ഈസ്റ്റ് ബംഗാളിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. അജയ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോളി മാത്രം മുൻപിൽ നിൽക്കെ ഗോളാക്കി മാറ്റാനുള്ള ആരോൺ ഹോളോവേയുടെ ശ്രമം പരാജയപ്പെട്ടു. ഇഞ്ച്വറി ടൈമിൽ ഈസ്റ്റ് ബംഗാൾ ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ശക്തമായതിനെ നേരിട്ടു. എന്നാൽ മത്സരമവസാനിക്കാൻ വെറും മുപ്പതു സെക്കൻഡ് ബാക്കി നിൽക്കെ ഈസ്റ്റ് ബംഗാളിന്റെ ഒരു മുന്നേറ്റ ശ്രമം മലയാളി താരം രാഹുൽ കെപയിലൂടെ ഒരു കോർണർ കിക്കിലേക്ക് വഴിവച്ചു. ബ്രൈറ്റ് ഇനോബക്കാരെയുടെ കോർണർ കിക്കിൽ ഹെഡർ ഗോൾ നേടി സ്കോട്ട് നെവില്ലെ ഈസ്റ്റ് ബംഗാളിന് സമനില നേടി കൊടുത്തു.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് തകർപ്പൻ പ്രകടനമാണ് മത്സരത്തിലുടനീളം നടത്തിയത്. ആക്രമണത്തിലും, പ്രതിരോധത്തിലും ഒരേ പോലെ തിളങ്ങിയ താരം ഈസ്റ്റ് ബംഗാളിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇത് താരത്തിന് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം നേടിക്കൊടുത്തു.

ഈ മത്സരത്തോടുകൂടി റാങ്കിങ്ങിൽ ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തും, കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും തുടരുകയാണ്.