ഏഴാം സീസണിലെ അവസാനപോരാട്ടത്തിനു ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ  അവസാന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇന്നത്തെ മത്സരവിജയം നോർത്ത് ഈസ്റ്റിന്റെ പ്ലേയോഫ്‌ പ്രവേശനത്തെ തീരുമാനിക്കുമെന്നിരിക്കെ, അവസാന മത്സരം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇഷ്ഫാക് അഹമ്മദ് പ്രതികരിച്ചിരുന്നു.

ഇന്നത്തെ മത്സരം വിജയിക്കാനായാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പ്ലേഓഫിലേക്ക് കടക്കുവാൻ സാധിക്കും. ഏഴാം സീസണിൽ ഇതുവരെ 19 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇരുപതാമത്തെ മത്സരമാണ് ഇന്ന് അരങ്ങേറുക. ഇതുവരെയുള്ള പത്തൊൻപത് മത്സരങ്ങളിൽ നിന്ന് 7 ജയവും, 9 സമനിലയും, 3 തോൽവിയും നേടിയ നോർത്ത് ഈസ്റ്റ് 30 പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ വഴങ്ങിയ നോർത്ത് ഈസ്റ്റ്  29 ഗോളുകളാണ് നേടിയത്. ആക്രമണ ഫുട്ബോൾ ശൈലിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്.

മോശം പ്രകടനം മൂലം സീസൺ പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി തങ്ങളുടെ മുഖ്യ പരിശീലകനായ ജെറാർഡ് നുസുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ടീമിന്റെ പരിശീലകനായി ഖലീൽ ജമീൽ ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന് കീഴിൽ ഇതുവരെ തോൽവിയറിയാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നേറുന്നത്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇനി അവർക്ക് മുന്നിൽ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള വിജയം മാത്രമാണ്.

നിലവിൽ 19 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്നത്തേത്. 19 മത്സരങ്ങളിൽ നിന്നും 3 ജയവും, 8 വീതം സമനിലയും, തോൽവിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുകൾ നേടി ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്കുയരാൻ സാധിക്കും. ഈ സീസണിൽ ഇതുവരെ നടന്ന 19 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ടീമും ഇത്രയും ഗോൾ വഴങ്ങിയിട്ടില്ല. എന്നാൽ19 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിനായി.

അവസാന മത്സരം മികച്ച രീതിയിൽ അവസാനിപ്പിക്കണം എന്നുള്ളതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നുറപ്പാണ്.

പ്രെഡിക്റ്റഡ് XI

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി: സുഭാഷിഷ് റോയ് ചൗധരി (ജി കെ), അശുതോഷ് മേത്ത, ബെഞ്ചമിൻ ലംബോട്ട്, ഡിലൻ ഫോക്സ്, പ്രൊവത് ലക്ര, ലാലെങ്‌മാവിയ, ഖസ്സ കാമര, ഇമ്രാൻ ഖാൻ, ഡെഷോർൺ ബ്രൗൺ, ഫെഡറിക്കോ ഗാലെഗോ, ലൂയിസ് മച്ചാഡോ

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി: ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ബക്കറി കോൺ (സി), ജെസ്സൽ കാർനെറോ, ദെനേചന്ദ്ര മീതേയ്, പ്രശാന്ത്, സെത്യാസെൻ സിംഗ്, വിസെന്റെ ഗോമസ്, രോഹിത് കുമാർ, ജോർദാൻ മുറെ, ഗാരി ഹൂപ്പർ

മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സരം: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ഐ‌എസ്‌എൽ മാച്ച് നമ്പർ 107

തീയതി: ഫെബ്രുവരി 26, 2021, 7:30 PM IST

സ്ഥലം: തിലക് മൈതാൻ സ്റ്റേഡിയം, ഗോവ

Your Comments

Your Comments