പഞ്ചാബിനോട് പൊരുതി നേടിയ ജയം; അറിയാം കേരളത്തിന്റെ ഭാവിപ്രതീക്ഷകൾ
തുടരെ വീഴ്ചകളുണ്ടായ 2024 ൽ നിന്നും പുതുവർഷത്തിലേക്ക് കാലു കുത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്

ആദ്യത്തെ പന്ത്രണ്ട് മാച്ച് വീക്കുകളിൽ നിന്നും നേടിയത് മൂന്ന് വിജയങ്ങൾ. ശേഷം മുഖ്യ പരിശീലകനുമായി വഴിപിരിയൽ. മധ്യനിരയിലെ ജീവശ്വാസമായ വിബിൻ മോഹനനും ഗോളടി യന്ത്രമായ ജീസസിനും പരിക്ക്. പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ പതറുന്ന പ്രതിരോധം. പിഴവുകൾ വരുത്തി ഗോൾ വഴങ്ങുന്ന ടീം അംഗങ്ങൾ. എതിർപ്രതിരോധത്തിന്റെ പൂട്ടുകളിൽ കുഴയുന്ന മുന്നേറ്റനിര. പന്ത് 'ഹോൾഡ്' ചെയ്യാൻ സാധിക്കാതെ 'ഹോൾഡിങ് മിഡ്ഫീൽഡർമാർ'. 2024 അവസാനിക്കുമ്പോൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതിയാണിത്.
ഇത് പോയ ചരിത്രം. എന്നാൽ പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ജയം കണ്ടെത്തിയതോടെ നില മാറി. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ജീവശ്വാസം കണ്ടെത്തുന്നത്. അതും ക്ലീൻ ഷീറ്റോടെ ഇടക്കാല പരിശീലകന് കീഴിൽ. തുടക്കത്തിലെ മന്ദത ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതുവർഷത്തിൽ പതിയെ കളം പിടിക്കുകയാണ്. തുടരെ വീഴ്ചകളുണ്ടായ 2024 ൽ നിന്നും പുതുവർഷത്തിലേക്ക് കാലു കുത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്.
ജനുവരിയിൽ ഇനി നാല് മത്സരങ്ങൾ കൂടി കേരളത്തിന് കളിക്കാനുണ്ട്. ഒഡീഷ എഫ്‌സിക്കും നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനും എതിരെ ഹോമിലും ഈസ്റ്റ് ബംഗാളിനും ചെന്നൈയിനും എതിരെ എവെയിലും. ലീഗിൽ അഞ്ച് പോയിന്റുകൾ അകലെ പ്ലേ ഓഫിലേക്കുള്ള അവസാന യോഗ്യതയായ ആറാം സ്ഥാനം മാടിവിളിക്കുമ്പോൾ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമനും സഹപരിശീലകൻ തോമസ് തൂഷിനും ഇനിയുള്ള മത്സരത്തിൽ അതിനിർണായകമാണ്. പഞ്ചാബ് എഫ്‌സിക്കെതിരായ ജയം ആ മത്സരങ്ങളിൽ എങ്ങനെ മുതൽകൂട്ടാകുമെന്ന് പരിശോധിക്കുകയാണ് ചുവടെ.
ഒൻപത് പേരായി ചുരുങ്ങിയും ജയം
പരിക്കും സസ്‌പെൻഷനും ടീമിന്റെ താളം തെറ്റിക്കുമ്പോഴാണ് പഞ്ചാബ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്. എസെക്വൽ വിഡാലും ലൂക്ക മജ്‌സെനും സസ്പെൻഷന്റെ പിടിയിൽ. ക്രോയേഷ്യൻ സെന്റർ ബാക്ക് ഇവാൻ നോവോസെലെക് പരിക്കിന്റെ പിടിയിലും. മറ്റൊരു ക്രോയേഷ്യൻ ഫിലിപ്പ് മിർസ്ലാക്ക് പരിക്കിൽ നിന്നും തിരിച്ചുവന്ന് ബെഞ്ചിലും. അസ്മിർ സുൽജിക് എന്ന ഏക വിദേശതാരവുമായാണ് ടീം സ്വന്തം ഹോമിൽ ഇറങ്ങിയത്. അവസാന മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ പഞ്ചാബിനെതിരെ ആത്മവിശ്വാസത്തിലായിരുന്നു കേരളം. ഏതുവിധേനയും ജയിക്കണമെന്ന വാശിയിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയപ്പോൾ, വിധി അവിടെ ഒരുക്കിയത് ദുർഘടമായ കടമ്പകൾ.
ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനും അടുത്ത കാലത്ത് ഇതുപോലൊരു മത്സരത്തിലൂടെ കടന്നുപോയിട്ടുണ്ടാകില്ല. കേരളത്തെ ഏതുവിധേനയും ഗോളടിക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഷേർസിന്റെ നിലപാട്. എന്നാൽ, ആദ്യ പകുതിക്ക് മുന്നോടിയായി നോവ സദൗയിയെ സുരേഷ് മീട്ടി ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് പെനാൽറ്റി. ഷോട്ടെടുത്ത സദൗയിക്ക് പിഴച്ചില്ല. പന്ത് ലക്ഷ്യത്തിൽ. രണ്ടാം പകുതിയിൽ 58 മിനിറ്റ് വരെയും മത്സരം സ്വാഭാവികമായി ഒഴുകുന്നു. ശേഷം, രണ്ടാം മഞ്ഞക്കാർഡ് വാങ്ങി സെൻട്രൽ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച് പുറത്തേക്ക്. കേരളം പത്ത് പേരായി ചുരുങ്ങുന്നു.
അടുത്ത 16 മിനിറ്റിൽ ഐബാൻ ദോഹലിംഗ് ചുവപ്പ് കാർഡ് കാണുന്നു. മുഴുവൻ സമയത്തിന് ബാക്കിയുള്ള 16 മിനിറ്റും ഇഞ്ചുറി സമയമായ 7 മിനിറ്റും ഉൾപ്പെടെ 23 മിനിറ്റുകളിൽ കേരളം ഒൻപത് പേരായി ചുരുങ്ങുന്നു. ഏത് സാഹചര്യത്തിലും ഗോൾ വഴങ്ങില്ലെന്ന് ടീം ഉറപ്പിച്ചു നിന്നപ്പോൾ, പഞ്ചാബിന് വഴിമുട്ടി. രണ്ടാം പകുതിയിൽ 13 ഷോട്ടുകൾ ഉതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയത് ഒരെണ്ണം മാത്രവും. ക്ലിനിക്കലായ മജ്‌സിന്റെ അഭാവം ഡൽഹി ടീം അന്ന് തിരിച്ചറിഞ്ഞു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒൻപത് പേരുമായി പോരാടി മൂന്ന് പോയിന്റുകളുമായി കേരളം പോയിന്റ് ടേബിളിൽ ഏറെകാലവുമായി നിലകൊണ്ട പത്താം സ്ഥാനത്ത് നിന്നും മുകളിലേക്ക് ഉയർന്നു.
ബസ് പാർക്കിംഗ് തന്ത്രവും കൃത്യമായ മാറ്റങ്ങളും
ഫുട്ബോളിൽ എല്ലാ സസ്പെൻഷനുകളും അപ്രതീക്ഷിതമായാണ്. കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചതും അത് തന്നെ. ഒരു ഗോളിന്റെ ലീഡിൽ നിൽക്കുമ്പോൾ, മിലോസ് പുറത്തേക്ക് പോകുന്നു. ഉടൻ തന്ന വലത് വിങ്ങിലെ കോറൂ സിങിനെ പിൻവലിച്ച് പ്രീതം കോട്ടലിനെ എത്തിക്കുന്നു. പത്ത് മിനിറ്റിനുള്ളിൽ ഡാനിഷ് ഫറൂഖിനെ മാറ്റി ലാൽത്താന്മാവിയയെയും സദൗയിക്ക് പകരം അലക്സന്ദ്രേ കോഫിനെയും എത്തിച്ചു. മൂന്ന് സെന്റർ ബാക്കുകൾ കളത്തിൽ. ആദ്യത്തെ ചുവപ്പ് കാർഡോടെ കേരളം റിവേഴ്‌സ് ഗിയറിട്ടു. അടുത്ത പത്ത് മിനിറ്റിൽ പുറകിലോട്ട് വലിഞ്ഞ് പ്രതിരോധത്തിനൊപ്പം പ്രത്യാക്രമങ്ങളിൽ ശ്രദ്ധിക്കാൻ ടീമിന്റെ തീരുമാനം.
