ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ കോസ്റ്റ ഒരു ഗോളും മറെ രണ്ടു ഗോളുകളും ബ്ലാസ്റ്റേഴ്സിനായി നേടി. വാൽസ്കിസ് ആണ് ജാംഷെഡ്പൂരിനായി രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിൽ മുന്നേറ്റ നിരയിൽ ജോർദാൻ മുറേ, ഗാരി ഹൂപ്പർ എന്നീ രണ്ട് സ്ട്രൈക്കർമാരെയാണ് കേരള ബ്ലാസ്റ്റേഴ്സ് അണിനിരത്തിയത്. സഹൽ ആദ്യ ഇലവനിൽ ഇടം നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (പ്ലേയിംഗ് ഇലവൻ)

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ജെസ്സൽ കാർനെറോ (സി), കോസ്റ്റ നമൊയിൻസു, ലാൽരുത്താര, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, ജോർദാൻ മുറെ, ഫാക്കുണ്ടോ പെരേര, ഗാരി ഹൂപ്പർ.

ജംഷദ്പൂർ എഫ്സി (പ്ലേയിംഗ് ഇലവൻ)

ടി പി രെഹനേഷ് (ജി കെ), ജോയ്‌നർ ലോറെൻകോ, റിക്കി ലല്ലാവ്മവ, പീറ്റർ ഹാർട്ട്ലി (സി), സ്റ്റീഫൻ ഈസ്, എയിറ്റർ മൺറോയ്, അലക്സാണ്ടർ ലിമ, ജാക്കിചന്ദ് സിംഗ്, മുഹമ്മദ് മൊബാഷിർ, നെറിജസ് വാൽസ്കിസ്, അനികേത് ജാദവ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ജംഷെഡ്പൂർ എഫ്സി കഴിഞ്ഞ മത്സരങ്ങളിലെപോലെ തന്നെ കൗണ്ടർ അറ്റാക്കുകളിലാണ് പ്രധാനമായും ശ്രദ്ധ ചെലുത്തിയത്. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനാനുകൂലമായ ഫ്രീ കിക്ക് ലഭിച്ചു. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ലാൽറുത്താരയുടെ ഫൗളിൽ മറ്റൊരു ഫ്രീ കിക്ക് അവസരം ജംഷെഡ്പൂരിനും. പന്ത്രണ്ടാം മിനിറ്റിൽ  ബ്ലാസ്റ്റേഴ്സ് താരം ഗാരി ഹൂപ്പർ മനോഹരമായ ഒരു പാസ് ജോർദാൻ മുറേയ്ക്ക് നൽകിയെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ മുറേയുടെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പോവുകയായിരുന്നു. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഫക്കുണ്ടോ പെരേര മുന്നേറ്റ നിരയിലേക്ക് തുടർച്ചയായി ബോൾ എത്തിച്ചുകൊണ്ടിരുന്നു. മത്സരത്തിന്റെ 22-ആം മിനിറ്റിൽ ഫക്കുണ്ടോ പെരേരയുടെ അത്യുഗ്രൻ സെറ്റ് പീസിൽ നിന്ന് കോസ്റ്റ നമോയിനേസു ഹെഡർ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോൾ!

ഗോൾ വഴങ്ങിയതോടെ ജംഷെഡ്പൂർ എഫ്സി കൂടുതൽ ശ്കതമായി ആക്രമണം തുടങ്ങി. 24-ആം മിനിറ്റിൽ വാൽസ്കിസിന്റെ ഹെഡർ ആൽബിനോ ഗോമസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. മത്സരത്തിലെ ഏറ്റവും മികച്ച സേവ് എന്നു വിശേഷിപ്പിക്കാവുന്നായൊന്ന്!  മത്സരം പുരോഗമിക്കവേ മുപ്പത്തിയൊന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജംഷെഡ്പൂർ താരം മൊബഷിറിന്റെ ഗോൾ വല ലക്ഷ്യമാക്കിയുള്ള ഷോട്ട് ആൽബിനോ തടഞ്ഞു.  മത്സരത്തിന്റെ 36-ആം മിനിറ്റിൽ ജംഷെഡ്പൂർ താരത്തെ പെനാൽറ്റി ബോക്സിന് പുറത്ത് ലാൽറുവത്താര ഫൗളിലൂടെ വീഴ്ത്തിയതിനെത്തുടർന്ന് ജംഷെഡ്പൂരിന് അനുകൂലമായി വീണ്ടും ഫ്രീ കിക്ക് നൽകി. നെറിജസ് വാൽസ്കിസ് അത് ഗോളാക്കി മാറ്റി. പിന്നീട് ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോള് വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു.