ആ നീക്കത്തിന് അധികം ആയുസുണ്ടായില്ല. 74 -ാം ഐബാൻബ ദോഹലിംഗിന് നേരെ ചുവപ്പ് കാർഡ്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. രണ്ടു പേർ കുറഞ്ഞതോടെ തന്ത്രങ്ങൾ കൂടുതൽ കടുപ്പിക്കാൻ പരിശീലക സംഘത്തിന്റെ തീരുമാനം. കളത്തിൽ ബാക്കിയുള്ള ഒൻപത് താരങ്ങളെയും ബോക്സിനുള്ളിലും സ്വന്തം ഡിഫെൻഡിങ് തേർഡിലുമായി അണിനിരത്തി. പന്തുകൾ ഇന്റർസെപ്റ്റ് ചെയ്തും ബോക്സിലെത്തുന്നവ ക്ലിയർ ചെയ്തും മുഴുവൻ താരങ്ങളും നിരകൊണ്ടു. ആറ് ഫൗളുകൾ രണ്ടാം പകുതിയിൽ മാത്രം കേരളത്തിൽ നിന്നും പിറന്നു. ആ പാതിയിൽ അഞ്ച് ഇന്റർസെപ്ഷനുകളും നാല് ബ്ലോക്കുകളും 20 ക്ലിയറൻസുകളും. ആകെ 29 ഡ്യൂവലുകളിലാണ് ജയിച്ചത്. സ്‌ട്രൈക്കർ ക്വമെ പെപ്ര മാത്രം നടത്തിയത് 3 ക്ലിയറൻസുകളും ഒരു ടാക്കിളും. ബസ് പാർക്കിംഗ് എന്ന് വിശേഷിക്കിപ്പിക്കുന്ന പ്രതിരോധ ഫുട്ബോൾ അവസാന മത്സരത്തിൽ ഫലം കണ്ടു. ഒപ്പം കൃത്യമായ മാറ്റങ്ങളും. സീസണിലാകമാനം ചോദ്യങ്ങൾ ഉയർത്തിയ ടീമിന്റെ പ്രതിരോധം അന്ന് അച്ചടക്കത്തോടെ നിന്നു. ജയത്തോടൊപ്പം കണ്ടെത്തിയത് ക്ലീൻ ഷീറ്റും.
സസ്പെൻഷനുകളും പരിക്കും കൂടുമാറ്റവും
സംഭവബഹുലമായ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സിന് നൽകിയത് ആവേശ വിജയത്തോടൊപ്പം, ചില തലവേദനകൾ കൂടിയാണ്. പഞ്ചാബിനെതിരെ നാലാം മഞ്ഞക്കാർഡ് കണ്ട ഡാനിഷ് ഫാറൂഖിനൊപ്പം മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് ഏറ്റുവാങ്ങിയ മിലോസ് ഡ്രിൻസിച്ചിനും ചുവപ്പു കാർഡ് വാങ്ങിയ ഐബൻബ ഡോഹലിംഗിനും ഒഡിഷ എഫ്‌സിക്കെതിരായ അടുത്ത മത്സരം നഷ്ടപ്പെടും .
പരിക്കിന്റെ പിടിയിലായി അവസാന മത്സരങ്ങളിലെ സ്‌ക്വാഡിൽ നിന്നും മാറ്റി നിർത്തപ്പെട്ട വിബിന്റെയും ജീസസിന്റെയും തിരിച്ചു വരവ് ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് നിർണായകമാണ്. ഇവരുടെ മടങ്ങി വരവ് വിദൂരമല്ലെന്ന് ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിലേക്കു ചേക്കേറിയ താരങ്ങളുടെ അഭാവവും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചോദ്യങ്ങൾ ഉയർത്തുന്നു. മലയാളി വിങ്ങർ രാഹുൽ കെപി ഒഡീഷയിലേക്ക് സ്ഥിരമായ നീക്കം നടത്തി. പ്രബീർ ദാസ് ആകട്ടെ വായ്പ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിലേക്ക് ചേക്കേറി. രാഹുൽ ക്ലബ് വിട്ടത് വലതു വിങ്ങിലെ ഡെപ്തിനെ ബാധിച്ചു. കോറൂ സിംഗ് മാത്രമാണ് നിലവിൽ ആ വിങ്ങിലെ സ്വാഭാവിക താരം. ആദ്യ പതിനൊന്നിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ പതിനേഴ് വയസ് മാത്രമുള്ള താരത്തിന് വിശ്രമം നൽകാനും മത്സരം രൂപപ്പെടുത്താനും തക്ക കളിക്കാരൻ അവിടെയെത്തേണ്ടതുണ്ട്.