ജംഷെഡ്പൂർ എഫ്സിയുടെ ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.

രണ്ടാം പകുതിയിലും ഫൗളുകളിലൂടെ ലാൽറുവത്താര വീണ്ടും ബ്ലാസ്റ്റേഴ്സിനെ പ്രതിരോധത്തിലാക്കി. തുടർന്ന് താരത്തിന് യെല്ലോ കാർഡ് നൽകി. ഇരു ടീമുകളും കൂടുതൽ ശക്തമായി ആക്രമണത്തിലേക്ക് കടന്നു. അറുപത്തിയൊന്നാം മിനിറ്റിൽ ടെ ജാക്കി ചന്ദ് സിംഗിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി മാറി. അറുപത്തിയേഴാം മിനിറ്റിൽ ജാക്കി ചന്ദ് സിംഗിനെ ഫൗൾ ചെയ്തതിന്  ലാൽറുവത്താര  റെഡ് കാർഡ് ലഭിച്ചു. പതുപേരിലും കരുത്തൊട്ടും കുറക്കാതെ ബ്ലാസ്റ്റേഴ്‌സ് പോരാടി.

മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനിറ്റിൽ മിനിറ്റിൽ ഫക്കുണ്ടോ പെരേരയുടെ ഷോട്ട് ജംഷെഡ്പൂർ ഗോൾകീപ്പർ ടിപി രെഹനേഷ് തട്ടി മാറ്റിയെങ്കിലും ബോൾ ലഭിച്ച ജോർദാൻ മുറേ രണ്ടാമത്തെ ഷോട്ടിലൂടെ അത് ഗോളാക്കി മാറ്റി. വെറും മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിൽ 82-ആം മിനിറ്റിൽ മറേ വീണ്ടും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.  ഫക്കുണ്ടോയുടെ ഒരു ലോങ്ങ് ഷോട്ട് പിടിച്ചെടുക്കുന്നതിനിടയിൽ രെഹനേഷിൻറെ കയ്യിൽ നിന്നും വഴുതിപ്പോയ ബോൾ ലഭിച്ച ജോർദാൻ മറേ അതനായാസം ഗോളാക്കി മാറ്റുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോൾ  ജാംഷെഡ്പൂർ താരം  മുബഷിർ നൽകിയ ക്രോസ് ഒരു കിടിലൻ ഹെഡറിലൂടെ ഗോളാക്കി മാറ്റി നെറിജസ് വാൽസ്കിസ് ജംഷെഡ്പൂരിനായ് രണ്ടാം ഗോൾ നേടി. തുടർന്ന് സമനില ഗോളിനായി ജംഷെഡ്പൂർ കിണഞ്ഞു ശ്രമിച്ചെങ്കിലും ശക്തമായ ബ്ലാസ്റ്റേഴ് പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. മത്സരം അവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്‌പൂറിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ക്ലബ് അവാർഡ് നേടി. ഫാക്കുണ്ടോ പെരേര ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് നേടിയപ്പോൾ രണ്ട് സുപ്രധാന ഗോളുകൾ നേടിയ ജോർദാൻ മുറെ ഹീറോ ഓഫ് ദ മാച്ച് അവാർഡ് നേടി. മൂന്നു പോയിന്റുകൾ നേടിയെങ്കിലും റാങ്കിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തു തന്നെ തുടരുന്നു.

ജനുവരി പതിനഞ്ചിനു നടക്കുന്ന അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.